മുപ്പതോളം ദലിത് കുടുംബങ്ങളെ പിറന്നനാട്ടിൽ നിന്നും പുറത്താക്കുന്ന ‘വികസന’മാണ് തുരുത്തിയിലേത്

പോലീസുകാർ തുരുത്തിയിലെ സ്ത്രീകളോട് ചോദിച്ചതാണ്.
“എങ്ങനെയാണ് നിങ്ങൾ ഇത്ര ഒച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നത്? “

“വീടും പറമ്പും പോകുമ്പോൾ ആരായാലും വിളിച്ചു പോകും പോലീസെ.. ” എന്നായിരുന്നു മറുപടി

കണ്ടൽക്കാടുകൾ നിറഞ്ഞ പ്രകൃതിലോല പ്രദേശം ആണ് തുരുത്തി. മുപ്പതോളം ദലിത് കുടുംബങ്ങളും മൂന്ന് ഒബിസി കുടുംബങ്ങളും ഇവിടെ താമസിക്കുന്നു. കണ്ണൂർ വളപട്ടണം പുഴയുടെ തീരത്തുള്ള തുരുത്തി ദലിത് കോളനിയിൽ ഉള്ള മുപ്പതോളം കുടുംബങ്ങളാണ് ദേശീയ പാതാവികസനത്തിന് എതിരായി കഴിഞ്ഞ ഒരു മാസമായി അതിജീവനസമരം നയിക്കുന്നത്.

മുഴുവന്‍ കുടുംബങ്ങളെയും കുടിയിറക്കുന്ന രീതിയിലെ അലൈന്‍മെന്റുമായാണ് അധികൃതർ മുന്നോട്ടു വന്നത്. ഇവിടം ജീവിക്കുന്ന ദലിത് കുടുംബങ്ങള്‍ കുടിയറക്കപ്പെടുന്നതിനോടൊപ്പം വന്‍തോതിലുള്ള പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതുമാണ് തുരുത്തിയിലൂടെയുള്ള ഈ ദേശീയപാത വികസനം. കണ്ടൽ പൊക്കുടൻ മുന്നോട്ടു വെച്ച പ്രകൃതി സംരക്ഷണ പദ്ധതികൾ അട്ടിമറിച്ചു കൊണ്ടാണ് ദേശീയ പാത വികസനം നടപ്പിലാക്കാക്കുന്നത് എന്ന് സമരപ്രവർത്തകർ പറയുന്നു.

തങ്ങളുടെ കിടപ്പാടമാകെ നഷ്‌ടപ്പെടുന്ന ഈ ‘വികസാനത്തെ’ കുറിച്ച് ഇവർ അറിയുന്നത് ദേശീയപാത അതോറിറ്റിയുടെ വെബ്സൈറ്റിൽ നിന്നാണ്. ഒരു സർക്കാർ പ്രതിനിധിയും ജനപ്രതിനിധിയും അവരെ ചർച്ചയ്ക്കു വിളിച്ചിട്ടില്ല എന്നും ദേശീയപാത തങ്ങളുടെ കോളനിയിലൂടെ വരുന്നത് പോലും അവരെ അറിയിച്ചില്ല എന്നും സമരക്കാര്‍ ആരോപിക്കുന്നു.

തുരുത്തി ഞങ്ങൾക്കൊരു… പൊക്കിൾ ..കൊടിയാണ്അത് മുറിക്കാൻ .. നീങ്ങൾക്കാവില്ലാ…….ഞങ്ങളുടെ കുലത്തിന്റെ ഞങ്ങളു…

Posted by Sunil K Koyilerian on 18 मे 2018

തങ്ങളെ കുടിയിറക്കാന്‍ പറയുന്ന സർക്കുലറിനെതിരെ വിയോജിപ്പ് എഴുതി നല്‍കിയിട്ടും അത് അധികൃതർ പരിഗണിച്ചില്ലെന്നു പ്രദേശവാസികൾ പറയുന്നു. നിലവിലുള്ള അലൈന്‍മെന്റില്‍ വന്ന വളവ് ഒഴിവാക്കിയാല്‍ മുഴുവൻ കുടുംബങ്ങളും രക്ഷപ്പെടുമെന്ന് അറിയിച്ചപ്പോള്‍ അലൈന്‍മെന്റിന് മേല്‍ ചര്‍ച്ചയില്ലെന്നായിരുന്നു മറുപടിയെന്നും സമരക്കാർ പറയുന്നു. ഇതിനു പിന്നിൽ പ്രമുഖവ്യക്തികളുടെ ഗൂഢാലോചനകൾ ഉണ്ടെന്നത് വ്യക്തമാണെന്നാണ് സമരക്കാരുടെ വാദം.

”മുപ്പതോളം ദലിത്‌ കുടുംബങ്ങളാണ് തങ്ങളുടെ ഭൂമിയിൽ നിന്നും ജീവിതത്തിൽ നിന്നും തൊഴിലിൽ നിന്നും പുഴയിൽ നിന്നും ഓർമകളിൽ നിന്നും കാവിൽ നിന്നും പലായനം ചെയ്യുന്നത്. നഷ്ടം ഈ കൊട്ടിഘോഷിക്കുന്ന കേരളത്തിന് മാത്രമാണ്.” ചലച്ചിത്രപ്രവർത്തകനും എഴുത്തുകാരനുമായ രൂപേഷ് കുമാർ പറഞ്ഞു

 

ദേശീയപാത അതോറിറ്റിയുടെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും തങ്ങളെ പിറന്ന നാട്ടിൽ നിന്നും പലായനം ചെയ്യിപ്പിക്കുന്ന വികസനഭീകരത അനുവദിക്കില്ലെന്നും മുദ്രാവാക്യമുയർത്തി മെയ് 22ന് കലക്ടറേറ്റ് മാര്‍ച്ചിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് സമരക്കാര്‍.

കഴിഞ്ഞ ഒരു മാസമായി കുടിൽ കെട്ടി സമരം തുടരുകയാണ് തുരുത്തിയിലെ നിവാസികൾ. മെയ് 9ന് സര്‍വ്വെ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച ഇരുപതോളം വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇവയൊന്നും മുഖ്യധാരാ മാധ്യമങ്ങളോ രാഷ്ട്രീയപാർട്ടികളോ കണ്ടതേയില്ലെന്നും സമരപ്രവർത്തകർ പറയുന്നു.

ഒപ്പം 400 വര്‍ഷം പഴക്കമുള്ള ഒരു ആരാധനാകേന്ദ്രവും പുതിയ ‘വികസനം’ പൊളിച്ചുകളയുമെന്നും സമരക്കാർ പറയുന്നു. പുലയരുടെ ആചാരവും ആനുഷ്ഠാനവും സജീവമായ തുരുത്തിയിലെ ശ്രീ പുതിയില്‍ ഭഗവതി ക്ഷേത്രവും ഇല്ലാതാവുന്നതിനെതിരെ കൂടിയാണ് മുപ്പതോളം വരുന്ന ദലിത് കുടുംബങ്ങളുടെ സമരം.

 

Be the first to comment on "മുപ്പതോളം ദലിത് കുടുംബങ്ങളെ പിറന്നനാട്ടിൽ നിന്നും പുറത്താക്കുന്ന ‘വികസന’മാണ് തുരുത്തിയിലേത്"

Leave a comment

Your email address will not be published.


*