മുല്‍ക് കണ്ടപ്പോള്‍ ശരിക്കും കരഞ്ഞു. ഇന്ത്യന്‍ മുസ്‌ലിം എന്താണ് അര്‍ഥമാക്കുന്നതെന്ന് ഞാനിന്നറിയുന്നു

സ്‌ക്രോള്‍ ഡോട്ട് കോമില്‍ പ്രമുഖ ചരിത്രകാരിയും ഗ്രന്ഥരചയിതാവുമായ റണ സഫ വി എഴുതിയ കുറിപ്പിന്റെ വിവര്‍ത്തനം. പരിഭാഷപ്പെടുത്തിയത് ഗവേഷക വിദ്യാര്‍ത്ഥി സി സ്വാലിഹ് അമ്മിനിക്കാട്

ഞാന്‍ കൗമാരക്കാരിയായിരുന്ന സമയത്താണ് ഗറം ഹവ റീലീസാവുന്നത്. എന്റെ വല്യുമ്മയടക്കമുള്ളവര്‍ കുടുംബത്തോടെ ഒന്നിച്ച് സിനിമ കാണാന്‍പോയിരുന്നു. എന്റെ അറിവനുസരിച്ച് മുമ്പ് ഒരിക്കലും എന്റെ വല്യുമ്മ സിനിമ കണ്ടിട്ടില്ല.ഞാന്‍ സിനിമാതല്‍പരയായത് കൊണ്ട് തന്നെ റിലീസാവുന്ന എല്ലാ സിനിമകളും കാണാന്‍ താല്‍പര്യപെട്ടിരുന്നു. ചിലപ്പോള്‍ മാതാപിതാക്കളോടുകൂടെ അല്ലെങ്കില്‍ മക്കളോട് കൂടെ അതുമല്ലെങ്കില്‍ കൂട്ടുകാരോട് കൂടെ കാണലാണ് പതിവ്. ഏതായാലും സിനിമക്ക് പോകുമ്പോള്‍ നാനി ഒപ്പം വരുന്നത് വലിയ കാര്യമായിരുന്നു(എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെങ്കിലും)

മതേതരസ്വഭാവവും പുരോഗമപരവുമായ ഗൃഹാന്തരീക്ഷത്തില്‍ വളര്‍ന്നതുകൊണ്ടു തന്നെയും 1960-1970കളിലെ സിക്രട്ടിക് സമൂഹത്തില്‍ ജീവിച്ചതുകൊണ്ടും മതഭ്രാന്ത് അത്രക്ക് എന്നെ ബാധിച്ചിരുന്നില്ല. ഇന്ത്യാ വിഭജനകാലത്ത് എന്റെ നാന നടത്തിയ ചിലപരാമര്‍ശങ്ങള്‍ എനിക്ക് ഓര്‍മയുണ്ട്. 1947ല്‍ നാനയോട് മുസ്ലിം രാജ്യത്തിലേക്ക് കുടിയേറാന്‍ ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍,നാന പറഞ്ഞുവത്രെ. ‘ വഹാന്‍ കാ ഖുദാ കൊ മേരാ സലാം കഹ്നാ’ ( അവിടത്തെ ദൈവത്തോട് എന്റെ സലാം പറയണേ). ഇസ്ലാമിക രാഷ്ട്രം എന്ന ആശയത്തോട് പൂര്‍ണമായ വിയോജിപ്പുള്ളപോലെതന്നെ ഒരു സവിശേഷ രാജ്യത്തോട് ചേര്‍ന്നതല്ല ദൈവത്തിന്റെ സ്ഥാനമെന്ന് അനുശാസിക്കുന്നതായിരുന്നു അവരുടെ വാക്കുകള്‍. അവരെയും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളവും നമ്മുടെ നാട് ഇന്ത്യ തന്നെയാണ്. അവിടെയാണ് ഞങ്ങള്‍ ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്നത്.
അതിനെക്കുറിച്ച് മറ്റൊരു ചര്‍ച്ച അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ സ്വത്വം ഇന്ത്യക്കാരന്‍ എന്നത് മാത്രമായിരുന്നു.

അത് കൊണ്ട് തന്നെ ശീല വൈവിധ്യങ്ങളെക്കുറിച്ചോ അതിന്റെ സാരാംശത്തെക്കുറിച്ചോ സമ്പൂര്‍ണ ധാരണയില്ലാതെയായിരുന്നു ഞാന്‍ സിനിമ കണ്ടത്. ഇടവേളയുടെ സമയത്ത് ഞാന്‍ ഏറെ അല്‍ഭുതപ്പെട്ടിരുന്നു കാരണം അമ്മയുടെയും നാനിയുടെ കണ്ണുകള്‍ ചുവന്നുതുടുത്തിരുന്നു. ആദ്യപകുതിയില്‍ അവര്‍ മൗനികളായി കരയുക പോലും ചെയ്തിരുന്നു. ഞാന്‍ മിക്ക ദുരന്ത പര്യവസായിയായ സിനിമകള്‍ കാണുമ്പോഴും കരയാറുണ്ട്. വിശിഷ്യാ ഈ സിനിമയിലെ ദുരന്തനിമിഷങ്ങള്‍ എന്റെ തലയാകമാനം പിടിച്ചുകുലുക്കിയിരുന്നു.

പതിനേഴ് വര്‍ഷങ്ങളുടെ എന്റെ സ്വത്വ നിലനില്‍പില്‍ ഒരിക്കല്‍പോലും ഞാന്‍ വഞ്ചക എന്ന് വിളിക്കപ്പെടുകയോ അല്ലെങ്കില്‍ എന്റെ കടപ്പാടുകളെ ചോദ്യം ചെയ്യുന്ന സന്ദര്‍ഭമോ വന്നിട്ടില്ല എന്നതാണ് വസ്തുത. അക്കാരണത്താല്‍ തന്നെ സിനിമയിലുടനീളം എങ്ങനയുള്ള കഥാപാത്രങ്ങളാണെന്ന ധാരണ എനിക്കുണ്ടായിരുന്നില്ല.

സിനിമ അതിന്റെ ക്ലൈമാക്‌സിലേക്ക് അടുത്തപ്പോള്‍ ഞാന്‍ ചില തേങ്ങികരച്ചിലുകള്‍ കേട്ടതായി ഓര്‍ക്കുന്നു. യുവകോമളയായ വധുവായിരുന്ന കാലം തൊട്ട് വീട്ടിലേക്ക് വന്നതു മുതല്‍ വീട് വിട്ടുപോകാന്‍ താല്‍പര്യമില്ലാത്ത ബല്‍രാജ് സാഹ്നിയുടെ അമ്മ വീട്ടില്‍ ഒളിച്ചുനില്‍ക്കുന്ന രംഗം അവരുടെ വികാരങ്ങളെ ശക്തമായി ഇളക്കിവിട്ടിരുന്നു. അമ്മയും നാനിയും ഖാലയും വിഭജനത്തിന്റെ മുറിവുകളെ ഓര്‍ത്തെടുക്കുകയും ബന്ധുക്കള്‍ വീടുവിട്ടിറങ്ങുന്ന രംഗം വേദനയോടെ കാണുകയും ചെയ്യുന്നുണ്ടായിരുന്നു.
എന്റെ കസിനെയും സഹോദരിമാരെയും ആ സിനിമ അത്രക്ക് സ്വാധീനിച്ചിരുന്നില്ല പക്ഷേ അത് അവരുടെ കുടുംബത്തിലെ മൂത്തവരെ ശക്തമായി സ്വാധീനിക്കുമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.

ഇന്ന് മുല്‍ക് കാണുമ്പോഴും എനിക്ക് 1974ലെ സംഭവം ഓര്‍മ വന്നു. തുടക്കത്തിലുള്ള ഗാനത്തിനുശേഷം കഥ തുടങ്ങിയപ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി. ഞാന്‍ കരഞ്ഞത് ഷാഹിദ് ഒരു ഭീകരവാദി ആയി മാറിയപ്പോളായിരുന്നു. സഹജീവികളായ നാട്ടുകാരെ ബോംബെറിഞ്ഞ് വീഴ്ത്താന്‍ വേണ്ടി കച്ചകെട്ടിറിയിങ്ങിയ നല്ലഭാവിയുള്ള ബാലന് വേണ്ടിയായിരുന്നു എന്റെ കണ്ണുനീര്‍. ഇസ്ലാം നിരപരാധികളായ ജനങ്ങളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നു എന്ന് പറഞ്ഞ് ചെറു ബാലന്മാരെയും ബാലികമാരെയും വശീകരിക്കുന്ന രംഗം കണ്ടപ്പോളാണ് ഞാന്‍ കരഞ്ഞത്.

അബദ്ധ ധാരണകളിലേക്ക് നയിക്കുന്ന, മതത്തെക്കുറിച്ചും മതഗ്രന്ഥങ്ങളെക്കുറിച്ചുമുള്ള മുസ്ലിം വിശ്വാസിയുടെ അജ്ഞതയെക്കുറിച്ച് ഓര്‍ത്താണ് ഞാന്‍ കരഞ്ഞത്. നിലവിലെ ഈ പ്രശ്‌നത്തെ സ്വീകരിക്കാനും അതിനെക്കുറിച്ച് ചര്‍ച്ച നടത്താനും നാം തയ്യാറാകേണ്ടതുണ്ട്. അതിന്റെ ഫലമായി വിശ്വാസികളെ ഖുര്‍ആന്‍ കേവല ആയത്തുകളല്ലെന്നും സാഹചര്യ സന്ദര്‍ഭോചിതമായ കല്‍പനകളാണെന്നും ബോധ്യപ്പെടുത്താന്‍ നമുക്ക് സാധിക്കണം. ഭീകരവാദത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ അതിനെക്കുറിച്ച് ഒന്നുമറിയാത്ത ഷാഹിദിന്റെ കുടുംബം അനുഭവിക്കുന്ന അസ്വസ്ഥതയെക്കുറിച്ചാണ് ഞാന്‍ കരഞ്ഞത്. നമ്മുടെ കുടുംബാംഗങ്ങളെ കരുതലോടെ കാണാനും ചരിത്രപരമായ തെറ്റുകളുടെ പുറത്ത് ഭീകരവാദമോഹവുമായി നടക്കാന്‍ പ്രേരിപ്പിക്കുന്ന ഓണ്‍ലൈന്‍ തമ്പ്രാക്കന്‍മാരില്‍നിന്ന് നമ്മുടെ യുവതയെ രക്ഷിക്കാന്‍ നമുക്ക് സാധിക്കണം. മതത്തെയും ജീവിതത്തെയും സമുദായത്തെയും ദുരിതപൂര്‍ണമാക്കുന്നതില്‍ വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയക്ക് ക്രമാത്രീതമായ പങ്ക് ഉണ്ട്. ഇത്തരം മാധ്യമ കൊള്ളക്കാരില്‍ നിന്ന് ഏത് മതവിശ്വാസിയും സുരക്ഷിതമല്ല. ഭീകരവാദം കുറ്റകരമായ കര്‍മമാണ് അത് മതാധിഷ്ഠിതമല്ല എന്ന ഡയലോഗ് അതിനെ സാര്‍ഥകമാക്കുന്നുണ്ട്.

ബിലാല്‍ അനുഭവിക്കുന്ന ഓരോ ദുരനുഭവങ്ങളുടെ പേരിലും ഞാന്‍ കരയുകയാണ്. സംശയത്തിന്റെ പേരില്‍ ജയിലിടക്കപ്പെട്ട് വിചാരണയില്‍ കഴിയുന്ന ഒത്തിരി മുസ്ലിം യുവാക്കളുടെ കൂടെയാണ് ഞാന്‍ ഇന്നുള്ളത്. അവരുടെ നിരപരാധിത്വം ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടെല്ലെത്രേ. മുന്‍വിധികളല്ല, തെളിവുകളാണ് ഒരാളെ അറസ്റ്റുചെയ്യാനും തടവിലടക്കാനുള്ള മാനദണ്ഡങ്ങള്‍.

ഷാഹിദിന്റെ വീടിന്റെ കല്‍ചുവരുകള്‍ക്ക് പുറത്ത് ഗോ ടു പാക്കിസ്ഥാന്‍ എഴുത്തുകള്‍ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു. യഥാര്‍ത്ഥ മതഭ്രാന്ത് എന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇത്തരം വിഷയങ്ങളെ ഞാന്‍ പലപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്. എന്റെ പഴയ കൂട്ടുകാരനോടൊപ്പമുള്ള സംഭാഷണം തുടങ്ങിയത് ആള്‍കൂട്ട കൊലപാതകത്തെക്കുറിച്ചാണെങ്കില്‍ അവസാനിച്ചത് ഐസിസിനെക്കുറിച്ചാണ്. ഐസിസ് എന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിയിരുന്നു. സിറിയില്‍ അവര്‍ നടത്തുന്ന അക്രമണങ്ങള്‍ക്ക് ആള്‍കൂട്ടകൊലകളില്‍ പങ്കുണ്ടോ എന്നത് എനിക്ക് അറിയുക പോലുമില്ല. അവര്‍ അവരെ സ്വയം മുസ്ലിംകള്‍ എന്ന് വിശേഷിപ്പിച്ചത് കൊണ്ട് മാത്രമാണോ ആ ചോദ്യം? ഞാനും ഒരു മുസ്ലിമല്ലേ?. ലോകത്ത് മുസ്ലിംകള്‍ ചെയ്യുന്ന എല്ലാ കര്‍മങ്ങള്‍ക്കും ഉത്തരം പറയാതെ എനിക്ക് എന്റെ രാജ്യത്ത് നിയപരമായി മുന്നോട്ട് പോവാന്‍ സാധ്യമല്ലേ?

മുറാദ് അലിക്ക് തന്റെ രാജ്യത്തോടുള്ള ഭക്തിയും സ്നേഹവും തെളിയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന രംഗം കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. മറ്റു മത വിശ്വാസികള്‍ക്ക് അവരുടെ ദേശഭക്തിയും സ്‌നേഹവും തെളിയിക്കേണ്ട ആവശ്യമില്ലെന്നിരിക്കെ, എനിക്കും എന്റെ ദേശഭക്തിയെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. നമ്മള്‍ ഒന്നിച്ച് എന്ന ആശയത്തിന് പകരം നാം അവര്‍ക്ക് എതിരെ എന്ന ആശയം പുലര്‍ത്തുന്ന അപരവല്‍കരണത്തിനെതിരെ നിരന്തരം പൊരുതിയപ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്.

സിനിമയിലെ കഥാപാത്രം ഉണര്‍ത്തുന്നത് പോലെതന്നെ ഇന്ത്യയുടെ ജനങ്ങള്‍ എന്ന ഗ്യാരന്റി ഭരണഘടന നമുക്ക് നല്‍കുന്നുണ്ട്. താന്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് മുറാദ് അലി പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു. ഞാന്‍ ഗള്‍ഫില്‍ താമസിക്കുന്ന സന്ദര്‍ഭത്തില്‍ എന്റെ ഭര്‍ത്താവിന് കാനഡ,അമേരിക്ക എന്നീ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അനുവാദം ലഭിച്ചപ്പോള്‍ ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഞാന്‍ ജനിച്ച് വളര്‍ന്ന നാട് എന്തിന് ഞാന്‍ വിട്ടുപോകണം എനിക്ക് ഇവിടം ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹം. ഭര്‍ത്താവിനെപ്പോലെ എനിക്കും പൂര്‍ണസമ്മതമായിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് ഞങ്ങള്‍ തിരിച്ചുവന്നു.

ഗറം ഹവ കണ്ട സമയത്ത് എന്റെ സ്വത്വം ഇന്ത്യക്കാരന്‍ മാത്രമാണെങ്കില്‍ , ഇന്ന് ഒരു മുസ്ലിം എന്ന് പറഞ്ഞാല്‍ എന്തര്‍ഥമാക്കുന്നു എന്നതോര്‍ത്ത് ഞാന്‍ കരയുന്നു.

എങ്കിലും ഈ ലോകത്ത് ഒരുപാട് കലാകാരന്മാരുണ്ട് എന്നതോര്‍ത്ത് സന്തോഷപൂര്‍വ്വം ഞാന്‍ കരയുകയാണ്. എന്റെ വികാരങ്ങള്‍ മനസ്സിലാക്കി സന്തോഷത്തിന്റെ തിരിനാളങ്ങളെ കത്തിച്ചുവെക്കുന്ന ലോകത്തിലെ എല്ലാ കലാകാരന്മാരെയും സന്തോഷത്തോടെ ഓര്‍മിച്ച് ഞാന്‍ കരയുകയാണ്.

Be the first to comment on "മുല്‍ക് കണ്ടപ്പോള്‍ ശരിക്കും കരഞ്ഞു. ഇന്ത്യന്‍ മുസ്‌ലിം എന്താണ് അര്‍ഥമാക്കുന്നതെന്ന് ഞാനിന്നറിയുന്നു"

Leave a comment

Your email address will not be published.


*