https://maktoobmedia.com/

‘അത്രക്ക് ജനാധിപത്യ ബോധം ഉൾകൊണ്ടവൻ ആയിരുന്നു’. അഭിമന്യുവിനെ മഹാരാജാസിലെ KSU, Fraternity ഭാരവാഹികൾ അനുസ്‌മരിക്കുന്നു

എറണാകുളം മഹാരാജാസ് കോളേജിൽ കാമ്പസ് ഫ്രണ്ടിന്റെ അക്രമിസംഘത്താൽ ക്രൂരമായി കൊലപ്പെട്ട ബിരുദവിദ്യാര്ഥിയും , എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിനെ മഹാരാജാസ് കോളേജിലെ ഫ്രറ്റേർണിറ്റി മൂവ്‌മെൻറ് മുൻ പ്രസിഡന്റ് ഫുആദ് മുഹമ്മദ് , കെ എസ് യു സെക്രട്ടറി തംജീദ് ത്വാഹ എന്നിവർ അനുസ്‌മരിക്കുന്നു.

ഫ്രറ്റേർണിറ്റി മൂവ്‌മെന്റ് മുൻ കാമ്പസ് യൂണിറ്റ് പ്രസിഡന്റായ ഫുആദ് കഴിഞ്ഞ വർഷം നടന്ന കോളേജ് യൂണിയൻ ഇലക്ഷനിൽ ചെറിയ വോട്ടുകൾക്കാണ് യൂണിയൻ ചെയർമാൻ സ്ഥാനത്ത് പരാജയപ്പെട്ടത്. ഏറെ ജനാധിപത്യ ബോധം ഉൾകൊണ്ട വിദ്യാർത്ഥിയായിരുന്നു അഭിമന്യുവെന്ന് ഫുആദ് ഓർക്കുന്നു. ഫുആദിന്റെ കുറിപ്പിന്റെ പൂർണരൂപം:

നേതാവ് എന്നായിരുന്നു അവൻ എല്ലാപ്പോഴും വിളിച്ചിരുന്നത്…കളിയാക്കി ആണെങ്കിലും സ്നേഹമുള്ള ആ വിളി കേൾക്കാൻ പ്രത്യേകം ഒരു സുഖം ആയിരുന്നു…വിരുദ്ധ പക്ഷത്തായിരുന്ന പാർട്ടികളിൽ ആയിട്ടു കൂടി വല്ലാത്തൊരു ആത്മബന്ധം സൂക്ഷിച്ചിരുന്നു അവൻ..എന്നോട് മാത്രമല്ല മഹാരാജാസിലെ ഏകദേശം എല്ലാ വിദ്യാര്ഥികളോടും അവൻ അത് ഉണ്ടായിരുന്നു…സ്നേഹം മാത്രമായിരുന്നു അവനെ മുന്നോട്ട് നയിച്ചത്…ഒരു 5 മിനുറ്റ് അവനോട് സംസാരിച്ചു കഴിഞ്ഞാൽ സന്തോഷത്തോടെ മാത്രമേ നമ്മൾ പോവുകയുള്ളൂ…അത്രക്ക് രസികനും സംഭാഷണപ്രിയനുമായിരുന്നു അവൻ…മഹാരാജാസിൽ അവൻ പഠിക്കുക ആയിരുന്നില്ല…ജീവിക്കുക ആയിരുന്നു…അവന്റെ ഉച്ചത്തിലുള്ള ആ ശബ്ദം എത്താത്ത മഹാരാജാസിലെ സ്ഥലങ്ങൾ വിരളമായിരുന്നു…അത്രക്ക് ഇഴകി ചേർന്നിരുന്നു അവൻ കോളേജുമായി…

എന്ത് കിട്ടിയെടാ പോപുലർ ഫ്രണ്ടിന്റെ ചെന്നായ കൂട്ടങ്ങളെ അവനെ കൊന്നു കളഞ്ഞപ്പോ… അഭിമന്യു മറ്റു സംഘടനക്കാരായ ആരുടെയും പോസ്റ്റർ കീറുന്നവനായിരുന്നില്ല…അത്രക്ക് ജനാധിപത്യ ബോധം ഉൾകൊണ്ടവൻ ആയിരുന്നു..അങ്ങോട്ട് ചെന്ന് ഒരിക്കലും പ്രശ്നം ഉണ്ടാക്കുന്നവനും ആയിരുന്നില്ല…സ്വന്തം പ്രസ്ഥാനത്തെ ആത്മാർഥമായി സ്നേഹിച്ചു നെഞ്ചിൽ കൊണ്ട് നടക്കുമ്പോൾ തന്നെ പ്രകോപനങ്ങൾ സൃഷ്ടിക്കാതെ മറ്റുള്ളവരെ ബഹുമാനിക്കുന്നവൻ ആയിരുന്നു…പിന്നെ എവിടെയാണ് നിങ്ങൾക്ക് ആത്മരക്ഷാർത്ഥം അവനെ കൊല്ലേണ്ടി വരുന്നത്…….കൊന്നിട്ടും മതിയാകാതെഓൺലൈനിൽ കിടന്ന് ന്യായീകരിച്ചു കൊണ്ടിരിക്കുന്ന എല്ലാ സുഡാപ്പി പരനാരികളോടും ഒന്നു മാത്രമേ പറയാനുള്ളൂ…മഹാരാജാസിൽ രണ്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഒരു വിദ്യാർഥി സംഘട്ടനം നടന്നിട്ട് ഒരു വര്ഷത്തോളമായി..ഓർമ ശെരിയാണെങ്കിൽ കഴിഞ്ഞ ജൂലായിൽ ആണ് അങ്ങനെ ഒന്നു അവസാനമായി നടന്നത്…അത് തന്നെ ചെറിയ ഒരു കയ്യാങ്കളി മാത്രം…അതിനു ശേഷം വാക്ക് തർക്കങ്ങളും ചെറിയ ഉന്തും തള്ളുമൊക്കെ ഉണ്ടായിരിക്കാം…പക്ഷെ ഒരിക്കലും ക്യാംപസ് സംഘർഷ ഭരിതം ആയിരുന്നില്ല..

ഒരുത്തനെ കൊന്നു കളയാൻ മാത്രം കലുഷിതമായ ഒരു അവസ്ഥയും അവിടെ ഉണ്ടായിരുന്നില്ല…പിന്നെ എവിടെയാണ് നിങ്ങൾ പറയുന്ന സംഘർഷാവസ്ഥ…… ഇനി പടച്ചോന്റെ പേരിൽ ആണ് ഈ നെറികെട്ട കാര്യത്തെ നിങ്ങൾ എല്ലാവരും കിടന്ന് ന്യായീകരിക്കുന്നതെങ്കിൽ നേരും നെറിയുമുള്ള നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ചോരക്ക് നാളെ പടച്ചോന്റെ കോടതിയിൽ നിങ്ങൾ കൂടി സമാധാനം പറയേണ്ടി വരും തീർച്ച..എങ്ങനെ കഴിഞ്ഞു മുഹമ്മദേ കത്തിയും കൊടുത്തു പോപുലർ ഫ്രണ്ടുകാരെ സ്വന്തം സഹോദരങ്ങൾക്ക് നേരെ അയക്കാൻ…മഹാരാജാസിന്റെ മനസ്സിൽ നിനക്ക് ഒരിക്കലും മാപ്പില്ല. അഭിമന്യു നേരും നെറിയുമുള്ളവനായിരുന്നു…മഹാരാജാസിന്റെ മകനായിരുന്നു…പൊറുക്കില്ല മഹാരാജാസ് ഒരിക്കലും…പൊറുക്കാൻ കഴിയില്ല…

കെ എസ്‍ യു മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയാണ് തംജീദ് ത്വാഹാ. ബിഎ അറബി ബിരുദ വിദ്യാർത്ഥിയായ തംജീദ് തന്റെ അടുത്ത സുഹൃത്തായ അഭിമന്യുവിനെ ഓർക്കുന്നു.

കോളേജിൽ നിലവിലുള്ള എല്ലാ പാർട്ടിക്കാരെയും ഞാൻ മത്സരത്തിനു ക്ഷണിച്ചിരുന്നു.
എല്ലാവരോടും പങ്കെടുക്കാനും വിജയിപ്പിക്കാനും പറഞ്ഞിരുന്നു.
അന്ന് ആദ്യം എത്തിയത് അവനായിരുന്നു.
” അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ….ഞങ്ങ കപ്പും കൊണ്ടേ പോകുളളു ട്ടാ” !
ഉള്ളിൽ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.
കെ എസ് യുക്കാർ നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു എസ്എഫ്ഐക്കാരൻ…
അവന്റെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല.
അത്രമേൽ സൗഹൃദവും സന്തോഷവുമായിട്ടാണ് ഇവിടത്തെ ഇതര രാഷ്ട്രീയ സംഘടനകൾ മുന്നോട്ടു പോകുന്നതെന്ന് നിങ്ങൾക്ക് അറിയാമോ. ഒന്നര വർഷമായിട്ട് ഒരു ചെറിയ അടി പോലും ഈ ക്യാമ്പസിൽ ഇണ്ടായിട്ടില്ല.ഒരു പക്ഷെ അഭിമന്യുവിനെ പോലുള്ളവരുടെ സാന്നിധ്യം ആയിരിക്കും ഈ ക്യാമ്പസിൽ ഇത്തരം കൂട്ടുകെട്ട് സൃഷ്ട്ടിച്ചത്.
വർഗീയതയുടെ വിഷവിത്തുകൾ പാകി വരുന്ന പ്രസ്താനങ്ങളെ നമ്മൾ മഹാരാജാസുകാർക്ക് കീറി മുറിക്കാം.
ഇവിടം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം നമ്മുക്ക് മുന്നോട്ട് വെക്കാം.
പരസ്പരം തോളിൽ കയ്യിട്ടുകൊണ്ട് തന്നെ നമ്മുക്ക് നമ്മുടെ രാഷ്ട്രീയം പറയാം.
ഈ ക്യാമ്പസ് ഉറങ്ങിക്കിടക്കാൻ പാടില്ല.
അഭിമന്യുവിന് വേണ്ടി, അവന്റെ സ്വപ്നങ്ങൾക്ക് വേണ്ടി നമ്മുക്ക് ഒരുമിക്കാം,
മഹാരാജാസിനെ ആ പഴയ മഹാരാജാസാക്കി നമുക്ക് മാറ്റാം !

Be the first to comment on "‘അത്രക്ക് ജനാധിപത്യ ബോധം ഉൾകൊണ്ടവൻ ആയിരുന്നു’. അഭിമന്യുവിനെ മഹാരാജാസിലെ KSU, Fraternity ഭാരവാഹികൾ അനുസ്‌മരിക്കുന്നു"

Leave a comment

Your email address will not be published.


*