https://maktoobmedia.com/

‘2 വർഷം മുമ്പ് പരാതി നൽകിയതാണ് മുഖ്യമന്ത്രിക്ക്.’ ആര്‍എസ്എസ് തടവിനെ അതിജീവിച്ച അഞ്ജലി സംസാരിക്കുന്നു

അഞ്ജലി പ്രകാശ്

മുസ്‌ലിം യുവാവിനെ പ്രണയിച്ചതിന് മംഗലാപുരത്തെ ആര്‍എസ്എസ് പീഡനകേന്ദ്രത്തിലടക്കപ്പെട്ട അഞ്ജലി പ്രകാശനുമായി മൃദുല ഭവാനി സംസാരിക്കുന്നു

2016 മെയ് മാസത്തിലാണ് പിണറായി വിജയൻ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റത്. കഴിഞ്ഞ മെയ് മാസത്തിൽ സർക്കാർ അതിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു. സൗത്ത് ഇന്ത്യ സംഘപരിവാറിനെ അടുപ്പിക്കുന്നില്ല, ശക്തമായ പ്രതിരോധം തീർക്കുന്നു എന്ന, SOUTH REJECTS BJP എന്ന രാഷ്ട്രീയ നിരീക്ഷണം തെറ്റാണ് എന്ന് തെളിയിക്കുകയാണ് പിണറായി വിജയൻ തള്ളിക്കളഞ്ഞ അഞ്ജലി പ്രകാശിന്റെ പരാതി.

മറ്റു മതസ്ഥരെ വിവാഹം കഴിക്കുകയോ പ്രണയിക്കുകയോ ചെയ്യുന്ന യുവതീയുവാക്കളെ സംഘപരിവാർ പർച്ചേസ് ചെയ്ത അവരുടെ രക്ഷിതാക്കളുടെ അറിവോടെയും പിന്തുണയോടെയും രഹസ്യ കേന്ദ്രങ്ങളിലും വീട്ടുതടങ്കലിലും പീഡിപ്പിക്കുന്നു. ഇതേപ്പറ്റി പീഡനകേന്ദ്രങ്ങളിൽ നിന്നും പുറത്തുവന്നവരുടെയും സംഘടനകളുടെയും പരാതികൾ തള്ളിക്കളയുകയാണ് സർക്കാർ ചെയ്തത്. അതിലൊന്ന് ഹാദിയയുടെ പരാതിയായിരുന്നു, വീട്ടുതടങ്കലിൽ ആയിരുന്ന സമയത്ത് തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തിൽ നിന്നും ആളുകളെത്തി തന്നെ ഘർവാപ്സി നടത്താൻ ശ്രമിച്ചു എന്ന് ഹാദിയ പറഞ്ഞു. തൃപ്പൂണിത്തുറ ശിവശക്തി യോഗാ സെന്ററിൽ നിന്നും രക്ഷപ്പെട്ട ശ്വേത, ശ്രുതി, അഷിത എന്നിവർ അതിനകത്ത് പ്രവർത്തിക്കുന്ന ആർഎസ്എസ് പീഡനകേന്ദ്രത്തെപ്പറ്റി ശക്തമായ ആരോപണം ഉന്നയിച്ചിട്ടും പിണറായി വിജയൻ സർക്കാർ ഈ പീഡനകേന്ദ്രത്തിനെതിരെ നടപടിയെടുത്തിട്ടില്ല. ഇപ്പോഴും മറ്റു കെട്ടിടങ്ങളിലായി ഇത് പ്രവർത്തിക്കുന്നുണ്ട്.

മുസ്ലീം യുവാവിനെ പ്രണയിച്ചതിന് മംഗലാപുരത്തും കേരളത്തിലും പല സ്ഥലങ്ങളിലായി സംഘപരിവാർ സഹായത്തോടെ രണ്ടു വർഷം തടവിൽ കഴിയേണ്ടി വന്ന അഞ്ജലി പ്രകാശ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത് 2016ൽ. 6/7 മാസങ്ങളായി താൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ താങ്കളെ അറിയിക്കുന്നു എന്നു പറഞ്ഞുകൊണ്ട്, തൃശൂർ മായന്നൂരിലെ തണൽ ബാലാശ്രമത്തിൽ സംഘപരിവാർ തടവിൽ കഴിയുന്നതിനിടെയാണ് അഞ്ജലി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

2016 വർഷാവസാനം അയച്ച പരാതിക്ക് യാതൊരു തരത്തിലുള്ള മറുപടിയോ നടപടിയോ പിണറായി വിജയൻ സർക്കാരിൽ നിന്നും ഉണ്ടായിട്ടില്ല എന്നത് 2016 മുതൽ തന്നെ ഇത്തരം അതിക്രമങ്ങൾക്ക് പിണറായി വിജയൻ മൗനാനുവാദം നൽകുന്നു എന്ന് വ്യക്തമാക്കുന്നു. യോഗാ സെന്റർ, ഓർഫനേജ്‌ തുടങ്ങിയ പല സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിലാണ് ഇത്തരം പീഡന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് എന്ന് തോന്നുന്നുണ്ടെന്ന് അവിടെ നിന്നും അതിജീവിച്ചു പുറത്തെത്തിയ അഞ്ജലി പറയുന്നു.

കഴിഞ്ഞ രണ്ടുവർഷമായി അഞ്ജലിക്ക് സംഭവിച്ചത് എന്താണ് എന്ന് പറയാമോ?

ഇതെല്ലാം തുടങ്ങുന്നത് 2016 ഓഗസ്റ്റ് 17നാണ്. ഞാനൊരു പ്രെെവറ്റ് കൊളേജിൽ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു. അപ്പോ ഞാനും മനാസും മാര്യേജ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു.17നു രാത്രി എന്റെ വീട്ടിലറിഞ്ഞിട്ട് എന്റെ അമ്മയും അമ്മയുടെ രണ്ട് സഹോദരന്മാരും, നരോത്തമൻ, വേണുഗോപാൽ എന്നിവർ, പിന്നെ ഒരു സഹോദരി അനിത ഇവരെല്ലാം കൂടി വന്നിട്ട് അന്ന് രാത്രി എന്നെ ഒരുപാട് ഉപദ്രവിച്ചു.

വായിൽ തുണിയെല്ലാം കെട്ടി, വലിച്ച് കഴുത്തില് കത്തിയൊക്കെ വെച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഒരുപാട് അടിച്ചു, മുഖത്തുനിന്ന് ചോരയൊക്കെ വന്നു. മൂക്കിൽനിന്നു ചോര വന്നു. അങ്ങനെയൊരു അവസ്ഥയായി. പിന്നെ അന്ന് ഞാനെടുത്തുവെച്ചിരുന്ന എന്റെ ഇതുവരെയുള്ള എല്ലാ തിരിച്ചറിയൽ രേഖകളും പ്രൂഫും ഒക്കെ അവർ എടുത്തുമാറ്റി അങ്ങനെ അന്ന് രാത്രി ഭീഷണിപ്പെടുത്തി എന്റെ കഴുത്തിൽ കത്തിവെച്ചിട്ട് ബലമായി ഹോസ്പിറ്റലിൽ കൊണ്ടുപോയി. കാറിലാണ് കൊണ്ടുപോയത് യൂണിറ്റി ഹോസ്പിറ്റലിലേക്ക്, കുന്നംകുളം. അവിടെ മനാസ് വന്നപ്പോ ഇവിടന്ന് എങ്ങനെയെങ്കിലും പോകും എന്ന് തോന്നിയപ്പോ അവർ ഹോസ്പിറ്റൽ മാറ്റി. തൃശൂർ അശ്വിനി ഹോസ്പിറ്റലിലേക്ക്. സെമി എെസിയുവിൽ. വിസിറ്റേഴ്സ് അലവ്ഡ് അല്ലായിരുന്നു പിന്നെ അവിടെയും അന്വേഷിച്ച് മനാസ് എത്തിയപ്പോ എന്നെ നേരെ അമൃത ഹോസ്പിറ്റൽ എറണാകുളം അവിടേക്ക് മാറ്റി. അവിടെ സെെക്യാട്രി പേഷ്യന്റ് ആയി അഡ്മിറ്റ് ചെയ്യുകയാണ് ചെയ്തത്.അപ്പോഴൊന്നും എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇവരാദ്യം ഡോക്ടറോട് സംസാരിച്ചു പക്ഷേ ഡോക്ടർ എന്നോടൊന്നും ചോദിച്ചിട്ടില്ല എന്തെങ്കിലും പ്രശ്നമുണ്ടോ അങ്ങനെയൊന്നും.നേരെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

ഡോക്ടറുടെ പേര് എൻ ദിനേശൻ. 45 ദിവസത്തോളം ഞാനവിടെ അഡ്മിറ്റ് ആയിരുന്നു. ഒരു നേരം തന്നെ എട്ടുമുതൽ 10 ഗുളികകൾ വരെ നിർബന്ധിച്ച് കഴിപ്പിക്കുമായിരുന്നു. ഇൻജെക്ഷൻ ഒക്കെ തന്ന് ബോധമില്ലാതെ കെടത്തുമായിരുന്നു.

പിന്നീട് മനാസ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. അപ്പോൾ ‘അമ്മ കോടതിയിൽ ഹാജരായി ഞാൻ മെന്റൽ പേഷ്യന്റ് ആണ്, അത് കൊണ്ട് ഹാജരാക്കാൻ പറ്റില്ലെന്ന് പറഞ്ഞു. മെഡിസിന്റെ പേപ്പറുകളും എല്ലാം കാണിച്ച് എന്നെ പിന്നെ പ്രൊഡ്യൂസ് ചെയ്തില്ല.

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം എന്നെ കൊണ്ട് പോയത് എറണാകുളത്ത് ആസാദ് റോഡിലുള്ള വിശ്വഹിന്ദുപരിഷത്തിന്റെ കൗൺസിലിംഗ് സെന്ററിലേക്കായിരുന്നു. അവിടെ ഈ സെയിം മാറ്ററിൽ വേറെ കുറെ കുട്ടികളുണ്ടായിരുന്നു. അവിടുന്നും എനിക്ക് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അപ്പോഴൊക്കെ അമ്മ കൂടെയുണ്ട്. അവര് പറയുന്നത് നിന്നെ മനാസിന്റെ കൂടെ വിടില്ല, നീ രക്ഷപ്പെടുകയില്ല, മെന്റൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് കാരണം എവിടെ പോയാലും രക്ഷയില്ല, ആ ഡോക്ടറും അന്ന് അങ്ങനെ തന്നെയാണ് പറഞ്ഞത്. മെന്റൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഞാനത് ഇഷ്യൂ ചെയ്ത് കഴിഞ്ഞാൽ പിന്നെ നീ എവിടെ പോയാലും രക്ഷപ്പെടുകയില്ല. നിന്നെ അവനു വിട്ടുകൊടുക്കാൻ പറ്റില്ലെന്നായിരുന്നു അവർ പറഞ്ഞുകൊണ്ടേ ഇരുന്നത്.

പിന്നെ മുസ്ളീം റിലീജിയനെക്കുറിച്ച് വളരെ മോശമായിട്ടു തന്നെയാണ് അവര് പറയുന്നത്. അങ്ങനെ ഒരു മാസത്തോളം ഞാനും അമ്മയും വിഎച്ച്പിയുടെ ഹോസ്റ്റലിൽ ആയിരുന്നു. അവിടുന്ന് രണ്ടു കുട്ടികൾ ആ സമയത്ത് അവിടുന്ന് രക്ഷപ്പെട്ടിരുന്നു. അതിന് ഹെൽപ് ചെയ്തത് ഞാനാണെന്ന് പറഞ്ഞിട്ട് അവിടുത്തെ ആളുകൾ എന്നെ ഒരുപാട് ഉപദ്രവിക്കുക ഒക്കെ ചെയ്തിരുന്നു. നാലഞ്ച് പേരൊക്കെ കൂടി എന്നെ ഒരു റൂമിൽ പൂട്ടിയിട്ട് ഒരുപാട് ഹാർഷ് ആയിട്ട് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ഒക്കെ ഉണ്ടായി. അവിടുന്ന് ഇങ്ങനെ എസ്കേപ്പ് ചെയ്തത് കാരണം അമ്മ എന്നെ അവിടുന്ന് മാറ്റി.

പിന്നെ പാവക്കുളത്ത് വനിതാ ഹോസ്റ്റലിൽ ആയിരുന്നു. അവിടെയും ഇത് പോലെ തന്നെ ആയിരുന്നു. അവിടുന്ന് പിന്നെ ഹോസ്പിറ്റലിൽ നിന്ന് പരിചയം ആയ ഒരാളുടെ വീട്ടിൽ ആക്കി. ഇനി എന്നെ എങ്ങോട്ട് മാറ്റണം എന്ന് അവർക്ക് പ്ലാൻ ചെയ്യാനുള്ള ടൈമിന് വേണ്ടിയിട്ട്. അങ്ങനെ ആളുടെ ഹെൽപ്പോട് കൂടിയാണ് ഞാൻ ചില ലെറ്ററുകളും ഒക്കെ അയച്ചത്. അന്ന് ഡിജിപിയ്ക്കും എന്റെ അച്ഛന്റെ വീട്ടുകാർക്കും അയച്ചിരുന്നു. എന്നെ അവിടുന്ന് പിന്നെയും മാറ്റി ഒറ്റപ്പാലം സൈഡ് മായന്നൂർ എന്നൊരു സ്ഥലത്ത് ആക്കി. അത് ആർഎസ്എസിന്റെ ഒരു ഓർഫനേജ് ആയിരുന്നു. അവിടേയ്ക്ക് കൊണ്ട് പോയത് ബിജെപിയിലോക്കെ പ്രവർത്തിക്കുന്ന ഷിജു എന്നൊരാളാണ്. അയാളും അയാളുടെ കൂടെ നാലഞ്ച് പേരും ഉണ്ടായിരുന്നു. എവിടേക്കാണോ എന്തിനാണോ എന്നൊന്നും എന്റെ അടുത്ത് പറഞ്ഞിരുന്നില്ല. രാവിലെ വന്ന് ഇവർ ബലമായി എന്നെ കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. എന്നെപോലെ വേറെ കുട്ടികളും സെയിം മാറ്ററിൽ തന്നെ അവിടെയുണ്ടായിരുന്നു.

ഓർഫനേജിന്റെ മറവിൽ ഇത്തരം കാര്യങ്ങൾ ആണ് അവിടെ നടക്കുന്നതെന്ന് തോന്നുന്നു. അങ്ങനെ ഉണ്ടെന്ന് തോന്നുന്നു. പിന്നെ മായന്നൂരിൽ നിന്നാണ് മംഗലാപുരത്തേക്കാണ് എന്നെ ഷിഫ്റ്റ് ചെയ്തത്. ഷിജു എന്നെ പുരുഷോത്തമൻ അഗതിയൂർ എന്നയാൾക്ക് ഹാൻഡ് ഓവർ ചെയ്യുകയാണുണ്ടായത്. അയാൾ പറഞ്ഞത് രണ്ടാഴ്ചത്തേയ്ക്ക് ഈ സാഹചര്യത്തിൽ നിന്ന് ചേഞ്ച് ചെയ്യാനായി കൊണ്ട് പോകുകയാണെന്നാണ് പറഞ്ഞത്. എന്റെ ഡ്രസ്സ് പോലും എടുക്കാൻ സമ്മതിച്ചില്ല. ഞാൻ ഇട്ടിരുന്ന അതേ ഡ്രെസ്സിൽ തന്നെ എന്നെ കൊണ്ട് പോകുകയാണ് ചെയ്തത്. അയാൾക്ക് സഹായത്തിന് ദേവദാസ് എന്നൊരാൾ ഉണ്ടായിരുന്നു. മംഗലാപുരത്തെ അയാളുടെ ഫ്രണ്ടാണ്. അയാളാണ് വീടെല്ലാം ശരിയാക്കി കൊടുത്തത്. പിന്നെ പുരുഷോത്തമന്റെ സ്വഭാവം അത്ര നല്ലതായിരുന്നില്ല. നമ്മളോടുള്ള സ്വഭാവം ആദ്യം നല്ലതെന്നു തോന്നിച്ചിരുന്നെങ്കിലും പിന്നീട് മാറാൻ തുടങ്ങി. അയാളുടെ സ്ത്രീകളോടുള്ള പെരുമാറ്റം ഭയങ്കര മോശമായിട്ടുള്ളതായിരുന്നു. അമ്മ നാട്ടിലേക്ക് പോരുന്ന സമയത്ത് ഇയാളുടെ കൂടെ നിർത്തിയിട്ടാണ് പോരുന്നത്. അപ്പൊ ഒരു ദിവസം രാത്രി ഞാൻ ഉറങ്ങുന്ന സമയത്ത് എന്റെ റൂമിൽ കയറി വന്നിട്ട് അത്രേം മോശമായ പെരുമാറ്റം അയാളുടെ ഭാഗത്ത് നിന്നുണ്ടായി. അമ്മയോട് ഞാൻ ഇത് പറഞ്ഞിട്ടും അമ്മയുടെ ഭാഗത്ത് നിന്ന് ഒരു റിയാക്ഷനും ഉണ്ടായില്ല. പിന്നെ അമ്മയുടെ മുൻപിൽ വെച്ചിട്ടും അയാൾ ആ തരത്തിൽ ബിഹേവ് ചെയ്യുമ്പോഴും അമ്മ ഒരു തരത്തിലും പ്രതികരിച്ചിരുന്നില്ല. പിന്നെ ദേവദാസ് എന്ന പറയുന്ന ആൾ എന്നെ ഭീഷണിപ്പെടുത്തും, അടിക്കും. അങ്ങനത്തെ ഒരു ക്യാരക്റ്റെർ.

അഞ്ജലി പ്രകാശ്

പിന്നെ പുരുഷോത്തമൻ പറയുന്ന കാര്യമാണ് അതിൽ എത്രമാത്രം ഫാക്ട് ഉണ്ടെന്ന് അറിയില്ല. എഡിജിപി സന്ധ്യ അവരുടെ റിലേറ്റിവ് ആണ്. അതുകൊണ്ട് നീ രക്ഷപെട്ട് പോയാലും നമുക്ക് പിടിക്കാനുള്ള ഹാൻഡ് ഉണ്ട്. കൂടിപ്പോയാൽ തലപ്പാടി ചെക്ക് പോസ്റ്റ് വരെയേ നീ പോവുള്ളൂ. പത്ത് മിനിറ്റിനുള്ളിൽ നിന്നെ ഇവിടെ കൊണ്ട് വന്നു ഇടാനുള്ള ആളുകൾ നമുക്കുണ്ട്. എഡിജിപി സന്ധ്യ മുൻപ് ഇതുപോലൊരു കുട്ടി പോയിട്ട് തിരിച്ചു കൊണ്ട് വന്നാക്കാൻ ഹെൽപ്പ് ചെയ്തിരുന്നു, അയാൾ പറയുന്ന അറിവേ ഉള്ളൂ എനിക്കതിൽ എത്രമാത്രം സത്യം ഉണ്ടെന്നറിയില്ല. പിന്നെ ദേവദാസ് എന്ന ആളും അത്യാവശ്യം ബിജെപിയുടെയും ആർഎസ്എസിന്റെയും ഹാൻഡ് ഉള്ള ആളാണ്. ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ട് പരാതി പറഞ്ഞപ്പോൾ കർണ്ണാടകയിലെ കേസ് ഇതുവരെ ഇങ്ങോട്ട് ട്രാൻസ്ഫർ ആയിട്ടില്ല, ട്രാൻസ്ഫർ ആയാലേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നാണ് പറഞ്ഞത്. കർണ്ണാടകയിൽ നിന്നും കേസ് ട്രാൻസ്ഫർ ആവാതെ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു എന്റെ പരാതി മടക്കുകയാണ് ചെയ്തത്.

മെയിൻ ആയിട്ടുള്ള ഇഷ്യൂസ് മെന്റൽ ആക്കിയതും ഉപദ്രവിച്ചതുമെല്ലാമാണ്. അതെല്ലാം നടന്നത് ഇവിടെ കേരളത്തിലാണ്. അതിന്റെ പേരിൽ ഒരു കേസും എടുത്തില്ല. ഞാൻ ആദ്യം ഇതു പോലെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി കൊടുത്തിരുന്നു. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും അതിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.

എന്റെ പരാതി റിജെക്റ്റ് ചെയ്തതിൽ എനിക്ക് ഭയങ്കര വിഷമം ഉണ്ട്. കാരണം ഇത്രയും റിസ്ക് എടുത്ത് എന്റെ അമ്മായിയും അമ്മാവനുമാണ് എന്നെ ഇവിടെ എത്തിച്ചത്. എന്നിട്ട് കേരളത്തിൽ എത്തിയതിനു ശേഷം പരാതി കൊടുത്തിട്ട് ആരും അതിനു ഒരു നടപടിയും സ്വീകരിക്കാത്തതിൽ എനിക്ക് വിഷമം ഉണ്ട്.

കർണ്ണാടകയിൽ വെച്ച് ഞാൻ ഡിജിപിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞതാണ്. എന്നാൽ രണ്ടു ദിവസമായിട്ടും യാതൊരു ആക്ഷനും ഇല്ലാതിരുന്നപ്പോൾ ഞാൻ വീണ്ടും വിളിച്ചു. അന്നേരം വെയിറ്റ് ചെയ്യ്, ഞാൻ കർണ്ണാടക പോലീസ് ആയിട്ട് സംസാരിച്ച് ശരിയാക്കാം എന്നാണ് പറഞ്ഞത്. പിന്നീട് കർണ്ണാടക ഡിസിപി മാഡം അവിടെ വന്നിരുന്നു. അവരോടു ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. കൂടാതെ അവർ ഉപദ്രവിച്ച പാടുകൾ എല്ലാം ഞാൻ ഫോണിൽ എടുത്തിട്ടുണ്ടായിരുന്നു അതെല്ലാം കാണിച്ചപ്പോൾ അവർക്ക് മനസ്സിലായി. പിന്നീട് അവരെന്നെ സ്റ്റേഷനിൽ കൊണ്ടുപോയി, കോടതിയിൽ ഹാജരാക്കി. അവിടെ അമ്മയെ പിന്തുണയ്ക്കുന്ന രീതിയിലാണ് കോടതി നടപടി ഉണ്ടായത്. എന്തിനാണ് കേസ് എടുത്തത് എന്നാണ് അവിടെ ചോദ്യം വന്നത്. പിന്നീട് ഞാൻ അമ്മയുടെ കൂടെ പോകില്ലെന്ന് തീരുമാനം എടുത്തപ്പോൾ അവർ മഹിളാ മന്ദിരത്തിലേക്കയച്ചു. അവിടെ വെച്ച് അമ്മാവനും അമ്മായിയും വന്നു കോടതിയിൽ കാര്യങ്ങൾ എല്ലാം ചെയ്തു എന്നെ സ്വതന്ത്രയാക്കുകയാണ് ചെയ്തത്.

രണ്ട് വർഷങ്ങളായി പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന കാര്യം അറിയിച്ചിട്ടും, പുതിയ പരാതി സ്വീകരിക്കാമായിരുന്നിട്ടും അതൊന്നും ചെയ്യാതെ പൊലീസ് വകുപ്പിൽ നിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും അവഗണന നേരിടുമ്പോൾ എങ്ങനെ മുന്നോട്ട് പോകാനാണ് ആലോചിക്കുന്നത്?

ഹൈകോടതി വഴി മൂവ് ചെയ്യാനാണ് തീരുമാനം.

തൃപ്പൂണിത്തുറ യോഗ സെന്ററിൽ നിന്നുള്ള സ്മിതാ ഭട്ടും സുജിത്തും മംഗലാപുരത്ത് വന്ന് ക്ലാസ് എടുത്തിരുന്നു. എന്റെ മൈൻഡ് ചേഞ്ച് ആക്കാൻ വേണ്ടിയാണ് അവർ വന്നത്. അവരുടെ കയ്യിൽ ഖുർആൻ ഒക്കെ ഉണ്ടായിരുന്നു. അതിലെ ചില ഭാഗങ്ങൾ എടുത്ത് അതിനെ വളരെ മോശമായിട്ട് പറയുക ഒക്കെ ചെയ്തു. മൂന്നു ദിവസം ക്ലാസ് ഉണ്ടായിരുന്നു. അവർ ഭാര്യ ഭർത്താക്കന്മാർ എന്നൊക്കെയാണ് പറഞ്ഞത്. അവരുടെ കയ്യിൽ മനോജ് ഗുരുജി എന്നയാളുടെ പുസ്തകം ഒക്കെ ഉണ്ടായിരുന്നു. ഞാൻ നേരത്തെ ഇവരെക്കുറിച്ചുള്ള വാർത്ത കണ്ടിരുന്നു. തൃപ്പുണിത്തുറ യോഗ സെന്ററിലെ പീഡന കാര്യങ്ങൾ പറഞ്ഞത്.

ഹാദിയയെ വീട്ടുതടങ്കലിൽ ആക്കിയ സംഭവം, തൃപ്പൂണിത്തുറ യോഗാ സെന്ററിൽ പ്രവർത്തിച്ചിരുന്ന പീഡന കേന്ദ്രം, ഇപ്പോൾ അഞ്ജലിയെ താമസിപ്പിച്ച തണൽ ബാലാശ്രമം. ഇതിനെതിരെ ഒന്നും നടപടികൾ ഉണ്ടായിട്ടില്ല സർക്കാരിന്റെ ഭാഗത്തുനിന്ന്, ഇതിനെല്ലാം ഒരു പൊതുസ്വഭാവം ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?

തോന്നായ്കയില്ല. എന്റെ പരാതി റിജക്ട് ചെയ്തപ്പോ ഒക്കെ എനിക്കങ്ങനെ തോന്നിയിരുന്നു.

ആ പുസ്തകത്തിൽ എന്തായിരുന്നു?

ഗുരുജിയുടെ ബുക്കിൽ പറയുന്നത് ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ള കമ്പ്യൂട്ടർ, ടിവി ഇവയൊക്കെ ഇപ്പോൾ കണ്ടു പിടിച്ചതല്ല. പണ്ടേ കുറെ ആചാര്യന്മാർ ഒക്കെ കണ്ടു പിടിച്ചതാണ് എന്നൊക്കെ ആയിരുന്നു. അവർ പറഞ്ഞത് ഇങ്ങനെയൊക്കെ സംഭവിക്കും നിന്റെ ജീവിതത്തിൽ, ഹിന്ദു യുവാവിനെ തന്നെ നീ ചൂസ് ചെയ്യണം എന്ന് പറഞ്ഞു അവർ എന്നെ നിർബന്ധിക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് ഞാൻ മുസ്ലീമിനെ സ്നേഹിച്ചതിനോട് പൂർണ്ണമായും എതിർപ്പായിരുന്നു. പിന്നെ ബിജെപിക്കാർ അമ്മയെ സഹായിക്കാനും വന്നു.

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ?

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരവസ്ഥ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല.

ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ നേരിടുന്നുണ്ടോ?

അവിടെ നിന്ന് തന്ന മരുന്നുകളും ഇഞ്ചക്ഷനും ഒക്കെ കാരണം വലിയ പ്രശ്നങ്ങളുണ്ടായിരുന്നു, ടോയ്ലറ്റിൽ പോകാനും മൂത്രമൊഴിക്കാനും ഒക്കെ. മുടിയൊക്കെ കൊഴിഞ്ഞ് പോയിരുന്നു,

എന്തു മരുന്നാണ് തന്നത് എന്നറിയുമോ?

അതറിയില്ല. അവിടെ നിന്ന് വന്നതുകൊണ്ട് ഇവിടത്തെ ഭക്ഷണം കഴിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്.

കർണാടകത്തിൽ എവിടെയൊക്കെ ആയിരുന്നു തടവിലിട്ടത്?

ഉച്ചില, സോമേശ്വര, ബേഗൂർ എന്നീ സ്ഥലങ്ങളിൽ.

ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല, എന്നെ തേടി ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകളും വന്നിട്ടുമില്ല, അഞ്ജലിയുടെ കാമുകൻ മനാസ് പറയുന്നു.

‘രണ്ടു വർഷമായിട്ടും അവളും ഞാനും തമ്മിലുള്ള പ്രണയത്തിൽ മാറ്റമൊന്നുമില്ല. ഞാൻ ഇത്രയും കാലം സമ്പാദിച്ച ഏഴു ലക്ഷം രൂപ ഈ കേസ് നടത്താൻ വേണ്ടി ചെലവാക്കി അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ടിവിയിലും ഫെയ്സ്ബുക്കിലും ഒക്കെ ഞങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഒരുപാട് കാണുന്നുണ്ട്, രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോളൊക്കെ നിരീക്ഷിക്കപ്പെടുന്നു എന്ന് തോന്നുന്നുണ്ട്. ഈ സംഘർഷം ഒന്ന് അവസാനിച്ചിട്ട് വേണം ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ. ഇത്രയും ഉപദ്രവം സഹിച്ചതിനെ പറ്റി ആരോടും പറയാൻ അവൾ തയ്യാറാണ്.’

ജയന്തി, അഞ്ജലിയുടെ അമ്മായി

‘അവൾ പറഞ്ഞതിൽ കൂടുതൽ ഒന്നും എനിക്കും പറയാനില്ല. അവൾ അവിടെ പഠിക്കുകയാണെന്നും ജോലി ചെയ്യുകയാണ് എന്നും ഒക്കെയാണ് ഞങ്ങളും കരുതിയത്. പിന്നീടാണ് കാര്യം അറിഞ്ഞത്. കൊച്ചിനെ ഉപദ്രവിച്ചവരൊക്കെ ഞെളിഞ്ഞ് നടക്കുകയാണ്, അവർക്കെതിരെ നടപടികളൊന്നും ഉണ്ടാകുന്നില്ല. അഞ്ജലിക്ക് പിന്തുണ വേണം. മംഗലാപുരത്തു നിന്ന് അഞ്ജലിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന അമ്മയുടെ സഹോദരന്റെ ഭാര്യ ജയന്തി പറയുന്നു. ഇവിടെ അയൽക്കാരൊക്ക നമ്മുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കിയവരാണ്. നിലവിൽ ഫോൺ കോൾ ആയിട്ടോ നേരിട്ടോ ഞങ്ങൾക്ക് നേരെ ഭീഷണി ഒന്നും ഉണ്ടായിട്ടില്ല, ഇനി അങ്ങനെ സംഭവിക്കുമോ എന്നും അറിയില്ല, ഈ പ്രദേശം അവരുടെ സ്വാധീനമുള്ള സ്ഥലമാണ്. അമ്മയുടെ ആളുകൾ വളരെ ശക്തരാണ്.

കഴിഞ്ഞ രണ്ടു വർഷമായി ശരിക്ക് ഭക്ഷണം ഒന്നും കഴിക്കാത്തതുകൊണ്ട് അവൾക്ക് വയറിൽ പ്രശ്നങ്ങളുണ്ട്. ഇവിടെ വന്ന് ആദ്യത്തെ തവണ ഭക്ഷണം കഴിച്ചപ്പോ വയറിളകി. ഇപ്പോ ഭക്ഷണം കഴിക്കുമ്പോ വയറുവേദനയുണ്ട്. അൾസർ ടെസ്റ്റ് ചെയ്യാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്.’

Be the first to comment on "‘2 വർഷം മുമ്പ് പരാതി നൽകിയതാണ് മുഖ്യമന്ത്രിക്ക്.’ ആര്‍എസ്എസ് തടവിനെ അതിജീവിച്ച അഞ്ജലി സംസാരിക്കുന്നു"

Leave a comment

Your email address will not be published.


*