ഡിഗ്രിക്കും വിദ്യാർത്ഥികൾ പടിക്ക് പുറത്താണ്. മലബാറിനോട് കേരളം ചെയ്യുന്നത്

representative image

റഹീം ചേന്ദമംഗല്ലൂർ

മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതയെ കുറിച്ച ചർച്ചയും സമരങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോൾ  ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസ്‌ഥയും വ്യത്യസ്തമല്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ വിദ്യാർഥികളുടെ ആശ്രയമായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇൗ വർഷം ഡിഗ്രി സീറ്റിന് അപേക്ഷിച്ചത്‌ 131979 വിദ്യാർത്ഥികളാണ്. കഴിഞ്ഞ വർഷത്തേക്കാൾ 11000 അപേക്ഷകർ അധികം. ഇവർക്ക് ലഭ്യമായ സീറ്റുകളുടെ എണ്ണം 56000 മാത്രം. അഞ്ച് ജില്ലകളിലായി 288 ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ലഭ്യമായ സീറ്റുകളുടെ എണ്ണമാണിത്.

അതായത് 75979 വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തേക്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്താവുന്ന വർഷമാണിത്. രണ്ടാം അലോട്ട്‌മെന്റ് പൂർത്തിയാവുമ്പോൾ 80 ഉം 75 ഉം ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് പോലും സീറ്റ് ലഭിക്കാത്ത അവസ്ഥ. Marginal Increase ഇനത്തിൽ അനുവദിക്കാറുള്ള സീറ്റുകൾക്ക്‌ അപേക്ഷിച്ച കോളജുകൾക്ക് പോലും നൽകിയിട്ടില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു. ഇതോടെ സീറ്റുകളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ ഉള്ളതിനേക്കാൾ കുറയും. ഹയർ സെക്കൻഡറി മേഖലയിൽ അനുഭവിക്കുന്നതിനേക്കാൾ രൂക്ഷമായ പ്രതിസന്ധിയാണ് യഥാർഥത്തിൽ ഡിഗ്രി സീറ്റുകളുടെ കാര്യത്തിൽ മലബാർ അനുഭവിക്കുന്നത്.

സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് മേഖലകളിലായി 213 ആഡ്‌സ്‌ ആൻഡ് സയൻസ് കോളേജുകളാണുള്ളത്. 60 ഗവൺമെന്റ് കോളേജും, 153 എയ്ഡഡ് കോളേജുകളും. ഇതിൽ 77 കോളജുകൾ മാത്രമാണ് മലബാറിലുള്ളത്. അവശേഷിക്കുന്ന 136 കോളേജുകളും തിരുകൊച്ചിയിൽ തന്നെ. തൃശൂർ ജില്ല കൂടി ഉൾപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക്‌ കീഴിലുള്ള 288 ആർട്സ് ആൻഡ് സയൻസ് കോളേജിൽ 80 എണ്ണം മാത്രമാണ് സർക്കാർ എയ്ഡഡ് മേഖലയിൽ ഉള്ളത് ബാക്കി 202 കോളേജുകളും അൺഎയ്ഡഡ് മേഖലയിലാണ്.

വർഷങ്ങളായി തുടരുന്ന വിവേചനത്തിനെതിരെ നടന്ന നിരവധി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും, ടി.പി ശ്രീനിവാസൻ വൈസ് ചെയർമാൻ ആയിരുന്ന Kerala state higher education council 2012 ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ Access വർധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേകം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിർദേശിച്ച എട്ട് കാര്യങ്ങളിൽ മൂന്നാമതായി പറഞ്ഞ അടിയന്തരമായി മലപ്പുറം , പാലക്കാട്, വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ ( ഇതിൽ നാല് ജില്ലയും മലബാറിൽ ആയത് യാദൃശ്ചികമായല്ല) പുതിയ കോളേജുകൾ ആരംഭിക്കണമെന്ന ആവശ്യത്തിൻെറയും ഫലമായി കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് അനുവദിച്ച 13 ഗവൺമെന്റ് കോളജുകൾ കൂടി ചേർത്ത കണക്കാണിത്.

ദേശീയ ശരാശരിയേക്കാൾ GER (Gross Enrollment Ratio) കുറഞ്ഞ ജില്ലകളും ഉള്ള പ്രദേശം കൂടിയാണ് മലബാർ എന്നതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. പത്തനംതിട്ട ജില്ലയിൽ 42 ഉം, കോട്ടയത്ത് 38 ആവുമ്പോൾ മലപ്പുറത്ത് 10 ഉം, കാസർഗോഡ് 11 ഉം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 16 ഉം ആണ് GER എന്ന് സർക്കാരിന്റെ തന്നെ 2012 ലെ പഠനം വ്യക്തമാക്കുന്നു. ദേശിയ ശരാശരിയേക്കാൾ GER കുറഞ്ഞ ജില്ലകളിൽ community colleges ആരംഭിക്കാൻ മൻമോഹൻ സർക്കാരിന്റെ കാലത്ത് യു.ജി.സി പദ്ധതി ഉണ്ടായിരുന്നു. സംസ്‌ഥാന സർക്കാറുകൾ ഭൂമി ഏറ്റെടുത്ത് നൽകി കേന്ദ്ര-സംസ്‌ഥാന സർക്കാറുകളുടെ സംയുക്ത സാമ്പത്തിക സഹായത്തോടെ വിഭാവനം ചെയ്ത പദ്ധതി മറ്റു സംസ്‌ഥാനങ്ങൾ ഉപയോഗപ്പെടുത്തിയപ്പോൾ ആവശ്യമയ ഭൂമി ഏറ്റെടുത്ത് നൽകാതെ കേരളം നഷ്ടപ്പെടുത്തി.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിൽ ആരംഭിച്ച അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ആരംഭം മുതൽ തന്നെ ഉത്തരേന്ത്യൻ വിദ്യാർഥികൾക്ക് കേരളത്തിൽ ഒരു യൂണിവേഴ്സിറ്റി എന്ന അവസ്‌ഥയിലാണ്‌. +2 തലം മുതൽ ആരംഭിച്ചാൽ മാത്രമേ മലബാറിലെ വിദ്യാർഥികൾക്ക് അത് ഉപകാരപ്പെടൂ. അത് ഇനിയും സാധ്യമായിട്ടില്ല എന്നതും സംസ്ഥാനത്തിൻെറ പിടിപ്പുകേട് തുറന്ന് കാട്ടുന്നു. അലിഗഡ് കോർട്ട് മെമ്പർമാർ വരെ നമുക്ക് ഉണ്ടായിരുന്നെങ്കിലും അവർ മീറ്റിങ്ങുകളിൽ ഹാജറാവാത്തതിനാൽ പുറത്താക്കപ്പെടുകയായിരുന്നു എന്നത് കൂടി നാം ഓർക്കണം.

ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവാസ വൽക്കരിക്കപ്പെട്ട വിഭാഗമാണ് ഇന്ന് മലബാറിലെ വിദ്യാർഥികൾ. 5 വര്ഷം അധികാരത്തിൽ ഇരുന്ന് അതിന്റെ എല്ലാ സുഖാഡംബരങ്ങളും ആസ്വദിച്ച് പൊടിയും തട്ടി ഇറങ്ങിപ്പോരുന്ന ജനപ്രതിനിധികൾ മലബാറിനോട് രാഷ്ട്രീയ ധാർമികത പുലർത്താൻ തയ്യാറാവണം.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ലേഖകൻ

Be the first to comment on "ഡിഗ്രിക്കും വിദ്യാർത്ഥികൾ പടിക്ക് പുറത്താണ്. മലബാറിനോട് കേരളം ചെയ്യുന്നത്"

Leave a comment

Your email address will not be published.


*