അറ്റു പോകുന്ന വേരുകൾ – ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ട കുറിപ്പ്

Nazeer Hussain Kizhakkedathu

മറ്റെല്ലാ പ്രവാസികളെയും പോലെ പെട്ടെന്ന് കുറച്ച് പൈസ ഉണ്ടാക്കി തിരിച്ച് നാട്ടിൽ പോയി സെറ്റിൽ ചെയ്യാൻ വേണ്ടിയാണ് ഞാനും പ്രവാസിയായത്. രണ്ടായിരമാണ്ടു തുടങ്ങുന്നതിന് മുൻപ് ലോകത്തിലെ കമ്പ്യൂട്ടറുകളിൽ രണ്ടക്ക വർഷങ്ങൾ നാലക്കമായി മാറ്റുന്ന Y2K (Year 2000) പ്രോജെക്ട് ചെയ്താണ് ഇന്ത്യയിലെ IT കമ്പനികൾ ലോകത്തിലെ പല പ്രമുഖ കമ്പനികളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. ഞാൻ രണ്ടാം വർഷം MCA ചെയ്യുന്ന 1995 ഓഗസ്റ്റ് മാസം പതിനഞ്ചിനാണ്‌ വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് വക ഇന്ത്യയിൽ ആദ്യമായി പബ്ലിക് ഇന്റർനെറ്റ് വരുന്നത് എന്ന് പറയുമ്പോൾ കാലഘട്ടം ഊഹിക്കാമല്ലോ.

1997 ൽ ക്യാമ്പസ് ഇന്റർവ്യൂ വഴി ബാംഗ്ലൂരിലെ സാപ് ലാബിൽ ജോലി കിട്ടിയ എനിക്ക് നാട്ടിൽ തരക്കേടില്ലാത്ത വരുമാനം അന്നത്തെ കാലത്ത് ഉണ്ടായിരുന്നെങ്കിലും പുറത്തു പോയി പെട്ടെന്ന് പണം ഉണ്ടാക്കി നാട്ടിൽ ഒരു വീട് പണിയണം, ബാപ്പയോട് കൂലിപ്പണി നിർത്തി വീട്ടിൽ ഇരിക്കാൻ പറയണം, പിന്നെ ഒരു ചെറിയ ബാങ്ക് ഡെപ്പോസിറ്റും ഉണ്ടാക്കി , തിരിച്ച് നാട്ടിൽ വന്നു, പറ്റുമെങ്കിൽ കേരളത്തിൽ തന്നെ സെറ്റിൽ ചെയ്യണം എന്നെല്ലാം കരുതിയാണ് ഞാൻ ഒരു ഇന്ത്യൻ കമ്പനി വഴി 2000 ൽ ആദ്യമായി അമേരിക്കയിൽ വരുന്നത്.

ഇവിടെ വന്ന ആ വർഷം തന്നെ ഡോട്ട് കോം ബബ്ബിൾ എന്ന പേരിൽ കുറെ IT കമ്പനികൾ പൊട്ടി, ഞാൻ കുറച്ച് മാസം ജോലി ഇല്ലാതെ ഇരുന്നു. പിറ്റേ വർഷം കല്യാണം, പിന്നെ തിരിച്ച് വീണ്ടും അമേരിക്കയിലേക്ക്, വാൾ സ്ട്രീറ്റിലെ ഒരു കമ്പനിയിൽ ജോലിക്ക് കയറി. അമേരിക്കയിലെ തൽക്കാല IT ജീവനക്കാർക്ക് കൊടുക്കുന്ന H1B എന്ന വിസയിൽ ആയിരുന്നു അന്ന്. തിരിച്ച് പോകാൻ പ്ലാൻ ഉള്ളത് കൊണ്ട് ഗ്രീൻ കാർഡിന് ഒന്നും അപേക്ഷിച്ചില്ല.

ഇവിടെ വന്നപ്പോൾ ഒരു പുതിയ തരം പ്രവാസികളെ കണ്ടുമുട്ടി. ഇന്ത്യ ഇഷ്ടമല്ലാത്തത് കൊണ്ട് അമേരിക്കയിൽ വന്ന് ഇവിടെ തന്നെ സ്ഥിര താമസം ആക്കാൻ വന്നവർ. ഞാനൊക്കെ മലയാളവും മംഗ്ലീഷും സംസാരിക്കുമ്പോൾ എങ്ങിനെ എങ്കിലും അമേരിക്കൻ ആക്‌സെന്റ് വരുത്തി സംസാരിക്കാൻ പാടുപെടുന്നവർ. ഞാൻ ഒരു മണിക്കൂർ ഡ്രൈവ് ചെയ്ത് ന്യൂ യോർക്കിലെ മാവേലി തിയേറ്ററിൽ പോയി മലയാള സിനിമയും കണ്ട്, ഇടവേളയിൽ തീയേറ്ററിലെ കാന്റീനിൽ വിൽക്കുന്ന പരിപ്പുവടയും കട്ലെറ്റും കഴിക്കുമ്പോൾ, അമേരിക്കൻ സിനിമ കണ്ടു, അമേരിക്കൻ ഭക്ഷണവും കഴിച്ചു മുഴു അമേരിക്കൻ ജീവിതത്തിലേക്ക് ഇഴുകി ചേർന്ന കുറെ പ്രവാസികൾ, ഇവർ അന്നെനിക്ക് വലിയ അത്ഭുതം ആയിരുന്നു.

Image result for american cities in 1990s

അടുത്ത വർഷം മോൻ ജനിച്ചു. ഭാര്യ ഇവിടെ ഒരു ജോലി കിട്ടാൻ വേണ്ടി ശ്രമം തുടങ്ങി. അതിനടുത്ത വർഷം നാട്ടിൽ നിന്ന് ബാപ്പയും ഉമ്മയും അമേരിക്ക കാണാൻ വന്നു. ഇവിടെ ഉണ്ടാക്കുന്ന പണം നാട്ടിലേക്ക് അയച്ച് നാട്ടിൽ ഒരു വീട് പണിതു, അനിയന്റെ കല്യാണം നടന്നു. അമേരിക്കയിൽ ഇരുന്നു കേരളത്തിലെ രാഷ്ട്രീയവും സംസ്കാരവും ചർച്ച ചെയ്യുന്ന ഒരു ശരാശരി അമേരിക്കൻ മലയാളി പ്രവാസി ആയി ജീവിതം മുന്നോട്ട് പോയി.

അടുത്ത മോൻ ജനിക്കുമ്പോഴാണ്, എന്റെ മാനേജർ ഇവിടെ ഒരു വീട് വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞത്. എല്ലാ മാസവും വാടക കൊടുക്കുന്നതിന് പകരം ഒരു രണ്ടു ബെഡ്‌റൂം വീട് വാങ്ങിയാൽ ലോൺ അടക്കണം എങ്കിലും വീട് വിറ്റാൽ ആ പൈസ തിരിച്ചു കിട്ടും. നല്ല ഐഡിയ, 2006 ഡിസംബറിൽ അങ്ങിനെ ഞാൻ ഇവിടെ ഒരു വീട് വാങ്ങി. അപ്പോഴേക്കും മൂത്ത മോൻ ഒന്നാം ക്ലാസ്സിൽ ചേർന്നിരുന്നു. അവന് സ്കൂളിൽ അവന്റെ കൂട്ടുകാരായി, അവരുടെ അച്ഛനമ്മമാരും, അമ്പലത്തിലും ബർത്ഡേയ് പാർട്ടിയിലും കണ്ടുമുട്ടുന്ന പല മലയാളികൾ കൂടിയ ചെറു ഗ്രൂപ്പുകളിലെ ആളുകളും ആയി എല്ലാ ആഴ്ചയും potluck പാർട്ടികൾ തുടങ്ങി. പതുക്കെ പതുക്കെ നാട്ടിൽ നിന്ന് പൊട്ടിപോകുന്ന വേരുകൾക്ക് പകരം കുറച്ച് പുതിയ വേരുകൾ ഇവിടെ പടർന്ന് തുടങ്ങി. 2008 ൽ ഇവിടെ വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടായി. ഇവിടെ റിട്ടയർ ചെയ്യാൻ കരുതി വച്ച കുറെ പണം പോയിക്കിട്ടി. വീടുകളുടെ വില കുത്തനെ താഴേക്ക് പോന്നു , വീട് വിറ്റാൽ വരുന്ന നഷ്ടം ഒഴിവാക്കാൻ ഇവിടെ തന്നെ തുടരണം എന്നാണ് അവസ്ഥ വന്നു.

ഇതിന്റെ ഇടയിൽ ഞാൻ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ നാട്ടിൽ നടന്നു. നാട്ടിൽ രണ്ടു വർഷം കൂടുമ്പോൾ പോകുന്നത് കൊണ്ട് എന്റെ ശ്രദ്ധയിൽ പെടാതെ പോയ കാര്യങ്ങൾ. ബാപ്പയും ഉമ്മയും പ്രായമായി വന്നു, ഓരോ തവണ നാട്ടിൽ പോകുമ്പോഴും നമ്മൾ അത്ര കണ്ട് ശ്രദ്ധിക്കാത്ത നരകളും ചുളിവുകളും ആയി അവർ വയസായി. എനിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്ന ഉമ്മയുടെ ഉമ്മ മരിച്ചു. ബന്ധുക്കളിൽ പുതിയ കല്യാണങ്ങൾ നടന്നു, പുതിയ കുട്ടികൾ ഉണ്ടായി, വളരെ അടുപ്പമുള്ളവർ ഒഴിച്ചാൽ പുതിയ ആളുകൾക്ക് ഞാൻ അമേരിക്കയിൽ താമസിക്കുന്ന ഒരാൾ എന്നതൊഴിച്ച് അത്ര അടുപ്പം ഉണ്ടായിരുന്നില്ല. കല്യാണങ്ങൾക്കും മറ്റും വല്ലപ്പോഴും കണ്ടുമുട്ടുന്ന ബന്ധുക്കളിൽ ചിലരെ തിരിച്ചറിയാൻ പോലും പ്രയാസമായി. ഏറ്റവും അടുത്ത കൂട്ടുകാർ ഒഴിച്ച്, പല കൂട്ടുകാരെയും പലരെയും വർഷങ്ങൾ കഴിഞ്ഞു മാത്രം കണ്ടുമുട്ടി.

നാട് ആകെ മാറി. എല്ലാത്തിനും വില കൂടി, സ്ഥലത്തിന് പ്രത്യേകിച്ചും. പണ്ട് ഉള്ള പ്ലാനും കൊണ്ട് നാട്ടിൽ വന്ന് താമസിക്കാൻ പ്രയാസം ആകും എന്ന് മനസിലായി. വീട് വച്ച് കഴിഞ്ഞു പല കാര്യങ്ങൾക്ക് നാട്ടിൽ പണം ചിലവഴിക്കേണ്ടി വന്നു. മാമയുടെ മകളുടെ നഴ്സിംഗ് പഠനവും, ഇത്തയുടെ മകന്റെ എഞ്ചിനീയറിംഗ് പഠനം, ഭാര്യയുടെ മാതാപിതാക്കളുടെ ചിലവുകൾ അങ്ങിനെ പലതും. അമേരിക്കയിൽ ഭാര്യയ്ക്ക് ജോലി ഉണ്ടായിരുന്നത് കൊണ്ട് സാമ്പത്തികം വലിയ പ്രശ്നം ആയിരുന്നില്ല, പക്ഷെ നാട്ടിൽ തിരിച്ചു സെറ്റിൽ ചെയ്യാൻ മാത്രം ഉള്ള പണം കിട്ടാൻ കുറച്ച് നാൾ കൂടി കാത്തിരിക്കേണ്ടി വന്നു.

2006 ൽ ഞാൻ അമേരിക്കയിൽ സ്ഥിരതാമസത്തിനായി ഗ്രീൻ കാർഡ് അപേക്ഷിച്ചു. ആറേഴു വർഷം എടുക്കും ഗ്രീൻ കാർഡ് കിട്ടാൻ. അതിനുള്ളിൽ നാട്ടിലേക്ക് തിരിച്ചു പോകാം എന്നൊരു മോഹം അപ്പോഴും ഉള്ളിൽ ശേഷിച്ചു. പഴയ ചെറിയ വീട് മാറി ഒരു പുതിയ വീട് വാങ്ങിക്കാൻ 2014 ൽ നോക്കാൻ തുടങ്ങിയപ്പോൾ ആണ് മോൻ പറഞ്ഞത്

“പുതിയ വീട് വാങ്ങുന്നത് ഒക്കെ കൊള്ളാം, പക്ഷെ എന്റെ സ്കൂൾ മാറരുത്, എന്റെ എല്ലാ കൂട്ടുകാരും ഈ സ്കൂളിൽ ആണ്”

അപ്പോഴാണ് പുതിയ ചെടികൾ ആഴത്തിൽ വേരോടിക്കഴിഞ്ഞതായി ഞങ്ങൾക്ക്ക് മനസിലായത്. ഇവിടെ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള സ്കൂളിൽ തന്നെ പോകണം എന്നുള്ളത് കൊണ്ട് ഒരു മൈൽ മാറി പുതിയ വീട് വാങ്ങി. ഇനി നാട്ടിലേക്ക് തിരിച്ച് പോകണം എങ്കിൽ ഞങ്ങൾ ഞങ്ങളുടെ വേരറുത്ത് വന്നപോലെ കുട്ടികളുടെ ഇവിടുള്ള വേരുകൾ അറുത്ത് മാറ്റേണ്ടി വരും എന്നത് അതുവരെ ഞങ്ങൾ ആലോചിക്കാത്ത ഒരു വിഷയം ആയിരുന്നു. ഇവിടെ കാറില്ലാതെ ഒരിടത്തും പോകാൻ കഴിയില്ല എന്നതും അടുത്ത് സംസാരിക്കാൻ പറ്റിയ കുടുംബങ്ങൾ ഇല്ലാത്തത് കൊണ്ടും ഞങ്ങളുടെ മാതാപിതാക്കൾക്ക് ഇവിടെ വന്നു ആറ് മാസം നില്കുന്നത് ഏതാണ്ട് ജയിൽ വാസം പോലെ ആയിരുന്നു. അതുകൊണ്ട് തന്നെ അവരെ ഞങ്ങൾ അധികം നിർബന്ധിച്ചും ഇല്ല.

Related image

ഇപ്പോൾ അമേരിക്കൻ പൗരത്വം കിട്ടിയിട്ടും, ഇവിടെ ഞങ്ങൾ മലയാളികൾ തന്നെയാണ് അമ്പലത്തിൽ ഓണം പ്രോഗ്രാമിന് പോകുന്നു, കൂട്ടുകാരുടെ വീടുകളിൽ കുറെ മലയാളികൾ കൂടിച്ചേരുന്ന പാർട്ടികൾ, ചിത്രയുടെയും യേശുദാസിന്റെയും ഗാനമേളകൾ. പ്രവാസികൾ നാടിന്റെ ഓർമ അവർ പണ്ട് കണ്ട അതേപടി നിലനിർത്താൻ നോക്കുമ്പോൾ നാട് മാറുന്നത് അവർ അറിയുന്നില്ല. ഇവിടെ കിട്ടുന്ന ഏതാണ്ട് എല്ലാ സാധനങ്ങളും നാട്ടിൽ കിട്ടാൻ തുടങ്ങി. എറണാകുളത്തെ പെൺകുട്ടികളുടെ അത്ര ഫാഷൻ ഒന്നും അമേരിക്കയിൽ നിന്ന് വരുന്ന ഗോമതിക്കറിയില്ല. എറണാകുളത്തൊക്കെ പഴയ ഉടുപ്പും ഇട്ട് ഏതെങ്കിലും സ്ത്രീകൾ കറങ്ങി നടക്കുന്നുണ്ടെങ്കിൽ അവർ അമേരിക്കയിൽ നിന്ന് വന്നവർ ആയിരിക്കും നാട്ടിലെ വില കേട്ട് ഞെട്ടുന്നതും ഞങ്ങൾ തന്നെയാണ്. പണ്ട് ഡോളറിൽ നിന്ന് രൂപയിലേക്ക് മാറ്റി ഞെട്ടിയത് ഇപ്പോൾ തിരിച്ച് ഞെട്ടുന്നു അത്ര തന്നെ.

Nazeer Hussain Kizhakkedathu

ഇവിടെ വന്ന് സ്ഥിരതാമസം ആക്കുന്ന ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിൽ ആണ് ഞങ്ങൾ ഇപ്പോൾ. പത്ത് വർഷം കഴിഞ്ഞു നാട്ടിൽ വന്ന് റിട്ടയർ ചെയ്യണം എന്നാണു ആഗ്രഹം. അപ്പോഴേക്കും കുട്ടികൾ ഇവിടെ ജോലി കിട്ടി, അവരുടെ കുടുംബവും തുടങ്ങിയിട്ടുണ്ടാവും. അവരുടെ കുട്ടികളെ ലാളിക്കാനുള്ള അവസരം നാട്ടിൽ വന്ന് നിന്നാൽ ഉണ്ടാവില്ല. നാട്ടിൽ എത്ര നാൾ ഞങ്ങളുടെ മാതാപിതാക്കൾ ഉണ്ടാവും എന്നറിയില്ല. പറഞ്ഞു വരുമ്പോൾ നഷ്ടങ്ങളുടെ കണക്ക് മാത്രമേ പ്രവാസികളുടെ കണക്കു പുസ്തകത്തിൽ കാണൂ.

നാട്ടിൽ കല്യാണം കഴിച്ച ഉടനെ ഗൾഫിൽ പോയി അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിൽ വന്നിരുന്ന അബു മാമയാണ് ഞാൻ ആദ്യം കണ്ട പ്രവാസി. ഗൾഫിലെ ചൂടിൽ പത്രവിതരണവും മറ്റും നടത്തി നാട്ടിലെ കുടുംബവും നോക്കി പെങ്ങന്മാരെ ഒക്കെ കെട്ടിച്ച് വിട്ട ഒരാൾ. അതൊക്കെ ആയി താരതമ്യം ചെയ്യുമ്പോൾ എന്റെ ഇന്നത്തെ വിഷമം ഒന്നുമല്ല. അഞ്ച് വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുന്ന ഭർത്താവിന്റെ ഭാര്യയായി കുടുംബം നോക്കിയ അമ്മായിക്കും ഒരു വലിയ സല്യൂട്ട്.

പുറത്തു പോയി പത്ത് പുത്തൻ ഉണ്ടാക്കി പെട്ടെന്ന് നാട്ടിൽ വരാം എന്നാഗ്രഹിക്കുന്നവർ ഒന്നാലോചിക്കുക, ഒരു പക്ഷെ നാട്ടിൽ നിൽക്കുന്നത് ആയിരിക്കും നിങ്ങൾക്ക് നല്ലത്, അല്ലെങ്കിൽ കുറെ കാര്യങ്ങൾ നഷ്ടപ്പെടാൻ തയ്യാറായി വരിക. അല്ലെങ്കിൽ പണം കൂടുകയും സന്തോഷം കുറയുകയും ചെയ്യുന്ന ഒരു അസാധാരണ അവസ്ഥയിൽ ആവും നിങ്ങൾ.

Be the first to comment on "അറ്റു പോകുന്ന വേരുകൾ – ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ട കുറിപ്പ്"

Leave a comment

Your email address will not be published.


*