അഭിമന്യുവിന്റെ കൊലപാതകത്തെ ഇസ്‌ലാമിക തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നവർ ഉദ്ദേശിക്കുന്നതെന്താണ്?

നസീൽ വോയിസി

പോപ്പുലർ ഫ്രണ്ട് തീവ്രവാദ’മോ അതോ ‘ഇസ്ലാമിക തീവ്രവാദമോ?

അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള കുറിപ്പുകളും ചർച്ചകളുമാണ് ഇന്നും ഇന്നലെയുമായി വായിച്ചതിലേറെയും. ഉള്ളു പിളരുന്ന വേദനയോടെയാണ് പലതും വായിച്ചത്. അതിനു അനുബന്ധമായി മറ്റൊരു ആലോചനയുമുണ്ടായിരുന്നു, ഈ കൊലപാതകം ബാധിക്കുന്ന മറ്റൊരു വിഭാഗത്തെക്കുറിച്ച്. ഇതര മതവിശ്വാസികൾ ഏറെയുള്ള ഇടങ്ങളിലെ ഇസ്ലാം മത വിശ്വാസികളെക്കുറിച്ചായിരുന്നു അത്. നാമധാരികളായ ലിബറലുകളല്ല, പ്രാക്ടീസിങ് ആയ മുസ്ലിംകളെക്കുറിച്ച്. ഈ ഹീന കൃത്യത്തിന്റെ പേരിൽ ജോലിസ്ഥലമോ അപ്പാർട്മെന്റോ കോളേജ് ക്‌ളാസ് റൂമോ എവിടെയായാലും ഏറ്റവും കൂടുതൽ തല കുനിച്ചിരുന്നത്, അപ്പോളജെറ്റിക് ആയി നിൽക്കേണ്ടി വന്നിട്ടുള്ളത് അവരാവും. പോപ്പുലർ ഫ്രണ്ടിനെ ഒരിക്കലും പിന്തുണച്ചിട്ടുണ്ടാവില്ല, എങ്കിലും നിഷ്കളങ്കമെന്നു തോന്നിപ്പിക്കുന്ന, എന്നാൽ ഒട്ടും നിഷ്കളങ്കമല്ലാത്ത ചില ചോദ്യങ്ങൾ അവർക്കു നേരിടേണ്ടി വരും. നോട്ടങ്ങളും അർഥം വെച്ചുള്ള ചർച്ചകളും അവർക്കു ചുറ്റുമുണ്ടാവും.

‘സംഘപരിവാർ തീവ്രവാദ’ത്തിനു സമാനമായ ‘പോപ്പുലർ ഫ്രണ്ട് തീവ്രവാദ’മാണ് അഭിമന്യുവിന്റെ ജീവനെടുത്തത്. അതിലൊരു തരിപോലും സംശയമില്ല. ചുവരെഴുത്തിന്റെ പേരിൽ നടന്ന കൊടിയ രാഷ്ട്രീയ അക്രമം. പൊളിറ്റിക്കൽ സ്‌പേസ് കൊടുക്കാത്തതിന്റെയോ ഏകാധിപത്യത്തിന്റെയോ, ഏതു ന്യായീകരണത്തിനും അവിടെ ഒരിടവുമില്ല. അതുപക്ഷേ ‘ഇസ്ലാമിക തീവ്രവാദമായും’ ‘ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദമായും’ ‘ഐഎസ് പരിശീലനം കിട്ടിയവർ നടത്തിയ കൊലപാതകമായും’ മാറി ഒരു മത വിശ്വാസത്തിന്റെ അനുബന്ധമായി വ്യാഖാനിക്കപ്പെടുമ്പോൾ, ആവർത്തിക്കപ്പെടുമ്പോൾ മേല്പറഞ്ഞ പോലെ, അതിനോട് ഒരുകാലത്തും യോജിക്കാത്ത, പുലബന്ധം പോലുമില്ലാത്ത ഒരുപാട് പേരെ പ്രതിസ്ഥാനത്തേക്ക് നിർത്തുന്നുണ്ട്. അവർക്കു നേരെ ചൂണ്ടാനുള്ള വിരലായി ഈ പ്രയോഗം മാറുന്നുണ്ട്.

വെറുതെ തോന്നുകയാണ് എന്ന് ദയവു ചെയ്തു പറയരുത്. നേരിട്ടും പരോക്ഷമായും അത്തരം ചോദ്യങ്ങളും ’സംശയങ്ങളും’ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന തീവ്രവാദ സംഘം നടത്തുന്ന ഏതെങ്കിലും കൊടിയ അക്രമത്തെക്കുറിച്ചുള്ള വാർത്ത വരുമ്പോൾ, പണ്ഡിതനെന്ന പേരുള്ളവൻ ബോധമില്ലാതെ എന്തെങ്കിലും പ്രസ്താവനയോ ഫത് വയോ ഇറക്കുമ്പോൾ എന്തിനേറെ പറയുന്നു എവിടെയെങ്കിലും ഒരുത്തൻ രണ്ടോ മൂന്നോ കെട്ടിയാൽ വരെ ഇത്തരം ഇടങ്ങളിൽ നിന്ന് ചോദ്യങ്ങളും നിഷ്കളങ്ക സംശയങ്ങളും ഉയരും – അടുത്തുള്ള ആരോ ആണത് ചെയ്തത്, നിങ്ങള്ക്ക് കൂടുതൽ അറിയാമായിരിക്കുമല്ലോ, നിങ്ങൾ ആൻസറബിൾ ആണ് എന്ന മട്ടിൽ.

ക്രിസ്ത്യൻ പുരോഹിതന്മാർക്കെതിരെ ലൈംഗിക ആരോപണം ഉണ്ടാവുമ്പോൾ ഒരു ക്രിസ്ത്യാനിക്കോ, ആർ.എസ്.എസ് ഒരാളെ കൊന്നു കളയുമ്പോ ഒരു ഹിന്ദുവിനോ ആ ചോദ്യമോ സംശയമോ നേരിടേണ്ടി വരുന്നതായി തോന്നുന്നില്ല. അതിനെ ഒരു ക്രൈം ആയിട്ടോ കേസ് ആയിട്ടോ ഒക്കെയാണ് ചർച്ച ചെയ്യുന്നതും കുറിപ്പുകളുണ്ടാവുന്നതും. അവിടെ മതത്തിന്റെ ടാഗ് വരുന്നില്ല. കാസർഗോഡ് പള്ളിയിൽ വെച്ച് ഒരു മൗലവിയെ സംഘ്പരിവാർ കൊന്നുകളഞ്ഞപ്പോൾ അത് ‘സംഘ് പരിവാർ ഭീകരത/അക്രമം/ കൊലപാതകമാണ്’ (അങ്ങനെ തന്നെയാണ് ശരിയും). അല്ലാതെ ‘ഹൈന്ദവ തീവ്രവാദമല്ല’. ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന ഒരാൾ അവിടെ അതിനുത്തരം നൽകേണ്ടി വരുന്നില്ല, അപ്പോളജെറ്റിക് ആവേണ്ട ആവശ്യമേ ഉദിക്കുന്നില്ല. അതേസമയം, കോണ്ടക്സ്റ് മാറുമ്പോൾ, ഇസ്ലാം മത വിശ്വാസിയാണെങ്കിൽ അതിനെ തള്ളിക്കളയണം, അപ്പോളേജെറ്റിക് ആവണം, സംശയങ്ങളും ചോദ്യങ്ങളും നേരിടണം. ഇസ്ലാമിക് ടെക്സ്റ്റും സൗദി അറേബിയയും ചർച്ച ചെയ്യപ്പെടും. മിണ്ടാതിരുന്നാൽ പോലും അവസരവാദ മൗനമായി എഴുതപ്പെടും.

അഭിമന്യുവിന്റെ കൊലപാതകം ‘പോപ്പുലർ ഫ്രണ്ട് തീവ്രവാദം’ ആണെന്ന് ആവർത്തിക്കുമ്പോഴും, ആ ക്രൂരകൃത്യത്തിനെയും സംഘടനയെയും വിമർശിക്കുമ്പോഴും അതിനെ ‘ഇസ്ലാമിക തീവ്രവാദമായി’ കാണാൻ കഴിയാത്തതും ഇതുകൊണ്ടൊക്കെ തന്നെയാണ്. തലച്ചോറോ ഹൃദയമോ ഇല്ലാത്ത ആ കൂട്ടം ചെയ്തതിനു മതവുമായി ബന്ധമുണ്ടെന്ന് കരുതുന്നുമില്ല. അതൊരുപക്ഷേ എത്രയാവർത്തിച്ചാലും മറ്റൊരാൾക്ക് മനസ്സിലായി എന്ന് വരില്ല. ‘ഇരവാദം‘ എന്നൊക്കെ പറഞ്ഞു തള്ളിക്കളയാവുന്നതായും തോന്നും. കാരണം ആ ചോദ്യങ്ങളും സംശയങ്ങളും അടക്കം പറച്ചിലുകളും ഒരു പേരുകൊണ്ടോ വിശ്വാസം കൊണ്ടോ ഒക്കെ നിങ്ങളിൽ നിന്ന് അകലം സൂക്ഷിക്കുന്നുണ്ട്. അത് നിങ്ങൾക്ക് നേരിടേണ്ടി വരുന്നില്ല. അറിയാതെ അനുഭവിക്കുന്ന ഒരു പ്രിവിലേജ് തന്നെയാണത്.

അതില്ലാതെ നിൽകുമ്പോൾ, ഇതൊക്കെ നേരിടേണ്ടി വരുന്നതുകൊണ്ട് തന്നെ, അഭിമന്യുവിനെ ഓർത്തു കണ്ണീരണിയുമ്പോഴും അവനോടൊപ്പം ചേർന്ന് നിൽക്കുമ്പോഴും വാക്യങ്ങളിലെയും റിപ്പോർട്ടുകളിലെയും ആ പ്രയോഗങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്താതെ വയ്യ. ഇന്നും നാളെയും അത് കഴിഞ്ഞുമൊക്കെ ഒരു ബൂമറാങ് പോലെ അത് സ്വന്തം നേർക്ക്, ഒരു സാധാരണ മത വിശ്വാസിക്ക് നേർക്ക് വരുമെന്നതുകൊണ്ടാണത്.

അതുകൊണ്ടു തന്നെയാണ് പോപ്പുലർ ഫ്രണ്ടൊക്കെ കാണിച്ചു കൂട്ടുന്ന ഇതുപോലെയുള്ള അക്രമങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു അവരോടു വിയോജിക്കുന്ന, സാധാരണക്കാരായ മതവിശ്വാസികളെയാണ് എന്ന് പറയുന്നത്. ലാഭമുണ്ടാവുന്നതോ, അപ്പുറത്തു ഇതേ കർമത്തിന് കോപ്പു കൂട്ടി ചേരിതിരിവുകൾ രൂക്ഷമാക്കുന്നവർക്കും

Be the first to comment on "അഭിമന്യുവിന്റെ കൊലപാതകത്തെ ഇസ്‌ലാമിക തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നവർ ഉദ്ദേശിക്കുന്നതെന്താണ്?"

Leave a comment

Your email address will not be published.


*