നക്ഷത്രപഥങ്ങളില്‍ നിന്ന് തീഹാര്‍ ജയിലിലേക്ക് – ‘ബിസ്ക്കറ്റ് രാജാവ്’ രാജൻ പിള്ളയുടെ കഥ

Ram Kumar

ആയിരത്തി തൊള്ളായിരത്തി എൺപത്തെട്ടിലെ ഒക്ടോബറിൽ രാജൻ പിള്ള ബ്രിട്ടാനിയ ഇൻഡ്രസ്ട്രീസിന്റെ ചെയർമാനായ വിവരം ഫോണിലൂടെ അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ജനാർദ്ദനൻ പിള്ള, തന്റെ ഭാര്യയോട് പറഞ്ഞു.’രാജൻ മെല്ലെയല്ല പോകുന്നത്, ഓടുകയാണ്.’ ചെലവിൽ വിശ്വസിക്കാത്ത ഫലത്തിൽ മാത്രം വിശ്വസിക്കുന്ന ഒരാളാണ് തന്റെ മകനെന്ന് ജനാർദ്ദനൻ പിള്ളക്ക് നന്നായി അറിയാമായിരുന്നു. കാരണം സിംഗപ്പൂരിൽ നിന്ന് ലിയർ ജെറ്റ് വിമാനം ചാർട്ടർ ചെയ്ത് തിരുവനന്തപുരത്ത് വന്നിറങ്ങി തന്റെ എഴുപതാം പിറന്നാൾ സദ്യ ഉണ്ണാൻ വന്നവനാണ്! അതായിരുന്നു ജനാർദ്ദനൻ രാജൻ പിള്ള !

Image result for biscuit king rajan pillai

Rajan Pillai

രാജൻ പിള്ളയുടെ ജാതകം നോക്കി പ്രവചിച്ച വരെല്ലാം ഏകാഭിപ്രായക്കാരായിരുന്നു.’ തൊട്ടതെല്ലാം പൊന്നാക്കുന്ന, രാജ്യാന്തര പ്രശസ്തി നേടാൻ പോകുന്നവൻ! 42 വയസ്സിൽ സ്വപ്നതുല്യമായ പദവി, ഏഷ്യയിലെ ഏറ്റവും വലിയ ബിസ്കറ്റ് ഉൽപാദകരായ ബ്രിട്ടാനിയയുടെ ചെയർമാനായി രാജൻ പിള്ള സ്ഥാനമേറ്റപ്പോൾ പ്രവചനങ്ങളെല്ലാം സത്യമായി. എഷ്യയിലെ പ്രശസ്ത സാമ്പത്തിക പത്രമായ, സിംഗപൂരിലെ ബിസിനസ്സ് ടൈംസ് എഴുതി, 44 മില്യൺ അമേരിക്കൻ ഡോളറിന്റെ (1988ലെ 200 കോടി ഇന്ത്യൻ രൂപ ) ഇടപാടിലൂടെ ഒരു പ്രാദേശിക ബിസിനസ്സുകാരൻ ഇന്ത്യയിലേയും, പാക്കിസ്ഥാനിലേയും ബിസ്കറ്റ് രാജാവായിരിക്കുന്നു. ലഹരിയുള്ള വാക്കുന്ന ആ പേര് ‘ബിസ്കറ്റ് രാജാവ്’, രാജൻ പിള്ളക്ക് ചാർത്തിക്കൊടുത്തത് ബിസിനസ് ടൈംസായിരുന്നു. അടുത്ത പതിറ്റാണ്ട് അദ്ദേഹമറിയപ്പെട്ടത് ഈ പേരിലാണ് ‘ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ള !’ ഏഷ്യൻ മേഖലയുടെ തലവനായ രാജൻ പിള്ളയുടെ കീഴിൽ ബ്രിട്ടാനിയ ഉൽപ്പന്നങ്ങൾ വൻ പ്രചാരം നേടി. 5000 ലക്ഷം അമേരിക്കൻ ഡോളറിന്റെ വിറ്റുവരുവുള്ള ബ്രിട്ടാനിയ കമ്പനിയുടെ ചെയർമാനായി രാജൻ പിള്ള അവരോധിക്കപ്പട്ടു.

1977 ൽ ജനതാ ഗവൺമെന്റ് ഇന്ത്യയിൽ നിന്ന് നാട് കടത്തിയ കൊക്കകോള കമ്പനിയെ വീണ്ടും ഇന്ത്യയിലേക്ക് കൊണ്ടുവന്നതും രാജൻ പിള്ളയായിരുന്നു. അവരുമായുളള പങ്കാളിത്തത്തിൽ അദ്ദേഹം ‘ ആരംഭിച്ച ബ്രിറ്റ്സ്കോ കമ്പനിയാണ് കോക്കക്കോള ഇന്ത്യയിൽ പുന: അവതരിപ്പിച്ചത്.പെപ്സിയുമായുള്ള യുദ്ധത്തിന് കൊക്കൊക്കോളക്ക് രാജൻ പിള്ളയേപ്പോലെ ഒരാളെ വേണമായിരുന്നു.പിന്നിട്, ആവശ്യം കഴിഞ്ഞപ്പോൾ അവർ രാജൻ പിള്ളയുമായുള്ള കൂട്ട് വിച്ഛേദിച്ചു.കാരണം അപ്പോഴേക്കും ഇന്ത്യൻ നിയമങ്ങൾ ഉദാരമാക്കിയിരുന്നു.കോർപ്പറേറ്റ് ലോകം അങ്ങിനെയാണ്. അവിടെ അവസരങ്ങളാണ് പ്രധാനം!വ്യക്തികളല്ല!

ബിസ്ക്കറ്റ് രാജാവ് എന്ന പദവിയിൽ വിരാജിച്ച് പ്രശസ്തിയുടെ ഉയരങ്ങളിൽ പറക്കുമ്പോൾ, ഏറെയൊന്നും അകലയല്ലാതെ ശത്രുക്കളും ഉണ്ടായിരുന്നു. വാങ്ങിക്കൂട്ടലുകളിൽ അദ്ദേഹം വിജയിച്ചെങ്കിലും മത്സരത്തിലെ പരാജിതർ കരുക്കൾ നീക്കുന്നത് വിജയലഹരിയിൽ അദ്ദേഹം അറിഞ്ഞില്ല. നക്ഷത്രങ്ങളുടെ അനുഗ്രഹങ്ങൾ അകലാൻ തുടങ്ങിയിരുന്നു.

1992 നവംബറിൽ സിങ്കപ്പൂരിലെ കൊമേഴ്സ്യൽ അഫയേഴ്സ് ഡിപ്പാർട്മെന്റ് രാജൻ പിള്ളക്കെതിരെ ക്രിമിനൽ കുറ്റമാരോപിച്ചു നോട്ടിസ് നൽകി.തന്റെ പങ്കാളിയും, സ്നേഹിതനും പിന്നിട് ശത്രുവുമായ് മാറിയ റോസ് ജോൺസൺ എന്ന കനേഡിയൻ വ്യവസായിയുടെ പരാതിയായിരുന്നു കാരണം. സ്വന്തം കമ്പനിയുടെ നഷ്ടം തീർക്കാൻ ബ്രിട്ടാനിയയുടെ 75 ലക്ഷം ഡോളർ എടുത്തു എന്നായിരുന്നു കുറ്റം.26 കുറ്റങ്ങളടങ്ങിയ കേസ്.
ബ്രിട്ടിഷ് രാജ്ഞിയുടെ ഉപദേശകനായ അല്ലൻ ജോൺസൺ സിംഗപൂർ കോടതിയിൽ രാജൻ പിള്ളക്ക് വേണ്ടി വാദിച്ചെങ്കിലും വിധി എതിരായിരുന്നു. 14 കൊല്ലത്തെ ജയിൽ ശിക്ഷ, ഏക പക്ഷിയമായ വിധി. സിംഗപ്പൂരിൽ തനിക്ക് നീതിയില്ല എന്ന് തിരിച്ചറിഞ്ഞ രാജൻ പിള്ള, അറസ്റ്റ് ചെയ്യും മുൻപ് ഇന്ത്യയിലേക്ക് രഹസ്യമായി വിമാനം കേറി.

ജന്മനാട്ടിൽ തനിക്ക് നീതി കിട്ടും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. സിംഗപ്പുർ ഗവൺമെന്റ് രാജൻ പിള്ളയെ അറസ്റ്റ് ചെയ്യാൻ വലിയ തിടുക്കമൊന്നും കാട്ടിയില്ലെങ്കിലും ഇന്ത്യയിലെ, അദ്ദേഹത്തിന്റെ ശത്രുക്കളും, മാദ്ധ്യമങ്ങളും, ഈ കാര്യത്തിൽ ശ്രദ്ധാലുക്കളായിരുന്നു. ബിസ്ക്കറ്റ് രാജാവിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് എഴുതിയ ഇക്കണോമിക്ക് ടൈംസ്, അദ്ദേഹത്തിന് പുതിയൊരു വിശേഷം നൽകി ‘രാജൻ പിള്ള: ഓടാനായി ജനിച്ച, ഒറ്റയാനായ വ്യവസായി! ബോംബെ ഹൈക്കോടതി, ജാമ്യാപേക്ഷ നിരസിച്ചതോടെ, അറസ്റ്റിലെക്ക് നീങ്ങി. ഭാഗ്യ നിർഭാഗ്യങ്ങൾ നീങ്ങിയ, ആ ,കളിയിൽ ഒടുവിൽ, തിരുവനന്തപുരത്ത്, ഒരു മജിസ്റ്റേറ്റ് കോടതിയിൽ രാജൻ പിള്ളക്ക് ജാമ്യം കിട്ടി.

അറബിയിൽ, ഒരു പഴമൊഴിയുണ്ട്,, ആരോഗ്യമുള്ളവന് പ്രതീക്ഷയുണ്ട്! പ്രതീക്ഷയുള്ളവന് എല്ലാമുണ്ട്’.രാജൻ പിള്ളയുടെ കാര്യത്തിൽ പഴമൊഴി പകുതി ശരിയായായിരുന്നു. അദ്ദേഹം, കരൾവീക്കത്തിന് ചികിത്സയിലായിരുന്നു. ആ രോഗാവസ്ഥയിൽ അദ്ദേഹത്തിന് പ്രതിക്ഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേരള ഹൈക്കോടതി സുവോ മോട്ടോവായി ഈ കേസ് പരിഗണനക്കെടുത്തു, അതോടെ ജാമ്യം റദ്ദായി.(സാധാരണ, ഭരണഘടന പ്രാധാന്യമുള്ളതോ, അതിവപ്രധാന്യമുള്ള വിഷയ മോ ആണ് സുവോ മോട്ടോവായി പരിഗണിക്കുക) രാജൻ പിള്ള, ഗേറ്റ്നമ്പർ 4, തീഹാർ ജയിൽ, ന്യൂഡൽഹി. അറസ്റ് ചെയ്യപ്പെട്ട രാജൻ പിള്ളയുടെ, എൻട്രി ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തി. 55 ദശലക്ഷം അമേരിക്കൻ ഡോളർ വിറ്റുവരവുള്ള കമ്പനിയുടെ ഉടമയായ ബിസ്ക്കറ്റ് രാജാവിനെ തീഹാറിലെ സെല്ലിലെത്തിച്ചത്, അദ്ദേഹത്തിന്റെ വിശ്വാസം ശരിയാണെങ്കിൽ, നീചഗ്രഹമായ ശനിയുടെ പ്രഭാവമായിരുന്നു.1995ലെ ഏപ്രിലിലായിരുന്നു അത്.ടി.എസ് ഏലിയറ്റ് എഴുതിയ വരികൾ പോലെ, ഏപ്രിൽ മാസം ക്രൂരമായിരുന്നു.രാജൻ പിള്ളയെ സംബന്ധിച്ചിടത്തോളമെങ്കിലും!

രാജൻ പിള്ളയിൽ നിന്ന് ധാരാളം സഹായം പറ്റിയിട്ടുള്ള രാഷ്ട്രിയക്കാരും, ബ്യൂറോക്രാറ്റുകളും ഇന്ത്യയിലുണ്ടായിരുന്നു. ആ സ്വാധീനമുപയോഗിച്ച്, രാജൻ പിള്ളയെ രക്ഷപ്പെടുത്താൻ ഭാര്യ നീനപിള്ളയും, സഹോദരൻ രാജ്മോഹൻ പിള്ളയും കിണഞ്ഞു ശ്രമിച്ചു. ജാമ്യം കിട്ടിയാൽ, കേസ് കോടതിയിൽ നേരിടാമെന്ന ധൈര്യം അവർക്കുണ്ടായിരുന്നു. പക്ഷേ, ആരും സഹായിക്കാനെത്തിയില്ല. അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞ പോലെ, രാജൻ പിള്ള ഡൽഹിയിൽ അപരിചിതനായിക്കഴിഞ്ഞിരുന്നു! പൊള്ളുന്ന ചൂടിൽ കരൾരോഗം മൂർഛിച്ച് രോഗിയായ അദ്ദേഹം തിഹാറിലെ സെല്ലിലെ തിണ്ണയിൽ അവശനായി കിടന്നു,ഒരു തടവുകാരന് കിട്ടേണ്ട മിനിമം വൈദ്യസഹായം പോലും ലഭിക്കാതെ ! ജയിലെ ഡോക്ടറോ, അധികാരികളാ അദ്ദേഹത്തിന്റെ നില അപകടകരമായ നിലയെ അവഗണിച്ചു.കോടതിയിൽ ചികിത്സ ആവശ്യമാണെന്ന അഭിഭാഷകന്റെ വാദവും കോടതി തള്ളി.രക്‌തം ഛർദിച്ച നിലയിൽ ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗത്തിന്റെ ഗുരുതരാവസ്ഥയെ കുറിച്ചോ, വൈദ്യസഹായത്തെ കുറിച്ചോ ഒരു റിപ്പോർട്ടും നൽകപ്പെട്ടില്ല. ക്രൂരമായ വൈദ്യപരിശോധിനാ അവഗണനയുടെ ബലിയാടാവുകയായിരുന്നു. ദീനദയാൽ ആശുപത്രിക്കടുത്തുള്ള ഒരു ടെലിഫോൺ ബൂത്തിൽ നിന്ന്, കവടിയാറിലെ രാജൻ പിള്ളയുടെ വീട്ടിലേക്ക് രാത്രി വൈകി വന്ന ടെലിഫോൺ സന്ദേശം ഇതായിരുന്നു”എല്ലാം അവസാനിച്ചു’.

1995 ജൂലൈ 7 ന് രാജൻ പിള്ള ചരിത്രമായി. ഈ ജൂലൈ എഴാം തീയതിയാവുമ്പോള്‍ 23 വര്‍ഷം. ബ്രിട്ടാനിയയിൽ നിന്ന് താൻ നിഷ്കാസിതനാകുന്നതിന് മുൻപ് പുറത്തിറക്കിയ തനിക്ക് പ്രിയപ്പെട്ട ‘ ലിറ്റിൽ ഹാർട്സ് ‘ബിസ്ക്കറ്റ് പാക്കറ്റിനോളം പോലും ഭാഗ്യം അവസാനകാലത്ത് ആ മനുഷ്യനുണ്ടായിരുന്നില്ല! ശരിക്ക് പറഞ്ഞാൽ നിയമ വ്യവസ്ഥതയുടെ ഒരു കൊലപാതമായിരുന്നു, രാജൻ പിള്ളയുടെ മരണം.

Be the first to comment on "നക്ഷത്രപഥങ്ങളില്‍ നിന്ന് തീഹാര്‍ ജയിലിലേക്ക് – ‘ബിസ്ക്കറ്റ് രാജാവ്’ രാജൻ പിള്ളയുടെ കഥ"

Leave a comment

Your email address will not be published.


*