അദ്‌നാൻ ജനുസാജിന്റെ മാന്ത്രികക്കാലുകൾക്കായി…

അൽത്താഫ് അബ്ദുൽ കാദർ പേരാമ്പ്ര

അദ്‌നാൻ ജനുസാജ്, നിങ്ങൾ എങ്ങോട്ടാണ് പോയത്. റയാൻ ഗിഗ്‌സിന്റെ പതിനൊന്നാം നമ്പർ കുപ്പായത്തിൽ ഏറെ കാലം കാണാൻ കാത്തിരുന്നവർക്കിടയിൽ നിന്ന് അത്രയെളുപ്പം നിങ്ങൾ അപ്രത്യക്ഷമാകരുതായിരുന്നു.

തിയോ വൽക്കോട്ടെന്ന പതിനേഴുകാരന് ശേഷം വണ്ടർകിഡിന്റെ സർവ്വ ലക്ഷണങ്ങളും തികഞ്ഞവൻ അദ്‌നാൻ ആയിരുന്നതിന്റെ തെളിവാണ് ആഘോഷത്തോടെ ഫുട്ബാൾ പ്രേമികൾ ജനുസാജിന്റെ യുണൈറ്റഡ് അരങ്ങേറ്റത്തെ ഏറ്റെടുത്തത്. ആന്റർലഷ് അക്കാദമിയിലെ പ്രതിഭയിൽ ആദ്യം കണ്ണ് വെച്ചത് സ്‌പാനിഷ്‌ ഭീമൻമാരായ ബായ്‌സലോണ ആയിരുന്നെങ്കിലും 2011ൽ വടംവലികൾകൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കാരറിലെത്തുമ്പോൾ അദ്‌നാന് പതിനാറു വയസ്സ് പ്രായം.

2013-14 സീസണിൽ ഡേവിഡ് മോയസിന്റെ യുണൈറ്റഡ് ഫസ്റ്റ് ഇലവനിൽ സ്ഥിര സാനിധ്യം. പ്രതിഭയുടെ ധാരാളിത്തവും അനായാസ ശൈലിയുമായി കരിയർ ഉയർത്തിയെങ്കിലും യുനൈറ്റഡ് സീസൺ അവസാനിപ്പിച്ചത് ഏഴാം സ്ഥാനക്കാരായാണ്. മോയസെന്ന ഫാദർ ഫിഗറിന് ശേഷം നെതർലണ്ടിനെ വേൾഡ് കപ്പിൽ മൂന്നാം സ്ഥാനക്കാരക്കിയ പകിട്ടുമായെത്തിയ ലൂയിസ് വാൻ ഗാലിന്റെ കീഴിൽ പതിയെ അവസരങ്ങൾ നഷ്ടമാവുന്ന ജനുസാജിനെയാണ് പിന്നീട് കണ്ടത്.

ഡിഫെൻസീവ് ഗെയിമിന്റെ ആശാനായ വാൻ ഗാലിന് ടാക്ലിങ്ങിൽ എളുപ്പം വീഴുന്ന ജനുസാജിനെ ഉയർത്തി കൊണ്ടുവരാൻ താൽപര്യമില്ലായിരുന്നു എന്ന് പിന്നീട് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഫെർഗ്യൂസന്റെ ദീര്ഘദൃഷ്ടിയോ ഇൻഫ്ലുവൻസിങ് ശൈലിയോ ഇല്ലാത്ത മാനേജർ ആയിരുന്നു വാൻ ഗാൽ. ടാക്ടിക്കൽ പാഠങ്ങൾക്കപ്പുറത്ത് ലൂക്കാസ് വാസ്‌ക്കസിനും മാർക്കോ അസൻസിയോക്കും സിനദിൻ സിദാൻ എന്ന ഇഷ്ടവൈദ്യൻ പകർന്ന് നൽകിയ ആത്മവിശ്വാസവും അവസരങ്ങളും മാത്രം മതിയായിരുന്നു മറ്റൊരു ലെജന്റിന്റെ പിറവിക്കെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.

മൗറീഞ്ഞോയുടെ യുണൈറ്റഡിലും അവസങ്ങൾ ഇല്ലാതായതോടെ ജർമൻ ഭീമൻമാരായ ഡോർട്ട്മുണ്ടിൽ ലോണിൽ അരങ്ങേറിയെങ്കിലും നിരാശാജനകമായ സീസണിനൊടുവിൽ ലോൺ അടിസ്ഥാനത്തിൽ തന്നെ സണ്ടർലാന്റിൽ. 2017 ജൂലൈയിൽ സ്പാനിഷ് ക്ലബ് റിയൽ സോസീഡാഡുമായി കരാർ ഒപ്പിട്ടു.

ആശങ്കകൾക്കൊടുവിൽ ബെൽജിയത്തിന്റെ വേൾഡ് കപ്പ് സ്‌ക്വാഡിൽ വീണ്ടും ഇടം കണ്ടെത്തുമ്പോൾ ബെൽജിയം പഴയ ബെൽജിയമല്ല. 2014നു പകരം റഷ്യയിൽ കിരീട ഫേവരിറ്റുകളാണ് ബെൽജിയം.മിഡ്ഫീൽഡിൽ അസാമാന്യ ഫോമിൽ ഡീ ബ്രൂയിനും വിത്സലും നിറഞ്ഞു കളിക്കുമ്പോൾ മർട്ടിനസിന്റെ തന്ത്രങ്ങളിൽ ജനുസാജിടങ്ങൾ എത്രത്തോളമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ജനുസാജ്, രണ്ട് നാൾ ബാക്കിയിരിക്കെ ഈ ലോകകപ്പിൽ നിങ്ങളുടെപാദമുദ്രകൾക്ക് കാത്തു നിൽക്കുന്നുണ്ട് ഫുട്ബാൾ ലോകം. ആന്ദ്രേ പിർലോയും ലൂക്കാ മോഡ്രിക്കും പാറി നടന്ന സെൻട്രൽ മിഡ്‌ഫീൽഡിൽ നിങ്ങളെ കാണാൻ അത്രയധികം ഇഷ്ടത്തോടെ ഒരാരാധകനും.

Be the first to comment on "അദ്‌നാൻ ജനുസാജിന്റെ മാന്ത്രികക്കാലുകൾക്കായി…"

Leave a comment

Your email address will not be published.


*