‘ആ ഭൂമി എന്റേതാണ്. ഞാൻ ആ ഭൂമിയുടേതല്ല.’ ആസ്സാമിലെ ബംഗാൾ ജീവിതങ്ങൾ

അൽജസീറ ഇഗ്ളീഷിൽ മാധ്യമപ്രവർത്തകൻ സൈഫ് ഖാലിദ് തയ്യാറാക്കിയ റിപ്പോർട്ട്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഹനാൻ ബിൻത് ഉസ്‌മാൻ

രണ്ട് വർഷങ്ങൾക്ക്‌ മുൻപ് നവംബറിലെ ഒരു അർദ്ധരാത്രിയിൽ തുടർച്ചയായി വാതിലിൽ മുട്ടു കേട്ടാണ് മൊർജിന ബീവിയുണർന്നത്. “ഞാൻ വാതിൽ തുറന്നപ്പോൾ രണ്ടു വനിതാ പോലീസ് ഓഫീസർമാരെ കണ്ടു. മിനുട്ടുകൾക്കുള്ളിൽ ഏതാനും മറ്റു പോലീസുകാർ കൂടി വീട്ടിൽ കടക്കുകയും എന്നോട് അവരോടൊപ്പം പോവാൻ പറയുകയും ചെയ്തു”. ഇരുപത്തിയേഴു വയസ്സുകാരിയായ ബീവി തടവിലാക്കപ്പെട്ടു.

” ഡി”വോട്ടറാണ് എന്നതായിരുന്നു അവർ ചെയ്ത കുറ്റം.

1997ൽ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ അവതരിപ്പിച്ച ആശയമാണ് “ഡി” വോട്ടർ അഥവാ സംശയിക്കപ്പെട്ട വോട്ടർ. വോട്ടർപട്ടികയിൽ “ഡി” എന്ന് രേഖപ്പെടുത്തിയവർക്ക് പൗരാവകാശങ്ങളില്ല.

തെറ്റിദ്ധാരണയെ തുടർന്നായിരുന്നു തടങ്കൽ എന്നതിനാൽ ബീവിയെ പിന്നീട് വിട്ടയച്ചു.

ആസ്സാമിലെ ഗോൽപാര ജില്ലയിലെ ഫോഫ്ഗാന പാർട്ട് വൺ ഗ്രാമത്തിൽ നിന്നുള്ള ബീവി ഒൻപതു മാസത്തോളമാണ് തടവിൽ കഴിഞ്ഞത്.

“ഞാൻ അവരോട് ചോദിച്ചു, എന്റെ തെറ്റെന്താണ്, നിങ്ങളെന്തിനാണ് എന്നോടിത് ചെയ്യുന്നത്? ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. മിണ്ടാതിരിക്കാനായിരുന്നു അവരെന്നോട് പറഞ്ഞത്”, ബീവി പറഞ്ഞു.

അടുത്ത ദിവസം കൊക്രജറിലെ തടവറയിലേക് അവരയക്കപ്പെട്ടു.ജയിലിലെ സെല്ലുകൾ തിങ്ങിനിറഞ്ഞതും ഭക്ഷണം മോശവുമായിരുന്നു. സർവ്വം ദുരിതമയമായിരുന്നു. ഒരു റൂമിൽത്തന്നെ അൻപതും അറുപതും ആളുകളുണ്ടായിരുന്നു. നിലത്തു കിടന്നുറങ്ങുമ്പോൾ അവർ തമ്മിൽ കൂട്ടിമുട്ടി.

തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വങ്ങൾ (Mistaken identities)

മറ്റൊരു ഗ്രാമത്തിലുള്ള മെർജിന ബീഗം എന്ന സ്ത്രീയെന്നു തെറ്റിദ്ധരിച്ചാണ് മൊർജിന ബീവിയെ തടവിലിട്ടത്. ബംഗാളി വേരുകളുള്ള ആളുകളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്‌ ഫണ്ട് ( എഐഡിയുഎഫ് ) ബീവിയുടെ കേസ് ഏറ്റെടുക്കുകയായിരുന്നു.
“ഇതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരിൽ കേസുണ്ടെന്നറിഞ്ഞപ്പോൾ ഞങ്ങൾ ജാമ്യഹർജി ഫയൽ ചെയ്യുകയായിരുന്നു”, എഐഡിയുഎഫിന്റെ ജനറൽ സെക്രട്ടറി അമീനുൽ ഇസ്ലാം പറഞ്ഞു.

പോലീസ് ഇതുവരെ മാപ്പ് പറയുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തിട്ടില്ലെന്ന് ബീവി അറിയിച്ചു.
‘കുടിയേറ്റക്കാരെ’ തടവിലിടാനെന്ന പേരിൽ പോലീസ് നടത്തുന്ന അതിക്രമങ്ങൾ ആളുകളിൽ ഭയം നിറക്കുന്നതായും കുടുംബങ്ങളെ തമ്മിലകറ്റുന്നതായും ചെയ്യുന്നതായി ആക്ടിവിസ്റ്റുകൾ പറയുന്നു.

ഗുവാഹത്തിക്കടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള പതിനെട്ടുകാരനായ റൂഹുൽ അമീൻ തന്റെ മാതാപിതാക്കളെകുറിച്ച് പറഞ്ഞു സങ്കടപ്പെടുകയായിരുന്നു. അമ്മയും അച്ചനും വെവ്വേറെ തടവറകളിൽ കുരുങ്ങിക്കിടക്കുകയാണ്. 1997ൽ അച്ഛൻ അയ്യൂബ് അലിക്കും അമ്മ റാഹിമ ഖാത്തൂനും പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിക്കുകയായിരുന്നത്രെ. കുടിയേറ്റക്കാരെന്ന് സംശയിക്കപ്പെടുന്നവർക്കായി സ്ഥാപിച്ച നൂറു ഫോറിനേഴ്സ് ട്രിബുണലുകളിലൊന്നിൽ അവർക്കു തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടതുണ്ടായിരുന്നു.

2015ൽ ഹൈക്കോടതിയിൽ കേസ് തോറ്റ ശേഷം അവരെ തടവിലാക്കി. ” സുപ്രീം കോടതിയിൽ കേസ് വാദിക്കാൻ ഞങ്ങൾ കട വിറ്റു. ഉണ്ടായിരുന്ന ഭൂമിയെല്ലാം ഹൈകോടതിയിൽ കേസ് വാദിക്കുന്നതിനായി അച്ഛൻ ആദ്യമേ തന്നെ വിറ്റിരുന്നു”- കണ്ണീരൊഴുക്കിക്കൊണ്ട് അമീൻ പറഞ്ഞു.

തടവുകേന്ദ്രങ്ങൾ

പതിന്നാലു വയസ്സായ അനിയനുൾപ്പടെയുള്ള കൂടപ്പിറപ്പുകളെ പോറ്റുന്നതിനു വേണ്ടി അമീന് സ്കൂൾ പഠനം ഉപേക്ഷികേണ്ടതായി വന്നു. ബന്ധുക്കളുടെയും അയൽക്കാരുടെയും സഹായത്താൽ സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു.

“എന്റെ പ്രായത്തിലുള്ളവരെല്ലാം പഠിക്കുകയാണ്. നന്നായി പഠിക്കണമെന്നും ജീവിതത്തിൽ നല്ലതെന്തെങ്കിലും ചെയ്യണമെന്നുമൊക്കെയുള്ള സ്വപ്‌നങ്ങൾ എനിക്കുമുണ്ടായിരുന്നു. പക്ഷെ അവയൊന്നുമിനി നടക്കാൻ പോകുന്നില്ല”, അവൻ പറഞ്ഞു.

സമുദായത്തിലെ മറ്റംഗങ്ങളെ പോലെത്തന്നെ അമീനും പോലീസിനെ ഭയമാണ്. തന്നെയും അവർ കുടിയേറ്റക്കാരെന്നു മുദ്രകുത്തി വിദേശിയായി പ്രഖ്യാപിക്കുമോ എന്നവൻ ഭയക്കുന്നു.

“അവരെന്നെപ്പിടിച്ചു തടവിലിട്ടാൽ എന്റെ അനിയനെന്തു ചെയ്യും? അവനെ ആര് നോക്കും?”

അവന്റെ പ്രതീക്ഷ ഇപ്പോൾ സുപ്രീം കോടതിയിലാണ്.

പരമോന്നത നീതിപീഠത്തിന് മുൻപിൽ അവർ തോൽക്കുകയാണെങ്കിൽ രക്ഷിതാക്കൾ ജീവിതകാലം മുഴുവനും അഴികൾക്കു പിന്നിൽ കഷ്ടപ്പെടേണ്ടി വരും. സംസ്ഥാനത്താകെയായുള്ള ആറു തടവറകളിലെ 899 തടവുകാരിൽപ്പെട്ടവരാണവർ. ജില്ലാ ജയിലുകൾക്കുള്ളിലാണ് നിലവിൽ ഇത്തരം തടവകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഗോൽപാറ ജില്ലയിൽ ഇത്തരത്തിലുള്ള വലിയൊരു തടവുകേന്ദ്രം പണിയാനുള്ള പദ്ധതിയിലാണ് ഭരണകൂടം.

ദേശീയ പൗരത്വ രജിസ്റ്റർ

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പൗരന്മാരുടെ വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിൽ ശേഖരിക്കുകയാണ് ആസാം. 1951നു ശേഷം ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കപ്പെടുന്നത്.

എന്നാൽ ഫോറിനേഴ്സ് ട്രിബ്യുണലിന്റെ പരിഗണനയിലിരിക്കുന്ന രണ്ടരലക്ഷത്തോളം “ഡി” വോട്ടർമാരെയും സംശയത്തിലുള്ള പൗരന്മാരെയും ഈ രജിസ്റ്ററിൽ ചേർക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വരും വർഷങ്ങളിൽ അവരുടെയെല്ലാം ജീവിതങ്ങൾ അനിശ്ചിതത്വത്തിൽ കഴിയേണ്ടി വരുമെന്നർത്ഥം.

2003നു ശേഷം ജനിച്ച ഇവരുടെ കുട്ടികളെ ഇന്ത്യൻ പൗരത്വത്തിന് യോഗ്യരായി പരിഗണിക്കുകയില്ലെന്നതിനാൽ ആ ഭാവിയും അപകടത്തിലാണ്. കൂടാതെ പൗരത്വ രജിസ്റ്ററിൽ അംഗത്വം ലഭിക്കാത്തവർക്ക് കാലങ്ങളോളം നീളുന്ന കഠിനമായ പ്രക്രിയയിലൂടെ കടന്നുപോവേണ്ടതായും വരും.

“കേസ് തീർപ്പാക്കാൻ അനേകം തലമുറകൾ തന്നെ വേണ്ടി വരും. അവരുടെ മക്കൾക്കെന്ത് സംഭവിക്കും? അവർക്ക് പഠിക്കാനോ ജോലി നേടാനോ കഴിയില്ല”, എഐഡിയുഎഫ് നേതാവായ ഇസ്ലാം പറഞ്ഞു.

ഇതിനകം തന്നെ മൂന്ന് കോടി കേസുകൾ ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നതിനാൽ ഇ കേസുകൾ തീർപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്നെദ്ദേഹം ആവശ്യപ്പെട്ടു.

പ്രഖ്യാപിത കുടിയേറ്റ വിരുദ്ധതയുമായാണ് 2016ൽ സംസ്ഥാനത്ത് ബി ജെ പി ഗവണ്മെന്റ് അധികാരത്തിലെത്തിയത്. ബംഗാളി വേരുകളുള്ള നാട്ടുകാരെ നുഴഞ്ഞുകയറ്റക്കാരായാണ് ഭരണകൂടം കാണുന്നത്.

കഴിഞ്ഞ വർഷം 15000 ആളുകളെ ബി ജെ പി ഗവണ്മെന്റ് കുടിയേറ്റക്കാരായും അതുവഴി വിദേശികളായും പ്രഖ്യാപിച്ചിരുന്നു. ഗവണ്മെന്റ് കണക്കുകൾ പ്രകാരം 1985നും 2016നും ഇടക്ക് 90000 ആളുകളെയാണ് ഇന്ത്യക്കാരല്ലാതായി പ്രഖ്യാപിച്ചത്. ജീവിതത്തിലെ അനിശ്ചിതത്വം അതിൽ പലരെയും ആത്മഹത്യയിലേക്കെത്തിച്ചു.

കഴിഞ്ഞ ദിവസമാണ് ഫോറീനേഴ്‌സ് ട്രിബ്യുണലിൽ നിന്നും നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് ഉദൽഗുരി ജില്ലയിലെ 65 വയസുകാരൻ ഗോപാൽദാസ് ജീവിതം അവസാനിപ്പിച്ചത്. 1965ലെ വോട്ടേഴ്‌സ് ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതായി പ്രാദേശിക വാർത്താ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

അന്യായമായി തടവിലാക്കപ്പെട്ടവർ

തടവുകാരിൽ ചിലരെ പ്രതികളായി കോടതിയിൽ ഹാജരാക്കപ്പെടുക പോലും ചെയ്യാതെയാണ് ‘വിദേശി’കളായി വിധിച്ചിട്ടുള്ളതെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. പലർക്കും നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു.

ഗുവാഹത്തി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അമൻ വദൂദ് പറയുന്നത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ നടക്കുന്നത് വസ്തുനിഷ്ഠമല്ലാതെയും വ്യക്തമായ അന്വേഷണം നടത്താതെയുമാണെന്നാണ്.’

“ജനങ്ങളെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കുകയാണ് അവർ ചെയുന്നത്. ഒരു ക്രിമിനൽ കേസ് അന്വേഷണം കൂടാതെ ചാർജ്ഷീറ്റ് തയ്യാറാക്കുന്നത് പോലെയാണിത്”, വദൂദ് പറയുന്നു.

പൗരത്വം തെളിയിക്കുന്ന പ്രക്രിയ അത് തെളിയിക്കേണ്ടവരായ ആളുകൾക്ക് മേൽ വളരെ വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. ഇത്തരം കേസുകളിൽ പെടുന്നവരിൽ ഭൂരിഭാഗവും കുറഞ്ഞ ദിവസവേതനം ലഭിക്കുന്ന കര്ഷകരാണ് .

“അവർ അവരുടെ കന്നുകാലികളും ഭൂമിയും കേസ് നടത്തിപ്പിനായി വിൽക്കുകയാണ്”, വദൂദ് പറഞ്ഞു.
ഇത്തരത്തിൽ കേസുകളിലകപ്പെട്ട പല കർഷകരെയും ഇദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്.

“ചെറിയ ഫീസ് ഈടാക്കുന്ന ചുരുക്കം അഭിഭാഷകരേ ഉള്ളൂ എന്നതിനാൽ ആളുകൾക്ക് അവരുടെ ജീവിതകാലത്തെ മൊത്തം സമ്പാദ്യം സ്വന്തം പൗരത്വം തെളിയിക്കുന്നതിനായി ചിലവാക്കേണ്ടി വരികയാണ്”, അദ്ദേഹം പറഞ്ഞു.

യഥാർത്ഥ ഇന്ത്യൻ പൗരന്മാർക്കു പോലും വിദേശികളാണെന്നറിയിച്ചു കൊണ്ടുള്ള നോട്ടീസ് പല തവണ ലഭിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്.

‘യഥാർത്ഥ പൗരന്മാരും’ വേട്ടയാടപ്പെടുന്നു

മുപ്പതു വർഷം ഇന്ത്യൻ കരസേനയെ സേവിച്ച അമീനുൽ ഹഖിനോട് ബോർഡർ പോലീസ് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുകയുണ്ടായി.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി 1962ൽ ആരംഭിച്ച, നാലായിരത്തോളം അംഗങ്ങളുള്ള സേനയാണ് ബോർഡർ പോലീസ്.

പൗരത്വം തെളിയിക്കാനുള്ള നടപടിക്രമങ്ങൾക്ക് വ്യക്തമായ രൂപരേഖയുണ്ടെങ്കിലും ആക്ടിവിസ്റ്റുകളും കേസിലുൾപ്പെട്ടവരും പറയുന്നത് അത് പാലിക്കപ്പെടുന്നില്ലെന്നാണ്.

“ഇലക്ഷന് കമ്മിഷൻ യാതൊരു അന്വേഷണവും കൂടാതെയാണ് ആളുകളെ “ഡി” വോട്ടേഴ്‌സായി രേഖപ്പെടുത്തുന്നത്. ബോർഡർ പോലീസ് കുറച്ചെങ്കിലും മാർഗനിർദേശങ്ങൾ പിന്തുടരുന്നുണ്ട്”, വദൂദ് പറഞ്ഞു.

“ഡി” വോട്ടേഴ്‌സുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിലും ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിലും ഇന്ത്യ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് കോമൺവെൽത്ത് മനുഷ്യാവകാശ സംരംഭത്തിന്റെ ഡയറക്ടറായ സഞ്ചോയ് ഹസാരികെ ആവശ്യപ്പെട്ടിരുന്നു.

ബാർപെട്ട ജില്ലയിൽ നിന്നുള്ള സ്കൂൾ അദ്ധ്യപകനായ സജഹാൻ കാസി 1997ൽ “ഡി” വോട്ടറായി രേഖപ്പെടുത്തപ്പെട്ടിരുന്നു. 20 വർഷമാണ് അദ്ദേഹത്തിന് പൗരത്വം തെളിയിക്കുന്നതിനായി വേണ്ടിവന്നത്. ആ കാലയളവിൽ പൗരാവകാശങ്ങളെല്ലാം തന്നെ അദ്ദേഹത്തിൽ നിന്ന് എടുത്ത് മാറ്റപ്പെട്ടിരുന്നു.

ബംഗാളിൽ വേരുകളുള്ള ആളുകൾക്ക് പലപ്പോഴും പോലീസിൽ നിന്നും വിവേചനവും അപമാനവും സഹിക്കേണ്ടതായി വരുന്നുണ്ട്.

ആരോപണങ്ങൾ നിഷേധിക്കുന്ന പോലീസ്

ബാർപെട്ട ജില്ലയിലെ ബൊഹ്‌രി ഗ്രാമത്തിൽ നിന്നുള്ള മൊയ്‌നൻ മുല്ലക്ക് തന്റെ പിൻതലമുറക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടും വന്നു നോട്ടീസ് .

സുപ്രീം കോടതി മോചനം നൽകുന്നത് വരെയുള്ള മൂന്ന് വർഷക്കാലം അദ്ദേഹം തടവിൽ കഴിഞ്ഞു. മൈ ഫാക്ട്സ് എന്ന പേരിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടന മുല്ലക്ക് സൗജന്യ നിയമസഹായം നൽകി.

“സഹോദരൻ പലിശക്ക് പണം കടമെടുക്കുകയും രണ്ടര ലക്ഷം രൂപയോളം ഹൈക്കോടതിയിൽ ചിലവാക്കുകയും ചെയ്തു. ഞങ്ങൾ ഇപ്പോഴും കടം തിരിച്ചടച്ചു കൊണ്ടിരിക്കുകയാണ്. ഗവൺമെന്റിൽ നിന്നും ഒരു നഷ്ടപരിഹാരവും കിട്ടിയില്ല. അവർ മാപ്പു പറഞ്ഞതു പോലുമില്ല”. മുല്ല പറയുമ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കളും അരികിലുണ്ടായിരുന്നു.

ആസാം ബോർഡർ പോലീസ് മേധാവി രൗനക് അലി ഹസാരികെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. “നിയമപരമായി അത് സാധ്യമല്ല”. സംശയിക്കപ്പെട്ട വ്യക്തിയുടെ രേഖകൾ കൃത്യമായി പരിശോധിച്ച് ഫോറിനേഴ്സ് ട്രിബ്യുണലിന് പേര് കൈമാറുക എന്നതാണ് തങ്ങളുടെ ജോലിയൊന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭാഷാ ന്യൂനപക്ഷങ്ങളും ബംഗാൾ വേരുകളുള്ള മുസ്ലിംകളും വേട്ടയാടപ്പെടുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. “അതൊരിക്കലും സാധ്യമല്ല. അന്വേഷണപ്രക്രിയയിൽ ഭാഷയോ മതമോ ഒരു മാനദണ്ഡമേ അല്ല”.

തദ്ദേശീയരും ‘അന്യരും’ ഏറ്റുമുട്ടുമ്പോൾ

മൂന്നു കോടി വരുന്ന ആസ്സാം ജനസംഖ്യയുടെ മൂന്നിലൊന്ന് മുസ്ലിംകളാണ്. ഭൂരിഭാഗവും ബംഗാൾ വേരുകളുള്ളവർ.

1862ൽ അഹോം രാജാവിൽ നിന്ന് ബ്രിട്ടീഷുകാർ പിടിച്ചെടുത്തതിനു ശേഷമാണ് ആദ്യമായി ബംഗാളി കൃഷിക്കാർ ആസാമിലെത്തുന്നത്. അതുവരെയും ആസ്സാം ആൾപ്പാർപ്പില്ലാത്ത നിബിഢവനമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ബ്രിട്ടീഷ് നയത്തിന്റെ ഫലമായി ലക്ഷക്കണക്കിന് ആളുകൾ ബംഗാളിൽ നിന്നും ആസ്സാമിലേക്ക് കുടിയേറി. ആസ്സാമിന്റെ ഫലഭൂയിഷ്ടമായ ഭൂമി ബിഹാറിൽ നിന്നും ഒഡിഷയിൽ നിന്നുമെല്ലാം ആളുകളെ ആകർഷിച്ചു.

30കളിൽ ഭക്ഷ്യോത്പാദനം വർധിപ്പിക്കുന്നതിനായി സയ്യിദ് മുഹമ്മദ് സാദുല്ല ഗവണ്മെന്റ് സ്വീകരിച്ച കുടിയേറ്റക്കാരെ കൊണ്ടുവരിക എന്ന നയം തദ്ദേശീയരും ‘അന്യരു’മെന്ന ആസാമിന്റെ പ്രശ്നത്തെ കൂടുതൽ ധ്രുവീകരിച്ചു.

1931ലെ ആസ്സാം സെൻസസിന്റെ സുപ്രണ്ടന്റായിരുന്ന സി എസ് മുള്ളർ ബംഗാളി കുടിയേറ്റക്കാരെ ഭൂമി വെട്ടിപ്പിടിച്ചെടുക്കുന്നവരായ പ്രാണികളുടെയും പക്ഷികളുടെയും കൂട്ടത്തോടാണുപമിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കുടിയേറ്റക്കാർ ഭൂമിക്കായി തക്കം പാർത്തിരിക്കുന്ന കഴുകന്മാരായിരുന്നു.

“നിരുത്തരവാദപരമായ ഇത്തരം ജല്പനങ്ങളുടെ ലക്ഷ്യം വ്യക്തമാണ്. അദ്ദേഹത്തിന് കുടിയേറ്റക്കാർക്കും നാട്ടുകാർക്കും ഇടയിൽ ശത്രുതയുണ്ടാക്കണമായിരുന്നു”-പ്ലാന്റർ രാജ് ടു സ്വരാജ് എന്ന തന്റെ പുസ്തകത്തിൽ അമലേന്ദു ഗുഹ പറയുന്നതാണിത്.

1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം നുഴഞ്ഞുകയറ്റം തടയുന്ന നയത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ബംഗാളികൾ പൂർവ്വ പാകിസ്താനിലേക് തിരിച്ചയക്കപ്പെട്ടു. ബംഗാൾ വേരുകളുള്ളവരെ ഭൂമി തട്ടിയെടുക്കുന്നവരായി മുദ്ര കുത്തുകയായിരുന്നുവെന്നും തദ്ദേശീയ ജനതയെ പ്രയാസപ്പെടുത്തുന്നവരുമായി ചിത്രീകരിക്കുകയായിരുന്നുവെന്നും എഴുത്തുകാരി റിസ്‌വാന ഷംസാദ് പറയുന്നു.

കൊളോണിയൽ പങ്ക് വിസ്മരിക്കപ്പെടുമ്പോൾ

ആസാമിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുവന്നതിൽ കോളോണിയലിസത്തിനുള്ള പങ്ക് വിസ്മരിക്കുകയാണ് ഭൂരിഭാഗം വിശദീകരണങ്ങളും ചെയ്തിട്ടുള്ളത്.

ഗുവാഹത്തിയിൽ നിന്നുള്ള മാധ്യമപ്രവർത്തക സുശാന്ത താലൂക്ദാർ പറയുന്നത് കുടിയേറ്റക്കാരെ കുറിച്ചുള്ള സങ്കൽപം നിലനിർത്തുന്നതിൽ മാധ്യമങ്ങളും പങ്കുവഹിച്ചിട്ടുണ്ടെന്നാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ കുറിച്ച് ഭീതിയുണ്ടെന്നത് സത്യമാണ്. എന്നാൽ മാധ്യമങ്ങൾ അത് പൊലിപ്പിച്ചു കാണിക്കുകയാണ്”, അദ്ദേഹം പറഞ്ഞു.

“പ്രശ്നങ്ങളില്ലെന്ന് പറയാനാവില്ല. രാഷ്ട്രീയ പാർട്ടികളുടെ അജണ്ടകൾ പ്രചരിപ്പിക്കുന്നതിന് പകരമായി സത്യം കണ്ടെത്തുന്നതിൽ മാധ്യമങ്ങൾ ഉത്തരവാദിത്തബോധത്തോടെ പെരുമാറേണ്ടതായിരുന്നു”.

കുടിയേറ്റക്കാരെന്ന് സംശയിക്കപ്പെടുന്നവരുടെ വിചാരണക്ക് 1983ൽ രൂപീകരിച്ച ഐഎംഡിടി എന്ന വിവാദ ട്രിബ്യുണൽ 2003ൽ സുപ്രീം കോടതി പിരിച്ചുവിട്ടിരുന്നു. ആസ്സാമിലെ രാഷ്ട്രീയക്കാരുടെ ആവശ്യപ്രകാരമായിരുന്നു അത്. ഐഎംഡിടി നിയമത്തിനു കീഴിൽ പൗരത്വം തെളിയിക്കേണ്ട ബാധ്യത സംസ്ഥാനത്തിനായിരുന്നു.

“സുപ്രീംകോടതി ബ്രിട്ടീഷ് കാലത്തെ വിദേശീനിയമം പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. അതോടെ പൗരത്വം തെളിയിക്കേണ്ട ബാധ്യത സംശയിക്കപ്പെട്ടവരുടേതായി.” സാമാന്യനീതിക്കെതിരാണിതെന്ന് ചൂണ്ടിക്കാണിച്ചു വദൂദ് പറഞ്ഞു

വിദേശികളാരെന്നതിനെ ചൊല്ലിയുള്ള പ്രചാരണങ്ങൾ .വർഷങ്ങൾക്കിടയിൽ മാറുകയുണ്ടായി.
“എഴുപതുകളിൽ അവർ പറഞ്ഞത് അന്യസംസ്ഥാക്കാരടക്കമുള്ള മുഴുവൻ വിദേശികളെയും പുറത്താക്കണമെന്നായിരുന്നു. പിന്നീടവർ ബംഗ്ലാദേശികളെയും നേപ്പാളികളെയും പുറത്താക്കണമെന്ന് പറഞ്ഞു. ഇപ്പോഴവർ പറയുന്നത് ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കി ബംഗാളിൽ വേരുകളുള്ള മുസ്ലിംകളെ പുറത്താക്കണമെന്നാണ്. അന്യരെന്നതിൽ നിന്ന് മുസ്ലിംകൾ എന്നതിലേക്ക് മാറിയിരിക്കുന്നു. ഇതൊരു മതേതര രാഷ്ട്രമാണ്. നിയമം എല്ലാവർക്കും ഒരുപോലെയാവേണ്ടതാണ്” ഹഖ് പറയുന്നു.

മണ്ണിന്റെ മക്കൾ

മുസ്ലിംകളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നവർ ശിക്ഷിക്കപ്പെടുകയില്ലെന്ന് മുസ്ലിംകൾക്കിടയിൽ വിശ്വാസമുണ്ട്.

നെല്ലീ ഗ്രാമത്തിലെ ക്വാസിമിയും അങ്ങനെ വിശ്വസിക്കുന്നു. “ഞങ്ങൾ മണ്ണിന്റെ മക്കളാണ്. ഞങ്ങളെ ബംഗ്ലാദേശികളെന്ന് വിളിക്കരുത്. ഞങ്ങൾ ഇന്ത്യക്കാരാണ്”, ദേഷ്യം പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

1983ൽ നടന്ന ബംഗാളി വിരുദ്ധ പ്രക്ഷോഭത്തിനിടെ കൂട്ടക്കൊല ചെയ്യപ്പെട്ട 2000ഓളം പേരിൽ അദ്ദേഹത്തിന്റെ സഹോദരനും ഉൾപ്പെടുന്നു.

“5000 രൂപ നഷ്ടപരിഹാരം തന്നതല്ലാതെ ഇതുവരെയും കൊലപാതകത്തിന് ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല. പ്രക്ഷോഭകാരികൾ ആഹ്വാനം ചെയ്ത തിരഞ്ഞെടുപ്പ് ബഹിഷ്കരണം തള്ളിക്കളഞ്ഞതിനാണ് മുസ്ലിംകള കശാപ്പു ചെയ്തത്. എന്റെ സഹോദരൻ ജനാധിപത്യത്തിന് വേണ്ടിയാണ് മരിച്ചത്‌”, പ്രദേശത്തെ പള്ളിയുടെ ഇമാമായ ക്വാസിമി പറഞ്ഞു.

പ്രക്ഷോഭകാരികൾക്ക് പ്രതിഫലം ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 20126ൽ ബിജെപി ഗവണ്മെന്റ് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. പക്ഷെ തുടർച്ചയായി വന്ന കോൺഗ്രസ് ഗവണ്മെന്റുകൾ ഒന്നും തന്നെ ചെയ്തിരുന്നില്ലെന്നും ക്വാസിമി കുറ്റപ്പെടുത്തി.

1971-1985 കാലത്ത് പ്രക്ഷോഭം നയിച്ച ഓൾ ആസ്സാം സ്റ്റുഡന്റസ് യൂണിയൻ പോലുള്ള സംഘടനകളും രാഷ്ട്രീയ പാർട്ടികളുമാണ് രേഖകളില്ലാത്ത കുടിയേറ്റക്കാരെക്കുറിച്ച് ഭീതി പടർത്തിയത്.

“മുസ്ലിം ജനസംഖ്യ വർധിക്കുകയാണെന്നും അത് തദ്ദേശീയ ജനതയെ ഇല്ലാതാക്കുമെന്നുള്ള പ്രചാരണം നടത്തി പേടിയുടെ മനഃശ്ശാസ്ത്രം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.” ആസ്സാം കോൺഗ്രസ് നേതാവ് പ്രോദ്യുത് ബൊർദോലായ് പയുന്നു.

കഴിഞ്ഞ 25-30 വർഷങ്ങളായി ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം നിലച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
126 അംഗങ്ങളുള്ള നിയമസഭയിൽ 30 അംഗങ്ങളുമായി മുസ്ലിംകൾ പ്രാതിനിധ്യം നന്നായി തന്നെ അറിയിക്കുന്നുണ്ടെങ്കിലും വികസന സൂചികകളുടെ കാര്യത്തിലവർ പിറകിലാണ്. കൊടിയ ദാരിദ്ര്യവും നിരക്ഷരതയും കാരണം സമുദായം വളരെ കഷ്ടപ്പെടുന്നുണ്ട്. ഒപ്പം വിദേശീയരായി മുദ്ര കുത്തപ്പെടുമോയെന്ന ഭയവും.

ആസ്സാമീസ് സമൂഹത്തെ സ്വാംശീകരിക്കുന്നു

തലമുറകളായി സംസ്ഥാനത്തു കഴിയുകയാണെങ്കിലും മുസ്ലിംകൾ വിവേചനവും അതിക്രമവും നേരിടുന്നുണ്ടെന്ന് ഗുവാഹത്തിയിലെ ബംഗാളി വേരുകളുള്ള ആക്ടിവിസ്റ്റ്‌ ഹാഫിസ് മുഹമ്മദ് പറയുന്നു.

“എന്റെ മുത്തച്ഛൻ ആസ്സാമിലേക്കു വന്നു. ഞങ്ങൾ ആസ്സാമികളാണെന്നതിന് യാതൊരു രേഖയും ഞങ്ങൾക്കാവശ്യമില്ല. മുസ്ലിംകൾ ആസ്സാമീസ് ഭാഷക്കും സംസ്കാരത്തിനും ധാരാളം സംഭാവന ചെയ്തിട്ടുണ്ട്. അവർ ഇനിയും കൂടുതൽ ആസ്സാമീസ് ദേശീയതയെ സ്വാംശീകരിക്കാനാണ് ആഗ്രഹിക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.

54 വയസ്സുള്ള ഇദ്ദേഹം മുസ്ലിം സമുദായത്തെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രതിഷേധം അറിയിക്കാൻ മിയ കവിതകളെഴുതിത്തുടങ്ങിയിരിക്കുകയാണ്.

“മിയാൻ എന്നാൽ മാന്യൻ എന്നാണർത്ഥം. .എന്നാൽ ഇവിടെ അത് ബംഗാളി മുസ്ലിംകളെ അപമാനിക്കാനായാണുപയോഗിക്കുന്നത്. അനീതിക്കും വിവേചനത്തിനുമെതിരെയുള്ള ശബ്ദമാണ് മിയാ കവിതകൾ”, അദ്ദേഹം പറഞ്ഞു.

“സമൂഹത്തിലെ യുവതലമുറ മുന്നോട്ട് വരുന്നത് ആദ്യമായി ഞങ്ങളിപ്പോൾ കാണുന്നു. അവർ സാഹിത്യത്തെ ഒരു പ്രതിഷേധമാർഗ്ഗമായി സ്വീകരിച്ചിരിക്കുകയാണ്.” കാസി നീൽ എന്ന യുവാവ് അത്തരത്തിൽ പേനയെടുത്തയാളാണ്.

എന്റെ അച്ഛനെ അന്യനാക്കുന്ന ഭൂമി
എന്റെ സഹോദരനെ ബുള്ളറ്റിനാൽ കൊല ചെയ്യുന്ന ഭൂമി
എന്റെ സഹോദരിയെ കൂട്ടമാനഭംഗപ്പെടുത്തുന്ന ഭൂമി
നെഞ്ചിൽ കത്തിയെരിയുന്ന കനലുമായി
എന്റെ അമ്മ ജീവിക്കുന്ന ഭൂമി

ആ ഭൂമി എന്റേതാണ്
ഞാൻ ആ ഭൂമിയുടേതല്ല

കൈകാലുകൾ ഓരോന്നായി വെട്ടിയരിയപ്പെട്ട്
പുഴകളിലൂടെ ഒഴുക്കപ്പെടുന്ന ഭൂമി
1983ലെ കൊലപാതകികൾ
ലജ്ജയില്ലാത്ത ഭീകരനൃത്തം
ആഘോഷപൂർവം ചവിട്ടിയ ഭൂമി

ആ ഭൂമി എന്റേതാണ്
ഞാൻ ആ ഭൂമിയുടേതല്ല

എന്റെ വീടും നെരിപ്പോടും
വേരോടെ പിഴുതെറിയുന്ന ഭൂമി
എന്റെ പാരമ്പര്യത്തെ നിഷേധിക്കുന്ന ഭൂമി
എന്നെ എന്നെന്നേക്കുമായി ഇരുട്ടിൽ തളക്കാൻ
അവർ ഗൂഢാലോചന നടത്തുന്ന ഭൂമി
എന്റെ പാത്രത്തിൽ അവർ
ചരൽ വാരിയെറിയുന്ന ഭൂമി

ആ ഭൂമി എന്റേതാണ്
ഞാൻ ആ ഭൂമിയുടേതല്ല

സഹായത്തിനു നിലവിളിച്ചെന്റെ തൊണ്ടപൊട്ടുമ്പോഴും
ആരും ചെവി തരാത്ത ഭൂമി
ആരും ശ്രദ്ധിക്കാതെ എന്റെ ചോര
വിലയില്ലാതൊഴുകുന്ന ഭൂമി
എന്റെ മകന്റെ ശവപ്പെട്ടി കൊണ്ട്
അവർ രാഷ്ട്രീയം കളിക്കുകയും
എന്റെ മകളുടെ മാനം കൊണ്ട്
അവർ ചൂതു കളിക്കുകയും ചെയ്യുന്ന ഭൂമി

ആ ഭൂമി എന്റേതാണ്
ഞാൻ ആ ഭൂമിയുടേതല്ല

ഭ്രാന്തനായി, കുഴഞ്ഞുമറിഞ്ഞവനായി
ഞാനലഞ്ഞു തിരിയുന്ന ഭൂമി

( മിയ ഭാഷയിൽ കാസി നീൽ എഴുതിയ കവിത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ശാലോം എം ഹുസ്സൈൻ)

ഫോട്ടോ- ഷഹീൻ അബ്ദുല്ല സംവിധാനം ചെയ്‌ത ‘ ഇൻ ദി സ്റ്റേറ്റ് ഓഫ് ഡൗട്ട് ‘ എന്ന ഡോക്യൂമെന്ററിയിൽ നിന്നും

Be the first to comment on "‘ആ ഭൂമി എന്റേതാണ്. ഞാൻ ആ ഭൂമിയുടേതല്ല.’ ആസ്സാമിലെ ബംഗാൾ ജീവിതങ്ങൾ"

Leave a comment

Your email address will not be published.


*