സമൂഹത്തിലെ ഏറ്റവും ദുര്‍ബലരാണ് കു‍ഞ്ഞുങ്ങള്‍ എന്നതു കൊണ്ടു മാത്രമല്ലേ ഈ അനീതി ഇങ്ങനെ തുടരുന്നത്?

മാധ്യമപ്രവര്‍ത്തകന്‍ എസ്എ അജിംസ് എഴുതുന്നു

പോക്സോ എന്ന ഒരു നിയമമുണ്ട്. ചൈല്‍ഡ് ലൈന്‍ പോലുള്ള ഏജന്‍സികളുണ്ട്. ജില്ലാ തലത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്‍ററുകളുണ്ട്. ജില്ല തൊറും അര്‍ധ ജൂഡീഷ്യല്‍ പദവിയുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുണ്ട്. പോക്സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വിചാരണചെയ്യാന്‍ മാത്രം പ്രത്യേക കോടതികള്‍ സ്ഥാപിക്കണം.

മിക്ക കേസുകളിലും പ്രതികള്‍ ഒന്നുകില്‍ പിതാവ്, അടുത്ത ബന്ധുക്കള്‍, രണ്ടാനച്ഛന്‍ എന്നിവരായിരിക്കും. പരാതിയില്‍ കേസെടുത്താല്‍ ഇരയെ ആക്രമണത്തിനിരയായ ഇടങ്ങളില്‍ നിന്ന് മാറ്റി വിചാരണ കഴിയും വരെ നിര്‍ഭയ ഹോമുകളിലോ മറ്റോ പാര്‍പ്പിക്കണം. ഇതൊക്കെ നിയമം

എന്നിട്ടും, കേരളത്തിലെ കോടതികളില്‍ പോക്സോ നിയമപ്രകാരമുള്ള കേസുകള്‍ കെട്ടിക്കിടക്കുന്നത് അയ്യായിരത്തിലധികമാണ്.ജുവനൈല്‍ ജസ്റ്റിസ് പ്രകാരമുള്ള കേസുകള്‍ വേറെയും. പാലക്കാട് ജില്ലയില്‍ നാല്‍പതിലധികം പോക്സോ കേസുകളില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചത് ഒരു കേസില്‍ മാത്രമാണ്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ ഉള്ളത് രാഷ്ട്രീയ നിയമനങ്ങളാലുള്ലവര്‍. മിക്കവരും കേരളത്തിലെ അനാഥാലയ മാഫിയയുടെ ആളുകള്‍. കൊട്ടിയൂര്‍ പീഡനത്തെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ പുനഃസ്സംഘടിപ്പിക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിയമിതരായവര്‍ തന്നെ ഇപ്പോഴും തുടരുന്നു.

സ്വന്തം വീടിനകത്താണ് ഈ കുഞ്ഞുങ്ങളധികവും പീഡിപ്പിക്കപ്പെടുന്നത്. എഫ്ഐആര്‍ ഇട്ട കേസുകളില്‍ പോലും പണം വാങ്ങി ഈ ഇരകളെ പീഡിപ്പിച്ചവരോടൊപ്പം പറഞ്ഞയക്കാന്‍ ഒത്താശ ചെയ്യുന്നവരാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലുള്ളവര്‍. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണികളായ കുഞ്ഞുങ്ങളെ ഇവര്‍ ഇങ്ങനെ പറഞ്ഞയിക്കില്ല. പ്രസവിക്കുന്നത് വരെ കാത്തിരിക്കും. അബോര്‍ഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാലും അത് സമ്മതിക്കില്ല. പ്രസവിച്ച ശേഷം സ്വന്തം കുഞ്ഞിനെ കാണാതെ മനോരോഗിയായി മാറിയ ഒരു കൌമാരക്കാരിയുടെ കഥ കേട്ടിട്ടുണ്ട്. ഈ കുഞ്ഞ് ഇപ്പോള്‍ ഏതെങ്കിലും അനാഥാലയത്തിലുണ്ടാവും. ‌‌

കുഞ്ഞുങ്ങളെ പീഡിപ്പിച്ച കേസില്‍ എഫ്ഐആര്‍ ഇട്ട സംഭവങ്ങളില്‍ പോലും ഇപ്പോഴും ഇരകള്‍ പീഡകരോടൊപ്പമാണ് എന്ന സത്യം നമ്മെ ഞെട്ടിപ്പിക്കുന്നില്ലേ? സമൂഹത്തിലെ ഏറ്റവും ദുര്‍ബലരാണ് കു‍ഞ്ഞുങ്ങള്‍ എന്നതു കൊണ്ടു മാത്രമല്ലേ ഈ അനീതി ഇങ്ങനെ തുടരുന്നത്? തീയറ്ററില്‍ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തത് നല്ലത്, അയാള്‍ ജാമ്യത്തിലിറങ്ങി പോകുന്നത് എങ്ങോട്ടാണെന്ന് ആരെങ്കിലും അന്വേഷിക്കുമോ?

എന്ന്, ‌

രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്‍.

Be the first to comment on "സമൂഹത്തിലെ ഏറ്റവും ദുര്‍ബലരാണ് കു‍ഞ്ഞുങ്ങള്‍ എന്നതു കൊണ്ടു മാത്രമല്ലേ ഈ അനീതി ഇങ്ങനെ തുടരുന്നത്?"

Leave a comment

Your email address will not be published.


*