ലോകകപ്പ് 2018: അപ്രതീക്ഷിതകളുടെ സെനഗൽ പാരമ്പര്യം

ഒമർ ബാ

ആഫ്രിക്ക എന്നത് ഒരൊറ്റ രാജ്യമായിരുന്നെങ്കിൽ, അതിന്റെ ചരിത്രവും അതിന്റെ വിരിമാറിൽ ഒളിഞ്ഞു കിടക്കുന്ന കാൽപനിക കഥകളും മനോഹരമായ ലോകകപ്പ് ഫുട്ബോളിന്റെ കോരിത്തരിപ്പിക്കുന്ന നിമിഷങ്ങളിലൂടെ വിശദീകരിക്കാമായിരുന്നു. അത്ര ചെറുപ്പമല്ലാത്ത ഏതൊരു ആഫ്രിക്കക്കാരനോടും അവന്റെ ലോകകപ്പ് ഓർമകളെ കുറിച്ച് നിങ്ങൾ ചോദിച്ചു നോക്കൂ.. അവൻ ആദ്യമായി നിങ്ങളോട് പറയുക 1982ൽ അൾജീരിയ ശക്തരായ വെസ്റ്റ് ജർമനിയെ തോൽപിച്ചതിനെ കുറിച്ചായിരിക്കും. അന്ന് കളിയുടെ തൊട്ടു മുമ്പ് നടന്ന വാർത്താ സമ്മേളനത്തിൽ ഒരു ജർമൻ കളിക്കാരൻ കളിയാക്കിക്കൊണ്ട് പറഞ്ഞു : “ഏഴാമത്തെ ഗോൾ ഞങ്ങൾ ഞങ്ങളുടെ ഭാര്യമാർക്ക് സമർപ്പിക്കും, ഏട്ടാമത്തെ ഗോൾ ഞങ്ങളുടെ പട്ടികൾക്കും “. എന്നാൽ അൾജീരിയൻ ടീമിന്റെ ചരിത്രം ആ വിവരദോഷിക്ക് ആരും പറഞ്ഞു കൊടുത്തു കാണില്ല . 1958ലെ അൾജീരിയൻ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ പോരാട്ടത്തിലെ പതാക വാഹകർ ആയിരുന്നു അവർ.

ആഫ്രിക്കൻ ജനതയുടെ ഓർമയിൽ തങ്ങി നിൽക്കുന്ന മറ്റൊരു സുപ്രധാന നിമിഷം 1990ലെ ലോകകപ്പ് തുടക്ക മത്സരത്തിൽ ഡീഗോ മറഡോണയുടെ അർജന്റീനയ്ക്ക് ആഫ്രിക്കൻ രാജ്യമായ കാമറൂൺ കനത്ത തോൽവി സമ്മാനിച്ചതായിരുന്നു. 38കാരനായ മുൻനിര കളിക്കാരൻ റോജർ മില്ല്യയോടൊപ്പം നൃത്തം ചെയ്തായിരുന്നു ആഫ്രിക്ക അന്ന് അത് ആഘോഷിച്ചത്. റൊമാനിയക്കെതിരെ അദ്ദേഹം അടിച്ച രണ്ടു ഗോളുകൾക്ക് ശേഷവും ആ ആനന്ദ നൃത്തം ആവർത്തിച്ചു. മില്ല്യ പിന്നീട് കൊളംബിയക്കെതിരെയും എക്സ്ട്രാ ടൈമിൽ രണ്ടു തവണ വെടി പൊട്ടിച്ച് കാമറൂണിനെ ക്വാർട്ടർ ഫൈനലിൽ വരെ എത്തിച്ചു.

പിന്നീട് സെനഗലിന്റെ ഊഴമായിരുന്നു. 2002ൽ ജപ്പാനിലും സൗത്ത് കൊറിയയിലും വെച്ച് നടന്ന ലോകകപ്പിൽ അവർ വടക്കൻപാട്ട് പാടി. 2002 മെയ്‌ 31ന് സ്യൂളിൽ നടന്ന അരങ്ങേറ്റ മത്സരത്തിൽ ഫ്രാൻസിനെ സെനഗൽ തലകുനിപ്പിച്ചു. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ ലോകകപ്പ് ഫുട്ബോളിന് ആദ്യമായി വന്ന സെനഗൽ തകർക്കുന്നത് ലോകം മുഴുക്കെ കണ്ടു.

സോക്കറിന്റെ സൗന്ദര്യം പ്രതീക്ഷകളെ തകിടം മറിക്കാനുള്ള അതിന്റെ കഴിവാണ്. ഉറൂഗൻ എഴുത്തുകാരനും ഫുട്ബോൾ ഫിലോസഫറും ആയ എഡ്‌വേർഡോ ഗലീനോ പറഞ്ഞതു പോലെ “സോക്കർ പ്രവചനാതീതതയുടെ കലയായി (art of the unforeseeable) തുടരുന്നു”. സ്യൂളിൽ തെളിയിക്കപ്പെട്ടത് അതായിരുന്നു. ചരിത്രത്തിന്റെ താളുകളിൽ സുവർണ്ണ ലിപികളാൽ സെനഗൽ ആ കളി എഴുതി ചേർത്തു. അവർ അതിനു തയ്യാറെടുത്തു തന്നെയായിരുന്നു അന്ന് കളിക്ക് ഇറങ്ങിയത്. കളിയുടെ ആദ്യ പാദത്തിൽ ബൗബ ഡിയോപ് നേടിയ ഗോളിന്റെ മുൻ‌തൂക്കം മാതൃരാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി ജീവൻ മരണ പോരാട്ടത്തിലൂടെ അവർ പ്രതിരോധിച്ചു സംരക്ഷിച്ചു. അങ്ങനെ 1 – 0ന് അവർ വിജയം കണ്ടു.

കളികളുടെ ലോകത്ത്, ഫിഫ വേൾഡ് കപ്പ്‌ പലതരത്തിൽ കൊളോണിയലിസത്തിന്റെ ചരിത്രവും ആനുകാലിക ആഗോള അസമത്വവും അടിച്ചമർത്തുന്ന മുതലാളിത്തവും ചൂഷണവും അഴിമതിയും ഓർമപ്പെടുത്തുന്നതാണ്. സോക്കർ സ്റ്റേഡിയങ്ങൾ പലപ്പോഴും ദേശീയതയുടെ കൊട്ടിഘോഷങ്ങളും രാജ്യസ്നേഹ തർക്കങ്ങളും വംശീയാധിക്ഷേപത്താൽ വലിച്ചെറിഞ്ഞ പഴത്തൊലികളാലും കുരങ്ങു ശബ്ദങ്ങളാലും നിറഞ്ഞ ഇടങ്ങളാണ്. സിദാനെ മാതൃകയാക്കി ഫ്രഞ്ച് ദേശീയഗാനമായ മർസെല്ലെയ്‌സ് (Marseillaise) ആലപിക്കാൻ തയ്യാറാവാത്ത അൾജീരിയൻ വംശജനായ കരീം ബെൻസേമക്കെതിരെ വംശീയ വിദ്വേഷം കാണിക്കാൻ ഫ്രഞ്ച് ആരാധകർക്ക് യാതൊരു സങ്കോചവും ഉണ്ടാവാറില്ല . കളികളിൽ, പ്രത്യേകിച്ച് കളി ആരാധകർക്കിടയിൽ വംശീയത സർവ്വ സാധാരണമാണ്. അത് മുഹമ്മദലിയോടും കോളിൻ കാപ്പർനിക്കിനോടും ആരാധനയായും വെറുപ്പായും പലതരത്തിൽ പുറത്തേക്കു വരുന്നു. എന്നാൽ ചിലപ്പോൾ ഇതിന്നപവാദമായി ലോകകപ്പ് സ്റ്റേഡിയങ്ങൾ 2002ൽ സൂളിലേതു പോലെ പുതിയ മാനങ്ങളും സന്തോഷങ്ങളും സമ്മാനിക്കുന്നു.

ഫ്രാൻസിനെതിരെയുള്ള കേളികേട്ട വിജയത്തിന് ശേഷം സെനഗൽ തലസ്ഥാനമായ ഡാകാർ തെരുവിലേക്ക് ജനമൊഴുകി. നഗരത്തിലെ Place de l’independence സ്‌ക്വയറിൽ രാജ്യത്തിന്റെ പ്രസിഡന്റ്‌ അബ്ദുല്ല വാദേ ആഘോഷത്തിൽ പങ്കു ചേർന്നു. നാല് ദശകങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്തു വെച്ചായിരുന്നു പ്രകോപിതനായ ജനറൽ ചാൾസ് ഡീ ഗുലെ സ്വാതന്ത്ര്യത്തിനു പകരം ഫ്രഞ്ച് കോളനികളോട് ഫ്രാൻസിനൊപ്പം നിൽക്കാൻ അവസാനമായി അഭ്യർത്ഥിച്ചത്. ഫ്രഞ്ച് സൈന്യത്തിന്റെ ഇന്തോ – ചൈനയിലുണ്ടായ പരാജയത്തിന്റെയും അൾജീരിയൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെയും സമയത്ത് 1958ൽ മഡഗാസ്കറും കോംഗോയും ഐവറികോസ്റ്റും ഗിനിയയും സെനേഗലും സന്ദർശിച്ചു ഫ്രഞ്ച് സാമ്രാജ്യത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ആളായിരുന്നു ഡീ ഗുലെ. എന്നാൽ, എല്ലാ ശ്രമങ്ങളെയും മറികടന്ന് സെനെഗൽ 1960ൽ സ്വാതന്ത്ര്യത്തിലേക്ക് ചുവടു വെച്ചു. പിന്നീട് അവർ കണ്ടു മുട്ടിയത 2002ലെ സൂളിലെ സോക്കർ മൈതാനത്തിൽ വെച്ചായിരുന്നു.

2002ലെ ആരെയും കൂസാത്ത ദൃഢഗാത്രരായ ഒരു പറ്റം കഴിവുള്ള ചെറുപ്പമായിരുന്നു അന്നത്തെ സെനഗൽ ടീമിന്റെ കരുത്ത്.അന്ന് അവരുടെ കോച്ച് ഫ്രഞ്ചുകാരനായ ബ്രൂണോ മെറ്റ്സു ആയിരുന്നു. ഇന്നും അദ്ദേഹം സെനെഗലുകാർക്ക് ഒരു പ്രവാചകനെപോലെ പ്രിയപ്പെട്ടവനാണ്. മെറ്റ്സു പിന്നീട് ഇസ്ലാം ആശ്ലേഷിച്ച് അബ്ദുൽ കരീം എന്ന പേര് സ്വീകരിച്ചു. 2013ൽ പാരിസിൽ കാൻസർ കാരണം അദ്ദേഹം വിട പറഞ്ഞു. അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലമായ സെനെഗളിലെ ഡാക്കറിൽ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാനായി അന്ന് തടിച്ചു കൂടിയത്. ദത്തു രാഷ്ട്രമായ സെനഗൽ അദ്ദേഹത്തിന്റെ വേർപാടിൽ അങ്ങേയറ്റം വിലപിച്ചു.

തങ്ങളെ കോളനി ആക്കി വെച്ചവരെ കളിയിൽ തോൽപിച്ചു കൊണ്ട് സെനഗൽ ടീം മാതൃ രാജ്യത്തിന്റെയും ജനങ്ങളുടെയും അഭിമാനം വാനോളം ഉയർത്തുകയായിരുന്നു. അടിച്ചമർത്തലിന്റെയും അടിമപ്പണിയുടെയും പിടിച്ചുപറിയുടെയും യുദ്ധങ്ങളുടെയും യൂറോപ്യൻമാരുടെ ചരിത്രത്തിനു കൊടുത്ത മറുപടി കൂടിയായിരുന്നു സെനെഗളിന്റെ ഫ്രാൻസിനെതിരെയുള്ള വിജയം.

സെനഗൽ വീണ്ടും ഈ ലോകകപ്പിൽ ലോകത്തെ അമ്പരപ്പിക്കാൻ തിരിച്ചു വന്നിരിക്കുകയാണ്. 2002ലെ ആ ടീം ഇപ്പോൾ ഇല്ല. പോളണ്ടുമായുള്ള മത്സരത്തിൽ അവർ കളിക്കളത്തിൽ ഇറങ്ങിയപ്പോൾ അവർ 2002ലെ അവരുടെ മുൻഗാമികളുടെ സാന്നിധ്യം വീണ്ടും നമ്മെ ഓർമിപ്പിച്ചു. ഇതിനു പ്രധാന കാരണം 2002ലെ ക്യാപ്റ്റൻ അലിയോ സിസെ ആണ് ഇപ്പോഴത്തെ സെനെഗളിന്റെ പുതിയ മാനേജർ എന്നതായിരുന്നു. ശക്തനും ആഘർഷണീയനുമായ സിസെ എന്ന മിഡ് ഫീൽഡർ മെറ്റ്സുവിന്റെ കണ്ടെത്തലായിരുന്നു. കളിയിൽ നിന്നും വിരമിച്ചതിനു ശേഷം സ്വന്തമായി കോച്ചിംഗ് ജോലി ഏറ്റെടുക്കുകയും അങ്ങനെ അത് സെനെഗൽ അണ്ടർ 23 ടീമിനെ 2012 ലണ്ടൻ ഒളിംപിക്സിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിക്കുകയും ചെയ്തതാണ് സിസെയുടെ ചരിത്രം. ലോകകപ്പിൽ നിലവിലുള്ള കറുത്ത വംശജനായ ഏക മാനേജർ ആണ് അദ്ദേഹം. ആഫ്രിക്കൻ രാജ്യങ്ങൾ പുറത്തു നിന്നും പരിശീലകരെ കൊണ്ടുവരുന്നത് നിർത്തി മാതൃരാജ്യത്തുള്ളവരെ തന്നെ പരിശീലകർ ആക്കണമെന്ന് പരസ്യമായി ഉപദേശിച്ച ആളുമാണ്‌ സിസെ. റഷ്യയിൽ ആകെയുള്ള 32 പേരിൽ ഏറ്റവും കുറഞ്ഞ വേതനം പറ്റുന്ന മാനേജർ ആണ് അദ്ദേഹം എന്നു കൂടി പറഞ്ഞാലേ അദ്ദേഹത്തിനെ പറ്റിയുള്ള ഏകദേശ ചിത്രം പൂർണമാകുന്നുള്ളൂ. എന്നാലും അച്ചടക്കത്തോടെയും ഉത്സാഹത്തോടെയും അദ്ദേഹത്തിന്റെ ടീം പോളണ്ടിനെതിരെ 2-1ന്റെ വിജയം നേടി. ആ വിജയം സിംഗലീസ് സിംഹങ്ങൾക്ക് വന്യമായ തേരോട്ടത്തിന്റെ സാധ്യതയാണ് വഴിതുറന്നത്. റഷ്യയിൽ എന്തു തന്നെ സംഭവിച്ചാലും അബ്ദുൽ കരീം മെറ്റ്സുവും അദ്ദേഹത്തിന്റെ ഒരു കൂട്ടം വന്യമായ ചെറുപ്പക്കാരും പൊരുതി നേടിയിട്ടുള്ള വിജയം ഓർത്തു കൊണ്ട് നമ്മൾ വീണ്ടും ഒരു ചിരി ചിരിക്കും. നീണ്ട ചിരി. !

ജോർജിയയിലെ അറ്റ്ലാന്റ മോറ്ഹൗസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ. ന്യൂയോർക് റിവ്യൂ ഓഫ് ബുക്‌സിൽ പ്രസിദ്ധീകരിച്ചതാണ് ലേഖനം.

വിവർത്തനം – അബ്ദുല്ല കോട്ടപ്പള്ളി & ജുമാന അബ്‌ദുറഹ്‌മാൻ പിപി

Be the first to comment on "ലോകകപ്പ് 2018: അപ്രതീക്ഷിതകളുടെ സെനഗൽ പാരമ്പര്യം"

Leave a comment

Your email address will not be published.


*