‘സർക്കാർ വിരുദ്ധരുടെ’ മരണത്തെ ആഘോഷിക്കുന്നവരുള്ള നാട്

വെള്ളപ്പൊക്കം റിപ്പോർട്ടിങ്ങിനിടയിൽ മാതൃഭൂമി സംഘത്തിനുണ്ടായ ദുരന്തത്തെ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു കൂട്ടം പേർ ട്രോളാനും മാധ്യമങ്ങളെ വിമർശിക്കാനുമുള്ള അവസരമാക്കുമ്പോൾ.. മക്തൂബ് മീഡിയ എഡിറ്റർ നസീൽ വോയിസി എഴുതുന്നു

എത്രയെളുപ്പമാണ് മരണത്തെ പോലും തനിക്കിഷ്ടമില്ലാത്തവരെ പരിഹസിക്കാനുള്ള ട്രോളാക്കി മാറ്റുന്നത്! സുരക്ഷാ ഉറപ്പു വരുത്താതെ പോയവർക്ക് അത് വേണം പോലും; സർക്കാരിനെതിരെ വാർത്ത ഉണ്ടാക്കാൻ പോയവർക്ക് അത് തന്നെ വേണം പോലും! ത്ഫൂ, പോയിനെടാ അവിടെന്ന്. ഒരു പൊടിക്കെങ്കിലും അന്തം വേണം.

കഴിഞ്ഞ കുറെ കാലത്തിനിടെ കുട്ടനാട് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ്. വാർത്തകളിലൊക്കെ അറിഞ്ഞതിലും അപ്പുറം തീരെ ശ്രദ്ധിക്കപ്പെടാതെ ഒറ്റപെട്ടു കിടക്കുന്ന ഇടങ്ങളുണ്ട്, ആ ദുരിതം റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു അവർ. ‘ജനങ്ങൾ ഇത്ര കഷ്ടപെട്ടിട്ടും ജനപ്രധിനിധിയായ നിങ്ങൾ എന്തെ അവിടം സന്ദർശിക്കാഞ്ഞത്’ എന്ന് ചോദിച്ചപ്പോൾ ഉടുമുണ്ട് പൊക്കി കാൽമുട്ടിലെ ബാൻഡ് എയ്ഡ് കാണിച്ച ഇടതുപക്ഷ എംഎൽഎയെ പോലെയല്ല, ചെയ്യുന്ന പണിയോട് കൂറുള്ളതുകൊണ്ടാണ് അപകടമാണ് എന്നറിഞ്ഞിട്ടും അവര് വഞ്ചിയെടുത്തിറങ്ങിയത്.

നാഴികക്ക് നാല്പതു വട്ടം മാധ്യമപ്രവർത്തകരെ പണി പഠിപ്പിക്കാനും തെറി പറയാനുമിറങ്ങുന്ന പ്രബുദ്ധ സോഷ്യൽ മീഡിയ ന്യായീകരണ തൊഴിലാളികൾ ഈ തൊഴിലിനെ കുറിച്ച് എന്ത് ധാരണയാണ് വെച്ച് പുലർത്തുന്നത്? ഒരു സാധാരണ കൂലിപ്പണിക്കാരാനു കിട്ടുന്നത്രയും വേദനം കിട്ടാതെ, അവധിയില്ലാതെ പലരും പാഞ്ഞു നടക്കുന്നത് സമ്പാദിച്ചു കൂട്ടാനോ ഗ്ലാമറിനോ വേണ്ടിയൊന്നുമല്ല, ഈ പണിയോടുള്ള ആത്മാർത്ഥത കൊണ്ട് കൂടിയാണ്. നിങ്ങളെന്തൊക്കെ പറഞ്ഞാലും അങ്ങനെയുള്ള കുറെ മാധ്യമപ്രവർത്തകരുടെ ശ്രമഫലമായാണ് നിങ്ങൾ കയ്യടിച്ചതും മുറുമുറുത്തതുമായ പല വാർത്തകളും വെളിച്ചത്തെത്തിയത്. അത് തുടരുക തന്നെ ചെയ്യും.

ഇറാഖ് യുദ്ധം കുവൈറ്റിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിലിരുന്നു റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുണ്ട്. ‘യുദ്ധഭൂമി ദാ തന്റെ പിന്നിലാണ്’ എന്ന് പറഞ്ഞ അതുപോലെയുള്ളവരില്ല എന്നൊന്നും തീർപ്പു പറയുന്നില്ല, പക്ഷെ ഭൂരിഭാഗവും ഈ തൊഴിലിനോടുള്ള താല്പര്യപുറത്ത് തുടരുന്നവരാണ്, നഷ്ടങ്ങളുണ്ടായിട്ടും.

ധരിച്ചു വെച്ചിരിക്കുന്ന പോലെ ഓരോ വാർത്തയും സ്ഥാപനത്തിന്റെ മേലധികാരിയുടെ സമ്മർദ്ദം മൂലമോ മേലെ നിന്നുള്ള നിർബന്ധം മൂലമോ ഉണ്ടാവുന്നതൊന്നുമല്ല. അതാതു മാധ്യമപ്രവർത്തകരുടെ യുക്തിക്കും ധാരണക്കനുസരിച്ചുമൊക്കെയാണ്.
പ്രാദേശിക പത്രപ്രവർത്തകർ പ്രേത്യേകിച്ചും. ഓരോ പ്രദേശത്തിന്റെയും അടിസ്ഥാന ധാരണകളും ഇമോഷനും ഇൻഫർമേഷനും അവരുടെ കയ്യിലുണ്ടാവും. പ്രധാന സംഭവങ്ങളുണ്ടാവുമ്പോ ബ്യുറോയിൽ നിന്നോ മെയിൻ ഓഫീസിൽ നിന്നോ വരുന്ന റിപോർട്ടർമാരോടൊപ്പം അവരും പോവും, അവരാവും നയിക്കുക തന്നെ. അതാരും നിര്ബന്ധിച്ചിട്ടാവില്ല, ആ സ്റ്റോറി ഏറ്റവും നന്നായി വരണമെന്ന അവരുടെ മോഹം കൊണ്ടാണ്. തൊഴിലിനോടുള്ള കൂറ് കൊണ്ടാണ്. പരിഹാസം കൊണ്ട് നിങ്ങൾക്കത് റദ്ദ് ചെയ്യാനാവില്ല.

കഴുത്തറ്റം വെള്ളമുള്ളിടത്തിറങ്ങിയതിനു കളിയാക്കിക്കോളൂ. സൗകര്യപ്രദമായ ഒരിടത്തിരുന്നു എഫ്ബിയിൽ പോസ്റ്റ് ചെയ്യേണ്ട കാര്യമല്ലേ ഉള്ളൂ. അപ്പുറത്ത് എത്രത്തോളം ഭയത്തിലും അപകടത്തിലുമാണ് അവിടത്തെ ജനങ്ങൾ കഴിയുന്നത് എന്ന് പറയാൻ ആ ഒരൊറ്റ ദൃശ്യം മതിയാവും. അയാൾക്കും മഴയില്ലാത്ത കടയുടെ വരാന്തയിലിരുന്നു ദൂരേക്ക് ചൂണ്ടിയാൽ മതിയായിരുന്നു, നിങ്ങൾ കരുതും പോലെ ആരും പിടിച്ചു കടിക്കുകയൊന്നുമില്ല. പക്ഷെ അത് ചെയ്തില്ല. സുരക്ഷാബോധം ഇല്ലാത്തതുകൊണ്ടൊന്നുമല്ല ഭായ്, വീട്ടിൽ കാത്തിരിക്കുന്നവർ എല്ലാർക്കുമുണ്ട്. പക്ഷെ ഈ തൊഴിലിൽ എല്ലാ സുരക്ഷയും ഉറപ്പുവരുത്തി ഇറങ്ങുന്നതു പ്രവർത്തികമല്ല, അപ്പഴേക്ക് നമുക് രക്ഷിക്കാൻ/ സഹായിക്കാൻ കഴിയുന്ന ഒരു കൂട്ടം മുങ്ങിപ്പോയിട്ടുണ്ടാവും.

സജിയും ബിപിനും റിപോർട്ടറോടൊപ്പം വഞ്ചിയിൽ പോയതും ഇങ്ങനെ മുങ്ങിപ്പോവുന്ന കുറെ മനുഷ്യരെയും സ്വപ്നങ്ങളെയും ലോകത്തിനും അധികാരികൾക്കും കാണിച്ചുകൊടുക്കാനാണ്. അതിലൂടെ അവർക്ക് അവാർഡോ കൂടുതൽ ശമ്പളമോ അംഗീകാരമോ ഒന്നും കിട്ടില്ലെന്നറിഞ്ഞു കൊണ്ട് തന്നെയാണ് അവർ തുഴഞ്ഞത്; അവർക്ക് തൊഴിലിനോടുള്ള കൂറ് കൊണ്ടാണ്. ആരോടുമുള്ള പേടി കൊണ്ടല്ല. ഈ തൊഴിലെടുക്കുന്ന ഓരോരുത്തരും ഇങ്ങനെ ഓരോ നേരങ്ങളിലൂടെയും മഴക്കാലങ്ങളിലൂടെയും നനഞ്ഞു നടക്കുന്നവരാണ്.

ഇതൊന്നും പറയേണ്ട നേരമാണോ എന്നറിയില്ല. പറഞ്ഞതുകൊണ്ട് കാര്യമുണ്ടോ എന്നുമറിയില്ല. തുടരേണ്ടവർ തുടർന്നോളൂ. ‘നന്ദിയില്ലാത്ത തൊഴിലാണ്‘ എന്നറിഞ്ഞിട്ടും ഈ വഴിക്കിറങ്ങിയവർ ഉണ്ട്, സജിയുടെയും ബിപിന്റെയും മുഖം കാണുമ്പോൾ കണ്ണ് നിറയുന്നവർ. കണ്ണീര് തുടച്ച് അവരടുത്ത വാർത്തയുമായെത്തും, നിങ്ങൾക്കിഷ്ടപെട്ടാലും ഇല്ലെങ്കിലും.

Be the first to comment on "‘സർക്കാർ വിരുദ്ധരുടെ’ മരണത്തെ ആഘോഷിക്കുന്നവരുള്ള നാട്"

Leave a comment

Your email address will not be published.


*