പിഞ്ചുകുഞ്ഞിന് വേണ്ടത് 60 ലക്ഷത്തിന്റെ അടിയന്തിര ശസ്ത്രക്രിയ; നിസ്സഹായരായി മലയാളി കുടുംബം

അശ്‌റഫ് തൂണേരി/ദോഹ:

സന്ദര്‍ശകവിസയില്‍ ഖത്തറിലെത്തിയ മലയാളി കുടുംബം പിഞ്ചുകുഞ്ഞിന്റെ രോഗം മൂലം കണ്ണീരില്‍. ഹമദ് ആശുപത്രിയിലെ പീഡിയാട്രിക് എമര്‍ജിന്‍സി കെയര്‍യൂണിറ്റില്‍ ചികിത്സയില്‍ കഴിയുന്ന തലശ്ശേരി, സൈദാര്‍പള്ളിയിലെ, കോമത്ത് ഹാരിസിന്റെ മകന്‍ മുഹമ്മദ് ഇഹാന് (3 വയസ്സ്) ആണ് 60 ലക്ഷം ഇന്ത്യന്‍ രൂപയുടെ അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ളത്.

സന്ദര്‍ശക വിസയില്‍ മാതാവ് ഷംലി പര്‍വീനൊപ്പം ഖത്തറിലെത്തിയ ഇഹാന്‍ ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ 8 മാസങ്ങളായി ചികിത്സയില്‍ കഴിയുകയാണ്. ഹമദ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായാലേ കുട്ടിയെ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാനാവൂ എന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് മദ്രാസ്സിലെ ഒരാശുപത്രിയുമായി ബന്ധപ്പെടുകയും അവര്‍ ശസ്ത്രക്രിയ ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു. ഓപ്പറേഷന് 60 ലക്ഷം ഇന്ത്യന്‍ രൂപയാണ് ആവശ്യമെന്ന് ആശുപത്രി അറിയിച്ചതായി ഹമദ് ഇഷ്യു ചെയ്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു.

ഇതിനു പുറമെ ലക്ഷങ്ങളുടെ യാത്രാ ചെലവും വരും. സാധാരണ വിമാനത്തില്‍ കൊണ്ടുപോവുക അസാധ്യമായതിനാല്‍ എയര്‍ ആംബുലന്‍സ് വഴി മാത്രമേ കുട്ടിയെ കൊണ്ടുപോകാനാവൂ. ഇതിന് 82 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ (4 ലക്ഷത്തി അമ്പതിനായിരം ഖത്തര്‍ റിയാല്‍)യെങ്കിലുമാവുമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിശദീകരിക്കുന്നു. എയര്‍ആംബുലന്‍സ് ഹമദ് അധികൃതര്‍ സൗജന്യമായി കൊണ്ടുപോവാന്‍ തയ്യാറാണെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുവെന്നും കുട്ടിയുടെ പിതാമഹന്‍ ജലീല്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യെ അറിയിച്ചു.

തുച്ഛമായ ശമ്പളത്തില്‍ ഖത്തറില്‍ കഴിയുന്ന കുട്ടിയുടെ പിതാവ് ഹാരിസിനോ ഇടത്തരക്കാരായ നാട്ടിലെ അവരുടെ കുടുംബത്തിനോ താങ്ങാവുന്നതിനുമപ്പുറമാണ് ചികിത്സാ ചെലവ് എന്നതിനാല്‍ ഉള്ളുരുകി കഴിയുകയാണ് ഈ കുടുംബം. കാരുണ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളോ ഉദാരമതികളായ വ്യക്തികളോ സഹായത്തിനെത്തുമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയും മാത്രമാണിവരുടെ ആശ്രയം. എത്രയും വേഗം നടക്കേണ്ടുന്ന ശസ്ത്രക്രിയയ്ക്ക് സഹായഹസ്തവുമായി ആരെങ്കിലുമെത്തിയില്ലെങ്കില്‍ തങ്ങളുടെ കുഞ്ഞിനെന്തുവരുമെന്ന് ഓരോ നിശ്വാസത്തിലും നൊമ്പരപ്പെടുന്നു ഈ കുടുംബം.

സഹായിക്കാന്‍ സന്നദ്ധമാവുന്നവര്‍ക്ക് വിളിക്കാം:

അശ്‌റഫ് തൂണേരി – +974-33501506

Bank Details

Haris Komath

Account Number – 6016960856

Bank – Indian Bank

IFSC Code – IDIB000T007

Be the first to comment on "പിഞ്ചുകുഞ്ഞിന് വേണ്ടത് 60 ലക്ഷത്തിന്റെ അടിയന്തിര ശസ്ത്രക്രിയ; നിസ്സഹായരായി മലയാളി കുടുംബം"

Leave a comment

Your email address will not be published.


*