https://maktoobmedia.com/

ഹെക്‌ടർ: നൂറ്റാണ്ടുകളുടെ മറുപുറങ്ങളിൽ

പ്രണയ് രാജീവ്

ഹെക്‌ടർ – പന്ത്രണ്ടാം നൂറ്റാണ്ട് 

ട്രോജൻ യുദ്ധത്തിലെ ഏറ്റവും ശക്തനായ പോരാളികളിൽ ഒരുവൻ. ഭൂമിയിൽ അന്നോളം തോറ്റിട്ടില്ലാത്ത അക്കില്ലെസ് നയിച്ച പടയ്ക്ക് എതിരെ ട്രോയിയുടെ അവസാന കാവൽ ഭടൻ ആയിരുന്നു ഹെക്‌ടർ. സ്വന്തം സഹയാത്രികൻ ആയ പട്രോക്ലസിനെ കൊന്നതിന്റെ പ്രതികാര ദാഹവും ആയി വന്ന അക്കില്ലെസിനെ നേരിട്ടപ്പോഴും ഹെക്‌ടർ പതറിയില്ല. തോൽക്കും എന്ന് ഉറപ്പുണ്ടായിട്ടും തന്റെ വിധിയെ നേരിട്ട്, ദൈവപുത്രൻ ആയ അക്കിലസിന്റെ ഏറ്റവും ശ്രേഷ്ഠനായ എതിരാളിയായി അവൻ മരണം സ്വീകരിച്ചു.

എന്നാൽ പാണന്മാർ പാടി നടക്കുന്ന പാട്ടുകളിലെ നായകൻ ആകാൻ ഒരിക്കലും അവന് സാധിച്ചില്ല. അക്കിലസിന്റെ ധീരതയും, ഹെലന്റെ സൗന്ദര്യവും, പാരീസിന്റെ പ്രണയവും വാഴ്ത്തപ്പെട്ടപ്പോൾ ചരിത്രം ഹെക്‌ടറിനെ സൗകര്യ പൂർവം മറന്നു.

2018- നൂറു ദശാബ്ദങ്ങൾക്കിപ്പുറം

ജർമനിയുടെ ഫുട്ബോൾ ടീം ഒരു യുദ്ധത്തിന് ഒരുങ്ങുകയാണ്.4 വർഷങ്ങൾക്കു മുൻപ്‌ നേടിയ ലോകകിരീടം നിലനിർത്താൻ റഷ്യയുടെ വിശാല മൈതാനങ്ങളിൽ അവർ  കോട്ട കെട്ടുകയാണ്. അവരുടെ പടയിൽ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിൽ കളിക്കുന്ന സൂപ്പർ താരങ്ങൾ അണിനിരക്കുന്നുണ്ട്. ജർമ്മനി ഈ ലോകകപ്പിൽ ജയിച്ചാലും ഇല്ലെങ്കിലും അവർക്കു തിരിച്ചു പോയി കളിക്കാനും ജയിക്കാനും യൂറോപ്പിൽ  ഒട്ടനേകം മത്സരങ്ങളും ടൂർണമെന്റുകളും അവരുടെ കഴിവ് തെളിയിക്കാൻ കാത്തിരിപ്പുണ്ട്. ഒരാൾക്ക് ഒഴികെ – ജോനാസ് ഹെക്‌ടർ. ഹെക്‌ടർ അടുത്ത സീസൺ മുതൽ ബി ഡിവിഷനിൽ ആണ് കളത്തിൽ ഇറങ്ങുന്നത്.

യൂറോപ്പിൽ  ഏറ്റവും വില മതിക്കുന്ന ഫുട്ബോളെർസ് ഉള്ള ജർമൻ സ്‌ക്വാഡിൽ ഹെക്‌ടറിനെ നിങ്ങൾ ശ്രദ്ധിക്കാതെ പോയത് സ്വാഭാവികം.  ശരാശരിക്ക് അപ്പുറം പ്രകടനങ്ങൾ കാഴ്ച വയ്ക്കാത്ത എഫ് സി കോളിൻ എന്ന ക്ലബ്ബിന്റെ ക്യാപ്റ്റൻ എന്ന നിലയ്ക്ക് ഹെക്‌ടറിനെ നിങ്ങൾ അറിയണം എന്നില്ല. എന്നാൽ സ്ഥായിയായ പ്രകടനത്തിലൂടെ ജർമൻ കോച്ച് ലോവിന്റെ ടീമിലെ  ലെഫ്ട് ബാക്ക് സ്ഥാനം കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഹെക്‌ടറിന്റെ കയ്യിൽ ഭദ്രം ആണ് . ആധുനിക ഫുട്ബോളിൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ പ്രവർത്തിക്കാൻ കഴിവുള്ള വിങ്ങ് ബാക്കുകൾ ടീമിന്റെ അവിഭാജ്യ  ഘടകം ആയിരിക്കുന്ന ഈ സാഹചര്യത്തിൽ ഹെക്‌ടർ എന്ന ലെഫ്റ് ബാക്കിനു ഇന്ന് യൂറോപ്പിലെ മിക്ക വമ്പൻ ക്ലബ്ബുകളിലേക്കും വാതിൽ തുറന്ന് കൊടുക്കപെടും എന്നത് തീർച്ചയാണ്.

നേട്ടങ്ങളുടെയും ലാഭത്തിന്റെയും പ്രലോഭനങ്ങൾക് ഇടയിലും അയാൾ സ്വന്തം ക്ലബിന് ഒപ്പം നിന്നു. തോൽ‌വിയിൽ നിന്ന് തോൽവിയിലേക് കൂപ്പു കുത്തി ഒടുവിൽ തരം താഴ്ത്തപ്പെട്ടപ്പോഴും ഹെക്‌ടർ കൂറു മാറിയില്ല. തന്നെ ആരാധിക്കുന്ന ആയിര കണക്കിന് കോളിൻ ആരാധകരുടെ സ്നേഹവും  എഫ്‌സി കോളിൻ എന്ന ക്ലബ് തന്ന അവസരങ്ങളും മറക്കാൻ അയാൾക്കായില്ല. തോൽക്കും എന്ന് ഉറപ്പുള്ള യുദ്ധത്തിൽ ട്രോയ്‌യെ സംരക്ഷിച്ച ഹെക്‌ടറിനെ അനുസ്മരിപ്പിക്കും വിധം അയാൾ തന്റെ കരാർ പുതുക്കി.

ലോയൽറ്റി എന്നത് വെറും പ്രഹസനം ആയി മാറുന്ന ഈ കാലത്തു, റോമാ വിട്ടു പോകാതെ നിന്ന ടോട്ടിയുടെ തീരുമാനത്തെ ചോദ്യം ചെയുന്ന ഈ സമൂഹത്തിൽ ഹെക്‌ടർ എഫ്‌സി  കോളിന്റെ അവസാന കാവൽ ഭടനായി നില കൊള്ളുന്നു. ഒരുപക്ഷെ ലോക ജനത മുഴുവൻ ഉറ്റു നോക്കുന്ന ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ ഹെക്‌ടർ പങ്കെടുക്കുന്നത് ഇത് അവസാനമായിട്ട് ആയിരിക്കാം.

ഭാവി തലമുറകൾ ഓസിലിന്റെയും ന്യൂറിന്റെയും മുള്ളേരിന്റെയും വീരോതിഹാസങ്ങൾ പാടുമ്പോൾ ചരിത്രത്തിന്റെ തനിയാവർത്തനത്തിനു ലോക ജനത സാക്ഷ്യം വഹിക്കും. ഹെക്‌ടർ എന്ന പോരാളിയെ ലോകം മറന്നത് പോലെ ജോനാസ് ഹെക്‌ടറും വിസ്‌മൃതിയിൽ മറഞ്ഞേക്കാം. അറിയപ്പെടുന്ന അതികായർക്കിടയിൽ കഴിവുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോയ പോരാളി ആയ ജോനാസ്  ഹെക്‌ടർ, ഹെക്‌ടർ എന്ന പേര് നായകൻ ആകാൻ വിധിക്കപ്പെട്ടത് അല്ല എന്ന് വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.

History didn’t honor Hector, and in all possibilities neither will the future honor Jonas Hector.
Hector deserved to be remembered.
Jonas Hector deserves to be remembered for the warrior he is.

ഹൈദരാബാദ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ ഗവേഷകവിദ്യാർഥിയാണ് ലേഖകൻ

Be the first to comment on "ഹെക്‌ടർ: നൂറ്റാണ്ടുകളുടെ മറുപുറങ്ങളിൽ"

Leave a comment

Your email address will not be published.


*