കാൽപന്തുകളിയുടെ പെരുന്നാളിന് മലബാറൊരുങ്ങി. ചിത്രങ്ങളിലൂടെ…

ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇഷ്‌ടതാരങ്ങളുടെയും രാജ്യങ്ങളുടെയും കൊടികളും കട്ടൊട്ടുകളുമായി ഉത്സവലഹരിയിലാണ് തെരുവുകൾ. മലപ്പുറം , കോഴിക്കോട് ജില്ലകളിൽ നിന്ന് മക്തൂബ് മീഡിയക്കായി ഇർഫാൻ ഹാദി പകർത്തിയ ചിത്രങ്ങളിലൂടെ:

കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ഇർഫാൻ ഹാദി കെ രാമനാട്ടുകര സ്വദേശിയാണ്. ഫ്രീലാൻസ് ഫോട്ടോഗ്രാഫിയിൽ സജീവമാണ്.

ഫുട്‍ബോളിന്റെ പര്യായപദമാണ് ബ്രസീൽ എന്നത്. തിരിച്ചുവരുമെന്ന് തന്നെയാണ് കാനറിപ്പടക്ക് പറയാനുള്ളത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് നിന്നും.

അർജന്റീന ഫാൻസ്‌ ആവേശത്തിലാണ്. ലോകകപ്പിൽ മുത്തമിട്ടേ ഫുട്‍ബോൾ ലോകത്തിന്റെ മിശിഹ മടങ്ങൂ എന്ന വാശിയിലും. കോഴിക്കോട് ജില്ലയിലെ പെരിങ്ങളത്ത് നിന്നുമുള്ള ദൃശ്യം

ഇത് ഫുട്‍ബോൾ തെരുവ്. മലപ്പുറം ജില്ലയിലെ ആലുങ്ങൽ അങ്ങാടിയിൽ നിന്നും

കുഞ്ഞു റോണോമാരും കൊച്ചു മെസ്സിമാരും ഇനി ഈ ഫുട്‍ബോൾ ഉത്സവക്കാലത്ത് തെരുവുകളിൽ സജീവമാകും. ഇഷ്ടതാരങ്ങളൂടെ ജെയ്‌സി ധരിച്ചെത്തുന്ന കുട്ടികൾ. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ നിന്നും.

കാനറിപ്പടയുടെ രാജകുമാരൻ. നെയ്‌മറിനായി മലപ്പുറം ജില്ലയിലെ പുളിക്കലിൽ ഒരുങ്ങിയ കട്ടൗട്ട്

ഫുട്‍ബോൾ ലോകത്തിന്റെ മിശിഹ ലയണൽ മെസ്സിയുടെ പട. കാൽപന്തുകളിയിലെ മാന്ത്രികരാണ് അർജന്റീനൻ താരങ്ങൾ. മലപ്പുറം ജില്ലയിലെ പുളിക്കൽ നിന്നും.

മിസ്‌റിലെ രാജകുമാരൻ. മുഹമ്മദ് സലാഹ്. ലോകത്തെങ്ങുമുള്ള ഫുട്‍ബോൾ പ്രേമികൾക്ക് ഒരു ഹരമാണ് ഇന്നീ ഈജിപ്ഷ്യൻ കാൽപന്തുകളിക്കാരൻ.

എത്രയാവുമോ. അത്രയും വലുപ്പത്തിൽ തങ്ങളുടെ ഇഷ്‌ടരാജ്യങ്ങളുടെ കൊടികൾ കെട്ടിയും താരങ്ങളുടെ കട്ടൗട്ടുകൾ വെച്ചും ഉത്സവലഹരിയിലാണ് നാട്ടിൻപുറങ്ങൾ. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ നിന്നും

ഒന്നാം നമ്പർ ടീം. നിലവിലെ ചാമ്പ്യന്മാർ. ജോക്കിംലോയുടെ ജർമൻ പടയുടെ മലപ്പുറം ജില്ലയിലെ പൊന്നാട് ഗ്രാമത്തിലെ ആരാധകർ

പറങ്കിപ്പടക്കും ആരാധകരേറെ. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ടീമും ഫുട്‍ബോൾ ലോകകിരീടത്തിൽ മുത്തമിടാനുള്ള തയ്യാറെടുപ്പിലാണ്. മലപ്പുറം ജില്ലയിലെ ആലുക്കൽ നിന്നും.

”ടീം ഏതായാലും ജയിച്ചാൽ ചാടിക്കളിക്കാൻ ഞാനുണ്ടാകും..” സോഷ്യൽ മീഡിയയിൽ കണ്ട കമന്റുകളിലൊന്നാണ്. ഫാൻസുകളുടെ ആഘോഷങ്ങൾക്കിടയിലും എല്ലാ താരങ്ങളെയും ഫുട്‍ബോൾ ആരാധകർ ഞെഞ്ചിലേറ്റുന്നു. മലപ്പുറം ജില്ലയിലെ അരീക്കോട്ട് നിന്നും.

കാൽപന്തുകളിയിലെ നിത്യഹരിതനായകർ. ലോകകപ്പ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയികളായത് ബ്രസീലാണ്, അഞ്ച് തവണ. കാനറിപ്പടയുടെ ചിത്രമില്ലാത്ത തെരുവുകൾ മലപ്പുറത്ത് അപൂർവ്വം ഈ ഫുട്‍ബോൾ ഉത്സവക്കാലത്ത്. മലപ്പുറം ജില്ലയിലെ കൊല്ലമ്പലത്ത് നിന്നും.

1998 ലെ ലോകചാമ്പ്യന്മാർ. സിനദിൻ സിദാനെന്ന ഫുട്‍ബോൾ ഇതിഹാസത്തിന്റെ പാരമ്പര്യം പേറി ഫ്രഞ്ച് പടയും. മലപ്പുറത്തെ സെവൻസ് ഫുട്‍ബോളിന്റെ ഈറ്റില്ലമായ അരീക്കോട്ട് നിന്നുള്ള ദൃശ്യം

ലോകത്തെ ഏറ്റവും വലിയ കായിക യുദ്ധമായിരിക്കും അർജന്‍റീന – ബ്രസീല്‍ ഫുട്ബോൾ മത്സരം. ആരാധകരുടെ കാര്യത്തിലും മത്സരം ഈ ഫുട്ബോൾ രാജാക്കന്മാർ തമ്മിലാണ്. മലപ്പുറം ജില്ലയിലെ മുണ്ടക്കുളം അങ്ങാടിയിൽ നിന്നും.

ലോകത്തിലെ എക്കാലത്തെയും മികച്ച’ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണക്കാക്കുന്നത്. എട്ടാം വയസ്സിൽ അമച്വർ ടീമായ ആൻഡോറീന്യക്ക് വേണ്ടി കാൽപന്തുകളി തുടങ്ങിയ ഈ ഇതിഹാസതാരത്തിനു കേരളത്തിൽ ആരാധകർ ഏറെയാണ്. മലപ്പുറം ജില്ലയിലെ മുതുവല്ലൂർ അങ്ങാടിയിൽ നിന്നും.

സലാഹിന്റെ ഈജിപ്ഷ്യൻ പടക്കും ആരാധകരേറെയാണ്. പരിക്കുകൾ അതിജീവിച്ചു തങ്ങളുടെ പ്രിയ താരം മോസ്‌ക്കോവിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. മലപ്പുറം ജില്ലയിലെ മൂർക്കനാട് നിന്നുള്ള ദൃശ്യം

മലയാളത്തിൽ സംസാരിച്ച് ഞെട്ടിച്ചിരിക്കുകയാണ് സൗദി അറേബ്യയുടെ ദേശീയ ഫുട്‍ബോൾ ടീമിന്റെ ഒഫീഷ്യൽ വീഡിയോ . അത്രയേറെ പ്രവാസികളുടെ നാടാണ് കേരളം. സൗദി അറേബ്യൻ ടീമിനും ഫ്ളക്സ് ബാനറുകൾ ഉയർന്നു തെരുവുകളിൽ. മലപ്പുറം ജില്ലയിലെ മൂർക്കനാട് നിന്നും.

Be the first to comment on "കാൽപന്തുകളിയുടെ പെരുന്നാളിന് മലബാറൊരുങ്ങി. ചിത്രങ്ങളിലൂടെ…"

Leave a comment

Your email address will not be published.


*