‘സഞ്ജു’ – സിനിമയും സിനിമക്കു പിന്നിലെ കഥയും

Sanuj Suseelan

ആ ദിവസങ്ങൾ ഇപ്പോഴും ഓർമയുണ്ട്. സാജൻ / ആഷിഖി എന്നീ ചിത്രങ്ങൾ ഇന്ത്യ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സമയം. ഏതു ഉത്സവപ്പറമ്പിൽ ചെന്നാലും ഇതിൽ രണ്ടിലേയും പാട്ടു കേൾക്കാതെ മടങ്ങാൻ കഴിയില്ല. സാജനിലെ വികലാംഗനും വിഷാദഛായയുള്ളതുമായ അമൻ എന്ന സാഗർ അന്നത്തെ സുന്ദരികളുടെ മാത്രമല്ല മുഴുവൻ സിനിമാസ്വാദകരുടെയും ഹൃദയത്തിലേക്കാണ് ഇറങ്ങി ചെന്നത്. നീട്ടി വളർത്തിയ മുടിയും ചെറു പുഞ്ചിരി ഓളം വെട്ടുന്ന മുഖവുമായി അല്പമൊന്നു ചെരിഞ്ഞു നടക്കുന്ന സാഗറിന്റെ വേദനകൾ പ്രേക്ഷകർ അവരുടെ സ്വന്തം വേദനകളായി ഏറ്റു വാങ്ങി. പിന്നീട് വന്ന സഡക് കൂടി ഹിറ്റായതോടെ ബോളിവുഡിൽ സഞ്ജയ് ദത്ത് എന്ന താരം സ്വന്തം സിംഹാസനമുറപ്പിച്ചു. അതുവരെ തട്ടുപൊളിപ്പൻ ആക്ഷൻ ചിത്രങ്ങളിൽ ഒതുങ്ങി നിന്നിരുന്ന അയാളുടെ അഭിനയമികവ് ആദ്യമായി അംഗീകരിക്കപ്പെട്ടത് ഒരുപക്ഷെ ഈ ചിത്രങ്ങളിലൂടെയായിരിക്കണം.

ദുബായിലിരുന്നു ദാവൂദ് ഇബ്രാഹിം നിയന്ത്രിച്ചിരുന്ന മുബൈ അധോലോകം തന്നെയായിരുന്നു അന്ന് ബോളിവുഡും നഗരത്തിലെ പണമൊഴുകുന്ന മറ്റെല്ലാ ബിസിനസ്സുകളും ഭരിച്ചിരുന്നത്. ഗ്ലാമറും പണവും ഒരുപാടുള്ള സിനിമാ വ്യവസായത്തിൽ അവർക്കു കൂടുതൽ താല്പര്യമുണ്ടായതിൽ അത്ഭുതമില്ല. അന്നത്തെ ഒട്ടുമിക്ക മുൻ നിര നായികമാരെയും ലൈംഗികമായി ഉപയോഗിക്കാനും അവർ മടിച്ചിരുന്നില്ല. മന്ദാകിനിയെയും മമത കുൽക്കർണിയെയും പോലുള്ളവരും അധോലോക രാജാക്കന്മാരുമായുള്ള ബന്ധങ്ങൾ അതുകൊണ്ടുതന്നെ അന്നൊരുവാർത്തയയുമായിരുന്നില്ല. ഒന്നുകിൽ അവർ പറയുന്നതനുസരിക്കുക , അല്ലെങ്കിൽ ഇൻഡസ്ട്രി വിട്ടു പോവുക എന്നതായിരുന്നു ആകെയുണ്ടായിരുന്ന ഓപ്‌ഷനുകൾ. സൽമാൻ ഖാനും അനിൽ കപൂറും പോലെയുള്ള സൂപ്പർ താരങ്ങൾ പോലും അന്ന് ദാവൂദ് സംഘം നടത്തുന്ന പാർട്ടികളിലെ സ്ഥിരം അതിഥികളായിരുന്നു.

Image result for dawood ibrahim

അങ്ങനെയിരിക്കെയാണ് വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കിയ ബാബരി മസ്ജിദ് സംഭവം ഉണ്ടാകുന്നത്. അതുവരെ മതപരമായ ചേരിതിരിവില്ലാതിരുന്ന അധോലോകത്തെയും അത് രണ്ടായി പിളർത്തി. ദാവൂദിന്റെ വലംകൈയായിരുന്ന ചോട്ടാ രാജൻ നേതാവായി പുതിയൊരു ഗ്രൂപ്പ് നിലവിൽ വന്നു. മുസ്ലീമായ ദാവൂദും അബു സലേമും ചോട്ടാ ഷക്കീലും ഭരിക്കുന്ന ഒരു ഗ്രൂപ്പ്. ഹിന്ദുവായ ചോട്ടാ രാജൻ നയിക്കുന്ന മറ്റൊരു ഗ്രൂപ്പ്. ദാവീദിനോട് മുമ്പേ തന്നെ ശത്രുതയുള്ള അരുൺ ഗാവ്ലി പോലുള്ളവരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു ചോട്ടാ. എന്തായാലും ബാബ്‌റി മസ്‌ജിദ്‌ തകർന്നതോടു കൂടി ഇവരെല്ലാം തമ്മിലുള്ള ബന്ധവും തകർന്നു തരിപ്പണമായി. ഇന്ത്യയിലെ ഏറ്റവും വലിയ കോസ്മോപോളിറ്റൻ സിറ്റിയായ മുംബൈ നഗരത്തിൽ വലിയ വർഗീയ ലഹളകൾ അരങ്ങേറി. ഒരുപാടുപേർക്കു ജീവൻ നഷ്ടമായി. വ്യാപാര സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തുണ്ടായ ഈ സംഭവങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി. ഫോഴ്‌സിനെ ഉപയോഗിച്ച് സർക്കാർ അതടിച്ചമർത്തി. മുംബൈ നിശബ്ദമായി. എന്നാൽ കൊടുങ്കാറ്റിന് മുൻപുള്ള നിശബ്ദത മാത്രമായിരുന്നു അത്. തൊണ്ണൂറ്റി മൂന്നിൽ, മാർച്ച് മാസത്തിലെ ഒരു മധ്യാഹ്നത്തിൽ നഗരത്തിലെ പതിമൂന്നിടങ്ങളിലായി നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ ഇന്ത്യ ഞെട്ടി വിറച്ചു . നൂറുകണക്കിനാളുകൾ അംഗവിഹീനരായി, ഇരുനൂറ്റമ്പതോളം പേർ കൊല്ലപ്പെട്ടു.

അതിനോടൊപ്പമാണ് ഞെട്ടിക്കുന്ന ആ വാർത്തയും വന്നത്. ബോംബ് സ്‌ഫോടനക്കേസിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ സഞ്ജയ് ദത്ത് അറസ്റ്റിൽ എന്നതായിരുന്നു ആ വാർത്ത. AK 56 റൈഫിളുകൾ സഞ്ജയ് ദത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുക്കപ്പെട്ടു എന്ന വാർത്ത അദ്ദേഹത്തിന്റെ ആരാധകർക്ക് ആദ്യമൊന്നും വിശ്വാസമായില്ല. കറുത്ത നിറത്തിലുള്ള മുഖചിത്രവുമായി പുറത്തിറങ്ങിയ അന്നത്തെ ഇന്ത്യ ടുഡേയിൽ കുനിഞ്ഞ മുഖവുമായി പോലീസ് വാനിലേക്ക് കയറുന്ന സഞ്ജയ് ദത്തായിരുന്നു പ്രധാനതാരം . ഇന്നത്തെ പോലെ കേബിൾ ചാനലുകൾ ഒന്നുമില്ലാതിരുന്ന അന്ന് കേവലം ഒന്നോ രണ്ടോ വാചകത്തിലൊതുങ്ങുന്ന വാർത്തയായി ദൂരദർശൻ അത് പ്രക്ഷേപണം ചെയ്തു. പക്ഷെ പത്രങ്ങളും ഫിലിം ഫെയർ, സ്റ്റാർ ഡസ്റ്റ് എന്നിവ പോലുള്ള സിനിമാ മാസികകളും അവരുടെ കവർസ്റ്റോറിയാക്കി ആ വാർത്ത ആഘോഷിച്ചു. എനിക്കിന്നും ഓർമയുണ്ട്, ഇന്ത്യ ടുഡേ മാത്രമാണ് അതിൽ വിശ്വസനീയമായ രീതിയിൽ വാർത്ത കൊടുത്തത്. ഹരീന്ദർ ബവേജയാണോ അതോ അരുൺ പുരി തന്നെയാണോ എന്നോർമ്മയില്ല , സഞ്ജയ് ദത്ത് എന്ന താരത്തിന്റെ അതുവരെയുള്ള ജീവിതം വിവരിച്ചിട്ട് അതയാൾ മനഃപൂർവം ചെയ്തതായിരിക്കാൻ സാദ്ധ്യതയില്ല എന്ന് വ്യകതമായി എഴുതിയിരുന്നു. സഞ്ജു എന്ന ചിത്രം കാണുമ്പോൾ ഇത്തരം ഒരു പശ്ചാത്തലം മനസ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

Image result for sanjay dutt family

കുറച്ചൊക്കെ കാർക്കശ്യക്കാരനായ അച്ഛൻ സുനിൽ ദത്തിനേക്കാൾ സഞ്ജയിന് അമ്മയായ നർഗീസിനോടായിരുന്നു അടുപ്പം. ക്യാൻസർ ബാധിതയായിരുന്ന നർഗീസായിരുന്നു അയാളുടെ എല്ലാ ആവശ്യങ്ങൾക്കും ഒപ്പം നിന്നിരുന്നത്. ഇരുപത്തിയൊന്നാം വയസ്സിൽ തന്റെ ആദ്യ ചിത്രം റിലീസാവുന്നതിനു ഒരാഴ്ച മുമ്പ് അമ്മ മരണമടഞ്ഞത്‌ അയാളെ പിടിച്ചുലച്ചു. നേരത്തെ തന്നെ മയക്കുമരുന്നിന് അടിമയായിരുന്ന സഞ്ജയ് അതിലേക്കു പൂർണമായും തന്നെ സമർപ്പിച്ചു. അമ്മയുടെ മരണമുണ്ടാക്കിയ വിടവിൽ ലഹരി നിറച്ചു അയാൾ ആശ്വസിച്ചു. സ്വബോധമില്ലാതെ ഒരു പാഴ്ത്തടി പോലെ അയാൾ ഒഴുകിനടന്നു. ഒരുപാടു കാമുകിമാരും ലഹരിയുമായി അയാൾ ജീവിതം ആഘോഷിച്ചു. ലിസാ റേയും മാധുരി ദിക്ഷിതും വരെ അയാളുടെ കാമുകിമാരുടെ ലിസ്റ്റിൽ ഇടം നേടി. ഒരു ലക്ഷ്യവുമില്ലാതെയുള്ള മകന്റെ ഈ പോക്ക് കണ്ടു ഒടുവിൽ അച്ഛൻ ഇടപെട്ടു. അമേരിക്കയിലെ പ്രശസ്തമായ ഒരു റിഹാബ് ക്ലിനിക്കിൽ അയാളെ ചികിത്സിച്ചു. അയാൾ ഉപയോഗിച്ചിരുന്ന വിവിധ തരം മയക്കുമരുന്നുകളുടെ നീണ്ട ലിസ്റ്റ് കണ്ടു അവിടത്തെ ഡോക്ടർമാർ അന്തംവിട്ടു. ഒരു വർഷത്തോളം നീണ്ട ചികിത്സ ഒടുവിൽ വിജയം കണ്ടു.

എന്നാൽ മുംബൈ കലാപത്തിൽ ആരോപിക്കപ്പെട്ട പ്രതിസ്ഥാനം അയാളുടെ ജീവിതത്തിൽ വീണ്ടുംതിരിച്ചടിയായി. മാദ്ധ്യമങ്ങളും ജനങ്ങളും അയാളെ തീവ്രവാദിയായി മുദ്രകുത്തി. തീവ്രവാദ നിരോധനത്തിനായി കൊണ്ടുവന്ന കുപ്രസിദ്ധമായ ടാഡ നിയമം അയാൾക്ക്‌ നേരെ പ്രയോഗിക്കപ്പെട്ടു. പുണെയിലെ യാർവാദ ജയിലിലടക്കപ്പെട്ട സഞ്ജയിന് ചിത്രീകരണം നടന്നുകൊണ്ടിരുന്ന സിനിമകൾ പൂർത്തിയാക്കാൻ കോടതി അവസരം നൽകി. നിയമയുദ്ധങ്ങൾ ഒരു വഴിക്കു നടക്കുന്നതിനിടയിൽ സഞ്ജയ് അഭിനയിച്ച ഖൽനായക് ഈ വിവാദങ്ങൾ കാരണവും ചോളി കെ പീഛെ എന്ന വിവാദഗാനവും കാരണം വൻ വിജയമായി. പക്ഷെ അപ്പോഴും “തീവ്രവാദിയായ” അതിലെ നായകനോട് ക്ഷമിക്കാൻ ജനങ്ങൾ തയ്യാറായിരുന്നില്ല.

ജയിൽ വാസവും നിയമയുദ്ധങ്ങളും ഇടയ്ക്കു ജാമ്യത്തിലിറങ്ങിയുള്ള അഭിനയവുമായി അയാളുടെ ജീവിതം നിരങ്ങി നീങ്ങി. ദൗഡ് , വാസ്തവ് , ദുഷ്‌മൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ, അതിൽ ഹിറ്റുകളും ഫ്ളോപ്പുകളും .ഒരുപാടുണ്ടായിരുന്നു. ആയുധങ്ങൾ കൈവശം വച്ചതു ആത്മരക്ഷക്കായിരുന്നു എന്നാണ് സഞ്ജയ് വാദിച്ചത്. അച്ഛന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം ഒരുപാടു ഭീഷണികൾ നേരിട്ടുകൊണ്ടിരുന്നതാണ് കാരണമായി അവർ കോടതിയിൽ ബോധിപ്പിച്ചത്. എന്തായാലും വളരെ കാര്യക്ഷമമായി നടന്ന അന്വേഷണങ്ങളിൽ ഒരുപാടുപേർ ജയിലിലടയ്ക്കപ്പെട്ടു. ആയുധം കൈവശം വച്ചിരുന്നുവെങ്കിലും അന്നത്തെ ബോംബ് സ്ഫോടനങ്ങളുമായോ അതിനു പുറകിലെ ഗൂഢാലോചനയിലോ സഞ്ജയ് ദത്ത് പങ്കാളികളായിരുന്നില്ലെന്നു ആ അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനു അയാൾക്ക്‌ ശിക്ഷയനുഭവിക്കേണ്ടി വന്നു.

Image result for sanjay dutt 1993

വർഷങ്ങൾക്കു ശേഷം സഞ്ജയ് ദത്ത് എന്ന പേര് വീണ്ടും വാർത്ത സൃഷ്ടിക്കുന്നത് മുന്നാഭായ് എം ബി ബി എസ് എന്ന ചിത്രത്തിലൂടെയാണ്. സാജന് ശേഷം കൈമോശം വന്ന ജനപ്രിയ നായക വേഷം സഞ്ജയ് ദത്ത് തിരിച്ചു പിടിച്ചു. യഥാർത്ഥ ജീവിതത്തിലെ അച്ഛനായ സുനിൽ ദത്ത് തന്നെ മുന്നാഭായിയുടെയും അച്ഛനായി. ഗുണ്ടയാണെങ്കിലും അച്ഛനെ ഭയന്ന് ഡോക്ടറായി അഭിനയിക്കുന്ന മുന്നയുടെ കഥാപാത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിക്കാൻ സഞ്ജയ് ദത്തിന് കഴിഞ്ഞു. ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ് വാല പോലെയുള്ള ആക്ഷൻ ചിത്രങ്ങൾക്കൊപ്പം പരിണീത , ലഗേ രഹോ മുന്നാഭായ്, പി കെ തുടങ്ങിയ ചിത്രങ്ങളും ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപിടി വേഷങ്ങളിലൂടെ വീണ്ടും തിരിച്ചുവരുന്ന സഞ്ജയ് ദത്തിനെപ്പറ്റിയുള്ള ആത്മകഥാപരമായ ഒരു ചിത്രം സംവിധാനം സംവിധാനം ചെയ്യാനുള്ള അവസരം രാജ്‌കുമാർ ഹിറാനിയെ തേടി വന്നത് യാദൃശ്ചികമാകാൻ സാദ്ധ്യതയില്ല.

ചിത്രത്തിലേക്ക് വരാം. പൂർണമായ അർത്ഥത്തിൽ ഈ സിനിമയെ ഒരു ബയോപിക് എന്ന് വിളിക്കാൻ കഴിയില്ല. സഞ്ജയ് ദത്തിന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട എപ്പിസോഡുകളായ ആദ്യ രണ്ടു വിവാഹബന്ധങ്ങളെപ്പറ്റിയും ഒരക്ഷരം ഈ ചിത്രത്തിലില്ല. അതീവ പ്രതിഭാശാലിയായ ഒരു അഭിനേതാവ് കൂടിയാണ് സഞ്ജയ് ദത്ത്. പണ്ടത്തെ കുട്ടിക്കളി വിട്ടു ഗൗരവമുള്ള അഭിനയത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തെക്കുറിച്ചും ചിത്രം ഒന്നും വിട്ടു പറയുന്നില്ല.

Image result for munna bhai mbbs

ട്യൂമർ ബാധിച്ചു മരണമടഞ്ഞ ആദ്യഭാര്യയായ റിച്ച ശർമയെപ്പറ്റിയും അതിൽ ജനിച്ച , ഇപ്പോൾ അമേരിക്കയിൽ റിച്ചയുടെ ബന്ധുക്കൾക്കൊപ്പമുള്ള മകളെപ്പറ്റിയും ചിത്രം മൗനം പാലിക്കുന്നു. പത്തു വർഷത്തോളമുണ്ടായിരുന്ന അവരുടെ ബന്ധത്തെപ്പറ്റി ഒരു വരി പോലും ചിത്രത്തിലില്ല. അതുപോലെ തന്നെ പകുതി മലയാളിയായ റിയാ പിള്ളയുമായി ഉണ്ടായിരുന്നഏഴു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും സഞ്ജുവിൽ പരാമർശമില്ല. ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തെ കാണാൻ അവിടെ സ്ഥിരമായി പോകുമായിരുന്ന റിയയെ ഉപേക്ഷിച്ചതിന് പിന്നിൽ ഗുരുതരമായ കാരണങ്ങൾ അന്നത്തെ പത്രങ്ങളുടെ പേജ് ത്രീ വാർത്തകളിലെ പ്രധാന വിഭവമായിരുന്നു. റിയയെയും ഡിവോഴ്സ് ചെയ്തതിനു ശേഷമാണു ഇപ്പോഴത്തെ ഭാര്യയായ മാന്യത ദത്തിനെ സഞ്ജയ് ദത്ത് വിവാഹം കഴിക്കുന്നത്. ചിത്രത്തിലെ കുടുംബത്തിൽ ഉടനീളമുള്ളത് മാന്യതയും അവരിൽ അദ്ദേഹത്തിന് ജനിച്ച ഇരട്ടക്കുട്ടികളുമാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിർബന്ധത്തിനു വഴങ്ങിയതാവാനും സാധ്യതയുണ്ട്. അതേ സമയം യഥാർത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ, വെടിയേറ്റ് മരണമടഞ്ഞ ഗുൽഷൻ കുമാറിന്റെയടക്കം മാറ്റം വരുത്താതെ ഉപയോഗിക്കാനുള്ള ധൈര്യം അണിയറക്കാർ കാണിച്ചിട്ടുണ്ട്. പക്ഷെ ബോളിവുഡിലെ ഏറ്റവും സംഭവബഹുലമായ ജീവിതം നയിച്ചിരുന്ന ഒരാളുടെ ജീവിതത്തെ പറ്റി ഒരു സിനിമ ചെയ്യുമ്പോൾ വേണ്ട സമഗ്രത സഞ്ജുവിനില്ല.

രാജ്‌കുമാർ ഹിറാനി മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങളുടെ ഏഴയലത്തു പോലും വന്നിട്ടില്ല സഞ്ജു. തീർച്ചയായും മുഷിപ്പിക്കുന്ന ഒരു ചിത്രമല്ല ഇതെങ്കിലും ഒരു ബയോപിക് , അതും ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരുപാടു മനുഷ്യർ കേന്ദ്രകഥാപാത്രങ്ങൾ ആവുന്ന ഒരു സിനിമ സംവിധാനം ചെയ്യുമ്പോളുണ്ടാവുന്ന പരിമിതികൾ അദ്ദേഹത്തിനുണ്ടായിരുന്നിരിക്കണം. രാജു ഹിറാനി തന്നെയാണ് എഡിറ്റിംഗും ചെയ്തിരിക്കുന്നത്. സംവിധായകന് സ്വാഭാവികമായി ഉണ്ടാകാവുന്ന ഇഷ്ടക്കൂടുതൽ കാരണം കണ്ണടച്ച് നീക്കം ചെയ്യേണ്ട ചില ഭാഗങ്ങൾ അതേ പടി നിലനിർത്തിയിട്ടുണ്ട്. സഞ്ജയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ മാദ്ധ്യമങ്ങൾ വഹിച്ച പങ്കു വിവരിക്കുന്നയിടങ്ങളിൽ പലയിടത്തും അവരെ അടച്ചാക്ഷേപിക്കുന്ന രീതിയിലേക്ക് ചിത്രം വീണുപോയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും, മേല്പറഞ്ഞ പരിമിതികൾ ഉണ്ടായിരിക്കെത്തന്നെ ഏറ്റവും സത്യസന്ധമായി കഥപറയാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും എടുത്തു പറയണം. വ്യക്തിപരമായ വിവരങ്ങളിലേയ്ക്ക് അധികം കടക്കാതെ സഞ്ജയ് ദത്തിന്റെ ലഹരിയിൽ മുങ്ങിയ ജീവിതവും ടാഡ കേസിൽ ചെന്ന് പെട്ടതുമാണ് പ്രധാന പ്രമേയങ്ങൾ. തന്റെ ആദ്യചിത്രമായ മുന്നാഭായി ആയിരുന്നു സഞ്ജയിന്റെ തിരിച്ചുവരവ് ചിത്രമെന്നതും വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. പക്ഷെ അതോടൊപ്പം തന്നെ അയാൾ ചെയ്ത കുറ്റകൃത്യങ്ങളെയോ അയാളുടെ മയക്കുമരുന്ന് ഉപയോഗങ്ങളെയോ വെള്ള പൂശാനോ ന്യായീകരിക്കാനോ ഈ സിനിമ ശ്രമിക്കുന്നില്ല. അല്പസ്വല്പം വിചിത്രമായ അദ്ദേഹത്തിന്റെ സ്വഭാവത്തെ മറയില്ലാതെ കാണിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എടുത്തു പറയേണ്ട വേറൊരു കാര്യം മയക്കുമരുനിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചോ ഇങ്ങനെയുള്ള വഴിവിട്ട ജീവിതം നയിച്ചാലുണ്ടാവുന്ന കുഴപ്പങ്ങളെക്കുറിച്ചോ സാരോപദേശ പ്രഭാഷണം നടത്താൻ ചിത്രം ശ്രമിച്ചിട്ടില്ല എന്നതാണ്. അയാളുടെ ജീവിതം തന്നെ മറ്റുള്ളവർക്ക് ഒരു പാഠമായി തീരട്ടെ എന്ന നിലപാടാണ് സിനിമയ്ക്കുള്ളത്.

Image result for rajkumar hirani and sanjay dutt and ranbeer kapoor

സഞ്ജയ് ദത്തിനെ അവതരിപ്പിച്ച രൺബീർ കപൂർ കഠിനാധ്വാനം ചെയ്തിട്ടുണ്ടെങ്കിലും ചില രംഗങ്ങളിലെങ്കിലും പാളിപ്പോയി എന്ന് പറയാതെ വയ്യ ( രൺവീർ സിങ്ങായിരുന്നു അവരുടെ ആദ്യ ചോയിസെന്നും രാജു ഹിറാനിയുടെ നിർബന്ധത്തിനു വഴങ്ങി രൺബീറിൽ എത്തുകയായിരുന്നുവെന്നും നിര്മാതാക്കളിൽ ഒരാളായ വിധു വിനോദ് ചോപ്ര പറഞ്ഞിരുന്നു. ആ തീരുമാനം ശരിയായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട് ). പ്രോസ്തെറ്റിക്‌സും വി എഫ് എക്‌സും കലാപരമായി ഉപയോഗിച്ച് രൺബീറിനു സഞ്ജയ് ദത്തുമായി അത്ഭുതകരമായ രൂപ സാദൃശ്യം കൊണ്ടുവരാൻ അണിയറക്കാർക്കു കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ചില സീനുകളിലെങ്കിലും രൺബീർ മിമിക്രി കാണിക്കുന്നത് പോലെ തോന്നി. പ്രത്യേകിച്ച് സഞ്ജയ് ദത്തിന്റെ പ്രശസ്തമായ ചരിഞ്ഞുള്ള ആ നടപ്പു അനുകരിക്കുന്ന രംഗങ്ങളിൽ. വികാരസംഘർഷം നിറഞ്ഞ ചില രംഗങ്ങളിൽ ബോളിവുഡിലെ മറ്റു താരങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിൽ അയാൾ അഭിനയിച്ചിട്ടുണ്ടെന്നതും എടുത്തു പറയണം. ഷാഹ്റുഖ് ഖാന്റെ യഥാർത്ഥ പിൻഗാമിയായി അന്തരിച്ച യഷ് ചോപ്ര വാഴ്ത്തിയ രൺബീറിന്റെ തണുത്ത കരിയറിന് ചൂട് പകരാൻ ഒരുപക്ഷെ ഈ ചിത്രം സഹായിച്ചേക്കാം.

സുനിൽ ദത്തിനെ അവതരിപ്പിച്ച പരേഷ് റാവൽ ആണ് ഈ ചിത്രത്തിലെ യഥാർത്ഥ താരം. തറ കോമഡി കഥാപാത്രങ്ങൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഈയടുത്ത കാലത്തു കണ്ട ഏറ്റവും ഉജ്ജ്വലമായ പ്രകടനമാണ് സഞ്ജുവിലേത്. സുനിൽ ദത്ത് എന്ന സിനിമാക്കാരനെയും രാഷ്ട്രീയക്കാരനെയും അച്ഛനെയും ഭർത്താവിനെയും അതിമനോഹരമായി അദ്ദേഹം സ്‌ക്രീനിലാവിഷ്കരിച്ചു. അതിനൊരു കയ്യടി.

നർഗീസിന്റെ വേഷത്തിൽ മനീഷ കൊയ്‌രാള വരുന്നുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഒരു കാൻസർ സർവൈവർ ആയ മനീഷയിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയെന്നു വാർത്തകൾ വന്ന സമയത്താണ് നർഗീസിനെ പോലൊരാളുടെ വേഷം തന്നെ അവരെ തേടിയെത്തിയെന്നത് വിധിയുടെ ഒരു തമാശയായിരിക്കാം. സോനം കപൂർ, വിക്കി കൗശൽ , അനുഷ്‌കാ ശർമ്മ തുടങ്ങി ഒട്ടേറെ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് സഞ്ജുവിൽ.

തങ്ങളെ കേസിൽ നിന്ന് രക്ഷപെടാൻ സഹായമഭ്യർത്ഥിച്ചു ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ കാണാൻ സഞ്ജു പോകുന്നസീൻ ചിത്രത്തിലുണ്ട്. യഥാർത്ഥ ജീവിതത്തിൽ ആ കഥാപാത്രം അടൽ ബിഹാരി ബാജ്പേയ് ആണെന്ന് കേട്ടിട്ടുണ്ട്. എന്തായാലും ആളുടെ പേര് ഇതിൽ കാണിക്കുന്നില്ല.

തീർച്ചയായും ഒരു തവണ കാണാനുള്ള വക ഈ ചിത്രത്തിലുണ്ട്. അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. ചിലരൊക്കെ പറയുന്നത് പോലെ അയാൾ ചെയ്ത കുറ്റകൃത്യങ്ങളെ ഈ സിനിമ വെള്ളപൂശുന്നൊന്നുമില്ല . വർഷങ്ങൾക്കു മുമ്പ് വായിച്ചറിഞ്ഞതിൽ നിന്നു പുതുതായി ഒന്നും ഈ ചിത്രത്തിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല. ഈ കേസിൽ അന്നും ഇന്നും അയാളുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ല. തകർന്നു പോയ വിവാഹബന്ധങ്ങളിലോ അച്ഛനുമായുള്ള അസ്വാരസ്യങ്ങളിലോ മയക്കുമരുന്നുപയോഗിച്ചുള്ള ജീവിതത്തിലോ ഒന്നും മറ്റൊരാളെ പഴിചാരിയിട്ടില്ല സഞ്ജയ് ദത്ത്. മാത്രമല്ല അതയാൾ പരസ്യമായി സമ്മതിച്ചിട്ടുമുണ്ട്. തീവ്രവാദക്കേസിൽ ഉൾപ്പെടുത്തിയെന്നതൊഴിച്ചാൽ തനിക്കുണ്ടായ തിരിച്ചടികളെയെല്ലാം സ്വീകരിച്ചിട്ടുള്ളയാളാണ് സഞ്ജയ് ദത്ത്. സൽമാൻ ഖാനെ പോലെ ഒരിക്കലും ധാർഷ്ട്യത്തോടെ അയാൾ പെരുമാറിയിട്ടില്ല. തന്നെ വളഞ്ഞു വച്ചാക്രമിച്ച മാദ്ധ്യമങ്ങളോട് അകലം വച്ചുപുലർത്തിയിരുന്നപ്പോളും അയാൾ മോശം വാർത്തകളിൽ വന്നിട്ടില്ല എന്നുകൂടിയോർക്കണം. എന്തായാലും സഞ്ജയ് ദത്തിന് ഈ ചിത്രം വീണ്ടും സിനിമയിലേക്കാണോ അതോ രാഷ്ട്രീയത്തിലേക്കാണോ ഒരു തിരിച്ചു വരവുണ്ടാക്കാൻ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം.

Be the first to comment on "‘സഞ്ജു’ – സിനിമയും സിനിമക്കു പിന്നിലെ കഥയും"

Leave a comment

Your email address will not be published.


*