ഇനി ജാതിരഹിത/മതരഹിത വിപ്ലവ പുംഗവന്മാരോട് ഒരു വാക്ക്!

ഷിബി പീറ്റർ

കെവിൻ ജോസഫിനെ ക്രൂരമായി കൊലചെയ്തവരുടെ രാഷ്ട്രീയബന്ധത്തേക്കാൾ പ്രധാനം അവരുടെ സവർണ്ണ ക്രൈസ്തവ മൂല്യബോധമാണ്. കേരളത്തിലെ ക്രൈസ്തവ സഭകളും അതിന്റെ മേലധ്യക്ഷന്മാരുമാണ് ഈ കൊലപാതകത്തിന് ഉത്തരം പറയേണ്ടത്. ദളിതർക്കും സവർണ്ണ സുറിയാനികൾക്കും വെവ്വേറെ പള്ളികളും സെമിത്തേരിയും പണിതുവച്ചിട്ട് സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പ്രഘോഷിക്കുന്നവരാണ് ‘ദുരഭിമാന’ ബോധങ്ങൾ രൂപപ്പെടുത്തുന്നത്. ജിഷയുടെ കൊലപാതകത്തിലും പശ്ചാത്തലം ഒരുക്കിയത് അയൽക്കാരായ സവർണ്ണ ക്രൈസ്തവർ ആയിരുന്നു എന്നത് ഓർമ്മിക്കുക. ഈ കൊലപാതകത്തെ മുൻ നിറുത്തി തങ്ങളുടെ പതിവ് ദലിത് ക്രൈസ്തവ വിരുദ്ധതയുമായി ഒരു പറ്റം ‘സെക്കുലർ ദളിതരും’ ഇറങ്ങിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടു. ‘ജാതിരഹിത കേരളഭാവനകൾക്ക്’ മതസ്വത്വ വെറുപ്പിലൂടെ മറുപുറം നെയ്യുകയാണ് ഇക്കൂട്ടർ!

സർവ്വശക്തയായ ദൈവം എല്ലാവർക്കും നീതിയും സമാധാനവും നല്കുമാറാകട്ടെ!

ഇനി ജാതിരഹിത/മതരഹിത വിപ്ലവ പുംഗവന്മാരോട് ഒരു വാക്ക്!

എന്റെ അറിവ് ശരിയെങ്കിൽ കോട്ടയം സംക്രാന്തി ഡി. വൈ.എഫ്.ഐ യൂണിറ്റിലെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു കെവിൻ. ഭാര്യാ സഹോദരൻ ഷാനുവിന്റെ സഖാവ്! പാർട്ടിയിൽ ഇരുവർക്കും ചോരയുടെ നിറം ചുവപ്പ്. പക്ഷെ ജാതിയിൽ അത് വേറെ. പുലയ സമുദായത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് മതാരോഹണം ചെയ്തവരായിരുന്നു കെവിന്റെ കുടുംബം. കോട്ടയം കേന്ദ്രമായ ദലിത് കത്തോലിക്കാ രൂപതയായ വിജയപുരം രൂപതയിലെ അംഗങ്ങൾ. പിന്നീട് കെവിന്റെ പിതാവും മാതാവും സ്വതന്ത്ര സഭയായ ‘സ്വർഗീയ വിരുന്നിലേക്ക്’ മാറി. അപ്പോഴും കെവിൻ കത്തോലിക്കവിശ്വാസത്തിൽ തുടർന്നു. റോമൻ കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനിയായ സഖാവ് ഷാനുവിന്റെ സഹോദരിയെ പ്രണയിച്ചപ്പോൾ ആണ് കെവിൻ സഖാവിൽ നിന്നും അവർക്ക് വെറും പുലയ ശരീരമായി മാറുന്നത്!

ചോരപ്പുഴകൾ നീന്തിക്കയറിയ ഒരു പ്രസ്ഥാനത്തിന് വേണ്ടി ഒപ്പം നിന്ന് തൊണ്ട കീറി മുദ്രാവാക്യം വിളിച്ചിട്ടുണ്ടാകണം കെവിൻ. പക്ഷെ അതേ സഖാക്കൾ തന്നെ കെവിനെ കൊന്ന് പുഴയിൽ തള്ളിയെന്ന വാർത്ത മനുഷ്യത്വമുള്ളവരെ വേട്ടയാടുക തന്നെ ചെയ്യും!

Be the first to comment on "ഇനി ജാതിരഹിത/മതരഹിത വിപ്ലവ പുംഗവന്മാരോട് ഒരു വാക്ക്!"

Leave a comment

Your email address will not be published.


*