ജിംബൂംബാ സെനഗൽ…

ഫഹദ് മർസൂഖ്

സെനഗൽ…

2002 മെയ് 31 വരെ ലോക ഫുട്ബാൾ ഭൂപടത്തിൽ ഇടമില്ലാതിരുന്നൊരു രാജ്യമായിരുന്നു… പക്ഷെ ചരിത്രത്തിലാദ്യമായി ഏഷ്യയിൽ വിരുന്നെത്തിയ 2002 ലോകകപ്പിൽ ദക്ഷിണ കൊറിയയിലെ സിയോളിൽ സെനഗൽ വരവറിയിച്ചു… ചില്ലറ എൻട്രിയൊന്നുമായിരുന്നില്ല… കൊലമാസ്സ് എൻട്രി..

4 നൂറ്റാണ്ടുകാലം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനഗലിനെ കോളനിയാക്കി വെച്ചിരുന്ന ഫ്രാൻസായിരുന്നു എതിരാളി.. ഇന്നത്തെ ഫ്രാൻസല്ല… 1998 ലെ ലോകകപ്പും 2000 ലെ യൂറോകപ്പും 2001 ലെ കോൺഫെഡറെഷൻ കപ്പും നേടിയ ഫ്രഞ്ച് ഫുട്ബാളിന്റെ ഏറ്റവും മനോഹരമായ സുവർണകാലം.. ‘സൈനുദ്ധീൻ’ സിദാന്റെ ഫ്രഞ്ച് പട.. പതിനാറാം നൂറ്റാണ്ടിൽ തുടങ്ങി 1960 വരെ നീണ്ടുനിന്ന അടിച്ചമർത്തലിന്റെ ചരിത്രത്തോട് കണക്കു തീർക്കാൻ കിട്ടിയ അവസരം സെനഗലിന്റെ കളിക്കാർ നഷ്ടമാക്കിയില്ല… സിയോളിൽ അന്ത്യവിസിൽ വിളിക്കുമ്പോൾ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് മറുപടിയില്ലാത്ത ഒരു ഗോളിന് അവരുടെ കോളനിയായിരുന്ന സെനഗലിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു…

ഫുട്ബാൾ ലോകമാകെ ഞെട്ടി.. അത് വരെ കേട്ടുകേൾവി പോലുമില്ലാത്ത ആ രാജ്യത്തെ ലോകം തിരഞ്ഞു.. അന്ന് വരെ ആഘോഷിക്കപ്പെടാത്ത അവരുടെ ചരിത്രം ഒരുപക്ഷെ ലോകം മുഴുവൻ ആഘോഷിച്ചു.. കഴിഞ്ഞ ദിവസങ്ങളിൽ ജർമനിയുടെ തോൽവിയും അർജന്റീനയുടെയും ബ്രസീലിന്റെയും സമനിലയുമൊക്കെ ഫുട്ബാൾ ലോകം ഞെട്ടിയതിനേക്കാൾ എത്രയോ മടങ്ങായിരിക്കണം അന്ന് സെനഗലുകാർ സമ്മാനിച്ച അമ്പരപ്പ്..

അവിടം കൊണ്ടും തീർന്നില്ല.. ആ പടയോട്ടം പിന്നേയും തുടർന്നു.. അക്കാലത്തെ മികച്ച യൂറോപ്പ്യൻ ടീമുകളിൽ ഒന്നായിരുന്ന ഡെന്മാർക്കിനോട് 1-1 സമനില.. uruguay ക്കെതിരെ 3-3 സമനില… ഗ്രൂപ്പിൽ ഫ്രാൻസ് പുറത്ത് സെനഗൽ പ്രീക്വാർട്ടറിൽ… പ്രീ ക്വാർട്ടറിൽ ഹെൻറിക് ലാർസെന്റെ സ്വീഡനെ 2-1 തകർത്ത് ക്വാർട്ടറിലേക്ക്.. അവിടെയും പോരാടി ഒടുക്കം എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ തുർക്കിയോട് ഗോൾഡൻ ഗോൾ വഴങ്ങിയാണ് സെനഗൽ തിരിച്ചു പോന്നത്… ഈ കളികളൊന്നും പ്രതിരോധത്തിൻറെ വിരസത തീർത്തവയായിരുന്നില്ല.. ആക്രമണ ഫുട്ബാളിന്റെ അദ്‌ഭുതകരമായ മനോഹാരിത സമ്മാനിച്ച അൽ ഹാജി ദിയൂഫും പാപ ബോബെ ദിയൊപ്പുമെല്ലാമുണ്ടായിരുന്ന സെനഗലായിരുന്നു 2002 ലെ യഥാർത്ഥ ടീം..

കൊറിയയിൽ നിന്ന് മടങ്ങിയ ശേഷം നീണ്ട 16 വർഷത്തെ കാത്തിരുപ്പ് വേണ്ടി വന്നു സെനഗലിന് ഒരു ലോകകപ്പിന് യോഗ്യത നേടാൻ.. ഒടുവിൽ അവർ റഷ്യയിലെത്തുകയാണ്.. ലിവർപൂളിൽ കളിക്കുന്ന സാദിയോ മാനേ എന്ന പോരാളിയാണ് അറിയപ്പെടുന്ന താരം.. അലിയോ സിസ്സേയുടെ ശിക്ഷണത്തിലാണ് ടീമിറങ്ങുന്നത്.. സിസ്സേയായിരുന്നു 2002 ലെ അദ്‌ഭുത ടീമിൻറെ കാപ്റ്റൻ…

ജീവിതത്തിൽ ആദ്യമായി കണ്ട അന്താരാഷ്ട്ര ഫുട്ബാൾ മത്സരമായിരുന്നു 2002 ലെ സെനഗൽ-ഫ്രാൻസ് ചരിത്ര മത്സരം… പത്ര വായന തുടങ്ങിയ അക്കാലത്ത് മാധ്യമവും ചന്ദ്രികയുമൊക്കെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച, നാട്ടിലെ പ്രധാന കളിയാസ്വാദകരുടെയൊക്കെയൊക്കെ കൺകണ്ട ഫുട്ബാൾ ദൈവവുമായിരുന്ന ‘സൈനുദ്ധീൻ’ സിദാന്റെ ആരാധകരുടെ നടുവിലിരുന്ന് കണ്ട ആ കളിയിൽ സിദാൻ കളിച്ചില്ലെങ്കിലും കൂടെ കളികണ്ടവരിൽ ചിലരൊക്കെ കരഞ്ഞു പോയിരുന്നു.. അന്ന് ഇഷ്ട്പ്പെടാൻ സാധിക്കാത്ത വിധം ഫ്രാന്സുകാരെ കരയിപ്പിച്ച സെനഗലാണ് ഇത്തവണത്തെ എൻറെ പ്രിയ്യപ്പെട്ട ടീം (എക്കാലവും ഇഷ്ടപ്പെട്ട കളിക്കാരൻ മെസ്സിയാണ്.. എന്ന് കരുതി അർജന്റീനയെ പിന്തുണക്കൽ ബാധ്യത ഏറ്റെടുക്കാൻ പറ്റില്ല.. മെസ്സി കളിച്ചു കപ്പ് നേടുന്നെങ്കിൽ നേടട്ടെ.. ഇനിയതില്ലേലും എൻറെ കാലത്തെ ഏറ്റവും ബെസ്റ്റ് ഫുട്ബാളർ ലയണൽ മെസ്സിയാണ് എന്നാണ് എൻറെ വിലയിരുത്തൽ.. )

ഓരോ ചരിത്രവും ചില പടയോട്ടങ്ങൾക്ക് വഴി മാറി കൊടുക്കേണ്ടി വരും.. ആദ്യമായി ലോകകപ്പ് എന്നെങ്കിലും ആഫ്രിക്കയിൽ എത്തിയേ തീരൂ.. അതീ തവണ സെനഗൽ വഴിയാകട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുന്നു.. ചിലപ്പോ അത്യാഗ്രഹമായിരിക്കും.. എന്നാലും ഒരു കാര്യത്തിൽ പ്രതീക്ഷയുണ്ട്.. ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടേയും ഉദ്വേഗജനകമായ ഫുട്ബാൾ ആഫ്രിക്കൻ മുത്തുകളുടെ ബൂട്ടുകളിൽ നിന്ന് പിറക്കും…

ഇന്ന് രാത്രി ലെവെൻഡോസ്‌കിയുടെയും ഫാബിയാൻസ്കിയുടേയും ചെച്‌നിയുടേയും പിന്നനേകം ഇസ്കിമാരുടേയും കരുത്തരായ ടീമായ പോളണ്ടിനോടാണ് ആദ്യത്തെ മത്സരം.. പോളണ്ടായത് കൊണ്ട് ഞാനൊന്നും പറയുന്നില്ല..

സെനഗലിന്റെ മുദ്രാവാക്യം അറിയാത്തത് കൊണ്ടും സെനഗലിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത് മായാജാലമായത് കൊണ്ടും ഞാനവർക്കൊരു മുദ്രാവാക്യമിടുന്നു..

ജിംബൂംബാ സെനഗൽ…

അപ്പൊ ബാക്കി ഗ്രൗണ്ടിൽ കാണാം…

Be the first to comment on "ജിംബൂംബാ സെനഗൽ…"

Leave a comment

Your email address will not be published.


*