വീണ്ടും ജിന്ന..!

(മുഹമ്മദലി ജിന്ന വീണ്ടും ചർച്ചയിൽ വരുന്ന സാഹചര്യത്തിൽ ജസ്വന്ത് സിംഗിനെ പുറത്താക്കുന്നതിലേക്ക് വരെ എത്തിച്ച പുസ്ത വിവാദത്തിന്റെ പശ്ചാത്തലത്തിൽ 2009ൽ ഇന്ത്യൻ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച ലേഖനം. ചരിത്രകാരനും തൃണമൂൽ കോണ്‍ഗ്രസ് എം പിയും ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസ്സറുമായ സുഗതബോസാണ് ലേഖകൻ. ആശയ വിവർത്തനം :മുഹ്‌സിൻ ആറ്റാശ്ശേരി)

1948 സെപ്തംബറിൽ മുഹമ്മദലി ജിന്ന ഇഹലോകവാസം വെടിഞ്ഞപ്പോൾ ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവ് അദ്ദേഹത്തെ ” പ്രഗൽഭനായ അഭിഭാഷകനും , ഉന്നതനായ മുൻ കോണ്‍ഗ്രസുകാരനും, മുസ്ലിംകളുടെ മഹാനായ നേതാവും, വിശ്വോത്തര നയതന്ത്രജ്ഞനും, സർവ്വോപരി ഒരു കർമയോഗിയും” എന്ന് അത്യാദരപൂർവം അനുസ്മരിക്കുകയുണ്ടായി. “ഖാഇദെ-അഅ്സ” വുമായി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും , ഗാന്ധിയൊപ്പം ജിന്നയും മത-സാമുദായികാടിസ്ഥാനത്തിൽ ബംഗാൾ വിഭജനത്തെ തടയുന്നതിനുള്ള അവസാന ശ്രമങ്ങളുമായി ഒത്തുചേർന്നിരുന്നു എന്ന് ശരത് ചന്ദ്ര ബോസ് ഓർമപ്പെടുത്തി.

1947 മാർച്ച് 8 ന്, നെഹ്റുവും പട്ടേലും നേതൃത്വം നൽകിയ കോൺഗ്രസ് പഞ്ചാബ് വിഭജനത്തിന് പ്രമേയം പാസ്സാക്കി. നന്നെ ചുരുങ്ങിയത് 1929 ലെ ലാഹോർ സമ്മേളനം മുതൽക്കെങ്കിലും കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരുന്ന ‘ഏകീകൃതവും സ്വതന്ത്രവുമായ ഇന്ത്യ’ എന്ന തത്വത്തിനെതിരായിരുന്നു ഈ പ്രമേയം. വിഭജനപ്രമേയത്തിൽ പഞ്ചാബ് മാത്രമാണുണ്ടായിരുന്നതെങ്കിലും ബംഗാളും വിഭജിക്കപ്പെടേണ്ടതുണ്ടെന്നും കോൺഗ്രസ് പ്രസിഡന്റ് നെഹ്രു വിശദീകരിച്ചു. അമിതാധികാരങ്ങളുള്ള കേന്ദ്രീകൃത ഭരണം എന്ന ആവശ്യത്തിന് നൽകേണ്ടിവന്ന വിലയായിരുന്നു വിഭജനം. ഗാന്ധി തന്റെ സഹായികളിൽ നിന്ന് ഒരു വിശദീകരണം ആവശ്യപ്പെട്ടുവെങ്കിലും അവർ അവഗണിച്ചു.

ഒരു ബംഗാളി പത്രം സൂചിപ്പിച്ചതുപോലെ കഴ്സൺ പ്രഭുവിന്റെ പ്രേതം ആവേശിച്ച കോൺഗ്രസും ഹിന്ദു മഹാസഭയും മാതൃഘാതകനായ പരശുരാമന്റെ മഴുവുമേന്തി മാതൃഭൂമിയെ പിളർത്താൻ തയാറായി. മേയ് 28ന്, മൗണ്ട്ബാറ്റൻ ലണ്ടനിൽ രണ്ട് പ്രസംഗങ്ങൾ റെക്കോർഡ് ചെയ്തു. ബംഗാൾ ഒരുപക്ഷേ പഞ്ചാബിനൊപ്പം വിഭജിക്കപ്പെടാൻ സാധ്യതയുണ്ടെങ്കിൽ ഉപയോഗിക്കേണ്ടതിനായിരുന്നു ആദ്യ പ്രസംഗം. ഐക്യബംഗാളായി തുടരുകയാണെങ്കിൽ പ്രക്ഷേപണം ചെയ്യാനുള്ളത് രണ്ടാം പ്രസംഗവും. മേയ് 30 ന് മൗണ്ട്ബാറ്റൻ തിരിച്ചെത്തിയപ്പോൾ നടത്തിയ പ്രക്ഷേപണത്തിൽ രണ്ടാം പ്രസംഗം ഒഴിവാക്കി . നെഹ്റുവിന്റെയും പട്ടേലിന്റെയും രൂക്ഷമായ എതിർപ്പായിരുന്നു ഹേതു. നെഹ്രുവിന്റേയും പട്ടേലിന്റേയും നിർദ്ദേശാനുസരണം നടത്തിയ പഞ്ചാബ്- ബംഗാൾ പ്രവിശ്യകളുടെ വിഭജനം, അയർലണ്ടിലെ അൾസ്റ്റർ പ്രവിശ്യയുടെ വിഭജനത്തിന് സമാനമായിരുന്നു. ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയത്തെ അത് സ്ഥായിയായി വക്രീകരിക്കുകയും വിഷലിപ്തമായ കോളണിയനന്തര ചരിത്രം ഉത്പാദിപ്പിക്കുകയും ചെയ്തു. പ്രവിശ്യാ അവകാശങ്ങൾ സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ നടത്താൻ കോൺഗ്രസ് ഹൈക്കമാന്റ് വിസമ്മതിച്ചിരുന്നു. അക്കാരണത്താൽ ‘അതിർത്തി ഗാന്ധി’ എന്നറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാന്റെ നേതൃത്വത്തിലുണ്ടായിരുന്ന അതിർത്തി പ്രവിശ്യയിലെ മുസ്ലിംകളായ കോണ്‍ഗ്രസ് അനുകൂലികൾ ത്രിശങ്കുവിലായി. ചരിത്രം എന്നത് കേവലമായ അഭിപ്രായപ്രകടനമല്ല; തെളിവുകളെ അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാനങ്ങളും സംവാദങ്ങളുമടങ്ങിയതാണത്. വിഭജനത്തിലേക്ക് നയിച്ച ആപേക്ഷിക ബലാലാബലങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ നിലവിലുണ്ട്. ഇതിൽ ജിന്ന ഒരിക്കലും ആരോപണ മുക്തനല്ല. എന്നിരിക്കിലും 1947 ഓഗസ്റ്റിലെ അവസ്ഥ രൂപപ്പെടുത്തുന്നതിൽ കോൺഗ്രസിന്റെ ഭൂരിപക്ഷവാദത്തിനുള്ള പങ്ക് മികച്ച ചരിത്ര പഠനങ്ങളിലൂടെ സ്പഷ്ടമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ദക്ഷിണേഷ്യൻ ചരിത്ര രചനകൾ അതിന്റെ ഭരണകൂട പക്ഷപാതങ്ങൾ മറികടന്ന് ഒരളവോളം പക്വതയാർജിച്ചിട്ടുണ്ട്. ചരിത്ര പുരുഷൻമാരെയും സംഭവങ്ങളെയും കുറിച്ച രാഷ്ട്രീയ വ്യവഹാരങ്ങളാകട്ടെ ഇപ്പോഴും ബാലാരിഷ്ടതകൾ പിന്നിട്ടുകഴിഞ്ഞിട്ടുമില്ല.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ മനുഷ്യസഹജമായ പിഴവുകളോപ്പം തന്നെ അസാധാരണമായ നേട്ടം കൈവരിച്ച മഹത്തായ രാഷ്ട്രീയനേതാക്കളുടെ ഒരു താരാപഥം ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. ആ മഹാ സംഭാവനകൾക്കിടയിലും ചരിത്രത്തിലെ നിർണായക വഴിത്തിരിവുകളിൽ ഹിമാലയത്തിലെ പിഴവുകൾ അവരിൽ നിന്നുണ്ടായി. അവരുടെ ജീവചരിത്രങ്ങളെ ബിംബവൽക്കരിക്കുന്നതിലൂടെ നാം അവരോട് നീതി പുലര്‍ത്താതിരിക്കുകയും അവരുടെ മഹാ ജീവിതങ്ങളിൽനിന്ന് പാഠങ്ങളുൾക്കൊള്ളുന്നതിൽ നാം പരാജയപ്പെടുകയും ചെയ്യുന്നു.

വിഭജനത്തെക്കുറിച്ചുള്ള ചരിത്രപരമായ വ്യാഖ്യാനത്തിന് ജസ്വന്ത് സിംഗിന്റെ ആരോഗ്യകരമായ ശ്രമത്തോട് പ്രധാന രാഷ്ട്രീയ പാർട്ടികളും സംസ്ഥാന സർക്കാരും പ്രതികരിക്കുന്ന രീതി നമ്മുടെ ദേശീയതയുടെയും ജനാധിപത്യത്തിന്റെയും ഗുണത്തെ സംബന്ധിച്ച ചില ആശങ്കകൾക്ക് കാരണമാകുന്നു. പാകിസ്താന്റെ സ്ഥാപിത പിതാവിനെ പിശാചുവത്കരിക്കാൻ നമ്മുടെ രാഷ്ട്രീയ മണ്ഢലം നടത്തിക്കാണുന്ന ശ്രമം ഇന്ത്യക്ക് ന്യായമായും ആഗ്രഹിക്കാവുന്ന ആത്മവിശ്വാസത്തിനുള്ളിലെ സുഖകരമല്ലാത്ത ആശങ്കകളെ വെളിവാക്കുന്നു. ഈ രാജ്യത്തെ യുവജനങ്ങളിൽ ഭൂരിഭാഗവും രാഷ്ട്രീയ നേതാക്കളുമായി ഒത്തുപോകുകയില്ല എന്ന് പ്രത്യാശിക്കാം.

ഒരു പുസ്തകത്തെക്കുറിച്ചുള്ള വിവാദങ്ങൾ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയും ദൗർബല്യവും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിൽ ഈ വിഷയത്തെക്കുറിച്ചുള്ള ശക്തമായ പൊതു ചർച്ച ആ ശക്തിയെ വെളിപ്പെടുത്തുന്നു. ഉൾപാർട്ടി ജനാധിപത്യത്തിന്റെ അഭാവവും വിയോജിപ്പുളോടുള്ള അസഹിഷ്ണുതാപരമായ ബൌദ്ധിക-വിരുദ്ധ മനോഭാവവും ദൌർബല്യത്തിന്റെ മുഖ്യലക്ഷണങ്ങളുമാണ്. സ്വയം-നശീകരണത്തിന് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി ആഗ്രഹിക്കുന്നത് ഒരു പരിധിവരെ തങ്ങളുടെ അഭ്യന്തരകാര്യമായി കണക്കാക്കാം. എന്നാൽ ഒരു പുസ്തകത്തെ നിരോധിക്കുന്നതിനുള്ള നിയമം കൊണ്ട് വരുന്നത് മുഴുവൻ പൗരന്മാരെയും ബാധിക്കുന്നു. ഗാന്ധിയെയും ജിന്നയെയും ജന്മം നൽകിയ പ്രദേശത്തിന് ഗുജറാത്തിലെ രണ്ട് പ്രധാന പാർട്ടികളുടെയും നിലപാട് സ്വീകാര്യമാകരുത്.

വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമായതുകൊണ്ട് അപ്രസക്തമായ വിഷയമാണിതെന്ന വാദഗതിക്കാരോട് ഞാൻ യോജിക്കുന്നില്ല. വിഭജനത്തെക്കുറിച്ച പുനർവിചിന്തനം സമകാലിക പ്രസക്തം തന്നെ. ഭൂരിപക്ഷ ധാർമ്മികതയിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുകയും ജനങ്ങൾക്ക് ഒന്നിലധികം വ്യക്തിത്വങ്ങളുള്ള ഒരു ഉപഭൂഖണ്ഡത്തിൽ നീതി ഉറപ്പുവരുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് കേവലജനാധിപത്യത്തേക്കാൾ പ്രാധാന്യം. ഭൂരിപക്ഷവാദം, അത് മതേതരമേലങ്കിയണിഞ്ഞാലും കാവിനിറമുള്ളതായാലും, ഇന്ത്യൻ ജനാധിപത്യത്തിന് ഒരു ഭീഷണിയായി തുടരുന്നു. അതികേന്ദ്രീകൃത ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ പ്രവണതകളെ സന്തുലിതപ്പെടുത്തുന്നതായി പ്രാദേശികതല അവകാശങ്ങൾ കരുതപ്പെട്ടിരുന്നു. ഏകാധിപതികളായ നേതാക്കൾക്കുകീഴിലെ പ്രാദേശിക പാർട്ടികൾ ആഭ്യന്തര ജനാധിപത്യത്തിൽ അഖിലേന്ത്യാ “പങ്കാളിത്തം” തെളിയിച്ചുകൊണ്ടിരിക്കുന്നു അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയുടെ മികച്ച ഗ്യാരണ്ടി അശയപ്രകാശനത്തിന്റെയും ആവിഷ്കാരത്തിന്റെയും സ്വാതന്ത്ര്യമാണ്.
ഭാഗ്യവശാൽ, ഈ സ്വാതന്ത്ര്യത്തിന് ചരിത്രത്തിൽ ആഴത്തിലുള്ള വേരുകളുണ്ട്. സങ്കുചിത താൽപര്യവും ഹ്രസ്വകാല തിരഞ്ഞെടുപ്പ് നേട്ടങ്ങളും പിന്തുടരുന്ന രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയുടെ വിശാലവും യുക്തിസഹവുമായ പാരമ്പര്യത്തെ എതിർക്കുന്നു. അതിനാൽ നഷ്ടം അവർക്ക് തന്നെ ആയിരിക്കും.

Be the first to comment on "വീണ്ടും ജിന്ന..!"

Leave a comment

Your email address will not be published.


*