വിയര്‍പ്പ് വറ്റുന്നതിനു മുന്‍പ് അധ്വാനത്തിന് പ്രതിഫലം കിട്ടണം. കര്‍ഷകറാലിയില്‍ ആവേശമായി രാഹുല്‍

രാജ്യമെമ്പാടും നടക്കുന്ന കര്‍ഷകസമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. വിള സംഭരണത്തിലെ പിഴവുകളും ഇടനിലക്കാരുടെ പിഴിയലും നേരിടേണ്ടിവരുന്ന കര്‍ഷകര്‍ക്കായി പോരാടുമെന്ന് പറഞ്ഞ രാഹുല്‍, മധ്യപ്രദേശിലെ കാര്‍ഷികരംഗത്തെ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന പദ്ധതികളും പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ മന്ദ്‌സോറില്‍ നടന്ന കര്‍ഷകറാലിയെ അഭിസംഭോദന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷം കർഷകർക്കുനേരെ വെടിവെപ്പുണ്ടായ സ്ഥലമാണ് മന്ദ്സോര്‍.

Image result for mandsaur farmers

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശിലെ ഓരോ ജില്ലയിലും വിള സംഭരണശാലകള്‍ സ്ഥാപിക്കുമെന്ന് രാഹുല്‍ ഉറപ്പുനല്‍കി. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ നേരിട്ടു വില്‍ക്കാനുള്ള അവസരം ഒരുക്കി വിയര്‍പ്പ് വറ്റുന്നതിനു മുന്‍പ് തന്നെ അധ്വാനത്തിന്റെ പ്രതിഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. ഫുഡ് പ്രോസസിങ്ങ് ശാലകളില്‍ കര്‍ഷകരുടെ മക്കള്‍ക്ക് തൊഴിലും ഉറപ്പുവരുത്തുന്നതിലൂടെ ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന വികസനമോഡലാക്കി മധ്യപ്രദേശിനെ മാറ്റും. നിലക്കാത്ത കയ്യടികളോടെയാണ് കര്‍ഷകര്‍ അദ്ദേഹത്തിന്റെ വാക്കുകളെ സ്വീകരിച്ചത്.

സൂട്ടും ബൂട്ടുമിട്ട് ലോകം ചുറ്റുന്ന നരേന്ദ്രമോദിക്ക് രാജ്യത്ത് കോടിക്കണക്കിനു കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിനെയും പ്രതിസന്ധിയെയും കുറിച്ച് മിണ്ടാന്‍ പോലും നേരമില്ലെന്നും രാഹുല്‍ ആരോപിച്ചു. ”കോണ്‍ഗ്രസ് നേതാക്കളോടൊപ്പം കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നരേന്ദ്ര മോദിയെ കണ്ടിരുന്നു. എന്നാല്‍ കടങ്ങള്‍ എഴുതിത്തള്ളി കര്‍ഷകരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഉത്തരമില്ലായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചെന്ന് മുന്‍കൂട്ടി തയാറാക്കിയ പ്രസംഗങ്ങളും ഉത്തരങ്ങളും മണിക്കൂറുകളോളം പറയുന്ന മോദിക്ക് സ്വന്തം രാജ്യത്തെ അടിസ്ഥാനവര്‍ഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മിണ്ടാനായില്ല” – രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തേ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലെയും കര്‍ണാടകത്തിലെയും കര്‍ഷകകടങ്ങള്‍ അതതു സര്‍ക്കാരുകള്‍ എഴുതിത്തള്ളിയത് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു മന്ദ്സോറിലെ കര്‍ഷകറാലി. മധ്യപ്രദേശിനു പുറമെ രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജമ്മുകശ്മീർ സംസ്ഥാനങ്ങളിലെ കർഷകരും സമരത്തിലാണ്. പഴങ്ങളുടെയും പച്ചക്കറികളുടെയും വില ഉയര്‍ന്ന് ജനജീവിതം സ്തംഭിക്കുമ്പോഴും കര്‍ഷക ആവശ്യങ്ങളോട് മുഖം തിരിച്ചു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Image result for rahul gandhi with farmers mandsaur

കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പു നടന്ന മന്ദ്സോര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ഇത്തവണയും നിരവധിനിയന്ത്രണങ്ങള്‍ക്ക് നടുവിലായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. കര്‍ഷക സമരം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രശ്നബാധിതമായാണ് മധ്യപ്രദേശിനെ കണക്കാക്കുന്നത്. സമരക്കാരെ നേരിടാൻ 15,000 പോലീസുകാരെ വിന്യസിച്ചു. 18 ജില്ലകളിൽ സംഘർഷസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Be the first to comment on "വിയര്‍പ്പ് വറ്റുന്നതിനു മുന്‍പ് അധ്വാനത്തിന് പ്രതിഫലം കിട്ടണം. കര്‍ഷകറാലിയില്‍ ആവേശമായി രാഹുല്‍"

Leave a comment

Your email address will not be published.


*