https://maktoobmedia.com/

‘പറയാനുള്ളത് ഏത് കോടതിയിലും പറയും.’ നീനു സംസാരിക്കുന്നു

“എന്റെ മകൾ നീനു മാനസികരോഗത്തിന് അനന്തപുരി ആശുപത്രിയിൽ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു, നിലവിൽ അപരിചിതരുടെ കൂടെ കഴിയുന്നതിനാൽ ചികിത്സ ലഭിക്കുന്നില്ല. ഞാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ നീനുവിന്റെ ചികിത്സയും സുരക്ഷയും നൽകാൻ എനിക്ക് കഴിയുന്നില്ല. അതിനാൽ എന്റെ മകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ കോടതി നടപടി സ്വീകരിക്കണം.”- ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിൽ നീനുവിന്റെ പിതാവ് ചാക്കോ ആവശ്യപ്പെട്ടതാണ് ഇത്.

നീനു മാനസിക രോഗിയാണെന്ന് സ്ഥാപിക്കുന്നതിലൂടെ ദളിത് ക്രെെസ്തവനായ കെവിനും കെവിന്റെ കുടുംബവുമായുള്ള ബന്ധത്തിൽ നിന്നും നീനുവിനെ സ്വന്തം കസ്റ്റഡിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് സുറിയാനി ക്രിസ്ത്യാനിയായ ചാക്കോ നടത്തിയിരിക്കുന്നത്.

നീനുവിനല്ല, തന്റെ മകനെ കൊലപ്പെടുത്തിയവർക്കാണ് മാനസികരോഗം എന്നും അങ്ങനെ അല്ലായിരുന്നെങ്കിൽ അവരിത് ചെയ്യില്ലായിരുന്നു എന്നും കെവിന്റെ പിതാവ് ജോസഫ് പറയുന്നു. പിണറായി വിജയൻ സർക്കാർ സംവിധാനങ്ങളുടെ അറിവോടെയും സമ്മതത്തോടെയും നടന്ന കെവിന്റെ കൊലപാതകം കേരളത്തിൽ സവർണ ആധിപത്യം നടപ്പിലാക്കുന്ന വിദ്വേഷ കുറ്റകൃത്യത്തിന്റെ പട്ടികയിൽ സമാനതകളില്ലാത്ത സങ്കീർണതയുള്ള ഒന്നാണ്.

ഇസ്ലാം മതം സ്വീകരിച്ചതിന് സംഘപരിവാർ പിന്തുണയോടെ രക്ഷിതാക്കൾ വീട്ടുതടങ്കലിലാക്കിയ ഹാദിയയ്ക്ക് മാനസിക രോഗമാണെന്ന് അച്ഛൻ അശോകൻ ആരോപിച്ചിരുന്നു. മുസ്ലീമിനെ പ്രണയിച്ചതിന് സംഘപരിവാറുകാരും അമ്മയും ചേർന്ന് രണ്ടു വർഷം തടവിലിട്ട് ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയ അഞ്ജലി മാനസികരോഗിയാണ് എന്ന് അമൃത ഹോസ്പിറ്റലിലെ ഡോ. എൻ ദിനേശൻ വ്യാജ സർട്ടിഫിക്കറ്റ് നൽകി.

സ്വജാതിക്കും മതത്തിനും പുറത്തുള്ളവരെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്യുന്ന യുവതികളെ മാനസിക രോഗികളാക്കി സർട്ടിഫെെ ചെയ്യാൻ ആരോഗ്യസ്ഥാപനങ്ങളും കോടതിയും പൊലീസും മറ്റു ഭരണസംവിധാനങ്ങളും ചേർന്ന് പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾക്ക് വിലക്ക് വീഴുന്നു.

നീനുവിനെ കെവിന്റെ കുടുംബത്തിൽ നിന്നും മാറ്റി നിർത്താൻ പിതാവ് ചാക്കോ നടത്തിയ നീക്കത്തെപ്പറ്റിയും തനിക്ക് മാനസികരോഗമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഇടപെടലിനെപ്പറ്റിയും കുടുംബത്തിൽ നിന്ന്‌ ഇതുവരെ അനുഭവിച്ച അതിക്രമങ്ങളെപ്പറ്റിയും നീനു മൃദുല ഭവാനിയോട് സംസാരിക്കുന്നു.

കെവിന്റെ കൊലപാതകം പൊലീസിന്റെ അറിവോടുകൂടിയാണ് നടന്നത്. പരാതിയുമായി നീനു പോയെങ്കിലും അവർ നീനുവിന്റെ പരാതി സ്വീകരിച്ചില്ല. ആ ദിവസത്തെക്കുറിച്ച് പറയാമോ?

ഞാൻ സ്റ്റേഷനിൽ ചെന്നപ്പോ എന്നോട് എസ്എെ ചോദിച്ചു, തീരുമാനത്തിൽ മാറ്റമൊന്നുമില്ലേന്ന്. അപ്പോ ഞാൻ പറഞ്ഞു; ഇല്ല. കെവിൻ ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല, എനിക്ക് കെവിൻ ചേട്ടനെ കാണണം എന്ന് പറഞ്ഞു. എന്നോട് പുറത്തിരിക്കാൻ പറഞ്ഞു. ഇതൊക്കെ ദേഷ്യത്തിലാ പറയുന്നത്. ഞാൻ പുറത്തുപോയിരുന്നു. കുറേ നേരം ഇരുന്ന് പിന്നെ ഉച്ചയൊക്കെ ആയപ്പോഴേക്കും അനീഷേട്ടൻ വന്നു. പിന്നെയും കുറേ നേരം കഴിഞ്ഞപ്പോ എന്റെ മൊഴിയെടുത്തു. അതു കഴിഞ്ഞ് പിന്നെയും അവിടെ ചെന്ന് ഇരിക്കാൻ പറഞ്ഞു.

മീഡിയക്കാരൊക്കെ വന്നപ്പോഴാണ് അവർക്ക് ഇത് പ്രശ്നമായി എന്ന കാര്യം മനസ്സിലായത്. മനോരമയുടെ റിപ്പോർട്ടറോട് എസ്എെ നിങ്ങളെന്റെ ജോലി തെറിപ്പിക്കുമോ എന്നൊക്കെ ചോദിച്ചു. കെവിൻ ചേട്ടനെ കാണുന്നത് വരെ ആരെന്ത് ചോദിച്ചാലും ഞാൻ ഉള്ളത് പറയും എന്ന് പറഞ്ഞു.

എന്റെ വീട്ടുകാർക്ക് ഇതിനു മുമ്പ് കെവിൻ ചേട്ടനും ഞാനും തമ്മിലുള്ള ബന്ധം അറിയില്ലായിരുന്നു. കെവിൻ ചേട്ടനും ഞാനും ഒരുമിച്ച് പോയപ്പോഴും ഈ എസ്എെ എന്നെ ഒരുപാട് ചീത്ത പറഞ്ഞിരുന്നു. ഞങ്ങളെ ഒത്തിരി ഹർട്ട് ചെയ്‌തിരുന്നു അത്.

പ്രായപൂർത്തിയായ എനിക്ക് കെവിൻ ചേട്ടന്റെ കൂടെ പോയാ മതിഎന്ന് പറഞ്ഞിട്ടും പപ്പയോട് കൊണ്ടു പോയ്ക്കോളാൻ പറഞ്ഞു, ഞാൻ കരഞ്ഞിട്ടും ഒത്തിരി ബലം പിടിച്ചിട്ടും ആരും അവിടെയുണ്ടായിരുന്ന പൊലീസുകാരാരും എന്റെ സമ്മതമില്ലാതെ കൊണ്ടുപോകരുത് എന്ന് പറഞ്ഞില്ല. ഒരു വനിതാ പൊലീസ് ഉണ്ടായിരുന്നു., അവർ ഫാദർ കൊണ്ടുപോയ്ക്കോട്ടെ ഒന്നും ചെയ്യണ്ടാ എന്ന് പറഞ്ഞു. അങ്ങനെ അവിടെ നിന്ന് പറയുന്നത് ഞാൻ കേട്ടു.

അതുകഴിഞ്ഞ് പിന്നെ എന്റെ കരച്ചിൽ കേട്ടപ്പോ കെവിൻ ചേട്ടനോട് അകത്തുനിന്ന് ഇറങ്ങരുതെന്ന് പോലീസ് പറഞ്ഞു. അതുകഴിഞ്ഞ് കെവിൻ ചേട്ടൻ വന്നു, അപ്പോ പപ്പ കെവിൻ ചേട്ടനെ പിടിച്ചു തള്ളി. കെവിൻ ചേട്ടന്റെ അടുത്ത് ചെന്നപ്പോ അവിടന്നും എന്നെ പിടിച്ചുമാറ്റി, പിന്നെ റോഡിലൂടെ ബസൊക്കെ പോകുമ്പോ എല്ലാരും നോക്കുന്നൊക്കെ ഉണ്ടായിരുന്നു അതുകൊണ്ടാണെന്ന് തോന്നുന്നു പിന്നെ സ്റ്റേഷന്റെ അകത്തേക്ക് കൊണ്ടുപോയി.

നീനുവിന്റെ അമ്മയും അച്ഛനും മിശ്രവിവാഹിതരാണല്ലോ അവരെന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാടിൽ?

അമ്മ മുസ്ലീമും പപ്പ ക്രിസ്ത്യാനിയും ആണ്. എന്റെ കാര്യത്തിൽ എന്താണെന്ന് എനിക്കറിയില്ല.

നീനുവിനെ വളർത്തിയതൊക്കെ എങ്ങനെയായിരുന്നു?

വളർത്തിയത് എന്നുപറഞ്ഞാൽ… വീട്ടിലെ സാഹചര്യമൊക്കെ വളരെ മോശമായിരുന്നു. നല്ല പോലെ ഉപദ്രവിക്കുമായിരുന്നു, അടിക്കുന്നതൊക്കെ കമ്പ് കൊണ്ടൊന്നും അല്ല. നല്ല തടിക്കഷ്ണം കൊണ്ടൊക്കെ. ഒരുപാട് തല്ലുമായിരുന്നു, തലയ്ക്കൊക്കെ അടിക്കുമായിരുന്നു. നല്ലപോലെ ഉപദ്രവിച്ചിരുന്നു. ചെറിയ കാര്യത്തിനൊക്കെ ഭയങ്കരമായി ദേഷ്യപ്പെടുമായിരുന്നു, ഭയങ്കര സ്ട്രിക്ട് ആയിരുന്നു. ചെറിയൊരു തെറ്റ് ചെയ്താൽ, തെറ്റല്ല, അവർക്കിഷ്ടപ്പെടാത്ത എന്തെങ്കിലുംചെയ്താൽ…

അച്ഛനും അമ്മയും ചേട്ടനും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നീനു പറയുന്നുണ്ട്. പ്രായപൂർത്തിയായ ഒരു വ്യക്തിയായിട്ടും ഒട്ടും തന്റെ വ്യക്തിത്വം അംഗീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും അനുഭവിച്ച നിരന്തരമുള്ള വയലൻസിനെ കുറിച്ച് നീനു വിശദമായി സംസാരിച്ചു. കെവിനുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ വീട്ടിൽ നിന്നും ഏറെ പ്രയാസങ്ങളും പീഡനങ്ങളും അനുഭവിച്ച നീനു അവ വിശദമായി തന്നെ പറയുന്നുണ്ട്.

നീനു മാനസിക രോഗിയാണെന്ന് അച്ഛൻ കോടതിയിൽ പറഞ്ഞിട്ടുണ്ടല്ലോ?

എന്നെ ഒരിക്കൽ അനന്തപുരി ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു, അത് ജസ്റ്റ് കൗൺസിലിങ്ങിന് വേണ്ടിയായിരുന്നു. പ്ലസ്ടുവിന് പഠിക്കുന്ന സമയത്തായിരുന്നു. വീട്ടിൽ വഴക്കും ബഹളവും ഒക്കെ നടക്കുമായിരുന്നു. എന്നെ ഒരുപാട് തല്ലുമായിരുന്നു. ചെറിയ തല്ലൊക്കെ ആയിരുന്നെങ്കിൽ കരച്ചിലിൽ ഒതുക്കുമായിരുന്നു, പക്ഷേ എന്നെ ശരിക്കും ഉപദ്രവിക്കുമായിരുന്നു. എനിക്ക് തിരിച്ചവരെ തല്ലാൻ പറ്റില്ലല്ലോ, അപ്പോഴത്തെ ദേഷ്യത്തിൽ ഞാനെന്തെങ്കിലും പറയും. അങ്ങനെയാണ് എന്നെ അനന്തപുരി ഹോസ്പിറ്റലിൽ കൊണ്ടുപോയത്.

പിന്നെ ഒരുപാട് പ്രൊപോസലൊക്കെ എനിക്ക് വന്നിട്ടുണ്ടായിരുന്നു. അതൊക്കെ ഞാൻ വീട്ടിൽ പറയുമ്പോ എന്നെ തല്ലുമായിരുന്നു. പിന്നെപ്പിന്നെ തല്ലു കൊള്ളണ്ടേ എന്നുവെച്ച് വീട്ടിൽ ഒന്നും പറയാതിരിക്കുകയായിരുന്നു.

അങ്ങനെ എന്നെ ഒരുവട്ടം ഹോസ്പിറ്റലിൽ കൊണ്ടുപോയി, വീട്ടിലെ കാര്യങ്ങളൊക്കെ ഞാൻ ഡോക്ടറോട് പറഞ്ഞു. അവരോട് പറഞ്ഞപ്പോ ഡോക്ടർ പറഞ്ഞത് , ‘മോൾക്കല്ല കൗൺസിലിങ് ആവശ്യം , മോളുടെ പാരന്റ്സിനാണ് , മോളുടെ ഫാദറാണ് ഇവിടെ കൊണ്ടുവന്നത് എനിക്കിപ്പോ അതങ്ങനെ പറയാൻപറ്റില്ല മോളുടെ ഫാദർ പോയി പരാതി നൽകിയാൽ എന്റെ പ്രൊഫഷനെ ബാധിക്കും’ എന്നാണ്.

ഡോക്ടർ എനിക്ക് സീക്രട്ട് ആയിട്ട് ഡോക്ടറുടെ നമ്പർ ഒക്കെ എഴുതിതന്നു. ഇത് കയ്യിൽ വെച്ചോ, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്നൊക്കെ പറഞ്ഞ്. അല്ലാതെ മാനസികമായിട്ട് എനിക്കൊരു ട്രീറ്റ്മെന്റും ഉണ്ടായിട്ടില്ല. ഞാൻ മെഡിസിനും കഴിച്ചിട്ടില്ല.

എനിക്ക് പനി വന്നാൽ തന്നെ അടുത്തുള്ളൊരു ക്ലിനിക്കിലാണ് കൊണ്ടുപോകുന്നത്. മെഡിസിൻ ഞാൻ എടുക്കാറില്ല, ട്രീറ്റ്മെന്റും ചെയ്യാറില്ല. അമ്മ ട്രീറ്റ്‌മെന്റ് എടുക്കാറുണ്ടെന്ന് പറയുന്നത് ഞാൻ കേട്ടു. എന്റെ അറിവിൽ ഇതുവരെ ഞാനത് കണ്ടിട്ടില്ല. അമ്മ ട്രീറ്റ്‌മെന്റ് എടുക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഷുഗറിനും പ്രഷറിനും ഒക്കെ ഗുളിക കഴിക്കുന്നത് കണ്ടിട്ടുണ്ട്. അല്ലാതെ ഞാൻ കണ്ടിട്ടില്ല. പിന്നെ അമ്മയുടെ അമ്മ, അമ്മാമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പ്രായമായി, നല്ലോണം പ്രായമായി . അതിന്റെയൊക്കെ ഉള്ള മാനസിക വിഷമം മാത്രമേ ഉള്ളൂ, അല്ലാതെ മാനസിക രോഗത്തിനുള്ള ചികിത്സ ഒന്നും എടുക്കുന്നില്ല. എനിക്ക് പറയാനുള്ളത് എന്തായാലും ഞാൻ കോടതിയിൽ പറയും.

രണ്ട് വർഷം ഞാൻ കോളെജിൽ പഠിച്ചതാണ്. അങ്ങനെയൊരു രോഗം ഉണ്ടെങ്കിൽ അവിടെയുള്ളവർ അറിയേണ്ടതാണല്ലോ. എന്റെ ഫ്രന്റ്സിനും അവർക്കാർക്കെങ്കിലും ഒക്കെ അറിയേണ്ടതാണല്ലോ.

ഇതര മതസ്ഥരെയും മറ്റു ജാതികളിൽ പെട്ടവരെയും വിവാഹം കഴിക്കുന്നവരെ മാനസികരോഗികളാക്കുന്ന രക്ഷിതാക്കൾ. ഹാദിയയും അഞ്ജലിയും ഉൾപ്പെടെയുള്ളവരെ അത്തരത്തിൽ മാനസികരോഗികളാക്കി കോടതിയിൽ അവതരിപ്പിച്ചിരുന്നു. നീനുവിനോടും ഇപ്പോൾ അതുതന്നെ ചെയ്തിരിക്കുകയാണ്.

ഞാൻ‌ ട്രീറ്റ്മെന്റൊന്നുംചെയ്തിട്ടില്ല, മാനസിക രോഗത്തിന്റെ പേരിൽ എനിക്കെതിരെ സർട്ടിഫിക്കറ്റ് ഉണ്ടാക്കുക എന്നത് എളുപ്പമാണ് എന്ന് അവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ഒരു ഹോസ്പിറ്റലിൽ ആണ്, അനന്തപുരി ഹോസ്പിറ്റലിൽ ഒരുവട്ടംപോയി, കൗൺസിലിങ് ഒക്കെ ചെയ്തു. ഒരുവട്ടം എന്നെ കൊണ്ടുപോയിട്ടുണ്ട്. അല്ലാതെ ട്രീറ്റ്മെന്റ് നടത്തുകയോ മെഡിസിൻ കഴിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

മെഡിസിൻ അല്ലെങ്കിലും ഞാനങ്ങനെ കഴിക്കാറില്ല. കഴിഞ്ഞിടയ്ക്ക് ഒരു പനി വന്നിട്ട് ക്ലിനിക്കിൽ പോയി മരുന്ന് വാങ്ങിച്ചത് ഇപ്പഴും വീട്ടിലിരിക്കുന്നുണ്ട്. ഇനി ഞാൻ മെഡിസിൻ കഴിക്കുന്നുണ്ടെങ്കിൽ വീട് സേർച്ച് ചെയ്‌താൽ അവർക്ക് കിട്ടുമല്ലോ.

ചേട്ടനും നീനുവും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു?

ചേട്ടനും ഞാനും തമ്മിൽ അധികമൊന്നും കണ്ടിട്ടില്ല. ഞാൻ ടെൻതിൽ പഠിക്കുന്ന സമയത്ത് ചേട്ടൻ ഡൽഹി, ഗോവ അവിടെയൊക്കെ ആയിരുന്നു, പ്ലസ്ടു ആയപ്പോഴേക്കും ചേട്ടൻ ഗൾഫിൽ പോയി. ഞാൻ പ്ലസ്ടു കഴിഞ്ഞപ്പോൾ ചേട്ടന്റെ കല്യാണം കഴിഞ്ഞു, ഇപ്പോ ഒന്നൊന്നര വർഷംആകാറായി. ചേട്ടൻ കല്യാണം കഴിച്ചത് ഇൻഡിപെൻഡന്റ് ചർച്ചിൽ പെട്ട സ്ത്രീയെയാണ്. ചേട്ടൻ കണ്ട് ഇഷ്ടപ്പെട്ട് വീട്ടിൽ ഫോട്ടോ ഒക്കെ കാണിച്ച്, പപ്പയെയും കാണിച്ച്…അങ്ങനെയായിരുന്നു. എന്നെക്കാളും ചേട്ടനോട് പപ്പയ്ക്ക് നല്ല താൽപര്യമാ. അമ്മ പറഞ്ഞാൽ മാത്രം പപ്പ നിൽക്കൂല.

Be the first to comment on "‘പറയാനുള്ളത് ഏത് കോടതിയിലും പറയും.’ നീനു സംസാരിക്കുന്നു"

Leave a comment

Your email address will not be published.


*