കൊല്ലുന്ന നാട്. ജാർഖണ്ഡിലും യൂപിയിലുമായി 2 മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന് ജനക്കൂട്ടം

രാജ്യത്ത് വീണ്ടും ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം ഹത്യകൾ . കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജാർഖണ്ഡിലും യൂപിയിലുമായി 2 മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നിരിക്കുകയാണ് സംഘ് ഭീകരർ.

കാസിം (38 ) – ഉത്തർപ്രദേശ്

ഉത്തര്‍പ്രദേശിലെ ഹാപൂരിലെ പിലഖുവയില്‍ തിങ്കളാഴ്ചയാണ് അക്രമം നടന്നത്. പശുക്കടത്തുകാരെന്ന് ആരോപിച്ച് 38 കാരനായ കാസിമിനെ ജനക്കൂട്ടം തല്ലിക്കൊന്നു. കൂടെയുണ്ടായിരുന്ന അറുപത്തഞ്ച് വയസ്സുകാരനായ സമീഉദ്ധീന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു

മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

‘ഞങ്ങള്‍ രണ്ടു മിനുട്ടിനുള്ളില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആ പശുവിനെ അറുത്തു കൊല്ലുമായിരുന്നുവെന്നും, ഇവര്‍ കശാപ്പുകാരനാണെന്നും കാലികളെ കൊല്ലുന്നതെന്തിനാണെന്ന് ചോദിക്കണമെന്നുമുള്ള പ്രതികളുടെ ഭാഗത്തുനിന്നുള്ള ആക്രോശങ്ങള്‍ വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

മർദ്ദിച്ചു ഒരു കിലോമീറ്ററോളം ഇരുവരെയും അടുത്തുള്ള ക്ഷേത്രകെട്ടിടത്തിന്റെ അടുത്തേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്ന് സമീഉദ്ധീന്റെ സഹോദരൻ യാസീൻ പറയുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട് ചെയ്യുന്നു.

രണ്ടുപേരുടെ വാഹനം അവിടെയുണ്ടായിരുന്ന ഒരാളുടെ വാഹനവുമായി കൂട്ടിയിടിക്കുകയും ഇതേതുടര്‍ന്ന് അടിപിടിയുണ്ടാവുകയും അവര്‍ ആക്രമിക്കപ്പെടുകയും ഒരു വ്യക്തി മരിക്കുകയും ചെയ്തു എന്നാണ് യു.പി പൊലീസിന്റെ എഫ്.ഐ.ആറിലുള്ളത്

2015 ൽ അതിതീവ്രഹിന്ദുത്വസംഘം ഭീകരമായി തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്റെ ദാദ്രിയിലെ വീട്ടിൽ നിന്നും 10 കിലോമീറ്റർ അകലെ മാത്രമാണ് സംഭവം നടന്ന സ്ഥലം.

തൗഹീദ് അൻസാരി ( 45 ) – ജാർഖണ്ഡ്

കഴിഞ്ഞ ആഴ്ച്ച പശുവിന്റെ പേരിൽ രണ്ട് മുസ്‌ലിം യുവാക്കളെ ക്രൂരമായി സംഘം ചേർന്ന് തല്ലിക്കൊന്ന നാടാണ് ജാർഖണ്ഡ്. കഴിഞ്ഞ ദിവസവും ജാർഖണ്ഡിൽ അരങ്ങേറിയത് അത് തന്നെ.

മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 45 കാരനായ തൗഹീദ് അൻസാരിയുടെ സൈക്കിൾ ഡിക്കിയിൽ നിന്നും മാംസത്തിന്റെ പൊതി നിലത്തേക്ക് വീണതായിരുന്നു കൊല്ലപ്പെടാനും ആൾക്കൂട്ടത്താൽ ഭീകരമർദ്ദനമേൽക്കാനും കാരണം.

സൈക്കിളിൽ നിന്നും വീണത് ജാർഖണ്ഡിൽ നിരോധിക്കപ്പെട്ട ബീഫ് ആണോ എന്ന് തിരിച്ചറിയാൻ വേണ്ടി മാംസം ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് അധികൃതർ.

“ഭീകരമായ കൊലപാതകം തന്നെയാണിത്. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചേ മതിയാവൂ ” തൗഹീദിന്റെ സഹോദരൻ നൗഷാദ് ആലം അൻസാരി പറയുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment on "കൊല്ലുന്ന നാട്. ജാർഖണ്ഡിലും യൂപിയിലുമായി 2 മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന് ജനക്കൂട്ടം"

Leave a comment

Your email address will not be published.


*