ബ്രസീൽ ലോകകപ്പും ഗാസയിലെ കുഞ്ഞുരക്തസാക്ഷികളും. എന്റെ ലോകകപ്പോർമകൾ

ഹനാൻ ബിൻത് ഉസ്‌മാൻ

നാലു വർഷത്തെ ഇടവേളക്കു ശേഷം മറ്റൊരു ലോകകപ്പ് കൂടി വന്നെത്തിയിരിക്കുകയാണ്. ഭൂഗോളം തന്നെ പന്തായി മാറുന്ന മുപ്പത് ദിനരാത്രങ്ങൾ. അഞ്ചു കോൺഫെഡറേഷനുകളിൽ നിന്നായി 32 ടീമുകൾ. 11 നഗരങ്ങളിലായി 12 വേദികൾ. മൈതാനങ്ങളുണരുകയാണ്, ആരവങ്ങളിലേക്ക്, കളിയഴകിന്റെ മികവുകളിലേക്ക്, ഉദ്വേഗഭരിതമായ നിമിഷങ്ങളിലേക്ക്, ആവേശത്തിന്റെ കൊടുമുടിയിൽ സ്റ്റേഡിയങ്ങൾ പൂത്തുലയുന്ന വർണ്ണകാഴ്ചകളിലേക്ക്. സൗഹൃദങ്ങളും സന്നാഹങ്ങളും ജയിച്ച് ടീമുകൾ മോസ്കോവിൽ എത്തിത്തുടങ്ങി. റഷ്യ ഒരുങ്ങിക്കഴിഞ്ഞു. ഇനി ഏതാനും മണിക്കൂറുകൾ മാത്രം. മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച മുഴങ്ങാനിരിക്കുന്ന ലോങ്ങ് വിസിലിനു കാതോർക്കുകയാണ് ലോകം. ഒരു വിസിൽ. ഒരു ടച്ച്. പിന്നെ ലോകം ഉരുണ്ടുതുടങ്ങുകയായി, ഒരു പന്തിനു പിന്നാലെ.

ലോകകപ്പിനെ കുറിച്ചു നിങ്ങൾക്ക് എവിടെ നിന്നു വേണമെങ്കിലും പറഞ്ഞു തുടങ്ങാം. അതിനൊരു തുടക്കമോ ഒടുക്കമോ ഇല്ല. ഉറുഗ്വായിൽ നടന്ന ആദ്യ ലോകകപ്പോ ഏറ്റവുമിടുവിൽ നടന്ന ബ്രസീൽ ലോകകപ്പോ ആവാം. ബോധം കുറച്ചൊക്കെ വെച്ച ശേഷം നടന്ന ലോകകപ്പെന്ന നിലയിൽ എനിക്ക് പറയാനുള്ളത് ബ്രസീലിനെ കുറിച്ചാണ്.

പെൺകുട്ടികൾ മാത്രം പഠിക്കുന്നയിടമായിട്ടു പോലും ആവേശം ഒരു തരി പോലും കുറവില്ലായിരുന്നു സ്‌കൂളിൽ . ബാഗിന്റെ കൈവള്ളികളിലൊന്നിൽ ബ്രസീൽ പതാകയുടെ നിറങ്ങളും മറ്റേതിൽ ജർമനിയുടെ പതാകയും ചായമടിച്ച്, അതിനു മീതെ മഫ്‌ത വിരിച്ചിട്ട്, ഫുട്ബോൾ പ്രേമം നാട്ടുകാരറിയാതെ കൊണ്ട് നടന്ന്, ക്ലാസ്സിലെത്തുമ്പോൾ കാണിച്ചു. ചൂടേറിയ ചർച്ചകൾ, തർക്കങ്ങൾ, പോർവിളികൾ. കളി കാണലിനോടൊപ്പം നടക്കുന്ന റെക്കോർഡ് വര. റമദാനിലെ അത്താഴവും ഉമ്മയുടെ ചീത്തവിളിയും. സ്‌കൂളിനു മുന്നിലുള്ള സ്റ്റേഡിയത്തിലാണ് കളി നടക്കുന്നതെന്ന് തോന്നിയിരുന്നു. സാവോപോളോയിലെയോ റിയോയിലെയോ തെരുവുകളിലായിരുന്നു തങ്ങളെന്നും. പറഞ്ഞു തീരാത്ത വിശേഷങ്ങളും കെടാത്ത ആവേശവും. ഒടുവിൽ ബാക്കിയായത് സ്വന്തം നാട്ടുകാർക്ക് മുൻപിൽ ബ്രസീലിന്റെ ഭീകരമായ തോൽവിയും.

ഫുട്ബാളിന്റെ ചലനങ്ങൾ ഹൃദയതാളമായ സ്വന്തം ജനതക്ക് മുന്നിൽ തകർന്നു തരിപ്പണമായത് കൊണ്ട് മാത്രമല്ല, ബ്രസീൽ ലോകകപ്പ് ദുരന്തയോർമയാവുന്നത്. ഫൈനലിൽ ജർമനിയുടെ കിരീടധാരണത്തിന് തൊട്ടടുത്ത ദിവസം മുതൽ പത്രങ്ങളിൽ നിറഞ്ഞു നിന്ന ഗാസ്സൻ കൂട്ടക്കുരുതിയുടെ ചിത്രങ്ങൾ കൂടി കൊണ്ടാണ്. ലോകം മുഴുവൻ ആർത്തുല്ലസിച്ച ഒരു ഫുട്ബോൾ മാസക്കാലം അവരുടെ ദുരിതങ്ങൾ ആരുമറിഞ്ഞില്ല. ഫൈനലിന് തൊട്ടടുത്ത ദിവസം, ആഘോഷരാവിൽ പെയ്ത നക്ഷത്രങ്ങളുടെ തിളക്കമണയും മുൻപ് വന്നു തുടങ്ങി ഗാസയിലെ കുഞ്ഞുങ്ങളുടെ ചോരപുരണ്ട മുഖങ്ങളും നിലവിളികളും. മോർച്ചറി നിറഞ്ഞതിനാൽ ഐസ്ക്രീം സൂക്ഷിക്കുന്ന ഫ്രിഡ്‌ജിൽ ബാലികയുടെ മൃതദേഹം വെക്കുന്നത് കണ്ട് തളർന്നിരുന്നിട്ടുണ്ട്. ആ ജനതയുടെ ദുരിതം കണ്ട് മിണ്ടാനാവാതെ തരിച്ചു നിന്നിട്ടുണ്ട്. ശപിച്ചിട്ടുണ്ട്, ലോകകപ്പിന്റെ ലഹരിയിൽ ലോകം മുങ്ങിയ നിമിഷങ്ങളെ. 1400 ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ബ്രസീൽ ലോകകപ്പ് മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നത് മഴയോടൊപ്പം പെയ്തിറങ്ങിയ നീറ്റലുകളാലാണ്. നാലാണ്ടുകൾക്കിപ്പുറം റഷ്യയിൽ ലോകം വീണ്ടും വിരുന്നെത്തുമ്പോളും ഗാസ പ്രക്ഷോഭത്തിലാണ്. അന്ന് രണ്ടാം ഇൻതിഫാദ ആയിരുന്നെങ്കിൽ ഇന്ന് തിരിച്ചുവരവിനായുള്ള ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണിൽ ആണ്. 120 ഓളം പേർ കൊല്ലപ്പെട്ട ഒരു റമദാനിലൊടുവിലായാണ് ഇത്തവണയും ലോകകപ്പ് എത്തുന്നത്. മൈതാനങ്ങളിൽ താരരാജാക്കന്മാർ വലയിലേക്ക് നിറയൊഴിക്കുമ്പോൾ ഇവർക്കു നേരെയുള്ള നിറയൊഴിക്കലുകൾ ലോകം അവഗണിച്ചേക്കാം.

എങ്കിലും ചില പ്രതീക്ഷകളുണ്ട്. ഇസ്രയേലുമായുള്ള സൗഹൃദമത്സരം അർജന്റീന വേണ്ടെന്നു വെച്ചതിനു പിന്നാലെയാണ് ലോകകപ്പ് എത്തുന്നത്. വെറും കളിയിലൊതുങ്ങാതെ, നിലനിൽപ്പിനു വേണ്ടി പൊരുതുന്ന ഒരു ജനതക്ക് ശക്തി പകരാൻ വികാരങ്ങളാലുരുളുന്ന തുകൽപന്തിന് കഴിയുന്നുണ്ടല്ലോ എന്ന സന്തോഷമുണ്ട്. ആ വികാരം സാർവ്വലൗകികമായ മാനുഷികതക്ക് വേണ്ടിയാണെന്നുള്ള സന്ദേശം ആരാധകരും കളിക്കാരും ഉയർത്തിപ്പിടിക്കുന്ന സന്ദർഭത്തിലാണ് റഷ്യയിൽ വിശ്വമാമാങ്കത്തിന് കേളികൊട്ടുയരുന്നത്. പ്രതീക്ഷയുണ്ട്. മാനവികതയുടെ ലോകകപ്പാവട്ടെ ഇത്.

ഏതിരുന്നാലും ആരധകരും താരങ്ങളും പരിശീലകരും ഒരുപോലെ കാത്തിരുന്ന ദിനങ്ങളാണ് വരുന്നത്. പഴയ കണക്കുകൾ തീർക്കാനും പുതിയ ചരിത്രങ്ങൾ രചിക്കാനും തന്നെയാണ് ഏവരും വരുന്നത്. ഒരു ടീമിനും ഒരു കളിയും ചെറുതല്ല. ഇത് ഫുട്ബോളാണ്. കടലാസിലെ കണക്കുകൾക്കപ്പുറം മൈതാനത്തു കരുത്ത് കാട്ടുന്നവർക്കാണ് ജയം. വലിയ ടീമുകൾ കപ്പടിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും അട്ടിമറികൾക്കായാണ് കാത്തിരിക്കുന്നത്. പോളണ്ടും ബെൽജിയവുമെല്ലാം കുതിക്കുന്നത് കാണണം. ആരെയും മറക്കാതെ തന്നെ പുൽത്തകിടികളിൽ നൃത്തച്ചുവടുകൾ കാണണം. മഴവില്ലഴകുള്ള, വെടിയുണ്ട വേഗമുള്ള ഗോളുകൾ കാണണം. ഗാലറികൾ ആർത്തിരമ്പുന്നത് കാണണം. വീണുപോയ എതിരാളിയെ കൈപിടിച്ചുയർത്തുന്നത് കാണണം. തിന്മകളുടെ വലകളിൽ നന്മയുടെ കളിക്കാർ ഗോളടിക്കട്ടെ. മാനവികതയുയരട്ടെ.

എട്ടു വർഷങ്ങൾക്കപ്പുറം നാൻ പാടിയ വരികൾ വീണ്ടും വീണ്ടും നമുക്ക് പാടാം –

” Let’s rejoice in the beautiful game
And together at the end of the day
We all say :
When I get older, I will be stronger
They’ll call me freedom
Just like a waving flag! “

Be the first to comment on "ബ്രസീൽ ലോകകപ്പും ഗാസയിലെ കുഞ്ഞുരക്തസാക്ഷികളും. എന്റെ ലോകകപ്പോർമകൾ"

Leave a comment

Your email address will not be published.


*