ഷൂജാഅത് ബുഖാരിയെ അഥവാ ഒരു കാശ്‌മീരി മാധ്യമപ്രവർത്തകനെ വായിക്കുമ്പോൾ

മൃദുല ഭവാനി

കൊല്ലപ്പെട്ട റെെസിങ് കാശ്‌മീർ എഡിറ്റർ ഷൂജാഅത് ബുഖാരിയെ കവിയും ബാരാമുള്ള വിമെൻസ് കോളേജ് അധ്യാപകനും ഹെെദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥിയുമായിരുന്ന മീർ റഹ്മത് ഓർക്കുന്നത് ഇങ്ങനെ,
“I see you writing for me
I see you crying for me
I see you bleeding for me
I see you dying for me.”

കാശ്‌മീരിൽ ദിവസം തോറും ഇന്ത്യൻ സെെന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകത്തെ അറിയിക്കാൻ കാശ്‌മീരി മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചെറുതൊന്നുമല്ല, നിരന്തരം വ്യാജകേസുകളും തടവുകളും മരണവും വരെ നേരിടേണ്ടി വരുന്ന അവകാശ പ്രവർത്തകർ തന്നെയാണ് കാശ്‌മീരി മാധ്യമപ്രവർത്തകർ. ഇന്ത്യൻ ഭരണകൂടത്തിന്റെ മനസ്സാക്ഷിയെ അസ്വസ്ഥപ്പെടുത്തുന്ന ചിത്രങ്ങൾ പുറംലോകം കാണാതിരിക്കാൻ കമ്രാൻ യൂസഫ് എന്ന ഫോട്ടോ ജേർണലിസ്റ്റിനെ എൻഎെഎ അറസ്റ്റ് ചെയ്ത് ആറുമാസം തടവിൽ പാർപ്പിച്ചത് ഈയടുത്താണ്.

ഇന്ത്യൻ മാധ്യമങ്ങൾ എപ്പോഴും അധിനിവേശത്തിനൊപ്പം നിൽക്കുമ്പോൾ, കാശ്‌മീരി മാധ്യമപ്രവർത്തകർ തയ്യാറാക്കുന്ന ​ഗ്രൗണ്ട് റിപ്പോർട്ടുകൾ അധിനിവേശം കാശ്‌മീരി ജനതയ്ക്ക് മേൽ ഏൽപിക്കുന്ന മുറിവുകളെപ്പറ്റി നിരന്തരം പറയുന്നു.സെെനികന്റേത് വീരമൃത്യുവും സ്വാതന്ത്ര്യവാദിയുടേത് വിലയില്ലാത്ത മരണവും ആകുന്നു എന്നതാണ് വാർത്തയുടെ കാര്യത്തിൽ ഇന്ത്യയും കാശ്‌മീരും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം.

2016ൽ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്ന് കാശ്‌മീർ റീഡർ എന്ന പത്രത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്യുകയും കാശ്‌മീർ റീഡറിന് മാസങ്ങളോളം നിരോധനം ഏർപ്പെടുത്തുകയും ചെയ്തു ഇന്ത്യ. ഇന്ത്യയിൽ നിന്നും കാശ്‌മീർ റീഡറിന്റെ പത്രസ്വാതന്ത്ര്യത്തിന് വേണ്ടി വലിയ നിലവിളികൾ ഉയർന്നിരുന്നില്ല. എന്നാൽ ഒരു ദിവസത്തേക്ക് എൻഡിടിവിക്ക് മോദി സർക്കാർ വിലക്കേർപ്പെടുത്തിയപ്പോൾ രാജ്യമെമ്പാടുനിന്നും എെക്യദാർഢ്യം നേടി എൻഡിടിവി അതിനെ നേരിട്ടു. കാശ്‌മീർ റീഡർ, റെെസിങ് കാശ്‌മീർ തുടങ്ങി ഇന്ത്യൻ സ്റ്റേറ്റിനെ അലോസരപ്പെടുത്തുന്ന കശ്മീരി പത്രങ്ങളുടെ പ്രസ്സുകളിൽ റെയ്ഡ് നടന്നു. ഇം​ഗ്ലീഷ്, ഉർദു, കാശ്‌മീരി ഭാഷകളിലായി 70ഓളം പത്രങ്ങൾക്ക് ദിവസങ്ങളോളം വിലക്കേർപ്പെടുത്തി.

കാശ്‌മീരിലെ ഏത് മാധ്യമ സംരംഭവും നേരിടുന്ന ആദ്യ വെല്ലുവിളി അതിജീവനം ആണെന്ന് റെെസിങ് കാശ്‌മീരിന്റെ പത്താം വാർഷിക ദിനത്തിലെ എഡിറ്റോറിയലിൽ ബുഖാരി എഴുതി. ഇതിനുമുമ്പ് മൂന്നു തവണ ബുഖാരി വധഭീഷണി നേരിട്ടിട്ടുണ്ട്.

കാശ്‌മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട്, മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയും ഇന്ത്യൻ സെെന്യം നടത്തുന്ന മുസ്ലീം വംശഹത്യയെപ്പറ്റിയും എഴുതുന്ന മാധ്യമപ്രവർത്തകർ ഭരണകൂടത്താൽ കൊല്ലപ്പെടുന്നതോടൊപ്പം ഇന്ത്യൻ അധിനിവേശത്തോടൊപ്പം നിൽക്കുന്ന മാധ്യമപ്രവർത്തകരെ സ്വാതന്ത്ര്യവാദികളും കൊലപ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത മറച്ചുവെക്കാതെയായിരുന്നു ഷൂജാഅത് ബുഖാരിയുടെ ഇടപെടൽ. ഇന്ത്യയുടെ കാശ്‌മീർ നയത്തിന്റെ നിശിത വിമർശകനായിരുന്നു ബുഖാരി. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ കാശ്‌മീരിലെ സംഘർഷാവസ്ഥയുടെ പല തലങ്ങളും അവസ്ഥകളും ലോകത്തെ അറിയിക്കുന്നതിൽ ഷൂജാഅത് ബുഖാരിയുടെ എഴുത്ത് വലിയ പങ്ക് വഹിച്ചു.

അപ്രത്യക്ഷരാക്കപ്പെട്ട കാശ്‌മീരികളുടെ രക്ഷിതാക്കളുടെ സംഘടനയായ എപിഡിപി ഷൂജാഅത് ബുഖാരിയെ ഒരു സഹയാത്രികനും സുഹൃത്തും ആയി ഓർക്കുന്നു.

മാധ്യമപ്രവർത്തകർക്ക് നേരെ കാശ്‌മീരിൽ മുമ്പും ആക്രമണങ്ങളുണ്ടായിട്ടുണ്ട്, അനേകം ജേർണലിസ്റ്റുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 1990 മുതൽ 2018 വരെ 19 ജേർണലിസ്റ്റുകളാണ് കൊല്ലപ്പെട്ടത് എന്ന് കമ്മിറ്റീ റ്റു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് എന്ന സംഘടനയുടെ റിപ്പോർട്ട് പറയുന്നു. പല കേസുകളിലും കൊലപാതകത്തിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തിയിട്ടില്ല.

അന്താരാഷ്ട്ര, ഇന്ത്യൻ മാധ്യമപ്രവർത്തകരോട് ഷൂജാത് ബുഖാരിയുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്തണം എന്നും എപിഡിപി ആവശ്യപ്പെട്ടു.

കാശ്‌മീരിൽ ഇന്ത്യ നടപ്പിലാക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ വിവരിക്കുന്ന യുഎൻ പ്രത്യേക റിപ്പോർട്ട് പുറത്തിറക്കിയ ദിവസമാണ് ഷൂജാഅത് കൊല്ലപ്പെട്ടത്. ജേർണലിസ്റ്റുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കാശ്‌മീരിൽ കൂടുന്നതിനെ പറ്റിയും റിപ്പോർട്ടിലുണ്ട്. കാശ്‌മീർ റീഡർ പത്രം മൂന്നു മാസത്തോളം നിരോധിച്ചതും ബുർഹാൻ വാനിയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമർത്തിയതിനെ വിമർശനാത്മകമായി റിപ്പോർട്ട് ചെയ്തതിനാലാണ് എന്നും റിപ്പോർട്ടിലുണ്ട്.

ബുഖാരിയുടെ കൊലപാതകത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും എപിഡിപി ആവശ്യപ്പെടുന്നു എന്നും എപിഡിപിയുടെ ചെയർപേഴ്സൺ പർവീണ അഹങ്കേർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

2003ൽ കൊല്ലപ്പെട്ട പ്രാദേശിക ഭാഷാ മാധ്യമപ്രവർത്തകനായ പർവാസ് മുഹമ്മദ് സുൽത്താനെ കുറിച്ച് 2012ൽ ന്യൂസ് ലോണ്ട്രിയിൽ ബുഖാരി എഴുതിയ എൻ അൺട്രെയ്സ്ഡ് മർഡർ എന്ന ലേഖനം അദ്ദേഹത്തിന്റെ കൊലപാതകത്തിന് ശേഷം വീണ്ടും വായിക്കപ്പെടേണ്ടിയിരിക്കുന്നു. കാശ്‌മീരിൽ സത്യം പറഞ്ഞുകൊണ്ട് കാശ്‌മീരി ജനങ്ങളുടെ സ്വയം നിർണയാവകാശത്തിനൊപ്പം നിലനിന്ന് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരിൽ ഒരാളാണെന്ന ആത്മവിശ്വാസവും അത്രമാത്രം വേദനയും നിറഞ്ഞിരിക്കുന്ന എഴുത്താണത്. ലേഖനത്തിൽ നിന്നുള്ള പ്രസക്ത ഭാ​ഗങ്ങൾ വായിക്കാം.

ശ്രീന​ഗറിൽ ബുഖാരി കൊല്ലപ്പെട്ട പ്രസ് എൻക്ലേവിൽ തന്നെയായിരുന്നു പർവാസിന്റെ ന്യൂസ് ആൻഡ് ഫീച്ചർ അലയൻസിന്റെ ഓഫീസ്.

An Untraced Murder “For families of murdered Kashmiri journalists, justice is secondary to survival”

” കൊല്ലപ്പെട്ട കാശ്‌മീരി മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് നീതിയേക്കാൾ പ്രധാനം അതിജീവനമാണ്.

പിറ്റേന്നത്തെ പത്രത്തിന്റെ അവസാന ഘട്ട മിനുക്കുപണിയിൽ ആയിരിക്കെയാണ് രണ്ടുപേർ പർവാസിനെ വെടിവെച്ചുകൊന്നത്. 40ാമത്തെ വയസ്സിൽ പർവാസ് കൊല്ലപ്പെട്ടപ്പോൾ മൂന്നു മക്കളും ഭാര്യയും മാതാവും അനാഥരായി. ഭാര്യ സർക്കാർ ജോലി നേടിയെടുത്തെങ്കിലും 18 മാസങ്ങൾക്ക് ശേഷം മരണപ്പെട്ടു.

മുമ്പ് ഉർദു പത്രമായ അൽ സഫ, ഉർദു വീക്ക്ലി ചത്താൻ എന്നിവിടങ്ങളിലും കോൺ​ഗ്രസ് മുഖപത്രമായ ഖ്വാമി ആവാസിലും ജോലി ചെയ്ത പർവാസ് 2000ലാണ് സ്വന്തം പത്രം തുടങ്ങിയത്. പർവാസിന്റെ കൊലപാതകത്തിന്റെ ഉദ്ദേശ്യം ഇപ്പോഴും നി​ഗൂഢതയായി തുടരുന്നു. തിരിച്ചറിയപ്പെടാത്ത തോക്കുധാരികൾ നടത്തിയ നൂറിലേറെ കൊലപാതകങ്ങളുടെ കൂട്ടത്തിൽ പർവാസിന്റെ കൊലപാതകവും ചേർന്നു. പല കാരണങ്ങളാണ് പർവാസിന്റെ കൊലപാതകത്തിന് കാരണമായി കണക്കുകൂട്ടുന്നത്. ഒരു പ്രധാന തീവ്രവാദ സംഘടനയുടെ വിഭാ​ഗീയതയ്ക്കിടയിൽ പെട്ടു, രണ്ട് വ്യത്യസ്ത ​ഗ്രൂപ്പുകളിൽ ഒന്നിനാൽ ഉപയോ​ഗിക്കപ്പെട്ട ശേഷം മറ്റേ ​ഗ്രൂപ്പിനാൽ കൊല്ലപ്പെട്ടു. മുമ്പ് ജാവേദ് ഷാ എന്ന തീവ്രവാദ വിരുദ്ധ നേതാവിന്റെ പത്രത്തിൽ ജോലി ചെയ്തതിലുള്ള പക തീർക്കാൻ.

വിരോധാഭാസം ഇങ്ങനെ, ജേണലിസ്റ്റുകൾക്കോ അവരുടെ കുടുംബത്തിനോ വേണ്ടി ക്ഷേമപദ്ധതികളൊന്നുമില്ല കാശ്‌മീരിൽ. ഇത്തരം ജേർണലിസ്റ്റുകളുടെ കുടുംബങ്ങളെ മറ്റു ജേർണലിസ്റ്റുകൾ ശ്രദ്ധിക്കാറുമില്ല.

സംഘർഷത്തിന്റെ കഴിഞ്ഞ 21 വർഷങ്ങളിൽ കാശ്‌മീരിലെ ജേർണലിസ്റ്റുകൾ കടുത്ത പ്രതിസന്ധികൾ നേരിടുന്നു. ചെറിയ കൂട്ടായ്മയാണെങ്കിലും 11 ജേർണലിസ്റ്റുകൾ സത്യത്തിന് ജീവന്റെ വിലകൊടുത്തു. അവരുടെ അതിർ കടന്നതിന് ഭരണകൂടവും ഭരണകൂടം അല്ലാത്തവരും ബുള്ളറ്റുകൾ കൊണ്ട് അവരുടെ ജീവനെടുത്തു. ഇരുഭാ​ഗത്തുനിന്നും ജേർണലിസ്റ്റുകൾ അറസ്റ്റ് ചെയ്യപ്പെട്ടു, അപഹസിക്കപ്പെട്ടു, തട്ടിക്കൊണ്ടുപോകപ്പെട്ടു. 30 വർഷമായി കശ്മീർ റിപ്പോർട്ട് ചെയ്ത യൂസഫ് ജമീല എന്ന മാധ്യമപ്രവർത്തകന് ഒരു ഭരണകൂട അനുകൂല തീവ്രവാദ ​ഗ്രൂപ്പ് പാഴ്സൽ ബോംബ് അയച്ചു. യൂസഫ് ജമീല കൊലപാതകശ്രമത്തെ അതിജീവിച്ചെങ്കിലും സഹപ്രവർത്തകനും എഎൻഎെ ഫോട്ടോ​ഗ്രാഫറും ആയ മുഷ്താഖ് അലി കൊല്ലപ്പെട്ടു. ഒരു പ്രൊഫഷണൽ വിസിറ്റിന് ശ്രീന​ഗറിലെത്തിയ ഹിന്ദുസ്ഥാൻ ടെെംസിന്റെ പ്രദീപ് ഭാട്ടിയ ഒരു സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 2000 ഓ​ഗസ്റ്റിൽ ഒരു കാർ ബോംബ് സ്ഫോടനം കവർ ചെയ്യാനെത്തിയതായിരുന്നു ഭാട്ടിയ. ​ഗുലാം മുഹമ്മദ് ലോൺ, മൊഹമ്മദ് സിദ്ദിഖ് ഷോളൂരി എന്നിവരെയും നമ്മൾ ഓർക്കുന്നു. സുരക്ഷാ സെെന്യമാണ് അവരെ കൊന്നത് എന്ന് ആരോപണമുണ്ട്. ലോൺ 1990ൽ സെെന്യത്തിന്റെ കസ്റ്റഡിയിൽ നിന്നും തിരിച്ചെത്തിയില്ല. അവരുടെ കുടുംബങ്ങൾ ഈ മുറിവുകളിൽ നിന്ന് മോചിക്കപ്പെട്ടിട്ടില്ല. നിർഭാ​ഗ്യവശാൽ, ജേർണലിസ്റ്റ് കൂട്ടായ്മയ്ക്കകത്ത് ഈ ഇരകളുടെ കുടുംബങ്ങളെ സഹായിക്കാനുള്ള സംവിധാനമില്ല. പ്രാദേശിക മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഒരു തരത്തിലുള്ള ഇൻഷുറൻസുമില്ല. കഴിഞ്ഞ 20 വർഷം കൊണ്ട് ഒരുപാട് വളർന്നെങ്കിലും ഒരു പൂർണതയുള്ള സംവിധാനമായി മാറാൻ കശ്മീരിലെ ജേർണലിസത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തീവ്രവാദികളാൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ‍ക്ക് കൊടുക്കുന്ന നഷ്ടപരിഹാരത്തുക അല്ലാതെ മറ്റൊന്നും സർക്കാരിന്റെ ഭാ​ഗത്തുനിന്നും ലഭിക്കുന്നില്ല. ഈ ഇരകൾ നിരപരാധികളാണ് എന്ന് തെളിയിക്കാനുള്ള നി​ഗമനത്തിലെത്താൻ യാതൊരു അന്വേഷണവും പൂർത്തിയാക്കാറില്ല. ഇര നിരപരാധിയാണ് എന്ന് തെളിയിക്കപ്പെടാതെ ബന്ധുക്കൾക്ക് ​ഗവണ്മെന്റിന്റെ ഭാ​ഗത്ത് നിന്നും സഹായവും ലഭിക്കില്ല. എന്നാൽ, ഇത്തരത്തിലുള്ള പല കേസുകളിലും കുറ്റവാളികൾ ഭരണസംവിധാനത്തിൽ നിന്നു തന്നെ. അതിനാൽ ഇരകൾക്ക് ക്ലീൻ ചിറ്റ് നൽകൽ അസാധ്യമാണ്.”

ബുർഹാൻ വാനി കൊല്ലപ്പെട്ട ശേഷമുണ്ടായ പ്രതിഷേധം നീതിപൂർവ്വം റിപ്പോർട്ട് ചെയ്ത എല്ലാ പ്രസിദ്ധികരണങ്ങളും വിലക്ക് നേരിട്ടു. ഈ ന്യൂസ് ബ്ലാക്ക് ഔട്ട് തന്നെ എന്തുകൊണ്ട് ഞെട്ടിച്ചില്ല എന്ന് ഷുജാഅത് ബുഖാരി ബിബിസിയിലെഴുതിയ എന്റെ കശ്മീർ പത്രം അടച്ചുപൂട്ടപ്പെട്ടപ്പോൾ എനിക്ക് ഞെട്ടലുണ്ടായില്ല എന്ന (2016 ജൂലെെ 18) ബിബിസി ലേഖനത്തിൽ വിശദമാക്കുന്നുണ്ട്.

“ഇന്ത്യൻ ഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അതിതീവ്രമായപ്പോൾ 2008ലും 2010ലും അധികാരികൾ പത്പ്രസിദ്ധീകരണം നിർത്തിവെക്കാൻ ബലം പ്രയോ​ഗിച്ചു. 2013ൽ അഫ്സൽ ​ഗുരുവിനെ തൂക്കിക്കൊന്നപ്പോൾ പത്രക്കെട്ടുകൾ പ്രസ്സിൽ നിന്നും സ്റ്റാൻഡുകളിൽ നിന്നും കണ്ടുകെട്ടി. നാലു ദിവസം എന്റെ പത്രം അച്ചടിച്ചില്ല. 2010ലെ പ്രക്ഷോഭ കാലത്ത് 10 ദിവസത്തോളം പത്രം അച്ചടിക്കാൻ കഴിഞ്ഞില്ല.

ഇത്തവണ 40 ലേറെ പേർ കൊല്ലപ്പെട്ടിരിക്കുന്നു. 1,800ഓളം പേർക്ക് പരിക്കേറ്റു, കർഫ്യൂ നിലവിലുണ്ട്,മൊബെെൽ, ഇന്റർനെറ്റ് സൗകര്യങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇൻഫർമേഷൻ ബ്ലോക്ക് ചെയ്യൽ തന്ത്രം 2010ലും സ്റ്റേറ്റ് നടപ്പിലാക്കിയിരുന്നു. സർക്കാര‍് നിയന്ത്രിത സർവ്വീസ് പ്രൊവെെഡർമാർ ഒഴികെയുള്ള മൊബെെൽ സേവന ദാതാക്കളും നിയന്ത്രണത്തിലാണ്. കേബിൾ ടിവി ഇല്ല. ഇം​ഗ്ലീഷ്, ഉർ‍ദ്ദു, കാശ്‌മീരി ഭാഷകളിലെ 70ഓളം പത്രങ്ങളുടെ പ്രസിദ്ധീകരണം നിർത്തിവെക്കാൻ ഔദ്യോ​ഗിക അറിയിപ്പുണ്ട്. ചുരുക്കം ചില ബ്രോഡ്ബാൻഡ് കണക്ഷനുകളാണ് പുറംലോകവുമായി ബന്ധം സൂക്ഷിക്കാൻ നമ്മളെ സഹായിക്കുന്നത്. നമുക്ക് ഈ നിയന്ത്രണങ്ങൾ ഒന്നും പുതിയതല്ല. 1990ൽ സായുധപോരാട്ടം പൊട്ടിപ്പുറപ്പെട്ടതോടെ മീഡിയ ഒരു ബ്ലേഡിന്റെ മൂർച്ചയിൽക്കൂടി എന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്, ലോകത്തിലെ ഏറ്റവും ഭീകരമായി മിലിട്ടറെെസ് ചെയ്യപ്പെട്ട ഭൂപ്രദേശമാണ് കാശ്‌മീർ.

1990 മുതൽ 13 ജേർണലിസ്റ്റുകൾ കൊല്ലപ്പെട്ടു. ജീവന് ഭീഷണി, ഭയപ്പെടുത്തൽ, ആക്രമണം, അറസ്റ്റ്, സെൻസർഷിപ്പ് എന്നിവ ഒരു ലോക്കൽ ജേർണലിസ്റ്റിന്റെ ജീവിതത്തിന്റെ തന്നെ ഭാ​ഗമായി. സുരക്ഷാസെെന്യവും വിഘടനവാദികളും ഒരുപോലെ ജേർണലിസ്റ്റുകളെ ലക്ഷ്യമിട്ടു. പല പ്രസിദ്ധീകരണങ്ങൾക്കും സർക്കാർ പരസ്യങ്ങൾ നിഷേധിച്ചു, ചെറിയ പത്രങ്ങളുടെ പ്രധാന വരുമാന മാർ​ഗം അതായിരിക്കെ ഒരു പ്രാദേശിക ജേർണലിസ്റ്റ് സുരക്ഷാ സെെന്യത്തിന്റെ അതിക്രമം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ആ ജേർണലിസ്റ്റ് ദേശദ്രോഹിയായി മുദ്രകുത്തപ്പെടാൻ സാധ്യതയുണ്ട്. തീവ്രവാദികൾ അല്ലെങ്കിൽ വിഘടനവാദികൾ ചെയ്യുന്ന എന്തെങ്കിലും തെറ്റ് ചൂണ്ടിക്കാട്ടിയാൽ അയാളെ സ്വാതന്ത്ര്യ മുന്നേറ്റത്തിന് തടസ്സം നിൽക്കുന്നയാളായും ഭരണകൂടത്തോട് ചേർന്നു പ്രവർത്തിക്കുന്നയാളായും ചിത്രീകരിക്കും. ജനാധിപത്യ വ്യവസ്ഥിതിയിൽ മീഡിയ ശത്രുവായി കണക്കാക്കപ്പെടരുത്. മീഡിയയെ അടിച്ചമർത്തുന്നത് വളരെ കാലമായി കശ്മീരിൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സഹായിക്കുകയില്ല.”

ഇന്ത്യയുടെ പ്രെെംടെെം പ്രൊപ​ഗാൻഡ

കാശ്‌മീരി ജനതയെ ശത്രുപക്ഷത്ത് നിർത്തുന്നതിലും തങ്ങളുടെ അധിനിവേശ അടിമകളായി തന്നെ ചവിട്ടിപ്പിടിക്കാൻ ഇന്ത്യൻ ജനതയെ പ്രേരിപ്പിക്കുന്നതിലും ഇന്ത്യൻ മാധ്യമങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് കഴിഞ്ഞ വർഷം ജൂൺ 16ന് ഷൂജാഅത് ‘പ്രെെം ടെെം പ്രൊപ​ഗാൻഡ’ എന്ന ലേഖനം എഴുതി. ഒരു ശരാശരി കശ്മീരിയെ അമ്പരപ്പിക്കുന്ന അത്രയും വിഷമാണ് പ്രെെംടെെം സ്റ്റുഡിയോകളിൽ തങ്ങൾക്കെതിരെ പ്രവഹിക്കുന്നതായി അവർ കാണുന്നത് എന്ന് ബുഖാരി എഴുതി. വ്യാജപ്രചരണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ് കാശ്‌മീർ. കാശ്‌മീരികളെ ചുവരിലൊട്ടിക്കാനുള്ള ലെെസൻസ് ഇന്ത്യൻ മാധ്യമങ്ങൾക്ക് ഭരണകൂടം നൽകുമ്പോൾ ഭരണകൂടം ഒരു പാർട്ടി മാത്രം ആകുന്നു. എന്നു മാത്രമല്ല ഇത്തരം ചാനലുകൾ മാധ്യമപ്രവർത്തനം എന്ന തൊഴിലിനെ തന്നെ നാണംകെടുത്തുകയും ചെയ്യുന്നു. കശ്മീരികൾ നമ്മുടേതാണെന്നും ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാ​ഗമാണെന്നുമുള്ള ആവർത്തിത സിദ്ധാന്തം ഈ ചാനലുകൾ പ്രചരിപ്പിക്കുന്നു, ബുഖാരി എഴുതി. മേജർമാരും കേണൽമാരും കേന്ദ്രമന്ത്രിമാരും പാനൽ ചർച്ചകളിൽ കാശ്‌മീരികളെ വംശീയമായി അധിക്ഷേപിക്കുന്നതിനെതിരെ ശക്തമായ പ്രതികരണമാണ് ഈ ലേഖനം.

Be the first to comment on "ഷൂജാഅത് ബുഖാരിയെ അഥവാ ഒരു കാശ്‌മീരി മാധ്യമപ്രവർത്തകനെ വായിക്കുമ്പോൾ"

Leave a comment

Your email address will not be published.


*