ഭിമ കൊരേഗാവ്: ദലിത് ആക്ടിവിസ്റ്റുകൾക്കെതിരായ അറസ്റ്റിൽ വ്യാപകപ്രതിഷേധം

മഹാരാഷ്ട്രയിലെ ഭി​മ-​കൊ​രെ​ഗാ​വ് ദലിത് മഹാസമരവുമായി ബന്ധപ്പെട്ട കേ​സി​ല്‍ മ​ല​യാ​ളി ഉ​ൾ​പ്പെടെ അഞ്ച് ദലിത് ആക്ടിവിസ്റ്റുകളെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു.

ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഡ​ല്‍ഹി, മും​ബൈ, പൂനെ എന്നിവിടങ്ങളിൽ നിന്നായാണ് പൂനെ പോലീസിന്റെ പ്രത്യേക സംഘം ഇവരെ അറസ്റ്റ് ചെയ്‌തത്‌.

ഡ​ല്‍ഹി​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ക​മ്മി​റ്റി ഫോ​ര്‍ റി​ലീ​സ് ഓ​ഫ് പൊ​ളി​റ്റി​ക്ക​ല്‍ പ്രി​സ​നേ​ഴ്സ്’ എന്ന സംഘടനയുടെ പ്രചാരണവിഭാഗം സെ​ക്ര​ട്ട​റിയും മ​ല​യാ​ളിയുമായ റോ​ണ ജേ​ക്ക​ബ് വി​ല്‍സ​ണ്‍, മും​ബൈ​യി​ല്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മ​റാ​ത്തി ദ​ലി​ത് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘വി​രോ​ധി’​യു​ടെ പ​ത്രാ​ധി​പ​രും റാ​ഡി​ക്ക​ല്‍  അം​ബേ​ദ്ക​ര്‍ സം​ഘ​ട​ന സ്ഥാ​പ​ക​നു​മാ​യ സു​ധീ​ര്‍ ധാ​വ്​​ലെ, നാ​ഗ്പു​ര്‍ സ​ര്‍വ​ക​ലാ​ശാ​ല പ്ര​ഫ​സ​ര്‍ ഷോ​മ സെ​ന്‍,  ഗ​ഡ്ചി​റോ​ളി​യിലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​നാ​യ മ​ഹേ​ഷ് റാ​വ​ത്ത്, ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ്  പ്യൂ​പ്പി​ള്‍സ് ലോ​യേ​ഴ്സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര ഗ​ഡ്​​ലി​ങ് എ​ന്നി​വരാണ് അറസ്റ്റിലായിരിക്കുന്നത്.

പെ​ഷ്വാ സൈ​ന്യ​ത്തി​ന് എ​തി​രെ ര​ണ്ടു നൂ​റ്റാ​ണ്ട് മു​മ്പ് ദളിത് മെ​ഹ​ര്‍ വി​ഭാ​ഗ​ക്കാ​ര്‍ നേ​ടി​യ വിജയത്തിന്റെ ഓർമ ആഘോഷിക്കുന്നതിനിടെ ജ​നു​വ​രി ഒന്നാം തീയതി പൂനെ​യി​ലെ ഭി​മ കൊ​രെ​ഗാ​വി​ല്‍ ദലിതുകൾക്ക് നേരെ സംഘപരിവാറും സവർണരും ആക്രമം അഴിച്ചുവിട്ടിരുന്നു. അക്രമത്തിനു കാരണക്കാരായ സ​വ​ർ​ണ​ നേ​താ​ക്കൾക്കെതിരെ പൊലീസ് ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.

അറസ്റ്റ് ചെയ്യപ്പെട്ടവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിലും മുംബൈയിലും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.

നരേന്ദ്ര മോഡിയെ കൊല്ലാൻ ഗൂഡാലോചന നടത്തിയെന്നടക്കമുള്ള വ്യാജക്കേസുകളാണ് ‘ പൂനെ പോലീസ് ഇപ്പോൾ റോണാ വിത്സൻ ഉൾപ്പടെയുള്ള ആക്ടിവിസ്റ്റുകൾക്കെതിരെ ആരോപിക്കുന്നത്.

മനുഷ്യാവകാശ പ്രവർത്തകൻ റെനി അയ്‌ലിൻ എഴുതുന്നു:

” പതിവിലേറെ ആത്മവിശ്വാസത്തോടെ പ്രതിപക്ഷം ഭിന്നതകൾ മറന്നൊന്നിക്കുകയും ഒപ്പം തെരഞ്ഞെടുപ്പുകളിൽ കളളക്കളികൾക്ക് ശ്രമിച്ചിട്ടും ദയനീയമായി പരാജയപ്പെടുകയും ചെയ്ത സംഘപരിവാർ നടത്തുന്ന കൈവിട്ടകളിയാണ് മനുഷ്യാവകാശ പ്രവർത്തകരായ അഞ്ചുപേരുടെയും അറസ്റ്റ്. ഭീമകൊറേഗാവിൽ നടന്ന ദലിത് മുന്നേറ്റം കുറച്ചൊന്നുമല്ല മറാത്തയിലും കേന്ദ്രത്തിലുമുള്ള ഹിന്ദുത്വഭീകരരെ അലോസരപ്പെടുത്തിയത്. ഓപ്പറേഷൻ ഗ്രീൻഹണ്ടിനെതിരെയും ഒപ്പം ദലിത് വിഭാഗങ്ങൾക്കെതിരെ നടത്തുന്ന സവർണരുടെ പീഡനങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചവരാണ് റോണയും കൂട്ടുകാരും. ഭരണകൂടം ലാക്കാക്കുന്ന മറ്റൊരു സംഗതി മറക്കരുത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ എല്ലാവരും ഡോ.ജി.എൻ സായിബാബയുടെ മോചനത്തിനായി നിയമപോരാട്ടത്തിന്റെ മുന്നണിയിൽ നിൽക്കുന്നവരാണ്. ഒപ്പം രാഷ്ട്രീയത്തടവുകാരുടെ വിടുതലിന് ഉത്തരേന്ത്യയിലെ വിവിധ കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധങ്ങൾ അവസാനിപ്പിക്കുക എന്നതും ഭരണകൂടത്തിന്റെ ലക്ഷ്യമാണ്. ഓർക്കുക, മഖ്ബൂൽ ഭട്ടിനെ വിചാരണ പ്രഹസനം നടത്തി തിഹാറിനകത്ത് തൂക്കിക്കൊന്ന് കുഴിച്ചുമൂടി. അഫ്സൽ ഗുരുവിനെ തെളിവുകൾ ഇല്ലാതിരുന്നിട്ടും പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ കൊലപ്പെടുത്തി. സിമി പ്രവർത്തകരുടെ ഇൻഡോർ ഗൂഡാലോചന കേസ് രണ്ടാം ഘട്ട വിചാരണ 4 ദിവസം കൊണ്ട് പൂർത്തിയാക്കി ശിക്ഷ വിധിച്ച നാടാണിത്. കോടതിയുടെ പരമോന്നത അധ്യക്ഷനെ സംശയിക്കുന്ന, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും RSSകാരനായിരിക്കുന്ന നാട്ടിൽ റോണയുടെയും ഒപ്പമുള്ള മറ്റ് മനുഷ്യാവകാശ പ്രവർത്തകരുടെയും ജീവനിൽ എനിക്ക് ഭയമുണ്ട്.”

Be the first to comment on "ഭിമ കൊരേഗാവ്: ദലിത് ആക്ടിവിസ്റ്റുകൾക്കെതിരായ അറസ്റ്റിൽ വ്യാപകപ്രതിഷേധം"

Leave a comment

Your email address will not be published.


*