പ്രതീക്ഷകളുമായി പൗളോ ഗുറേറോ. 36 വര്‍ഷങ്ങള്‍ക്ക് ശേഷം പെറു ലോകകപ്പിലെത്തുമ്പോള്‍

ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിലൊന്നായി പല പ്രമുഖരും എന്ത് കൊണ്ടായിരിക്കും പെറുവിനെ അവരുടെ പ്രവചനങ്ങളിൽ ഉൾപ്പെടുത്തിയത് ? അതിന്റെ ഉത്തരം പക്ഷേ ലളിതമല്ല

1982ന് ശേഷം ഇതാദ്യമായാണ് പെറു വീണ്ടും ലോകക്കപ്പിനെത്തുന്നത്. അതായത് നീണ്ട 36 വർഷങ്ങൾക്ക് ശേഷം. നിലവിൽ ടീമിലുള്ള ആരും ജനിച്ചിട്ടുപോലുമില്ല, അവസാനമായി പെറു ലോകക്കപ്പ് കളിച്ചപ്പോൾ. അതുകൊണ്ടാണ് പെറു യോഗ്യതക്കുള്ള പ്ളേ ഓഫ് ജയിച്ചപ്പോൾ അവിടെ ദേശീയ അവധി നൽകിയതും.

കോപ്പ അമേരിക്കയിലൂടെ പെറുവിനെയും അവരുടെ കളിക്കാരെയുമൊക്കെ പുതിയ തലമുറക്ക് സുപരിചിതമായിരിക്കും. പക്ഷെ അതേ ലാറ്റിനമേരിക്കയിൽ നിന്ന് 1982ന് ശേഷം ഇതുവരേയും അവർക്ക് ലോകക്കപ്പിന് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. ഇപ്പ്രാവശ്യം യോഗ്യതാറൗണ്ടിൽ അഞ്ചാം സ്ഥാനം നേടി പ്ളേ ഓഫിൽ ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയാണ് അവർ റഷ്യയിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്.

ന്യൂസിലാന്റിനെതിരേയുള്ള പ്ളേ ഓഫിന് തൊട്ടു മുൻപാണ് അവരുടെ ക്യാപ്റ്റൻ പൗളോ ഗുറേറോ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് വിലക്ക് വാങ്ങി പുറത്തു പോവേണ്ടി വരുന്നത്. പക്ഷെ പിന്നീടുള്ള അവരുടെ ഫുട്‌ബോൾ അസോസിയേഷന്റെ കൃത്യമായ ഇടപെടലും ലോകകപ്പിലെ സ്വന്തം ഗ്രൂപ്പിലുള്ള മറ്റു ടീമുകളുടെ ശുപാർശയും കുറച്ചു ദിവസം മുൻപ് ആ വിലക്ക് നീങ്ങാൻ കാരണമായി.

അതിശക്തരും ലോകകപ്പിലെ ഫേവറേറ്റുകളും അടങ്ങിയ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ പിടിച്ചു നിൽക്കുക എന്ന വമ്പൻ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കാൻ പെറു ചില്ലറ വിയർപ്പൊന്നുമല്ല ഒഴുക്കിയത്. വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ് അവർ ഒരു ഗോൾ വ്യത്യാസത്തിൽ കൂടുതലുള്ള ജയം നേടിയത്. എങ്ങനെയെങ്കിലും വിജയം നേടി വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കുക എന്ന അടിസ്ഥാന ത്വത്തിൽ ഊന്നിയുള്ള വളരെ പരുക്കനായ കേളി ശൈലിയാണ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനക്കാരനായ കോച് റിക്കാർഡോ ഗരേക പിന്തുടർന്നത്. അതുകൊണ്ട് തന്നെയാണ് ശക്തരായ അർജന്റീനയെ രണ്ടു പ്രാവശ്യം സമനിലയിൽ തളക്കാനും ഉറുഗ്വേയെ ഒരുതവണ തോല്പിക്കാനും സാധിച്ചത്. യോഗ്യതാ റൗണ്ടിൽ അഞ്ചു ഗോൾ വീതം നേടിയ ക്യാപ്പ്റ്റനും സെന്റർ ഫോർവേഡുമായ പൗളോ ഗുറേറോയും ഇരുപതിമൂന്നുകാരൻ മിഡ്ഫീൽഡർ എഡിസൺ ഫ്‌ളോറെസുമാണ് ടീമിന്റെ ടോപ് സ്കോറർമാർ. ഇവർ മനസ്സുവെച്ചാൽ ഏതു വമ്പന്മാരെയും കടപുഴക്കാൻ പെറുവിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല.

ഫ്രാൻസും ഡെന്മാർക്കും ഓസ്‌ട്രേലിയയുമടങ്ങിയ ശക്തമായ സി ഗ്രൂപ്പിലാണ് പെറു മത്സരത്തിനിറങ്ങുന്നത്. പ്രത്യക്ഷത്തിൽ ഒരു സാധാരണ ഗ്രൂപ്പായി തോന്നുമെങ്കിലും ഈ ടീമുകളുടെ സമീപകാല കളിമികവ് പരിശോധിച്ചാൽ ഇതൊരു മരണഗ്രൂപ് തന്നെയാണ്. കപ്പ് ഫേവരിറ്റുകളായ ഫ്രാൻസ് പോലും ഗ്രൂപ്പിൽ ഒന്നാമത്തെത്തുന്ന കാര്യം സംശയമാണ്. ഫ്രാൻസിനെയും ഡെന്മാർക്കിനെയും പോലെയുള്ള യൂറോപ്പ്യൻ ടീമുകളെ കേവലം ലാറ്റിനമേരിക്കൻ കേളി ശൈലികൊണ്ടായിരിക്കില്ല പെറു നേരിടുക. യോഗ്യതാ മത്സരങ്ങളിൽ പിന്തുടർന്ന ശക്തമായ ഫിസിക്കൽ ഗെയിം തന്നെയായിരിക്കും അവർ റഷ്യയിലും പിന്തുടരുക. ഇത് തടഞ്ഞു നിർത്താൻ സി ഗ്രൂപ്പിലെ മറ്റു ടീമുകൾ എങ്ങനെ കഴിയും എന്നതിനെയനുസരിച്ചിരിക്കും ആ ഗ്രൂപ്പിലെ പോയന്റ് നില.

റഷ്യയിൽ കളിച്ചു പരിചയമുള്ള ജെഫേഴ്‌സൻ ഫാർഫാനും ഗുറേറോയുടെ കൂടെ പെറുവിനായി ആക്രമണത്തിനിറങ്ങുമ്പോൾ ഏതു പ്രതിരോധവും ഒന്ന് ഭയക്കും. മൈതാന മധ്യത്തിലൂടെ കായികമികവുള്ള അറ്റാക്കിങ് മിഡ്ഫീല്ഡർമാരെ നിരത്തി നിർത്തി ആക്രമിക്കുന്ന 4-2-3-1 ശൈലിയാണ് യോഗ്യതാ റൗണ്ടിൽ നിന്ന് രക്ഷപ്പെടാൻ പെറുവിനെ സഹായിച്ചത്. ഈ തന്ത്രത്തിനപ്പുറം മറ്റൊന്നും കോച് റഷ്യയിലും പരീക്ഷിക്കാൻ സാധ്യതയില്ല.

1970ൽ ക്വർട്ടറിൽ കടന്നതാണ് ഇതിനുമുന്നേയുള്ള പെറുവിന്റെ മികച്ച പ്രകടനം. ഈയൊരു സാഹചര്യത്തിൽ ക്വർട്ടറിൽ എത്തുക എന്നുള്ളത് പെറുവിനെ സംബന്ധിച്ചിടത്തോളം അത്ര ദുഷ്കരമൊന്നും അല്ല.

ഇന്ന് നടക്കുന്ന സി ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഫിഫാ റാങ്കിങ്ങിൽ പന്ത്രണ്ടാമത്തുള്ള ഡെന്മാർക്കാണ് പതിനൊന്നാം റാങ്കിലുള്ള പെറുവിന്റെ എതിരാളികൾ. ഫ്രാൻസുമായുള്ള മത്സരത്തിന് മുന്നേ ആത്മവിശ്വാസം ഉയർത്താനുള്ള നല്ലൊരു ജയം തന്നെയായിരിക്കും പൗളോ ഗുറേറോയുടെ ടീം ഇന്ന് ലക്ഷ്യമാക്കുക

റിപ്പോര്‍ട്ട് – അദീബ് അഹ്സന്‍

Be the first to comment on "പ്രതീക്ഷകളുമായി പൗളോ ഗുറേറോ. 36 വര്‍ഷങ്ങള്‍ക്ക് ശേഷം പെറു ലോകകപ്പിലെത്തുമ്പോള്‍"

Leave a comment

Your email address will not be published.


*