അരവിന്ദ് കെജ്രിവാളിനെ ഇനിയും അറിയാത്തവർ !

മുതിർന്ന മാധ്യമപ്രവർത്തകൻ ഹസനുൽ ബന്ന എഴുതുന്നു

നരേന്ദ്ര മോദിയെയും അമിത് ഷായെയും ഡൽഹിക്കാർക്ക് മുമ്പാകെ തുറന്നു കാണിക്കാൻ അവരുടെ തൊമ്മിയായ ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വാതിൽപ്പടിക്കൽ അരവിന്ദ് കെജ്രിവാളും മൂന്ന് മന്ത്രിമാരും ഇന്നലെ ഒരു രാത്രി ഇത് പോലെ കിടന്ന് ഇന്ന് നേരം വെളുപ്പിക്കുമ്പോഴും ഇതൊന്നും കാണാത്ത സാമൂഹിക മാധ്യമങ്ങളിലെ വിചാരണക്കാർ, “കോഴിക്ക് മുല വന്നാൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമെന്ന് കെജ്രിവാൾ പറഞ്ഞല്ലോ” എന്ന മോദി ഭക്ത മാധ്യമങ്ങളുടെ പ്രോപഗണ്ടക്ക് തല വെച്ച് കൊടുത്ത് കൈകാലിട്ടടിച്ചു കൊണ്ടിരിക്കുകയാണ്. നാല് മാസമായി ഐഎഎസുകാരെ കൊണ്ട് സമരം നടത്തിച്ച് ഡൽഹിയിലെ പദ്ധതികൾ അവതാളത്തിലാക്കി തെരഞ്ഞെടുപ്പ് ജയിക്കാൻ നോക്കുന്ന ബിജെപിയെ തുറന്നു കാണിക്കുന്നതിനെ മൂടിവെക്കുകയാണ് മുനയുള്ള പരിഹാസോക്തി ചർച്ചയാക്കുന്നതിലൂടെ ചെയ്യുന്നത്.

നാല് മാസമായി സമരം നടത്തി പണിയെടുക്കാതെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്ന ഐഎഎസ് ഓഫീസർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട്, ഒരു മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും ഗവർണറുടെ വാതിലിന് മുമ്പിൽ നേരം വെളുപ്പിക്കുന്നത് ഒരു നേരം പോലും കാണിക്കാത്ത മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളുമാണ് അതേ മുഖ്യമന്ത്രിയുടെ പരിഹാസോക്തി ചർച്ചയാക്കുന്നത്. ബി.ജെ.പിക്ക് കേന്ദ്രത്തിൽ ഭരണം ഉള്ളേടത്തോളം കാലം സംഭവിക്കാത്ത ഒന്നാണ് ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി എന്നത് കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടുന്ന, ഇന്നലെ രാത്രിയും ഇന്ന് പുലരുമ്പോഴും ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന കെജ്രിവാളിനാണ് ഏറ്റവും നന്നായറിയുക.

വിവരാവകാശ പോരാട്ടം നടത്തിയിട്ടുങ്കിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തി ഉയർന്നു വന്നയാളല്ല കെജ്രിവാൾ എന്ന് ആർക്കാണറിയാത്തത്? ആർ.എസ്.എസ് സന്തതിയായ വിവേകാനന്ദ ഫൗണ്ടേഷൻ അജിത് ഡോവലിന്റെ നേതൃത്വത്തിൽ അണ്ണാ ഹസാരെയെ മുന്നിൽ നിർത്തി ഐഎഎസിക്ക് തുടക്കമിട്ട ആദ്യ യോഗം തൊട്ട് വരുന്നവരെ ചായയും വെള്ളവും കുടിപ്പിക്കാൻ ഓടി നടന്നയാളാണ് കെജ്രിവാൾ എന്ന് ഇനിയും അറിയാത്തവർ എത്ര പേരുണ്ട്? ആ അഴിമതി വിരുദ്ധ പ്രസ്ഥാനം കോൺഗ്രസ് മുക്ത ഭാരതത്തിനുള്ള സംഘ് അജണ്ടയായിരുന്നു എന്ന് ഇനിയുമറിയാത്തവരുമുണ്ടോ? എന്നിട്ടും ആർഎസ്എസിന്റെ ആ അജണ്ട ഡൽഹിയിലെങ്കിലും അട്ടിമറിച്ച് ആപുണ്ടാക്കി ബിജെപിക്ക് ഡൽഹി ഭരണം കിട്ടാക്കനിയാക്കിയത് കൊണ്ടല്ലേ നിങ്ങളെല്ലാവരും അയാളെ കണ്ണിലുണ്ണിയാക്കിയത്?

പോകട്ടെ, ബി.ജെ.പിയുടെ കൂടെ കിടന്ന് രാപനി അറിഞ്ഞവരെ ഒഴിവാക്കിയാൽ ആരുണ്ട് നിങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധമുന്നണിയിൽ? മമതയുണ്ടാകുമോ? മായാവതിയുണ്ടാകുമോ? കുമാരസ്വാമിയോ നായിഡുവോ ഉണ്ടാകുമോ?

2019 ലേക്കുള്ള പ്രതിപക്ഷ നീക്കം കണ്ട് പേടിച്ച് പരക്കം പാഞ്ഞ്, കുൽദീപ് നയാറിനെയടക്കം ഫോട്ടോ ഷൂട്ടിന് ഇരുത്തി, എതിരാളികളിൽ പരസ്പരം വിശ്വാസ കുറവുണ്ടാക്കാനുള്ള കുതന്ത്രങ്ങൾ പയറ്റുന്ന അമിത് ഷാക്ക്, അത്തരം പ്രചാരണങ്ങൾ ഏറ്റെടുത്ത് പണി എളുപ്പമാക്കിക്കൊടുക്കുകയാണ്, പെറ്റുവെന്ന് പറഞ്ഞത് കാളയാണ് എന്നറിയാതെ കയറെടുത്ത് ഓടുന്നവർ ചെയ്യുന്നത്.

പിന്നെ, അധികാരം കൈവിട്ടു കൊടുത്ത വെള്ളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം എന്നീ മേഖലകളിൽ കെജ്രിവാൾ സർക്കാറിനെ വെല്ലാൻ ഇന്ന് കേരളമടക്കമുള്ള ഒരു സംസ്ഥാനവും രാജ്യത്തില്ലെന്ന് ഡൽഹിയിൽ ഇത് അനുഭവിച്ചറിഞ്ഞ ഒരാൾക്കും പറയാതിരിക്കാനാവില്ല.

Be the first to comment on "അരവിന്ദ് കെജ്രിവാളിനെ ഇനിയും അറിയാത്തവർ !"

Leave a comment

Your email address will not be published.


*