https://maktoobmedia.com/

ബാർക്ക് : ചാനൽ റേറ്റിങ്ങുകളുടെ വിശ്വാസ്യതയെച്ചൊല്ലി ഫേസ്‌ബുക്കിൽ മാധ്യമപ്രവർത്തകരുടെ വാക്‌പ്പോര്

ചാനൽ റേറ്റിങ്ങുകളെ അളക്കുന്ന ബാര്‍ക്ക് റിപ്പോര്‍ട്ടിനെ ചൊല്ലി ഫേസ്‌ബുക്കിൽ മാധ്യമപ്രവർത്തകരുടെ വാക്‌പ്പോര്.

മൂന്ന് കോടി പതിമൂന്ന് ലക്ഷത്തി ഇരുപതിനായിരം ടെലിവിഷന്‍ പ്രേക്ഷകര്‍ ഉള്ള കേരളത്തില്‍ നൂറില്‍ താഴെ വീടുകളില്‍ മാത്രമാണ് ബാര്‍ക് മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും അതിനാല്‍ ഈ കണക്കുകള്‍ വിശ്വസനീയമല്ലെന്നും മീഡിയവൺ അവതാരകനായ നിഷാദ് റാവുത്തർ ചൂണ്ടിക്കാട്ടുന്നു.‘തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുമോ എന്ന് ഭയന്ന് ഭൂരിപക്ഷം വീട്ടുകാരും ബാര്‍ക് മെഷീന്‍ സ്ഥാപിക്കാന്‍ അനുവദിക്കാറില്ല. സാമ്പിളിങ് മെഷിന്‍ വീട്ടിലുള്ള, സ്ഥിരമായി ശാലോം ടിവി കാണുന്ന ഒരാള്‍, ഒരാഴ്ച്ച വീടുപൂട്ടി ഒരു യാത്ര പോയെന്ന് കരുതുക. ആ ആഴ്ച ഒരാളും ശാലോം കണ്ടിട്ടില്ല എന്നായിരിക്കും ബാര്‍ക്കിന്റെ കണക്ക്’ – നിഷാദ് പറയുന്നു.

എന്നാൽ , നിഷാദടക്കമുള്ളവരുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബാർക്ക് വിശ്വസനീയമല്ല എന്നാണ് വാദമെങ്കിൽ ബാർക്ക് ബഹിഷ്‌കരിക്കാൻ സത്യസന്ധത നിങ്ങൾക്കും നിങ്ങളുടെ ചാനലിനുമുണ്ടോ എന്ന് മാധ്യമപ്രവർത്തകനായ എം എസ് സനിൽ കുമാർ ചോദിക്കുന്നു. ബാര്‍ക്ക് വിശ്വാസ്യതയില്ലാത്ത ഒരു ഏജന്‍സിയായി മാറുമ്പോള്‍ മീഡിയ വണ്‍, കൈരളി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അത് ബഹിഷ്‌കരിക്കാൻ തയ്യാറാവാത്തതെന്തേ എന്ന് സനിൽ ചോദിക്കുന്നു.

” അങ്ങനെ ചുമ്മാതെ വഴിയെ പോകുന്നവനെ റേറ്റ് ചെയ്യുന്ന സ്വഭാവം ബാര്‍ക്കിനില്ല. ഏതെങ്കിലും ചാനല്‍ ബാര്‍ക്കിന്റെ റേറ്റിംഗ് പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ ബാര്‍ക്കിന് അങ്ങോട്ട് കൊണ്ടുചെന്ന് കാശ് കൊടുക്കണം. ചെറിയ തുകയല്ല. വന്‍തുക. അങ്ങനെ പണം അടയ്ക്കുന്ന ചാനലുകളെ മാത്രമേ ബാര്‍ക്ക് റേറ്റിംഗ് പട്ടികയില്‍ ഉള്‍പ്പെടുത്താറുള്ളൂ. അങ്ങോട്ട് ബാര്‍ക്കിന് പണം നല്‍കിയാണ് മീഡിയവണ്‍ അടക്കമുള്ള ചാനലുകള്‍ ബാര്‍ക്കിന്റെ റേറ്റിംഗ് പട്ടികയില്‍ കയറിയിരിക്കുന്നത്. ” സനിൽ കുമാർ പറയുന്നു.

രണ്ട് പേരുടെയും പോസ്റ്റുകൾ വായിക്കാം:

നിഷാദ് റാവുത്തർ :

മൂന്നുകോടി നാൽപ്പത്തി എട്ട് ലക്ഷമാണ് കേരളത്തിലെ ജനസംഖ്യ. (2012ലെ കണക്കാണ്) ഇന്ത്യൻ റീഡർഷിപ് സർവേയുടെ 2017ലെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം ടെലിവിഷൻ സെറ്റുകൾ ഉള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. 90 ശതമാനം പേരും ടിവി ഉടമകൾ/കാഴ്‌ചക്കാരാണ്. (തമിഴനാടാണ് ഒന്നാമത്. അവിടെ 93 ശതമാണ് കണക്ക്). അങ്ങനെയെങ്കിൽ കേരളത്തിലെ മൂന്ന് കോടി പതിമൂന്ന് ലക്ഷത്തി ഇരുപതിനായിരം പേരിലേക്ക് ടെലിവിഷൻ എത്തുന്നു എന്നാണ് മനസിലാക്കേണ്ടത്.

ഇനി, ഇതിൽ കാഴ്ചക്കാരുടെ അഭിരുചിയും തിരഞ്ഞെടുപ്പും സംബന്ധിച്ച ലഭ്യമായ ഏക ഡാറ്റ ബാർക് റിപ്പോർട് ആണ്. ശാസ്ത്രീയമായ സാമ്പ്ളിങ്ങിനും വിശകലനത്തിനും ശേഷം തയ്യാറാക്കുന്നു എന്ന് അവകാശപ്പെട്ടാണ് ബാർക് ഈ വീക്കിലി ഡാറ്റ, വലിയ തുകക്ക് വിൽക്കുന്നത്. പക്ഷെ വിശദമായി പരിശോധിച്ചാൽ, അങ്ങേയറ്റം അബദ്ധവും സാമാന്യ യുക്തിക്ക് നിരക്കാത്തതുമാണ് അതിന്റെ കണ്ടുപിടിത്തങ്ങളും കണക്കുകളും എന്ന് കാണാം. ( അതിലേക്ക് വരാം)

അപ്പൊ അതിന്റെ കാരണം പരിശോധിക്കണം. കേരളത്തിൽ ആകെ നൂറിൽ താഴെ വീടുകളിൽ മാത്രമാണ് ബാർക് ഈ സാമ്പ്ളിങ് മെഷിനുകൾ സ്ഥാപിച്ചിട്ടുള്ളത്. അതിൽ തന്നെ എല്ലാം പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ബാർക്കിന് ഉത്തരമില്ല. ഞാൻ ഇതുവരെ ഒരു ബാർക് മെഷീൻ നേരിട്ട് കണ്ടിട്ടില്ല, അതുകണ്ടിട്ടുള്ള ആളെയും കണ്ടിട്ടില്ല. ബാർക് അധികൃതർ തന്നെ പറയുന്ന ഒരു കാര്യമുണ്ട്. സാമ്പ്ളിങ് മെഷിനുകൾ സ്ഥാപിക്കാൻ ഏറ്റവും വിഷമം കേരത്തിലാണ്. കാരണം തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുമോ എന്ന് ഭയന്ന് ഭൂരിപക്ഷം വീട്ടുകാരും അതിന് അനുവദിക്കാറില്ല. അപ്പൊ മൂന്നുകോടി പതിമൂന്ന് ലക്ഷത്തി ഇരുപതിനായിരം മനുഷ്യരുടെ തിരഞ്ഞെടുപ്പുകൾ അറിയാൻ ബാർക് ഉപയോഗിക്കുന്നത് നൂറിൽ താഴെ സാമ്പിളുകൾ മാത്രമാണ്. (അതാവട്ടെ കേരളത്തിലെ എല്ലാ ജില്ലകളിൽ പോലും ഇല്ലതാനും)

ഇതിൽ നിന്നാണ്, സ്ത്രീകൾ കണ്ടത്, കുട്ടികൾ കണ്ടത്, ഓരോ പ്രായവിഭാഗത്തിലുമുള്ള പുരുഷൻ കണ്ടത് എന്നൊക്കെ പറഞ്ഞു ബാർക് വിശദരേഖ തയ്യാറാക്കുന്നത്. ചില ആഴ്ചകളിൽ പ്രേക്ഷരിൽ നിന്ന് നമുക്ക് നേരിട്ട് (നല്ലതോ ചീത്തയോ) ഏറെ പ്രതികരണം കിട്ടിയ പരിപാടികൾ, ആരും കണ്ടിട്ടില്ല എന്നൊക്കെ ബാർക്, വീക്കിലി ഡാറ്റയിൽ അടിച്ചു വെച്ചിട്ടുണ്ടാകും. സോഷ്യൽ മീഡിയയിൽ ലക്ഷങ്ങൾ കണ്ട ഒരു ഷോ, പ്രേക്ഷകന്റെ അഭിരുചിക്ക് യോചിച്ചതല്ല എന്ന മട്ടിൽ ബാർക് തഴഞ്ഞിരുക്കുന്നത് പലപ്പോഴും കാണാം. സാമ്പിളിങ് മെഷിൻ വീട്ടിലുള്ള, സ്ഥിരമായി ശാലോം ടിവി കാണുന്ന ഒരാൾ, ഒരാഴ്ച്ച വീടുപൂട്ടി ഒരു യാത്ര പോയെന്ന് കരുതുക. ആ ആഴ്ച ഒരാളും ശാലോം കണ്ടിട്ടില്ല എന്നായിരിക്കും ബാർക്കിന്റെ കണക്ക്.

ഈ വൈരുധ്യവും അയുക്തികതയുമൊക്കെ നിരന്തരം ചൂണ്ടിക്കാട്ടുകയും കത്ത്‌ അയക്കുകയും ഒക്കെ ചെയ്താൽ, കണക്കുകളിൽ ചില മാറ്റം വന്ന അനുഭവവും കേരളത്തിലുണ്ട്. സാമ്പിളിങ്ങിലെ അനീതിക്കും ക്രമക്കേടിനും എതിരെ നിയമയുദ്ധം നടത്തിയ ദേശീയ മാധ്യമങ്ങൾ ഇന്ത്യയിൽ ഉണ്ട് എന്നതും ഓർക്കേണ്ടതാണ്.

ഈ അനീതി പക്ഷെ, ഒരു വിഭാഗത്തിന് എപ്പോഴും നേട്ടം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അത് ശീലം പോലെ പ്രവർത്തിക്കുകയാണ് എന്ന് തോന്നും ഡാറ്റ കണ്ടാൽ. ചില സ്ഥാപനങ്ങൾക്ക് വലിയ ലെഗസിയുണ്ടെന്നും അത് കാഴ്ചക്കാരെ സ്വാധീനിക്കുന്ന ഘടകമാണെന്നുമുള്ള വാദമുണ്ട്. യുക്തിഭദ്രമാണത്. പക്ഷെ ആ ലെഗസി നവ മാധ്യമങ്ങളിൽ എപ്പോഴും പ്രതിഫലിച്ചു കാണുന്നില്ല. അവരവിടെ ഒന്നാമതുമല്ല. ന്യൂ മീഡിയയിൽ ഓരോ ക്ലിക്കും ഓരോരുത്തർക്കും അറിയാവും വിധം സുതാര്യവും ശാസ്ത്രീയാവുമാണ് എന്നതാണ് അറിയേണ്ട ഒന്ന്.

ഈ വഞ്ചനയെ കുറിച്ച് ഉത്തമ ബോധ്യമുള്ളപ്പോഴും കേരളത്തിലെ മാധ്യമസ്‌ഥാപനങ്ങൾ ബാർക്കിനെ ആധികാരിക രേഖയായി തന്നെ വകവെക്കുന്നു. കാരണം പരസ്യ ഏജെൻസികളുമായി ഇടപെടുമ്പോ ഇതല്ലാതെ മറ്റൊരു ഡാറ്റ (പരസ്യക്കാർ കൂടി അംഗീകരിക്കുന്നത്) ഇല്ല എന്നത് കൊണ്ടാണ്.

ബംഗാളിലെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിരവധി സിപിഐഎമ്മുകാരെ കൊന്നും തീവെച്ചും ഇല്ലാതാക്കിയും ബൂത്തുപിടിച്ചും ഒക്കെയാണ് മമത ബാനർജി അവരുടെ വിജയത്തെ ‘തിളക്ക’മുള്ളതാക്കിയത്. ആ വിധി ഉയർത്തിപ്പിടിച്ഛ് ഒരു മഹോന്നത പ്രസംഗം നടത്താനാണ് അവർ തീരുമാനിക്കുന്നത് എങ്കിൽ നമുക്കെന്താണ് പറയാനാവുക?

എംഎസ് സനിൽ കുമാർ :

ബാർക്കിനെക്കുറിച്ച് ‘ ബാർക്ക് ‘ ചെയ്യുന്നവരോട്…..

കഴിഞ്ഞദിവസം ഫേസ്ബുക്കിലെ ചില ടൈംലൈനുകളില്‍ ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കണ്ടതുകൊണ്ടാണ് ഈ കുറിപ്പ്. മീഡിയാവണ്ണിലെ വാര്‍ത്ത അവതാരകരായ മാധ്യമപ്രവര്‍ത്തകരാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. ബാര്‍ക്കിന് വിശ്വാസ്യതയില്ലെന്നും ബാര്‍ക്ക് ആധികാരികമല്ലെന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മൂന്നുകോടിയിലേറെ ടെലിവിഷന്‍ സെറ്റുകള്‍ ഉപയോഗത്തിലുള്ള കേരളത്തില്‍ നൂറില്‍ താഴെ വീടുകളില്‍ മാത്രമാണ് ബാര്‍ക്കിന്റെ റേറ്റിംഗ് മെഷീനുകള്‍ ഘടിപ്പിച്ചിരിക്കുന്നതെന്നാണ് മീഡിയ വണ്‍ മാധ്യമപ്രവര്‍ത്തകരുടെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്. പിന്നെ ഇതെങ്ങനെ ആധികാരികവും വിശ്വാസ്യവും ആകും എന്നാണ് അവരുടെ ചോദ്യം. ബാര്‍ക്കിന് ആധികാരികതയുണ്ടോ വിശ്വാസ്യതയുണ്ടോ എന്നത് വിഷയമല്ലാത്തതിനാല്‍ അതേക്കുറിച്ച് എഴുതി ദീര്‍ഘിപ്പിക്കുന്നില്ല.

ലക്ഷ്യം വിനു വി ജോണ്‍
………………………………..

ബാര്‍ക്ക് റേറ്റിംഗിനെക്കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചയുടെ ഉന്നം ഏഷ്യാനെറ്റിലെ വിനു വി ജോണാണ്. കഴിഞ്ഞദിവസം ചാനലില്‍ നടത്തിയ ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് മറ്റ് ചാനലുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്ന് വിനു വി. ജോണ്‍ പറഞ്ഞിരുന്നു. ഇതാണ് മീഡിയാവണ്‍ അവതാരകരെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. ബാര്‍ക്ക് റേറ്റിംഗ് ആധികാരികമല്ലെന്ന് അവര്‍ പറയുന്നു. മീഡിയ വണ്‍ അടക്കമുള്ള ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പല പരിപാടികള്‍ക്കും മികച്ച പ്രേക്ഷക അഭിപ്രായം ലഭിക്കുന്നുണ്ടെങ്കിലും ആ പരിപാടികളൊന്നും ബാര്‍ക്ക് റേറ്റിംഗില്‍ ഉള്‍പ്പെടുന്നില്ല. അതുപോലെ ചാനലിലെ പരിപാടികളില്‍ പലതും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ബാര്‍ക്കില്‍ കാണാറേയില്ല. ബാര്‍ക്ക് എന്ന ഏജന്‍സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ തെളിവുകളെന്ന് മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. അങ്ങനെ മൊത്തത്തില്‍ നോക്കിയാല്‍ ബാര്‍ക്ക് എന്നത് ഒരു തട്ടിപ്പ് ഏജന്‍സിയാണെന്നാണ് മീഡിയ വണ്‍ മാധ്യമപ്രവര്‍ത്തകരുടെ കണ്ടുപിടിത്തം. ഈ മീഡിയാവണ്‍ സഖാക്കളുടെ കണ്ടുപിടിത്തങ്ങള്‍ സി.പി.എം സൈബര്‍ സഖാക്കളും ഏറ്റെടുത്തതോടെ വിനു വി ജോണിനെതിരെ ബാര്‍ക്കിന്റെ പേരില്‍ വലിയ തോതിലുള്ള ഓരിയിടല്‍ ഫേസ്ബുക്കില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ ബാര്‍ക്ക് വിശ്വാസ്യതയില്ലാത്ത ഒരു ഏജന്‍സിയായി മാറുമ്പോള്‍ മീഡിയ വണ്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ എന്താണ് ചെയ്യേണ്ടത്?

ബാര്‍ക്ക് ബഹിഷ്‌കരിക്കണം
……………………………..
അങ്ങനെ ചുമ്മാതെ വഴിയെ പോകുന്നവനെ റേറ്റ് ചെയ്യുന്ന സ്വഭാവം ബാര്‍ക്കിനില്ല. ഏതെങ്കിലും ചാനല്‍ ബാര്‍ക്കിന്റെ റേറ്റിംഗ് പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ ബാര്‍ക്കിന് അങ്ങോട്ട് കൊണ്ടുചെന്ന് കാശ് കൊടുക്കണം. ചെറിയ തുകയല്ല. വന്‍തുക. അങ്ങനെ പണം അടയ്ക്കുന്ന ചാനലുകളെ മാത്രമേ ബാര്‍ക്ക് റേറ്റിംഗ് പട്ടികയില്‍ ഉള്‍പ്പെടുത്താറുള്ളൂ. അങ്ങോട്ട് ബാര്‍ക്കിന് പണം നല്‍കിയാണ് മീഡിയവണ്‍ അടക്കമുള്ള ചാനലുകള്‍ ബാര്‍ക്കിന്റെ റേറ്റിംഗ് പട്ടികയില്‍ കയറിയിരിക്കുന്നത്. ഇനി മറ്റൊരുകാര്യം കൂടി. ബാര്‍ക്കിന്റെ കേരളത്തിലെ ഏറ്റവും വലിയ പ്രമോട്ടര്‍ ആരാണെന്ന് അറിയുമോ? കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസ്. ബ്രിട്ടാസാണ് ബാര്‍ക്കിന്റെ കേരള റീജ്യണല്‍ മീറ്റിംഗുകള്‍ പലതും സംഘടിപ്പിക്കുന്നതും നടത്തിക്കൊടുക്കുന്നതും. കൈരളി ടി.വിയിലെ മാര്‍ക്കറ്റിങിന്റെ ചുമതലയുള്ള ജനറല്‍ മാനേജരാണ് ബാര്‍ക്കിന്റെ മീറ്റിംഗുകളുടെ പ്രധാന സംഘാടകന്‍. ബാര്‍ക്കിന്റെ മഹത്വം ഏറ്റവും കൂടുതല്‍ വാഴ്ത്തിപ്പാടുന്നതും കൈരളിയാണെന്ന കാര്യം സൈബര്‍ സഖാക്കള്‍ ഓര്‍മ്മിക്കുമല്ലോ. ഈ മീറ്റിംഗുകളില്‍ ഒക്കെ മീഡിയവണ്ണിലെ പ്രതിനിധികളും വന്ന് ഞെളിഞ്ഞിരിപ്പുണ്ടാകും. അതൊക്കെ പോട്ടേ.. ഇനിയിപ്പോ ബാര്‍ക്ക് വിശ്വാസ്യതയില്ലാത്തതും ആധികാരികതയില്ലാത്തതുമായ ഏജന്‍സിയാണെന്ന് മാധ്യമമഹാസിംഹങ്ങള്‍ തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ എന്താണ് ചെയ്യാനുള്ളത്? ബാര്‍ക്ക് അങ്ങ് ബഹിഷ്‌കരിക്കുക. ബാര്‍ക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട മീഡിയ വണ്ണില്‍ നിന്ന് തന്നെയാകട്ടേ അതിന്റെ ആരംഭം. അങ്ങോട്ട് പൈസ കൊടുത്ത് ബാര്‍ക്ക് പട്ടികയില്‍ ഇടംനേടുന്ന ചാനലുകളുടെ ഇടയില്‍ നിന്ന് മീഡിയവണ്‍ പുറത്തുവരണം. ഇനിമുതല്‍ റേറ്റിംഗിനുവേണ്ടി ബാര്‍ക്കിന് പണംനല്‍കില്ലെന്ന ധീരമായ തീരുമാനം മീഡിയവണ്‍ മാനേജ്‌മെന്റ് എടുക്കണം. ഇനി അഥവാ മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ നട്ടെല്ലിന്റെ സ്ഥാനത്ത് റബ്ബര്‍ വെക്കാത്ത മീഡിയവണ്ണിലെ ചാനല്‍ അവതാരകര്‍ രോഷംകൊണ്ട് വിറയ്ക്കണം. മാനേജ്‌മെന്റിനോട് ആജ്ഞാപിക്കണം.. കടക്കൂ ബാര്‍ക്കിന് പുറത്ത് എന്ന്. അങ്ങനെ ബാര്‍ക്കുമായുള്ള ബന്ധം എന്നെന്നേക്കുമായി മീഡിയവണ്‍ അവസാനിപ്പിക്കണം. തൊട്ടുപിന്നാലെ സൈബര്‍ സഖാക്കളുടെ സ്വന്തം ചാനലായ കൈരളിയും പീപ്പിളും ഈ തീരുമാനം എടുക്കണം. ബാര്‍ക്ക് നമുക്ക് വേണ്ടേ വേണ്ടാ.. ബാര്‍ക്കല്ല ശരി… അതുകൊണ്ട് ബാര്‍ക്കിനെ പടിയടച്ച് പിണ്ഡം വെയ്ക്കാനുള്ള മഹത് യജ്ഞത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ മീഡിയവണ്ണും കൈരളിയും പീപ്പിളും കൈ കോര്‍ക്കണം. മാനേജ്‌മെന്റുകളെ ഇതിന് പ്രേരിപ്പിക്കാന്‍, ബാര്‍ക്കിനെക്കുറിച്ച്, ബാര്‍ക്ക് തെറ്റാണെന്ന് നല്ല ബോധ്യമുള്ള മീഡിയവണ്ണിലെ വാര്‍ത്ത അവതാരകരും കൈരളിയിലെയും പീപ്പിളിലെയും മാധ്യമപ്രവര്‍ത്തകരും തയ്യാറാകണം.

മീഡിയവണ്ണിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുടെ കഥ
…………………………

മീഡിയവണ്ണിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സി.എല്‍. തോമസ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു. അന്ന് ബാര്‍ക്ക് നിലവില്‍ വന്നിട്ടില്ല. TAM ആയിരുന്നു അന്നത്തെ റേറ്റിംഗ് ഏജന്‍സി. ഏഷ്യാനെറ്റിലെ പരിപാടികള്‍ TAM റേറ്റിംഗില്‍ മുന്നില്‍ എത്തുമ്പോഴൊക്കെ സി.എല്‍. തോമസ് ക്യാമറക്ക് മുന്നിലെത്തും. ഏഷ്യാനെറ്റിലെ ഇന്ന ഇന്ന പരിപാടികള്‍ ടാം റേറ്റിംഗില്‍ മറ്റ് ചാനലുകളെക്കാള്‍ ബഹുദൂരം മുന്നിലായെന്ന് പ്രേക്ഷകരെ അറിയിക്കും. ടാം റേറ്റിംഗില്‍ പരിപാടികള്‍ മുന്നിലെത്തിയതുകൊണ്ട് തങ്ങളുടെ സേവന വേതന വ്യവസ്ഥകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെടാനും സി.എല്‍. തോമസ് മടിച്ചില്ല. പിന്നീട് ഒരുഘട്ടത്തില്‍ ടാമിന് വിശ്വാസ്യത നഷ്ടപ്പെട്ടു.
ടാം ആധികാരികമല്ലാത്ത ഏജന്‍സിയാണെന്ന് ചാനലുകള്‍ തിരിച്ചറിഞ്ഞു. ടാമിനെ ഒഴിവാക്കി ആ സ്ഥാനത്തേക്കാണ് ബാര്‍ക്ക് കടന്നുവരുന്നത്. ഇപ്പോഴിതാ ബാര്‍ക്കിനും എതിരെ വിശ്വാസ്യത ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇനി വേണ്ടതെന്താ? ബാര്‍ക്കിനെയും അങ്ങ് തട്ടിക്കളയുക. റേറ്റിംഗ് ഏജന്‍സികളില്‍ വിശ്വാസമുള്ള സി.എല്‍. തോമസിന് ഇക്കാര്യത്തില്‍ എന്താണ് അഭിപ്രായമെന്ന് മീഡിയവണ്ണിലെ ബാര്‍ക്കിനെതിരെ നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച് മനസ്സിലാക്കണം. കഴിയുമെങ്കില്‍ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരു തുറന്ന കത്ത് മാനേജ്‌മെന്റിന് നല്‍കണം. ഇനിമുതല്‍ മീഡിയവണ്ണില്‍ നിന്ന് പരസ്യംപിടിക്കാന്‍ പോകുന്ന മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥര്‍. ആധികാരിക തെളിവായി ബാര്‍ക്ക് റേറ്റിംഗ് ലിസ്റ്റ് കൈയില്‍ കരുതരുതെന്ന് ആവശ്യപ്പെടണം. നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണയും സോഷ്യല്‍മീഡിയയിലെ റിയാക്ഷന്‍സും കണക്കിലെടുത്ത് പരസ്യക്കാരെ ബോധ്യപ്പെടുത്തി പരസ്യം പിടിച്ചാല്‍ മതിയെന്ന് മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥരോട് നിങ്ങള്‍ ആവശ്യപ്പെടണം. അങ്ങനെ ബാര്‍ക്കിനെതിരായ സമ്പൂര്‍ണ്ണ വിപ്ലവത്തിന് നമുക്ക് തുടക്കം കുറിക്കാം..

വാല്‍ക്കഷ്ണം:

ഒന്നരവര്‍ഷം മുമ്പാണ്. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ മുംബൈയില്‍ നിന്ന് പറന്ന് തിരുവനന്തപുരത്ത് എത്തുന്നു. സംസ്ഥാന പോലീസ് മേധാവിയെക്കണ്ട് ഒരു പരാതി കൊടുക്കുന്നു. കേരളത്തിലെ രണ്ട് പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ (ഏഷ്യാനെറ്റും മീഡിയവ ണ്ണും അല്ല ) ബാര്‍ക്ക് റേറ്റിംഗ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിയിലെ ആരോപണം. കൊച്ചിയില്‍ ബാര്‍ക്കിന്റെ റേറ്റിംഗ് മെഷീനുകള്‍ വെച്ചിട്ടുള്ള വീടുകള്‍ ഈ ചാനല്‍ പ്രതിനിധികള്‍ കണ്ടെത്തി. തുടര്‍ന്ന് ചാനലുകാര്‍ ഓരോ വീട്ടിലും കയറിയിറങ്ങി വീട്ടുകാര്‍ക്ക് വാഗ്ദാനം നല്‍കി. തങ്ങളുടെ ചാനല്‍ സ്ഥിരമായി വെച്ചാല്‍ പണവും പരിതോഷികവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. ചിലര്‍ റേറ്റിംഗ് മെഷിന്‍ ഘടിപ്പിച്ച ടി.വി സെറ്റില്‍ തങ്ങളുടെ ചാനല്‍ മാത്രം എപ്പോഴും വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. വീട്ടുകാര്‍ക്ക് മറ്റ് ചാനലുകള്‍ കാണാന്‍ മറ്റൊരു ടി.വി സെറ്റ് വാങ്ങി നല്‍കാമെന്ന് ഓഫര്‍ നല്‍കി. വീട്ടുകാരില്‍ നിന്ന് ഈ വിവരം അറിഞ്ഞതോടെയാണ് ബാര്‍ക്ക് അധികൃതര്‍ ഓടിപ്പിടച്ച് തിരുവനന്തപുരത്തെത്തിയത്. ബാര്‍ക്ക് റേറ്റിംഗ് അട്ടമറിക്കാന്‍ ഈ രണ്ട് ചാനലുകള്‍ ശ്രമിക്കുന്നുവെന്ന ബാര്‍ക്കിന്റെ പരാതിക്ക് പിന്നാലെ മലയാളത്തിലെ ടെലിവിഷന്‍ ചാനലുകളുടെ കൂട്ടായ്മയും ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. സംഘടനയുടെ ഭാരവാഹിയായ ജോണ്‍ ബ്രിട്ടാസാണ് പരാതിയില്‍ ഒപ്പിട്ടിരുന്നത്. അപ്പോള്‍ മലയാളം ചാനലുകള്‍ ബാര്‍ക്കിന് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. ഇപ്പോള്‍ ബാര്‍ക്ക് ആധികാരികമല്ലെന്ന് മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെ കണ്ടെത്തിയ സ്ഥിതിക്ക് ഇനി ബാര്‍ക്ക് രഹിത കേരളമായിരിക്കണം നമ്മുടെ സ്വപ്നം. അതിനുള്ള വിപ്ലവത്തിന് മീഡിയാവണ്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെ തിരികൊളുത്തട്ടേ. ആശംസകൾ.

Be the first to comment on "ബാർക്ക് : ചാനൽ റേറ്റിങ്ങുകളുടെ വിശ്വാസ്യതയെച്ചൊല്ലി ഫേസ്‌ബുക്കിൽ മാധ്യമപ്രവർത്തകരുടെ വാക്‌പ്പോര്"

Leave a comment

Your email address will not be published.


*