https://maktoobmedia.com/

പ്രിയപ്പെട്ട മഷരാനോ, നിങ്ങള്‍ക്ക് വേണ്ടി ഇതെങ്കിലും കുറിച്ചിടാന്‍ കഴിഞ്ഞില്ലെങ്കില്‍…

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സംഗീത് ശേഖർ എഴുതുന്നു

2018 ജൂലൈ 15 ,അര്‍ജന്റീനിയന്‍ ആരാധകരുടെ കാത്തിരിപ്പിന് നീളം കൂടുകയാണ് .ഒരു പരാജയം കൂടെ ഏറ്റു വാങ്ങുന്നത് കണ്ടു കൊണ്ടിരിക്കുമ്പോള്‍ ലയണല്‍ മെസ്സിയുടെ കണ്ണുനീര്‍ പതിയെ എന്‍റെ കണ്ണിലേക്കും പടരുന്ന പോലെ .ഫുട്ബോള്‍ ഇന്ന് വരെ ദര്‍ശിച്ച ഏറ്റവും മികച്ചവരില്‍ ഒരാള്‍ ഒരവസാന ശ്രമത്തിനു ശേഷം മടങ്ങുകയാണ്.ഇനിയൊരു നാല് കൊല്ലത്തിനു ശേഷം ഒരു മടങ്ങിവരവുണ്ടാകില്ലെന്ന് സൂചിപ്പിക്കുന്ന ശരീരഭാഷ.മിഷല്‍ പ്ളാറ്റിനിയേ പോലെ,സീക്കൊയെ പോലെ,ജോര്‍ജ് ബസ്റ്റിനെ പോലെ ,യൊഹാന്‍ ക്രൈഫിനെ പോലെ ഒരിതിഹാസം കൂടെ ലോകകപ്പെന്ന പ്രസ്റ്റീജിയസ് കിരീടത്തില്‍ മുത്തമിടാതെ മടങ്ങുന്നു.മറ്റുള്ള അര്‍ജന്റീനിയന്‍ ആരാധകരെ പോലെ തന്നെ എനിക്കും ടെലിവിഷനിലെ ദ്ര്യശ്യങ്ങള്‍ മങ്ങിതുടങ്ങിയിരിക്കുന്നു.കാഴ്ച വീണ്ടും വ്യക്തമാകുമ്പോള്‍ എനിക്ക് എന്നെ തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാനവിടെയാണ് മോസ്കോയിലെ ലഷ് നികൈ സ്റ്റെഡിയം .മറ്റൊരു ലോകകപ്പ് ഫൈനല്‍ .മറ്റൊരു തോല്‍വി .ആരവങ്ങള്‍ ഒഴിഞ്ഞു കഴിഞ്ഞു.വിരലിലെണ്ണാവുന്ന അര്‍ജന്റീനിയന്‍ ജേഴ്സികള്‍ അവിടവിടെ കാണാം .അവിശ്വസനീയതയോടെ അവര്‍ പകച്ചു നില്‍ക്കുകയാകാം.ഡഗ് ഔട്ടില്‍ നിന്നും പുറത്ത് വരുന്ന ഒരു പതിനാലാം നമ്പറുകാരന്‍ ഇടറുന്ന ചുവടുകളോടെ നടന്നു നീങ്ങുന്ന കാഴ്ച ശ്രദ്ധയില്‍ പെട്ടത് പെട്ടെന്നായിരുന്നു.അതയാളല്ലേ എന്നൊരു സംശയം .പുറകെ ചെല്ലാന്‍ മടിച്ചു നിന്നില്ല. ഏയ് മഷേ ..വിളി കേട്ട് തിരിഞ്ഞു നോക്കുന്ന മനുഷ്യന്‍റെ വികാരരഹിതമായ മുഖത്ത് തങ്ങി നില്‍ക്കുന്ന വേദന തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.ഔപചാരികമായ പരിചയപ്പെടലിനു ശേഷം ഞങ്ങള്‍ സംസാരിച്ചു തുടങ്ങി.ഏതു ഭാഷയില്‍ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.ഞങ്ങള്‍ സംസാരിക്കുകയാണ്.അര്‍ജന്റീനയുടെ ആരാധകനാണെന്നറിഞ്ഞപ്പോള്‍ അയാളൊന്നു ചിരിച്ചു.വീണ്ടും നിങ്ങളെ നിരാശപ്പെടുത്തിയല്ലേ എന്നൊരു ചോദ്യവും. അഭിമാനമേയുള്ളൂ നിങ്ങളൊക്കെ കളിക്കുന്ന ഈ ടീമിന്‍റെ കളി കാണാന്‍ കഴിഞ്ഞതില്‍ എന്ന് മറുപടി പറഞ്ഞപ്പോള്‍ മഷേക്ക് സന്തോഷമായെന്നു തോന്നുന്നു.

പക്ഷെ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു.എന്‍റെ കളിയില്‍ എന്താണ് ഇത്ര പ്രത്യേകത ? മഷേ ,നിങ്ങള്‍ക്കുമറിയില്ലെ നിങ്ങളുടെ മൂല്യം ?മാള്‍ഡിനി ,ബരെസി ,നെസ്റ്റ ,ബോബോ ബാള്‍ഡെ ,ലോതര്‍ മത്തെയൂസ് ,സാമ്മര്‍ നിരയിലെക്ക് ആധുനിക ഫുട്ബോളിന്റെ സംഭാവനയല്ലേ നിങ്ങള്‍ ?മഷേ ചെറുതായൊന്നു മന്ദഹസിച്ചു . അര്‍ഥം എനിക്ക് പെട്ടെന്ന് മനസ്സിലായി .ആ നിരയില്‍ അയാളെ പെടുത്താന്‍ പറ്റില്ലല്ലോ .എന്നാല്‍ പിന്നെ വിയേറ ,പൌളോ സോസ,മകലെലെ നിരയിലേക്ക് പെടുത്താമല്ലോ എന്ന് ചിന്തിച്ചതും അയാളുടെ മറുപടി വന്നു. കരിയറില്‍ മുഴുവനും എന്നെ ഉള്‍ക്കൊള്ളുന്ന പാത്രത്തിന്‍റെ രൂപം സ്വീകരിക്കുന്ന ജലമായിരുന്നു ഞാന്‍ സുഹൃത്തെ .ചരിത്രത്തിലെ മികച്ചവരുടെ ലിസ്റ്റില്‍ ഒന്നിലും നിങ്ങളെന്നെ നോക്കേണ്ട .ഞാന്‍ കളിച്ചു തീര്‍ക്കുന്ന ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഞാനോഴുക്കുന്ന എന്‍റെ വിയര്‍പ്പിന്‍റെ അളവ് കൊണ്ട് മാത്രം അളന്നെടുക്കേണ്ടതാണ്.ഞാനൊരസാമാന്യ പ്രതിഭയൊന്നുമല്ല.. എന്താണ് ഇയാളോട് പറയുക ,നിങ്ങള്‍ ടീമിന് വേണ്ടി നൂറു ശതമാനം നല്‍കുന്ന കളിക്കാരനല്ലേ എന്ന് പറഞ്ഞു നോക്കി .അയാള്‍ക്ക് വ്യക്തമായ മറുപടിയുണ്ട്.”ആരാണ് ടീമിന് വേണ്ടി നൂറു ശതമാനം നല്‍കാത്തത് ?മെസ്സിയായാലും റൊണാള്‍ഡോയായാലും അവര്‍ കളിക്കുന്നത് സ്വന്തം ടീമിനെ ജയിപ്പിക്കാന്‍ വേണ്ടി തന്നെയാണ്. ലയണല്‍ മെസ്സി എന്ന മനുഷ്യന്‍ നൂറിനു അപ്പുറത്ത് അര്‍ജന്റീനക്ക് വേണ്ടി നല്‍കുന്ന കളിക്കാരനാണ്.അയാളെ പോലൊരു കളിക്കാരന്‍ ഉണ്ടായിട്ടു പോലും അകന്നു പോകുന്ന കിരീട നേട്ടങ്ങള്‍ അയാളുടെ കുറവൊന്നുമല്ല.പുറത്തിരുന്നു വിമര്‍ശന ശരങ്ങള്‍ തൊടുക്കുന്നവര്‍ക്ക് ഒരു പരിധി വരെ ഫുട്ബോള്‍ തങ്ങള്‍ ആഗ്രഹിക്കുന്നത് മാത്രം ഗ്രൗണ്ടില്‍ കാണാനുള്ള ഒരുപാധി മാത്രമായി മാറുന്നത് ദുഖകരമാണ്.ഫുട്ബോള്‍ രണ്ടു ടീമുകള്‍ തമ്മിലുള്ള കളിയാണ്.ഒരാളും എതിരെ നില്‍ക്കുന്ന പതിനൊന്നു പേരും തമ്മിലുള്ള കളിയല്ല.”

മഷരാനോ നിസ്സാരമായി അയാള്‍ അയാളുടെ മേല്‍ ആരോപിക്കപ്പെടുന്ന അര്‍ഹതയില്ലാത്ത മഹത്വത്തിന്‍റെ ബിംബങ്ങളെ ഉടച്ചു കളയുകയാണ്.അയാളൊരിക്കലും മധ്യനിരയില്‍ കവിത രചിച്ചിരുന്നില്ല ,അയാളൊരിക്കലുമൊരു ക്ലിനിക്കല്‍ പ്രതിരോധനിരക്കാരനുമായിരുന്നില്ല . .സ്വാഭാവിക പ്രതിഭയുടെ അഭാവത്തെ കഠിനാധ്വാനം കൊണ്ട് മറികടക്കാന്‍ ശ്രമിക്കുന്ന കളിക്കാരുടെ ജനുസിലെ മികച്ചവരില്‍ ഒരാള്‍ …

ലിവര്‍പൂളിനെ കുറിച്ചൊരു ചോദ്യം ഒഴിവാക്കി മഷേയുമായി സംസാരിക്കുന്നതെങ്ങനെ .അല്‍പമൊന്ന് ഇടറിയിരുന്നു അയാളുടെ സ്വരം .”ഹ്ര്യദയത്തോട്‌ ഞാനിന്നും ചേര്‍ത്ത് വച്ചിരിക്കുന്ന നാളുകളാണത്. ശരിക്കും ആസ്വദിച്ചു പന്ത് കളിച്ചിരുന്ന നാളുകള്‍.ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ലിവര്‍പൂള്‍ ആരാധകരുടെ വാഴ്ത്തുപാട്ടുകളില്‍ സ്റ്റീവന്‍ ജെറാര്‍ഡും ,സുവാരസും,സാബി അലോണ്‍സോയും മാക്സി റോഡ്രിഗസ് വരെയുണ്ട്.ഇല്ലാത്തത് ഞാന്‍ മാത്രം.” ..” റഫക്ക് ശേഷം വന്ന മാനേജരുമായി നല്ലൊരു ബന്ധം ഉണ്ടായിരുന്നില്ലെനിക്ക് ,പല വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ പോയപ്പോള്‍ എനിക്ക് പടിയിറങ്ങേണ്ടി വന്നു.ഒന്നും തുറന്നു പറയാതെ പോയതിനാല്‍ ആരാധകരുടെ അനിഷ്ടവും സമ്പാദിക്കേണ്ടി വന്നെന്നു മാത്രം .എങ്ങനെ മറക്കാനാകും ലിവര്‍പൂളിന്റെ ആ സുവര്‍ണ കാലഘട്ടം.ജെറാര്‍ഡ് എന്ന മാന്ത്രികനും സാബി അലോണ്‍സോയെന്ന പ്രതിഭക്കും പുറകിലായി മഷരാണോ ഒരു കോട്ട കെട്ടി കാവലിരുന്ന നാളുകള്‍. ലിവര്‍പൂള്‍ ആരാധകര്‍ അയാളെ മനസ്സിലാക്കുന്നുണ്ടോ എന്നറിയില്ല..മഷരാണോ ലിവര്‍പൂളിന്റെ നഷ്ടമാണ് .പെട്ടെന്നയാളുടെ സംസാരിക്കാനുള്ള മൂഡ്‌ തന്നെ പോയത് പോലെ തോന്നി.

ബാര്‍സിലോണയെ പറ്റിയുള്ള സംസാരം വീണ്ടും അയാളെ ഉഷാറാക്കി.”സത്യത്തില്‍ ലിവര്‍പൂള്‍ വിട്ടവിടെയെത്തുമ്പോള്‍ മധ്യനിരയില്‍ കളിക്കാനാണ് ആഗ്രഹിച്ചിരുന്നത്.ഡിഫന്‍സീവ് മിഡ്‌ എന്ന എന്‍റെ റോള്‍ പക്ഷെ ബുസ്കട്റ്റസ് മനോഹരമായി അവിടെ ചെയ്യുന്നുണ്ടായിരുന്നു ,ഒരു ശതമാനം ഇമ്പ്രൂവ് മെന്റ് എന്നതിനു പോലും അവസരം നല്‍കാതെ .ഡിഫന്‍സിലേക്കുള്ള വാതില്‍ തുറന്നു തന്നപ്പോള്‍ പിന്നെയൊന്നും ആലോചിച്ചില്ല.കളിക്കുന്നത് എവിടെയായാലും കുഴപ്പമില്ല എന്നായിരുന്നു അന്നത്തെ ചിന്ത.സാവിയും ഇനിയസ്റ്റയും നിറഞ്ഞു കളിക്കുന്നൊരു സ്പാനിഷ് മധ്യനിരയിലേക്ക് നോക്കി ബെഞ്ചിലിരുന്നു ഗ്രൌണ്ടിലേക്ക് നോക്കി നല്ല കാലം കഴിച്ചൊരു ഫാബ്രിഗാസാകാന്‍ താല്‍പര്യമില്ലായിരുന്നു. 2011 ലെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ ആ ടാക്കിള്‍ തന്നെയാണ് അയാളുടെ ബാര്‍സ കരിയറിനെ ഡിഫൈന്‍ ചെയ്തതും. ആയൊരു പ്രത്യേക മത്സരത്തില്‍ അയാള്‍ മധ്യനിരയിലും ബുസ്കട്ടസ് പ്രതിരോധത്തിലുമാണ് കളിച്ചത്. നിക്കളാസ് ബെന്‍ഡ്നറെന്ന ലോര്‍ഡ് അവസാന മിനുറ്റുകളിലൊന്നില്‍ ബാര്‍സ പെനാല്‍റ്റി ബോക്സിനടുത്ത് വച്ച് ജാക്ക് വില്‍ഷയറിന്റെ പാസ് സ്വീകരിക്കുമ്പോള്‍ അതൊരു ഓപ്പണ്‍ ഗോളിനുള്ള അവസരമായിരുന്നു. ഒരു മോശം ഫസ്റ്റ് ടച്ചില്‍ ബെന്‍ഡ്നറുടെ പന്തിന്‍ മേലുള്ള നിയന്ത്രണം അല്പമൊന്നു പോകുന്നുണ്ട്,സ്പ്ലിറ്റ് സെക്കന്‍ഡിനുള്ളില്‍ സ്ലൈഡ് ചെയ്തു വീണാ പന്ത് മഷേ രക്ഷപ്പെടുത്തുന്ന നിമിഷം ബാര്‍സക്കൊരു സെന്‍ട്രല്‍ ഡിഫന്‍ഡര്‍ പിറന്നിരുന്നു.നിക്കളാസ് ബെന്‍ഡ്നറെന്ന കളിക്കാരന്റെ മോശം ഫസ്റ്റ് ടച്ചിനായിരുന്നു മഷേയുടെ ടാക്കിളിനേക്കാള്‍ പ്രാധാന്യം എന്നത് കൊണ്ട് തന്നെ അയാളുടെ കരിയറും അവിടെ തീരുമാനിക്കപ്പെട്ടിരുന്നു.

ബാര്‍സയില്‍ തന്‍റെ സമയമായി എന്ന് ആദ്യം തിരിച്ചറിയുന്നതും അയാള്‍ തന്നെയാണ്. താന്‍ പഴയ മഷേയല്ലെന്ന തിരിച്ചറിവിനൊപ്പം ടീമിലെ തന്‍റെ പ്രാധാന്യം ഏതാണ്ട് ഇല്ലാതായിരിക്കുന്നുവെന്നും മനസ്സിലാകുന്നതോടെ രണ്ടു കൂട്ടര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ കാത്തു നില്‍ക്കാതെ മഷരാണോ ആരവങ്ങളില്ലാതെ വിടപറഞ്ഞു . ജീവിതത്തില്‍ ഇനി ബാക്കിയുള്ള ആഗ്രഹമേന്താണെന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. “സെന്‍ട്രല്‍ മിഡ് ഫീല്‍ഡറായി കളിക്കണം” ,ഒരു നിമിഷം പോലും ആലോചിക്കാതെ തിളങ്ങുന്ന കണ്ണുകളോടെ മഷേ മൊഴിഞ്ഞു…കരിയറിന്റെ അവസാനം എന്നെങ്കിലുമൊരിക്കല്‍ ഇത്രയും പ്രശസ്തമല്ലാത്ത ഒരു ക്ലബ്ബില്‍ കളിക്കുമ്പോഴെങ്കിലും എനിക്കാ പൊസിഷനില്‍ കളിക്കണം .അവിടെ കളിച്ചു കൊണ്ട് തീരണം ഈ കരിയര്‍.പരുക്കനായ കാവല്‍ക്കാരന്റെ വേഷം എടുത്തണിഞ്ഞു എന്‍റെ അതിര്‍ത്തി ലംഘിക്കുന്ന പോരാളികളെ നിര്‍ദ്ദയം നേരിടുമ്പോഴും എന്‍റെ മനസ്സ് ആ മധ്യനിരയില്‍ തന്നെയാണ് തങ്ങി നില്‍ക്കുന്നത്. നീക്കങ്ങളുടെ മുനയൊടിക്കുന്ന മഷേ നീക്കങ്ങള്‍ നിയന്ത്രിക്കുന്ന കാഴ്ച .കാണാനാകുമോ എന്നെങ്കിലും ?.

ചൈനയിലേക്കുള്ള യാത്ര പണം സമ്പാദിക്കാനുള്ള ഒരു അവധിക്കാലം മാത്രമായിരുന്നോ എന്ന ക്രൂരമായ ചോദ്യം ചോദിക്കാതിരുന്നത് ചൈനീസ് ക്ലബ്ബിനു വേണ്ടിയുള്ള അയാളുടെ ആദ്യത്തെ ഗോള്‍ കണ്ടത് കൊണ്ട് മാത്രമായിരിക്കാം.ചൈനയില്‍ വെറും 9 കളി മാത്രമേ ആദ്യ ഗോളിനായി അയാള്‍ എടുക്കുന്നുള്ളൂ. ടീമംഗം എടുക്കുന്ന പെനാല്‍റ്റി ഗോള്‍കീപ്പര്‍ തട്ടി തെറിപ്പിക്കുന്നു .റീ ബൌണ്ടിനു വേണ്ടി ഓടി വരുന്നവര്‍ക്കിടയിലൂടെ ചാട്ടുളി പോലെ പാഞ്ഞു വരുന്ന മനുഷ്യന്‍ പന്ത് വലയിലേക്ക് പായിച്ച ശേഷം ആഘോഷിക്കുന്നത് അയാള്‍ ലിവര്‍പൂളിലോ ബാര്‍സയിലോ കളിച്ചിരുന്ന നാളുകളിലെത് പോലെ ഒട്ടും തീവ്രത കുറയാതെയാണ് .ഫുട്ബോള്‍ ,കളിക്കുന്നത് എവിടെയായാലും അയാളത് ആസ്വദിക്കുന്നുണ്ട് .

അവഗണിക്കപ്പെട്ടു എന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ? ചോദ്യത്തിന് അയാളുടെ മറുപടി പെട്ടെന്നായിരുന്നു. ഞാനൊരിക്കലും ഹ്ര്യദയം കൊണ്ട് ഫുട്ബോള്‍ കളിച്ചൊരു കളിക്കാരനായിരുന്നില്ല. ഞാന്‍ കളിച്ചത് തികച്ചും പ്രാക്റ്റിക്കലായ ഫുട്ബോളാണ് ,എന്നെ കൊണ്ട് സാധിക്കുന്ന രീതിയില്‍. അവഗണനകള്‍ ഞാനൊരുപാട് കണ്ടിട്ടുണ്ട് സുഹ്ര്യുത്തെ .വേതനം കൂട്ടി ചോദിച്ചപ്പോള്‍ സ്പീഡില്ല,സ്കില്ലില്ല,ടെക് നിക്കില്ല എന്ന് പറഞ്ഞു പെരസ് അപമാനിച്ചു പടി കടത്തിയ, ഡിഫന്‍സീവ് മിഡ് ഫീല്‍ഡറുടെ റോള്‍ റീ ഡിഫൈന്‍ ചെയ്ത ഒരു മനുഷ്യന്‍ ..ക്ലോഡ് മക്കലെലെ ,അയാളനുഭവിച്ച വേദനയും അവഗണനയും എനിക്കൊരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ല.മക്കലെലെമാരുടേയും റൊണാള്‍ഡീഞ്ഞോമാരുടേയും പ്രതിഭക്ക് ഗ്ലാമറിന്റെ അളവുകോല്‍ വച്ച് വിലയിടാന്‍ അവസരം കൊടുക്കുമ്പോഴാണ് ഫുട്ബോള്‍ ചെറുതായി പോകുന്നത്.ഞാന്‍ കളിച്ചിട്ടുണ്ട് അയാള്‍ക്കെതിരെ ,അയാളുടെ കരിയറിന്റെ അവസാന ദിനങ്ങളില്‍.മധ്യനിരയുടെ ആഴങ്ങളില്‍ നിന്ന് കൊണ്ടൊരു കളിക്കാരന്‍ ഒരു ടീം കളിക്കുന്ന കളിയുടെ ടെമ്പോ നിയന്ത്രിക്കുന്ന കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്. Why put another layer of gold paint on the Bentley when you are losing the entire engine ?എന്ന് സാക്ഷാല്‍ സിനദിന്‍ സിദാനെക്കൊണ്ട് ചോദിപ്പിച്ചതിനേക്കാള്‍ വലിയ എന്ത് അംഗീകാരമാണ് മക്കലെലെക്ക് വേണ്ടതെന്ന മറു ചോദ്യം ഞാന്‍ ചോദിച്ചപ്പോള്‍ മഷേ അറിയാതെ ചിരിച്ചു പോയി.

ഒരു മിഡ് ഫീല്‍ഡര്‍ നല്‍കുന്ന മനോഹരമായ ഒരു പാസ്സ് ,നാലോ അഞ്ചോ എതിര്‍ കളിക്കാരെ ഡ്രിബിള്‍ ചെയ്തു മറികടന്നു മനോഹരമായി ഗോളടിക്കുന്ന സ്ട്രൈക്കര്‍ ..ഫുട്ബോള്‍ മനോഹാരിത തുളുമ്പി നില്‍ക്കുന്ന ഗെയിമല്ലേ ,അവിടെ ഒരു കര്‍ക്കശക്കാരനായ ഡിഫന്‍ഡര്‍ നടത്തുന്ന സ്ലൈഡിംഗ് ടാക്കിളുകള്‍ ആരെങ്കിലും ഓര്‍മയില്‍ സൂക്ഷിക്കുമോ ? മഷേയുടെ പരിഭവം നിറഞ്ഞ ചോദ്യം മനസ്സിനെ സ്പര്‍ശിച്ചിരുന്നു.എത്ര നിയന്ത്രിച്ചിട്ടും മനസ്സ് ഓടി ചെന്ന് നില്‍ക്കുന്നത് 2014 ലോകകപ്പിലെ ആ സെമിഫൈനലിലാണ്. എക്സ്ട്രാ ടൈം ഏകദേശം ഉറപ്പിച്ചു നില്‍ക്കുന്ന അവസാന നിമിഷങ്ങളില്‍ അര്‍ജന്റീന പെനാല്‍റ്റി ബോക്സിനു തൊട്ടു പുറത്ത് സ്നൈഡറുടെ നേരെ വരുന്ന പാസ്‌ ,സ്നൈഡറുടെ മനോഹരമായ ഒരു ഫ്ലിക് ,കുതിച്ചു വരുന്ന റോബന്‍ അത് സ്വീകരിച്ചു കൊണ്ട് വിദഗ്ധമായി ഡെമിഷല്‍സിനെ മറി കടക്കുമ്പോള്‍ സബലെറ്റ ചിത്രത്തിലില്ല.റോബനു സമാന്തരമായി ഡെമിയുടെ അപ്പുറത്ത് കൂടെ ഓടിത്തുടങ്ങുന്ന മഷേ .പെനാല്‍റ്റിക്ക് വേണ്ടി ഡൈവ് ചെയ്യാനുള്ള റോബന്റെ കഴിവ് നന്നായി അറിയുന്നത് കൊണ്ട് കാല്‍ വക്കാതെ ഡെമി റോബനെ കയറി പോകാന്‍ അനുവദിക്കുന്ന കാഴ്ച .റോബന്‍ ബോക്സിലേക്ക് കടന്നതോടെ മഷേയുടെ സ്പീഡ് കൂടുന്നു. റോബന്‍ തന്‍റെ കരുത്തുറ്റ ഇടം കാല്‍ കൊണ്ട് ഷോട്ട് ഉതിര്‍ത്തെങ്കിലും സമാന്തരമായി ഓടിയെത്തി ക്ര്യത്യ സമയത്ത് തന്‍റെ റീച്ചിനു അപ്പുറത്തായിട്ടും മഷരാണോ സമര്‍ത്ഥമായൊരു സ്ലൈഡിംഗ് ടാക്കിളിലൂടെ പന്തിനെ ഗതി തിരിച്ചു വിടുന്നു .ഇപ്പോഴും ഓര്‍മയുണ്ട് മഷേ ആ നിമിഷം.അന്ന് കളി കണ്ടിരുന്നവരുടെ മനസ്സില്‍ മുഴുവന്‍ .ഓരോ വിജയത്തിനും ശേഷമുള്ള ആരവങ്ങള്‍ക്കിടയില്‍ പിന്നീടൊരിക്കലും അയാളെ കണ്ടെന്നു വരില്ല. ഓരോ കളിക്കും ശേഷം തന്‍റെ മുഖത്തിനു നേരെ സൂം ചെയ്യാത്ത ക്യാമറകള്‍ക്ക് മുന്നില്‍ നിര്‍വികാരനായി നില്‍ക്കുന്ന യാവിയര്‍ മഷരാണോ ,നിങ്ങളെ ഒഴിവാക്കിയുള്ള ആധുനിക ഫുട് ബോളിന്റെ ചരിത്രതാളുകള്‍ക്ക് അതെഴുതുന്ന കടലാസിന്‍റെ വില പോലും കല്പിക്കാന്‍ എനിക്ക് കഴിയില്ല..

“ഞാന്‍ മതിയാക്കുകയാണ് അര്‍ജന്റീനയുടെ ജേഴ്സിയിലെ ഫുട്ബോള്‍.” ഇത് പറഞ്ഞിട്ട് അയാള്‍ എഴുന്നേറ്റു. പരിഭവങ്ങളോ പരാതികളോ എനിക്കില്ല. സമയമായെന്നൊരു തോന്നല്‍.വലിയ വാര്‍ത്താപ്രാധാന്യമൊന്നുമില്ലാതെ അയാളുടെ വിരമിക്കലും ആരവങ്ങള്‍ക്കിടയില്‍ മുങ്ങിപോകുമെന്നു എന്‍റെ മനസ്സ് പറഞ്ഞു. ഞാനൊരു ചോദ്യം ചോദിക്കട്ടെ നിങ്ങളോട് ? മഷേയുടെ ആ വാക്കുകള്‍ കേട്ട മാത്രയില്‍ ഞാനും എഴുന്നേറ്റു നിന്നു ,മറുപടി കൊടുക്കാന്‍ തയ്യാറായി തന്നെ. അര്‍ജന്റീനിയന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച 10 കളിക്കാരെ പറ്റി നിങ്ങളോടു എഴുതാന്‍ പറഞ്ഞാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന 10 കളിക്കാരില്‍ യാവിയര്‍ മഷരാനോ എന്ന പേരുണ്ടാകുമോ ? അയാളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി ഞാന്‍ ആലോചിച്ചു ,ആലോചിച്ചു കൊണ്ടേയിരുന്നു.കുറച്ചു കഴിഞ്ഞു ഉത്തരമില്ലാതെ ഞാന്‍ അയാളുടെ നേരെ നോക്കുമ്പോള്‍ മഷേ തിരിഞ്ഞു നടക്കുകയാണ്. അയാള്‍ക്ക് ഉത്തരം കിട്ടിയിട്ടുണ്ടാകില്ലേ ?ഞാന്‍ നിര്‍ന്നിമേഷനായി നോക്കി നില്‍ക്കുകയാണ് .(അതെന്താണ് എന്ന് ചോദിച്ചാല്‍ അറിയില്ല ഞാനങ്ങനെ നില്‍ക്കുകയാണ് ) അയാള്‍ക്കെന്തോ കൂടെ പറയാന്‍ ബാക്കിയുള്ളത് പോലെ തോന്നി.നടന്നു പോകുന്ന മഷേ ഒരു നിമിഷം തിരിഞ്ഞു നില്‍ക്കണേ എന്നാഗ്രഹിച്ചതും അയാള്‍ തിരിഞ്ഞു നിന്നു .ചെറിയൊരു ചാറ്റല്‍ മഴ സ്റ്റേഡിയത്തില്‍ പതിയെ പെയ്തിറങ്ങുന്നുണ്ടായിരുന്നു.അയാളുടെ മുഖത്ത് കൂടെ പെയ്തിറങ്ങുന്ന അരുവിയുടെ ഉറവിടം വേര്‍തിരിച്ചെടുക്കാന്‍ എനിക്ക് കഴിയില്ല എന്ന ഉറപ്പുള്ളത് കൊണ്ട് മാത്രം മഷേ ഒന്ന് മന്ദഹസിച്ചു. ആത്മനിന്ദ കലര്‍ന്ന ഒരു ചെറു പുഞ്ചിരി.

ഗ്രീക്ക് ദുരന്ത നായകരുടെ സവിശേഷതകളെ പറ്റി പറയുന്ന അരിസ്റ്റോട്ടില്‍ ഇവരുടെ പതനത്തിനു കാരണമായി പറയുന്ന അമിതമായ ആത്മവിശ്വാസമോ ,അഹങ്കാരമോ ,പിഴവുകളോ ഒന്നും കണക്കില്‍ വരാതെ തന്നെ മഷരാണോ ഒരു ദുരന്തനായകനാണ് .ഒരു ഭാഗത്ത് നേട്ടങ്ങള്‍ ഓരോന്നായി സ്വന്തമാക്കുന്ന ഒരു ടീമിന്‍റെ ഭാഗമാകുമ്പോഴും വെളിച്ചത്തിലേക്ക് വരാനാകാതെ നില്‍ക്കുന്ന അയാള്‍ മറുഭാഗത്ത് അവസാന പടവുകളില്‍ നിരന്തരമായി കാലിടറുന്ന ഒരു ടീമിന്‍റെ മേല്‍ പതിഞ്ഞിട്ടുള്ള ശാപത്തിന്റെ പങ്കു വഹിക്കേണ്ടി വരുന്നവനുമാണ്. ആ പന്തുകള്‍ക്ക് ,സ്റ്റെഡിയങ്ങള്‍ക്ക് ,ഈ പുല്‍ത്തകിടിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ പറഞ്ഞേനെ അവന്‍റെ വീരഗാഥകള്‍.സംസാരിക്കാന്‍ കഴിയുന്ന എന്നെ പോലുള്ളവര്‍ നല്‍കുന്ന അവഗണനയാണ് underrated എന്ന ടാഗ് കഴുത്തില്‍ കെട്ടിത്തൂക്കിയിട്ട മഷരാനോമാരെ ഫുട്ബോള്‍ ഗ്രൌണ്ടുകളില്‍ സ്ര്യഷ്ടിച്ചു വിടുന്നത്.അയാള്‍ ഈ ലിസ്റ്റില്‍ ആദ്യത്തേ പേരുകാരനല്ല ,അവസാനത്തേതുമല്ല. നോക്കി നില്‍ക്കുമ്പോള്‍ വീണ്ടും കാഴ്ച മങ്ങുകയാണ്. വീണ്ടും ശൂന്യമായ ടി.വി സ്ക്രീനിനു മുന്നിലേക്ക് തിരിച്ചെത്തിയ നിമിഷങ്ങളില്‍ മനസ്സ് മഷേ പറയാതെ ബാക്കി വച്ച ആ വാക്കുകള്‍ക്കായി പരതുകയായിരുന്നു.സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് വേര്‍തിരിച്ചെടുക്കാന്‍ പോലും ഇഷ്ടപ്പെടാതെ മനസ്സിലോളിപ്പിച്ചു ഞാന്‍ സൂക്ഷിക്കുകയാണു ആ നിമിഷങ്ങള്‍ .പ്രിയപ്പെട്ട മഷരാനോ നിങ്ങള്‍ക്ക് വേണ്ടി ഇതെങ്കിലും കുറിച്ചിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനീ ഗെയിമിനെ സ്നേഹിക്കുന്നു എന്നെനിക്കെങ്ങനെ പറയാന്‍ സാധിക്കും .

Be the first to comment on "പ്രിയപ്പെട്ട മഷരാനോ, നിങ്ങള്‍ക്ക് വേണ്ടി ഇതെങ്കിലും കുറിച്ചിടാന്‍ കഴിഞ്ഞില്ലെങ്കില്‍…"

Leave a comment

Your email address will not be published.


*