ട്രംപിനേക്കാള്‍ അപകടകാരിയാണ് മോഡി. രൂക്ഷ വിമര്‍ശനവുമായി അരുന്ധതി റോയ്

ഇന്ത്യയിൽ ന്യുനപക്ഷങ്ങൾ മോദി ഭരണത്തിന് കീഴിൽ അക്രമിക്കപെടുന്നുവെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്.

ബി ബി സി യിലെ ഇവാൻ ഡേവിസിനു നൽകിയ അഭിമുഖത്തിലാണ് അരുന്ധതി റോയ് മോഡിക്കെതിരെ ആഞ്ഞടിച്ചത്.
അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്‌തകമായ The ministry of utmost happiness നെക്കുറിച്ചുള്ള ഫ്ലാഗ്ഷിപ് ഷോ ന്യൂസ്‌ നൈറ്റിലായിരുന്നു ഡേവിസ് മോഡിയെ കുറിച്ച് ചോദിച്ചത്.

” നിങ്ങൾ മോഡിയുടെ ആരാധികയല്ലെന്ന് പരാമർശിച്ചു കണ്ടു; അത്രയ്ക്ക് ഭയപ്പെടാൻ മാത്രം മോശമാണോ മോഡി?!” ഇങ്ങനെയായിരുന്നു ആ ചോദ്യം.

“തീർച്ചയായും, നോക്കൂ, ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലിംകൾ കൂടുതൽ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മുസ്ലിംകൾ ഇന്ത്യൻ തെരുവുകളിൽ ലിഞ്ചിങ്ങിനു ഇരകളാകുന്നത് നിങ്ങൾക്ക് കാണാം. അവർ പരമ്പരാഗതമായി ചെയ്തു കൊണ്ടിരുന്ന ഇറച്ചി കച്ചവടം, തോൽ വ്യവസായം, കൈത്തൊഴിൽ തുടങ്ങിയ സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.” അരുന്ധതി പറഞ്ഞു.

“ഇന്ത്യയിൽ ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് ഒരു സമുദായം (community ) കേന്ദ്രമാക്കി ദേശം(nation) നിർമിക്കാനുള്ള ശ്രമങ്ങളാണ്. ഇത്തരത്തിലുള്ള ഈ ഹിന്ദു ദേശം മറ്റുള്ള സമുദായങ്ങളെയെല്ലാം രണ്ടാം കിട പൗരന്മാരായാണ് വിഭാവന ചെയുന്നത്.”

“ഇന്ത്യയിലെ ഇപ്പോഴത്തെ അതിക്രമങ്ങൾ പേടിപ്പെടുത്തുന്നതാണ്. കാശ്മീരിൽ ഒരു പിഞ്ചുപെൺകുട്ടിയെ പീഡിപ്പിച്ചത് നിങ്ങൾ എല്ലാവരും അറിഞ്ഞതാണ്. സ്ത്രീകൾ അടക്കം ആയിരക്കണക്കിന് ആളുകളാണ് കുറ്റവാളികൾക്ക് അനുകൂലമായി മാർച്ച് ചെയ്തത്. വിചാരണ പോലും അട്ടിമറിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടായി. അത്രത്തോളം പേടിപ്പെടുത്തുന്ന ധ്രുവീകരണമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്.” അരുന്ധതി കൂട്ടിച്ചേര്‍ത്തു.

മോഡി ഗവണ്മെന്റിനെതിരെ നിലപാട് എടുത്തു ഭയമില്ലാതിരിക്കുന്നവർ വിഡ്ഢികളാണെന്നും ചതികുഴികളുമായി അവർ നമ്മളെ പിന്തുടരുന്നുടെന്നും അരുന്ധതി ഓർമിപ്പിച്ചു.

അമേരിക്കൻ പ്രസിഡന്റ്‌ ട്രംപിനെക്കാളും മറ്റു തീവ്ര ദേശീയ നേതാക്കളെക്കാളും അപകടാരിയാണോ മോഡി എന്നും ചോദ്യമുണ്ടായി.

“ട്രംപ് നിയന്ത്രണം വിട്ടയാളാണ്, എന്നാൽ അമേരിക്കയിലെ ജനങ്ങളും ഭരണ സ്ഥാപനങ്ങളും ഇതിനെ കുറിച്ച് ആശങ്കയിലാണ്. മാധ്യമങ്ങളും ജുഡീഷ്യറിയും ജനങ്ങളും ജാഗരൂഗരാണ്. എന്നാൽ ഇന്ത്യയിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഉന്നത സ്ഥാപനങ്ങളൊക്കെയും അധികാര സ്വാധീനത്തിനത്തിലാണ്, സ്കൂൾ പാഠപുസ്തകങ്ങളിൽ വരെ ഈ സ്വാധീനം വളരെ വ്യക്തമാണ്. ലോകനേതാക്കളെകുറിച്ച് ഇറക്കിയ പാഠപുസ്തകത്തിന്റെ കവർ ചിത്രം ഹിറ്റ്ലർ ആണെന്നതിനെകുറിച്ച് ന്യുയോർക് ടൈംസ് സ്റ്റോറി ചെയ്തിട്ടുണ്ട്.” അരുന്ധതി റോയ് പറഞ്ഞു.

“ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ സുപ്രീം കോടതിയിലെ ഉന്നതരായ ജഡ്ജിമാർ കോടതിക്ക് പുറത്ത് വാർത്താസമ്മേളനം വിളിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ തൊട്ടു താഴത്തുള്ള നാലു ജഡ്ജിമാർ ജനാധിപത്യം അപകടത്തിലാണ് എന്നാണ് വാർത്താസമ്മേളനം വിളിച്ചു നമ്മോട് പറഞ്ഞത്. കോടതികൾ സ്വാധീനത്തിലാണെന്നാണ് അവർ യഥാർത്ഥത്തിൽ നമ്മോട് സൂചിപ്പിച്ചത്.” അരുന്ധതി വിശദീകരിച്ചു.

“ഇന്ത്യ എന്ന രാജ്യത്തിനു വേണ്ടി പോരാടുന്ന ഞാനടക്കമുള്ളവർ ദേശ വിരുദ്ധരായും ഇന്ത്യാ വിരുദ്ധരായും മുദ്രകുത്തപ്പെടുന്നത് വലിയ വൈരുധ്യമാണ്.”

”യഥാർത്ഥത്തിൽ ഏറ്റവും വലിയ രാജ്യസ്നേഹികൾ ഞാനടക്കമുള്ള ഈ രാജ്യത്തിനു വേണ്ടി പൊരുതുന്നവരാണ്. എന്നാൽ ഞങ്ങളുടെ രാജ്യസ്നേഹം ദേശം (nation) എന്നര്‍ത്ഥത്തിലോ ഏതെങ്കിലും ഭരണകൂടത്തിന്റെ നയപ്രസ്താവനയുടെയോ ഭാഗമല്ല. മറിച്ച്, ഈ രാജ്യത്തെ സംഗീതം, കവിതകൾ, പുഴകൾ, താഴ്‌വാരങ്ങൾ എന്നിവയോടൊക്കെയുള്ള സ്നേഹമാണ്. ഈ രാജ്യത്തെ മനോഹരമാക്കുന്ന വൈവിധ്യങ്ങളായ മലകൾക്കും മനുഷ്യർക്കും വേണ്ടി പോരാടുന്നതാണ് ഞങ്ങളുടെ സ്നേഹം. നമ്മളിഷ്ടപ്പെടുന്നതിന് വേണ്ടി പൊരുതുമ്പോഴല്ലേ ഏതൊരു സ്നേഹവും പൂര്ണമാവുന്നത്? അതിനാൽ പോരാട്ടമല്ലാതെ മറ്റൊരു മാർഗവും ഞങ്ങളുടെ മുന്നിലില്ല.” രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവേശമായ എഴുത്തുകാരി പറഞ്ഞു.

റിപ്പോര്‍ട്ട് – അബ്ദുള്ള കോട്ടപ്പള്ളി

Be the first to comment on "ട്രംപിനേക്കാള്‍ അപകടകാരിയാണ് മോഡി. രൂക്ഷ വിമര്‍ശനവുമായി അരുന്ധതി റോയ്"

Leave a comment

Your email address will not be published.


*