ഹനാനെ ‘കള്ളി’യാക്കുന്ന ഫേസ്ബുക്ക് മലയാളിരാജ്യം

ഹസ്‌ന ഷാഹിദ ജിപ്‌സി

നമ്മൾ കരുതും പോലെ ഒരാൾ പെരുമാറിയില്ലെങ്കിൽ അത് വരെ കൊടുത്ത പിന്തുണ പിൻവലിക്കുമെന്ന് മാത്രമല്ല അവഹേളിക്കുക കൂടി ചെയ്യുന്ന ഇരുതല വാളാണ് സോഷ്യൽ മീഡിയ.

മാതൃഭൂമിയിൽ ഹനാൻറെ വാർത്ത കണ്ട് ആദ്യം സംസാരിച്ചത് മീൻപെട്ടി വെക്കുന്ന തമ്മനത്തെ വീട്ടിലെ അമ്മയോടാണ്. രണ്ട് ദിവസമായിട്ടുണ്ടായിരുന്നൊള്ളൂ ആ കുട്ടി വരാൻ തുടങ്ങിയിട്ട്. അവളുടെ അവസ്ഥ കേട്ടറിഞ്ഞത് കൊണ്ട് തന്നെ, വൈകീട്ട് കൊടുക്കാനുള്ള ഭക്ഷണമൊക്കെ എടുത്ത് വെക്കുന്നവർ. അവരുടെ ഫ്രിഡ്ജിലാണ് ബാക്കി വരുന്ന മീൻ സൂക്ഷിക്കുന്നത്. അവരൊന്നും കാണാത്ത പറ്റിക്കലാണ് പിന്തുണക്കാർക്ക് അനുഭവപ്പെടുന്നത് !

ഞാനുൾപ്പെടെയുള്ളവർ പ്രതീക്ഷിച്ച് ചെന്ന കദനകഥ പറഞ്ഞില്ല, ആർദ്രമായി ഷൂട്ട് ചെയ്യാൻ പാകത്തിലുള്ള ശരീരഭാഷയും വർത്തമാനവും പ്രകടിപ്പിച്ചില്ല എന്നതൊക്കെ കൊണ്ടാണല്ലോ ഇപ്പോൾ ഹനാൻ മീങ്കാരിപ്പെണ്ണും തേപ്പുകാരിയുമൊക്കെ ആകുന്നത്. വളരെയധികം പോരാടി ജീവിക്കുന്ന കുട്ടിയാണ്. സിനിമ മോഹിയാണ്‌. മുത്തുമാല വിൽപന, പാട്ട് പാടൽ, ഭക്ഷണം ഉണ്ടാക്കി വിൽക്കൽ, ആങ്കറിങ്ങ് ഒക്കെ ചെയ്തിട്ടുണ്ട്. ഭേതപ്പെട്ട പൈസ ഉണ്ടാക്കാൻ വേണ്ടിത്തന്നെ മീനും വിൽക്കുന്നു.

ഒരാൾ പഠിക്കുന്നതിനൊപ്പം തൊഴിൽ ചെയ്യുന്നു. അതിജീവനമെന്ന് വാഴ്ത്തുന്നു. അതേ നിമിഷം അത് തിരിഞ്ഞ് തെറിവിളി ആകുകയും ചെയ്യുന്നു. ഇത് പ്രതീക്ഷിച്ച പോവർട്ടി പോൺ കിട്ടാത്തത് കൊണ്ടാണ്.

പണിയെടുത്താൽ ഭക്ഷണത്തിനുള്ള പൈസ മാത്രം ഉണ്ടാക്കണം, നന്നായി വസ്ത്രം ധരിക്കരുത്, മീൻ വിൽക്കുമ്പോ കയ്യിൽ ഗ്ളൗസ് ഇടരുത്. മധ്യവർഗ്ഗ ജീവിതം നയിച്ചൂടാ. പ്രശസ്തി വന്നാൽ വിനയത്തോടെ ഒതുങ്ങി പ്രതികരിക്കണം. ഇതൊക്കെ ഒത്ത് കാഴ്ചക്കാരൻറെ ആനന്ദം മൂർച്ഛിച്ചാൽ പിന്തുണ വരും. മാതൃഭൂമി വാർത്ത അത്തരം പിന്തുണക്കായി ചെത്തിമിനുക്കിയത് കൊണ്ടാണ് അത്രമേൽ സ്വീകാര്യമായതും, പിന്നീടത്തെ ദൃശ്യങ്ങളിൽ സ്മാർട്ടായൊരു പെൺകുട്ടിയെ കണ്ടപ്പോൾ കുരു പൊട്ടിയതും.

ഹനാൻ ഇതിനു മുമ്പ് രണ്ട് ആളുകൾക്കൊപ്പം മീൻ കച്ചവടം ചെയ്തിരുന്നു. അന്നത് വാർത്തയായില്ല. ‘വാർത്തയാകാൻ പാകത്തിൽ’ കച്ചവടം ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് ദിവസമേ അയൊള്ളൂ എന്നതിന് ആ കുട്ടിയെ കള്ളി എന്ന് വിളിച്ചിട്ടെന്താ?

അറിഞ്ഞിടത്തോളം അവളും ഉമ്മയും അരക്ഷിതാവസ്ഥയിലാണ്. ഭക്ഷണം കഴിക്കാൻ മാത്രമല്ല,,നല്ല നിലക്ക് ജീവിക്കാൻ കൂടിയാണ് അവൾ ജോലി ചെയ്യുന്നത്. അതിനകത്ത് പലതരം ആനന്ദങ്ങളുണ്ടാകും. സിനിമ കിട്ടിയാൽ അഭിനയിക്കാൻ പോകുമായിരിക്കും. മീൻ വിൽക്കുകയോ വിൽക്കുകയോ സഹായം സ്വീകരിക്കുകയോ ചെയ്യുമായിരിക്കും. ആർക്കാണ് ചേദം? അയ്യോ ഞാൻ പിന്തുണ കൊടുത്തത് രണ്ട് ദിവസായി മീൻ വിൽക്കുന്ന ആൾക്കാണോ, കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടേ, ഇതെന്ത് എന്ന ആശങ്ക ഒക്കെ ആരുടെ കള്ളത്തരമാണ് പുറത്താക്കുന്നത് എന്ന് ആലോചിച്ചാൽ മതി.

ദാരിദ്ര്യം കണ്ട് കണ്ണീരൊഴുക്കാൻ അവസരം കിട്ടാത്ത ചൊരുക്ക്, തൊട്ട് മുമ്പ് ആഘോഷിച്ച അതിജീവനത്തെ അട്ടിമറിക്കാൻ പാകത്തിൽ വയലൻറ് ആകുന്നുണ്ട്. ഇന്നലത്തെ ബഹളം കഴിഞ്ഞ് സർജറി കഴിഞ്ഞ ചെവിക്ക് അണുബാധയായി ആശുപത്രിയിലാണ് ഹനാൻ. കേരളം മുഴുവൻ കള്ളി എന്ന് വിളിക്കുമ്പോ അത് തെറ്റാണെന്ന് തെളിയിക്കാനെങ്കിലും ഇന്നും മീൻപെട്ടി എടുത്ത് വരേണ്ടി വരും അവൾക്ക്. പിന്തുണയും ഹോ അതിജീവനം എന്ന വാ പൊളിക്കലും, അയ്യോ ഞങ്ങളെ പറ്റിക്കാനാകില്ല കണ്ടു പിടിച്ച് നശിപ്പിച്ച് കളയും ലൈനിലായതോടെ, തൻറേതായ രീതിയിൽ പൊരുതി ജീവിച്ച ഒരു പെൺകുട്ടി ആവശ്യത്തിലധികം സമ്മർദ്ദത്തിലായിട്ടുണ്ട്. വല്ലാത്തൊരു ആൾക്കൂട്ടം തന്നെ ഫേസ്ബുക്ക് മലയാളിരാജ്യം

Be the first to comment on "ഹനാനെ ‘കള്ളി’യാക്കുന്ന ഫേസ്ബുക്ക് മലയാളിരാജ്യം"

Leave a comment

Your email address will not be published.


*