ജുനൈദിനെ അത്ര പെട്ടെന്നൊന്നും മറന്നുകാണില്ലല്ലോ…

ജുനൈദിനെ അത്ര പെട്ടെന്നന്നും മറന്നുകാണില്ല. ഉമ്മ സമ്മാനമായി നൽകിയ പണവും കൊണ്ട് കഴിഞ്ഞ വർഷം ഈദുൽ ഫിത്ർ ( ചെറിയ പെരുന്നാൾ) തലേന്ന് ജൂണ്‍ 22 ന് സഹോദരങ്ങളോടൊപ്പം ഷോപ്പിംഗിന് പോയ ജുനൈദ് എന്ന പതിനാറുകാരൻ, മുസ്‌ലിമാണ് എന്ന ഒറ്റക്കാരണത്താൽ ഇരുന്നൂറ് പേർ നോക്കിനിൽക്കെ ക്രൂരമായി കൊല്ലപ്പെട്ടത് അങ്ങനെയൊന്നും മറവിക്ക് വിട്ടുകൊടുക്കാനാവില്ലല്ലോ..

മുസ്‌ലിമാണ് എന്ന കാരണത്താൽ മാത്രം കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നേയുള്ളൂ..    ഈ റിപ്പോർട്ടെഴുതുന്ന സമയത്തും കേൾക്കുന്നത് , ജാർഖണ്ഡിൽ രണ്ട് മുസ്‌ലിം യുവാക്കളെ തീവ്രഹിന്ദുത്വസംഘം ഭീകരമായി തല്ലിക്കൊന്നു എന്നാണ്.

ഖുര്‍ആന്‍ മനപ്പാഠമാക്കിയതിലെ സമ്മാനമായാണ് ജുനൈദിന് ഉമ്മ 1500 രൂപ നല്‍കിയത് . ആ പണവും കൊണ്ട് സഹോദരങ്ങളോടൊപ്പം ഷോപ്പിംഗിന് പോയതായിരുന്നു അവര്‍. ഇരുട്ടുംമുമ്പ് തിരിച്ചെത്തുമെന്ന് ഉമ്മയ്ക്ക് വാക്കും നല്‍കിയിട്ടാണ് പതിനാറ് വയസ്സുള്ള ജുനൈദും സഹോദരങ്ങളും വീട്ടില്‍ നിന്നിറങ്ങിയത്.

ഡൽഹിയിൽ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് ഗാസിയാബാദ് -ഡൽഹി-മഥുര ട്രെയിനിലായിരുന്നു തിരിച്ചുള്ള യാത്ര. മുസ്ലിം തീവ്രവാദികളെന്നും ബീഫ് തീറ്റക്കാരെന്നും ആവര്‍ത്തിച്ച് ആക്രോശിച്ച് ഒരു സംഘം അവരെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങുകയായിരുന്നു. താടി പിടിച്ചുവലിച്ച് മുല്ലയെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ ജുനൈദ് ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു . രണ്ടു സഹോദരൻമാര്‍ അപകടനില തരണം ചെയ്‌തു.

മുസ്‌ലിമായത് കൊണ്ടാണ്

“അവർ ക്രൂരരാണ്. അവർക്ക് മുസ്‌ലിംകളെ വെറുപ്പാണ്. അർഹമായ ശിക്ഷ അവർക്ക് ലഭിക്കേണ്ടതുണ്ട്.”  ഹാഫിസ് ജുനൈദ് ഖാന്റെ ഉമ്മ സൈറ പറയുന്നു.

“വര്‍ഗീയവാദികളാണ് എന്റെ മോനെ കൊന്നത്. അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മുസ്‌ലിമായതിന്റെ പേരില്‍ മാത്രം കൊല്ലപ്പെടുകയായിരുന്നു. മകന്‍ കൊല്ലപ്പെടുമ്പോള്‍ പോലീസുകാരോ റെയില്‍വേ അധികൃതരോ ഒന്നും തിരിഞ്ഞുനോക്കിയില്ല. തലയില്‍ തൊപ്പി കണ്ടതും താടി കണ്ടതുമാണ് അവരെ ആക്രമിക്കാന്‍ കാരണം.” സൈറയുടെ വാക്കുകൾ.

Poster – Khoul Media/Shajas Bin Shoukathali

“അവന്‍ ഹാഫിള് ആയതിന് ശേഷമുള്ള ആദ്യ പെരുന്നാള്‍.. ശരിക്കും ആഘോഷിക്കാനിരുന്നതാണ് ഞങ്ങള്‍…. പക്ഷേ അവന്‍ പോയി.” സൈറ പറയുന്നു.

“പെരുന്നാളിന് മധുരം വിളമ്പാനായി സേമിയയും മുട്ടായികളും വാങ്ങിവരാനും ഉമ്മ അവരോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. വേഗം വരുമെന്ന് പറഞ്ഞാണ് അവന്‍ പോയത്.. പക്ഷേ, തിരിച്ചെത്തിയത് ജീവനില്ലാതെ . എങ്ങനെയാണ് അവര്‍ക്ക് എന്‍റെ മകന്‍റെ ശരീരത്തോട് ഇത്ര ക്രൂരമായി പെരുമാറാന്‍ കഴിഞ്ഞത്…” ജുനൈദിന്‍റെ പിതാവ് ജല്ലാലുദ്ദീന്‍ ചോദിക്കുന്നു.

“തന്റെ ജുനൈദ് മോൻ സ്വര്‍ഗത്തിലിരുന്ന് പെരുന്നാള്‍ കൂടുന്നുണ്ടാവും .” സൈറ പറയുന്നു. കഴിഞ്ഞ ഈദുല്‍ ഫിത്തറിന്റെ തലേന്ന് ഡല്‍ഹിയിലെ സദര്‍ ബസാറില്‍നിന്ന് പെരുന്നാളിനുള്ള പുതുവസ്ത്രവും മധുരങ്ങളും വാങ്ങി സഹോദരങ്ങള്‍ക്കൊപ്പം ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ ഹിന്ദുത്വഭീകരരുടെ കുത്തേറ്റ് കൊല്ലപ്പെട്ട ജുനൈദിന്റെ ഉമ്മ തന്റെ മകന്‍ സ്വര്‍ഗലോകത്ത് പെരുന്നാള്‍ കൂടുന്നത് സ്വപ്‌നം കാണുകയാണ്.

“വര്‍ഷത്തില്‍ രണ്ടുതവണ മാത്രമായിരുന്നില്ല ഞങ്ങളുടെ വീട്ടില്‍ പെരുന്നാള്‍. പഠിക്കുന്ന സ്ഥാപനത്തില്‍നിന്ന് ജുനൈദ് അവധിക്ക് വീട്ടില്‍ വരുമ്പോഴെല്ലാം ഞങ്ങള്‍ക്ക് പെരുന്നാളായിരുന്നു. അവന്‍ വീട്ടിലെത്തിയാല്‍ എല്ലാവര്‍ക്കും സന്തോഷമാണ്. ആ ദിവസം വീട്ടില്‍ പായസവും മറ്റു വിഭവങ്ങളുമൊക്കെയൊരുക്കി സന്തോഷത്തിലാകും എല്ലാവരും. എന്നാല്‍ ജുനൈദ് പോയതില്‍ പിന്നെ നാടും വീടുമെല്ലാം ദുഖത്തിലായി. അവനെ എല്ലാവര്‍ക്കും അത്രയ്ക്കും ഇഷ്ടമായിരുന്നു.”  ഉമ്മ വിതുമ്പലോടെ ഓര്‍ക്കുന്നു.

“പതിനാറു വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്റെ കുഞ്ഞുമോന്. എത്ര ജനങ്ങളുണ്ടായിരുന്നു അവിടെ. എല്ലാരും മൊല്ലാജി മൊല്ലാജി എന്ന് വിളിച്ചു പറഞ്ഞു. കുത്തേറ്റ് കിടക്കുമ്പോഴും എന്റെ മോന്‍ വെള്ളത്തിനോ മറ്റോ അല്ല, നാലു വയസ്സു മൂത്ത ശാക്കിറിനെ നോക്കാനാണ് പറഞ്ഞത്.”  തന്നെ സന്ദർശിക്കുന്നവരോട് സംസാരിക്കുമ്പോൾ ഉമ്മാന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.

ഇരുന്നൂറ് പേർ നോക്കിനിൽക്കെ ..

ട്രെയിനില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ റെയില്‍വേ പോലീസ് തങ്ങളെ അവഗണിച്ചെന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ സുഹൃത്ത് മുഹ്‌സിൻ പറയുന്നുണ്ട്. മുഹ്‌സിനടക്കം എതിര്‍ത്ത നാലുപേരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശരാക്കി. ഇരുന്നൂറോളം പേർ ആ സമയത്ത് കംപാർട്മെന്റിൽ ഉണ്ടായിരുന്നത്രെ.

കത്തി കൈവശം വെച്ചിരുന്ന രണ്ട് പേര്‍ ജുനൈദിനെ കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജുനൈദ് മരണപ്പെടുകയായിരുന്നു. പോലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരിച്ചില്ല. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചതും പരാജയപ്പെട്ടു. റെയില്‍വേ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായി പരിക്കേറ്റിരിക്കുമ്പോള്‍ പോലും തങ്ങള്‍ക്ക് അവഗണനയാണ് ഉണ്ടായതെന്നും മുഹ്‌സിന്‍ പറയുന്നു

“എനിക്ക് മറക്കാൻ കഴിയാത്തത് അന്ന് ആ ട്രെയിൻ ബോഗി നിറയെ ആളുകളുണ്ടായിരുന്നു. ഒരാളും ഞങ്ങൾക്ക് മർദ്ദനമേൽക്കുമ്പോൾ തിരിഞ്ഞുനോക്കിയില്ല. മാത്രമല്ല , പലരും അവർ മുസ്‌ലിംകളാണ് , ബീഫ് തിന്നുന്നവരാണ് , കൊല്ലുക അവരെ എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.” ജൂനൈദിന്റെ സഹോദരൻ ശാക്കിർ ഓർത്തെടുക്കുന്നു.

കേസ്

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് നിലവിൽ കേസിന്റെ വിചാരണ സ്റ്റേ ചെയ്‌തിരിക്കുകയാണ്.

സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ജുനൈദിന്റെ പിതാവ് ജലാലുദ്ധീൻ ആവശ്യപ്പെടുന്നത്.

മുഖ്യപ്രതി നരേഷ് കുമാർ ഉൾപ്പടെ ആറ് പേർ നിലവിൽ കസ്റ്റഡിയിലാണ്. മറ്റുള്ളവർക്ക് ജാമ്യം ലഭിച്ചെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ചു ഫരീദാബാദ് സെഷൻ കോടതി നരേഷ് കുമാറിന് ജാമ്യം നിഷേധിക്കുകയായിരുന്നു. നിലവിൽ ആറ് പേരിൽ നരേഷ് മാത്രമാണ് തടവിൽ കഴിയുന്നത്.

ജുനൈദിന്റെ മരണത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നത്.

Be the first to comment on "ജുനൈദിനെ അത്ര പെട്ടെന്നൊന്നും മറന്നുകാണില്ലല്ലോ…"

Leave a comment

Your email address will not be published.


*