സ്‌ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളിൽ ഒന്നാമത് ഇന്ത്യ. റോയിട്ടേഴ്‌സ് സർവ്വേ

സ്‌ത്രീകൾ സുരക്ഷിതരല്ലാത്ത ലോകരാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ. തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ നടത്തിയ സർവേയിലാണ് രാജ്യത്തെ സ്‌ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണത്തെ കുറിച്ചുള്ള ഗൗരവപരമായ കണക്കുകളുള്ളത്.

ഇന്ത്യയിൽ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുകയും സ്ത്രീകൾ അടിമപ്പണിയെടുക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനും മൂന്നാം സ്ഥാനത്ത് സിറിയയുമാണ് . അമേരിക്കയും ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

2011 ൽ സമാനമായി നടത്തിയ സർവ്വേയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനമായിരുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 550 ഓളം വിദഗ്‌ധർക്കിടയിലാണ് റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ പഠനം നടത്തിയത്. 193 രാജ്യങ്ങൾക്കിടയിലാണ് സർവ്വേ സംഘടിപ്പിക്കപ്പെട്ടത്.

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ തുടർച്ചയായി പരാജയപ്പെടുകയാണ്. സ്‌ത്രീകൾക്ക് സുരക്ഷിതരായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ സർക്കാരുകൾ വേണ്ടവിധം ശ്രദ്ധ ചെലുത്തുന്നില്ലെന്നും സർവേ പറയുന്നു.

ബലാത്സംഗം, ഗാർഹിക പീഡനം, ലൈംഗിക അതിക്രമങ്ങൾ, പെൺഭ്രൂണഹത്യ തുടങ്ങിയ അതിക്രമങ്ങൾ ഇന്ത്യയിൽ ഏറെ സാധാരണമായിക്കൊണ്ടിരിക്കുന്നുവെന്നു റിപ്പോർട് കണ്ടെത്തുന്നു. നിര്‍ബന്ധിത ജോലി, വിവാഹം, ലൈംഗിക ചൂഷണം തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ ഇന്ത്യ ഒന്നാമതാണെന്നാണ് സർവ്വേ.

സർക്കാരിന്റെ തന്നെ കണക്ക് പ്രകാരം 2007-2016 കാലഘട്ടത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ 83 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഓരോ മണിക്കൂറിനുള്ളിലും സ്‌ത്രീകൾക്കെതിരെ 4 പീഡനകേസുകൾ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.

 

Be the first to comment on "സ്‌ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളിൽ ഒന്നാമത് ഇന്ത്യ. റോയിട്ടേഴ്‌സ് സർവ്വേ"

Leave a comment

Your email address will not be published.


*