https://maktoobmedia.com/

റിപ്പോര്‍ട്ടര്‍ ചെയ്തത് ക്രൂരതയാണ് എന്ന് പരിതപിക്കുന്നവര്‍ വായിച്ചറിയാന്‍. അവിടെ നടന്നത് ഇതാണ്.

കെവിന്‍ വധക്കേസുമായി മരണവീട്ടിലെ മാധ്യമങ്ങളുടെ ഇടപെടലിനെക്കുറിച്ച് ചര്‍ച്ച അവസാനിക്കുന്നില്ല. മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ആശ ജാവേദിന്റെ ഇടപെടല്‍ അനുചിതമായെന്നാണ് വിമര്‍ശകരുടെ പക്ഷം. വായിലേക്ക് മൈക്ക് കുത്തിക്കയറ്റിയെന്ന കുറിപ്പോടെ ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കപ്പുറം ഈ രംഗത്ത് മറ്റു ചിലതുകൂടിയുണ്ടെന്ന് വ്യക്തമാക്കുന്നു മാധ്യമപ്രവര്‍ത്തകനായ അര്‍ജുന്‍ സി വനജ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അന്ന് ആ മരണവീട്ടില്‍ നടന്ന കാര്യങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. അവിടെ ഉണ്ടായിരുന്ന ഏകവനിതാ മാധ്യമപ്രവര്‍ത്തക ആയിരുന്ന ആശയോടാണ് നീനു കാര്യങ്ങള്‍ വിവരിച്ചതെന്നും വീട്ടുകാരുടെ അനുവാദത്തോടെ മാത്രമാണ് അത്തരമൊരു സാഹചര്യത്തിലും റിപ്പോര്‍ട്ട് ചെയ്തതെന്നും കുറിപ്പില്‍ പറയുന്നു.

ജാതിവിവേചനത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള ചര്‍ച്ച ആ വിഷയത്തില്‍ നിന്ന് മാറി വെറും വിഴുപ്പലക്കലാവുന്നുണ്ട് എന്ന ആരോപണങ്ങളുമുയരുന്നുണ്ട്.

അരുണ്‍ സി വനജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം –

ഭര്‍ത്താവ് നഷ്ടപ്പെട്ട കുട്ടിയോട് മനോരമ റിപ്പോര്‍ട്ടര്‍ ചെയ്തത് കൊടുംക്രൂരതയാണ് എന്ന് പരിതപിക്കുന്നവര്‍ വായിച്ചറിയാന്‍….

രാവിലെ ഏഴരയോടെയാണ് മനോര ന്യൂസ് സംഘം കെവിന്റെ മരണ വീട്ടില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തകരും ഏതാനം ബന്ധുക്കളും മാത്രമായിരുന്നു ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ തന്നെ ന്യൂസ് 18 ഉം മാതൃഭൂമിയും കെവിന്റെ അച്ഛന്റെ പ്രതികരണം എടുത്തിരുന്നു. തുടര്‍ന്ന് ആശാ ജാവേദിനോടും അച്ഛന്‍ സംസാരിച്ചു. അവിടെയെത്തിയ ഏക വനിത മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍, ആശാ ജാവേദ് അച്ഛന്റെ അനുമതിയോടെ വീടിനുള്ളില്‍ കയറി നീനുവിനെ കാണുന്നു.(മൈക്ക് വീടിന് പുറത്ത് കാമറമാന്‍ അഭിലാഷിനെ ഏല്‍പ്പിച്ചാണ കയറിയത്) മനോരമയുടെ റിപ്പോര്‍ട്ടറാണ് മോളെ, ആശ. ഇവരാണ് ഇന്നലെ മോളുടെ ബൈറ്റ് എടുത്തത്, ഓര്‍ക്കുന്നില്ലേ..? എന്ന് ചോദിച്ചതും നീനു ആശ ജാവേദിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇത് കണ്ട ആശയ്ക്കും സങ്കടം അടക്കാനാകാതെ അവരും കരഞ്ഞു. ഏകദേശം പത്ത് മിനുട്ടോളം എടുത്തു ഇരുവരും ഒന്ന് സാധാരണ നിലയിലേക്ക് എത്താന്‍. പിന്നെ നിനി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അപ്പോളാണ് ഡിവൈഎഫ്‌ഐയുടെ നിയാസ് നേരത്തേയും ഭീഷണിപ്പെടുത്തിയെന്നത് ആശയോട് ആ കുട്ടി തുറന്ന് പറഞ്ഞത്. ഇത് കഴിഞ്ഞ് 7.50 ഓടെയാണ് ആശാ പുറത്തിറങ്ങിയത്. എട്ട് മണി ലൈവില്‍ ഇടയ്ക്ക് കണ്ഠം ഇടറി റിപ്പോര്‍ട്ട് ചെയ്യുന്ന ആശയെ ആ വാര്‍ത്ത കണ്ടവര്‍ മറന്ന് കാണില്ല. അത്രത്തോളം സങ്കടം ഉണ്ടായിരുന്നു അവരില്‍, ആ കുട്ടിയുടെ കരച്ചില്‍ കേട്ടിട്ട്. ലൈവ് കഴിഞ്ഞ് ആശ പുറത്ത് റിലാക്‌സ് ചെയ്യുന്നതിനിടെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ നിനിയുടെ ബൈറ്റ് എടുക്കാന്‍ അകത്ത് വീട്ടുകാരുടെ അനുമതിയോടെ കയറിയെങ്കിലും ആ കുട്ടി ഒന്നും പറയാനില്ലെന്ന് പറഞ്ഞു.

തുടര്‍ന്നാണ് ന്യൂസ് ആശ അച്ഛനോട് ചോദിക്കുന്നത്, നീനു പറഞ്ഞ കാര്യങ്ങള്‍ നമ്മുക്ക് ലോകത്തെ അറിയിക്കേണ്ടേ എന്ന്. വളരെ ബോള്‍ഡായ ആ അച്ഛന്‍ വേണം. ഒരാളും രക്ഷപ്പെട്ടുകൂടാ എന്ന് പറഞ്ഞുകൊണ്ട് ന്യൂസ് 18, മാതൃഭൂമി, മനോരമ റിപ്പോര്‍ട്ടര്‍മാരെ വീടിന്റെ സിറ്റൗട്ടിലേക്ക് വിളിക്കുന്നത്. മുറിയില്‍ കിടക്കുകയായിരുന്ന നീനുവിനെ അച്ഛനാണ് സിറ്റൗട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതും. തുടര്‍ന്ന് ആദ്യം സംസാരിക്കാന്‍ മടികാണിച്ച നീനുവിനോട്‌ നേരത്തെ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഒരു മടിയും കാണിക്കാതെ തുറന്ന് പറയാനാണ് ആശ ജാവേദ് സ്‌നേഹ വാല്‍സ്യത്തോടെ ആവശ്യപ്പെട്ടത്. അപ്പോഴാണ് ആ കുട്ടി അറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞതും. പിന്നീട് രാത്രി വരെ ആ വീട്ടില്‍ നിന്നതും കൊടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതുമെല്ലാം ഇതേ മാധ്യമങ്ങള്‍ തന്നെയായിരുന്നു. വിമര്‍ശിക്കുന്നവരോട് ഒരു വാക്ക്, ആ വീട്ടിലുള്ള, ആരെങ്കിലും, മാധ്യമപ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല, അവര്‍ ഒരിക്കലും പറയുകയുമില്ല. കാരണം, മാധ്യമപ്രവര്‍ത്തകരാണ് ആരുമറിയാതെ പോകുമായിരുന്ന ഒരു കേസിനെ ജനശ്രദ്ധിയിലേക്ക് എത്തിച്ചത്. മാത്രമല്ല, ബോഡി കൊണ്ടുവരുന്നതിന് മുമ്പുള്ള ആ വീട്ടിലെ തയ്യാറെടുപ്പുകള്‍ നടത്തിയത് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ്. വീടിന്റെ മുറ്റത്ത് മാറ്റ് ഇട്ടതും, മറ്റ് സജ്ജീകരണങ്ങള്‍ നടത്തിയതും ഇതേ മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ്. പിന്നെ ആശാ ജാവേദിനെ വിമര്‍ശിക്കുന്ന പലര്‍ക്കും ഒരു അജണ്ട കാണും. എല്ലാം തുറന്നെഴുതുന്ന അവരുടെ ഭര്‍ത്താവ് ജാവേദിനേയും ഇതിനൊപ്പം ഒതുക്കാമെന്ന്. ഇത്താരത്തില്‍ പലഗ്രൂപ്പുകളിലും ചര്‍ച്ച നടത്തുന്നവരോട് പുച്ഛം മാത്രമാണ് തോന്നുന്നത്.

Be the first to comment on "റിപ്പോര്‍ട്ടര്‍ ചെയ്തത് ക്രൂരതയാണ് എന്ന് പരിതപിക്കുന്നവര്‍ വായിച്ചറിയാന്‍. അവിടെ നടന്നത് ഇതാണ്."

Leave a comment

Your email address will not be published.


*