ചോദ്യം ചെയ്‌തത്‌ സിപിഎം കൗൺസിലറുടെ സാന്നിധ്യത്തിൽ 12 മണിക്കൂർ. ജീവനൊടുക്കിയ ദമ്പതികൾ നേരിട്ടത് പോലീസ് ക്രൂരത

ചങ്ങനാശ്ശേരിയിൽ പോലീസ് പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ദമ്പതികൾ നേരിട്ടത് ക്രൂരമായ അവഹേളനവും പീഡനവും. സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായ അഡ്വ: സജി കുമാറിന്റെ സ്വർണക്കടയിൽനിന്നു സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ പൊലീസ് 12 മണിക്കൂർ ചോദ്യം ചെയ്യുകയായിരുന്നു ഇവരെ. അഡ്വ: സജി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ‘വിചാരണ’.

‘പൊലീസ് ഇടിച്ചു കൊല്ലാറാക്കി, ആത്മഹത്യ മാത്രമാണു വഴി’

ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയിൽ സുനിൽകുമാർ (36), ഭാര്യ ചെങ്ങന്നൂർ കാരയ്ക്കാട് കരിക്കിൻകാല രാജേന്ദ്രന്റെ മകൾ രേഷ്മ (21) എന്നിവരാണ് പോലീസ് ക്രൂരതയെ തുടർന്ന് ജീവനൊടുക്കിയത്. ‘പൊലീസ് ഇടിച്ചു കൊല്ലാറാക്കി, ആത്മഹത്യ മാത്രമാണു വഴി’ എന്നു സഹോദരനെ ഫോൺ വിളിച്ചു പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യ. സഹോദരൻ ഓടിയെത്തിയപ്പോഴേക്കും ഇരുവരും വിഷം കഴിച്ചിരുന്നു.

മരണത്തിന് ഉത്തരവാദി സജി കുമാറെന്ന് ആത്മത്യാകുറിപ്പ്

സജി കുമാറിന്റെ പരാതിയിൽ കേസെടുക്കാതെ, സുനിലിനെയും ഭാര്യയെയും ചോദ്യംചെയ്യാൻ വിളിപ്പിക്കുകയായിരുന്നു പൊലീസ്. മരണത്തിന് ഉത്തരവാദി സജി കുമാറാണെന്നും പൊലീസ് മർദിച്ചെന്നും രേഷ്മ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സ്വർണപ്പണിക്കാരനായ സുനിൽ വർഷങ്ങളായി സജി കുമാറിന്റെ ആഭരണശാലയിലേക്ക് ആഭരണങ്ങൾ നിർമിച്ചു നൽകുന്നുണ്ട്. പണിയാൻ ഏൽപിച്ച സ്വർണ ഉരുപ്പടികൾ തിരിച്ചു കിട്ടിയപ്പോൾ സ്വർണം കുറവുണ്ടെന്നു സജി കുമാർ തിങ്കളാഴ്ച പോലീസിൽ പരാതിപ്പെടുകയായിരുന്നു.

രാവിലെ ഒൻപതു മണി മുതൽ രാത്രി ഒൻപതു വരെ പൊലീസ് ചോദ്യം ചെയ്‌തു. സ്വർണം എടുത്തതായി രാത്രി ഒൻപതു മണിയോടെ സുനിൽ സമ്മതിച്ചു. പൊലീസിന്റെ മർദനം സഹിക്കവയ്യാതെ സുനിൽ കുറ്റം സമ്മതിച്ചതാകാമെന്നാണു സഹോദരൻ അനിൽ പറയുന്നത്.

‘ഞങ്ങൾ മരിക്കാൻ തീരുമാനിച്ചു’

എട്ടുലക്ഷം രൂപയോ 600 ഗ്രാം സ്വർണമോ സജികുമാറിനു തിരികെ നൽകണമെന്നായിരുന്നു പൊലീസിന്റെ ഇവരോടുള്ള നിർദേശം. ഇതിൽ പകുതി ഇന്നലെ നാലു മണിക്കകം നൽകണമെന്നും പൊലീസ് നിർബന്ധിച്ചു. എന്നാൽ, പണം നൽകാൻ ഒരു നിവൃത്തിയുമില്ലാത്ത സാമ്പത്തികപ്രയാസത്തിലായിരുന്നു ഇവർ. അത് അവർ തന്നെ വിളിച്ചു പറഞ്ഞെന്നും സുനിലിന്റെ സഹോദരൻ അനിൽ കുമാർ പറയുന്നു

‘ എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നൽകാമെന്ന് മർദിച്ച് സമ്മതിപ്പിച്ച് എഴുതിവയ്പിച്ചു. ഞങ്ങൾക്ക് കൊടുക്കാൻ ഒരു മാർഗവുമില്ല. എന്റെ താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതുകൊണ്ട് ഞങ്ങൾ മരിക്കുന്നു. ഞങ്ങൾ മരിക്കാൻ തീരുമാനിച്ചു.’ രേഷ്‌മ ആത്മഹത്യാക്കുറിപ്പിൽ എഴുതി.

‘ഞങ്ങളുടെ മുന്നിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. ഞങ്ങളുടെ മരണത്തിന് ഉത്തരവാദി അഡ്വ. സജികുമാറാണ്‌’. രേഷ്‌മ എഴുതി.

സംഭവത്തെ തുടർന്ന് ചങ്ങനാശേരി എസ്ഐ പി.എ. സമീർഖാനെ ജില്ലാ സൈബർ സെല്ലിലേക്കു മാറ്റി. ചങ്ങനാശേരി താലൂക്കിൽ ഇന്നലെ യു ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.

മോഷ്ടാവെങ്കിൽതല്ലികൊല്ലാമെന്നത്രേ പരിഷ്‌ക്കാരഭാഷ്യം. തല്ലുക കൊല്ലുക മരിക്കാൻ പ്രേരിപ്പിക്കുക ഇതത്രേ പോലീസ് ധർമം….

കമൽസി ശരതം यांनी वर पोस्ट केले बुधवार, ४ जुलै, २०१८

Be the first to comment on "ചോദ്യം ചെയ്‌തത്‌ സിപിഎം കൗൺസിലറുടെ സാന്നിധ്യത്തിൽ 12 മണിക്കൂർ. ജീവനൊടുക്കിയ ദമ്പതികൾ നേരിട്ടത് പോലീസ് ക്രൂരത"

Leave a comment

Your email address will not be published.


*