ചുംബനങ്ങളൊക്കെ മാഞ്ഞുപോയല്ലോ…മുറിപ്പാടുകളെല്ലാം ബാക്കിയുണ്ട്‌.

പിഎംഎ ഗഫൂര്‍

ഡൽഹിലെ ടാക്സി ഡ്രൈവറാണ്‌ അദ്ദേഹം. അൻപതിലേറെ പ്രായമായി. വിഷാദമുള്ള കണ്ണുകൾ. എങ്കിലും പ്രസന്നമായ പെരുമാറ്റം. 1984 ലെ സിക്ക്‌ വിരുദ്ധ കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടൊരു പാവം മനുഷ്യനാണ്‌. യാത്രക്കിടയിൽ അദ്ദേഹം ജീവിതകഥ പറഞ്ഞ്‌ ഇങ്ങനെ അവസാനിപ്പിച്ചു;

“അന്നെനിക്ക്‌ പത്തൊൻപത്‌ വയസ്സാണ്‌. പതിമൂന്ന് അംഗങ്ങളുള്ള ഞങ്ങളുടെ വീട്ടിലെ എല്ലാരേയും അവർ കൊന്നു. മുത്തച്ഛനും മുത്തശ്ശിയും ഇളയ കുഞ്ഞുമടക്കം എല്ലാരേയും. വീട്ടിലും ജീവിതത്തിലും ഞാൻ തനിച്ചായി. ഇപ്പോഴും വണ്ടിയോടിച്ചു പോകുമ്പോൾ ഞാനവരേയൊക്കെ ഓർക്കും. അനിയത്തി എനിക്ക്‌ ജീവനായിരുന്നു. അവളുടെ അന്നത്തെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെക്കണ്ടാൽ ഇപ്പോളുമെനിക്ക്‌ എന്തെന്നില്ലാത്ത സങ്കടം വരും. എന്റെ ഓരോ പ്രിയപ്പെട്ടവരുടേയും മുഖങ്ങൾ മനസ്സിൽ നിറയുമ്പോൾ വല്ലാതെ കരഞ്ഞുപോകും. വണ്ടി റോഡരികിൽ നിർത്തിയിട്ട്‌ കുറേ കരയും. പിന്നെ കണ്ണീരു തുടയ്‌ക്കും, യാത്ര തുടരും…’

ഓർമയുടെ മുള്ളുകൾ നെഞ്ചിൽ തറയ്‌ക്കുമ്പോൾ നമുക്കും ചെയ്യാനുള്ളത്‌ അത്രയല്ലേള്ളൂ. കരയുക, കണ്ണീരു തുടയ്‌ക്കുക, യാത്ര തുടരുക. ചിലതൊന്നും പരിഹരിക്കാനാകില്ല. ആയുസ്സുനീളെ കൊണ്ടുനടക്കേണ്ട സങ്കടങ്ങളുണ്ട്‌. പ്രിയപ്പെട്ടവരുടെ വേർപാടുപോലുള്ള മുറിവുകൾ. ഒന്നും ചെയ്യാനില്ല. കരയുക,കണ്ണീരു തുടയ്‌ക്കുക, യാത്ര തുടരുക.

സങ്കടങ്ങളെ പരീക്ഷണമെന്നാണ്‌ നമ്മൾ വിളിക്കാറുള്ളത്‌. അങ്ങനെത്തന്നെയാണോ വിളിക്കേണ്ടത്‌? പരീക്ഷണമെന്നല്ല, പരീക്ഷയെന്നാണ്‌ കുറച്ചൂടെ നല്ല പേര്‌. പഠിച്ച കാര്യങ്ങൾ എത്ര പകർത്താൻ കഴിയുമെന്നതാണല്ലോ പരീക്ഷ. ഒന്നോർത്താൽ അതല്ലേ സങ്കടങ്ങളിലേയും കാര്യം? അറിഞ്ഞതും മനപ്പാഠമായതും ചൊല്ലിപ്പഠിച്ചതുമായ കുറേ ആദർശങ്ങളും വിശ്വാസങ്ങളുമുണ്ടല്ലോ. അതൊക്കെ എത്ര നമുക്ക്‌ തണലാകുന്നുണ്ട്‌ എന്ന പരീക്ഷ. ഗ്രന്ഥങ്ങളിൽനിന്നു പഠിച്ചത്‌ ജീവിതത്തിലേക്ക്‌ എത്ര പകർത്തിയെഴുതാം എന്നൊരു പരീക്ഷ. കുറേ സഹിച്ചുകൊണ്ടാണ്‌ സഹനം പഠിക്കുന്നത്‌. കരഞ്ഞുകരഞ്ഞ്‌ കരയാതിരിക്കാനും പഠിക്കുന്നു. ‘പട്ടുടുപ്പുകളും പൂന്തോപ്പുമാണ്‌ ഇടറാത്തവർക്കുള്ള പ്രതിഫലമെന്ന്’ ഖുർആൻ.

വിഷാദത്തിൽ കഴിയുന്നൊരാളുടെ മനസ്സ്‌ മഞ്ഞുകാലത്തെ കാഴ്ചകൾ പോലെയാണ്‌. മഞ്ഞ്‌ പോയാലേ കാഴ്ച തെളിയൂ. കരയിക്കുന്ന അനുഭവങ്ങൾ നമ്മളേയും തേടിവന്നേക്കാം. മനുഷ്യനായിരിക്കുന്നതിന്റെ സ്വാഭാവികാവസ്ഥ മാത്രമാണത്‌. കണ്ണീരു തുടയ്‌ക്കാൻ സമയം വൈകരുതെന്നേയുള്ളൂ. കഷ്ടതകൾ വരുന്നത്‌ ദുരന്തമല്ല,അതിൽ നമ്മുടെ മനസ്സ്‌ തകരുന്നതാണ്‌ ദുരന്തം.

സന്തോഷവും ആർപ്പുവിളികളുമൊക്കെ മറന്നുപോയി. എന്നൊക്കെയോ അനുഭവിച്ച കണ്ണീരും സങ്കടങ്ങളും ജീവിതത്തിനിപ്പോളും‌ കരുത്തേകുന്നുണ്ട്‌. സൂക്ഷിച്ചുനോക്കൂ, മുറിപ്പാടുകളെല്ലാം ബാക്കിയുണ്ട്‌. ചുംബനങ്ങളൊക്കെ മാഞ്ഞുപോയല്ലോ.

 

Be the first to comment on "ചുംബനങ്ങളൊക്കെ മാഞ്ഞുപോയല്ലോ…മുറിപ്പാടുകളെല്ലാം ബാക്കിയുണ്ട്‌."

Leave a comment

Your email address will not be published.


*