കുട്ടനാട്ടിലെ പ്രളയം റിപ്പോർട്ട് ചെയ്‌ത്‌ മടങ്ങുന്നതിനിടെ മുങ്ങിമരിച്ച സജിയേയും ബിപിനെയും ഓർക്കുന്നു

മൃദുല ഭവാനി

മഴക്കെടുതിയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തു മടങ്ങുന്നതിനിടെ മാതൃഭൂമിയുടെ പ്രാദേശിക ലേഖകൻ സജിയും ഡ്രൈവർ ബിപിനും കോട്ടയം കല്ലറ കരിയാറിൽ മുങ്ങി മരിച്ചത് ഓർക്കുന്നു. ജൂലൈ 24നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ഈ പ്രളയ കാലത്തെ രേഖപ്പെടുത്തുന്നതിനിടെ ആണ് അവർക്ക് ജീവൻ നഷ്ടമായത്. എന്നിട്ടും പൊതുബോധത്തിന് അവർ ഷോ ഓഫ് കാണിക്കാൻ പോയ മാധ്യമപ്രവർത്തകർ ആയി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴയിലും കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിന്നും വാർത്തകൾ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്ന റിപ്പോർട്ടർമാരെ കാണുമ്പോൾ അവർക്കൊന്നും സജിയുടെയും ബിപിന്റെയും അവസ്ഥ ഉണ്ടാകല്ലേ എന്നു ഉള്ളറ്റം ആഗ്രഹിച്ചിരുന്നു. ജീവൻ രക്ഷാപ്രവർത്തനം തന്നെയാണ് മാധ്യമപ്രവർത്തനം. അതിൽ സമയം അതിപ്രധാനമാണ്. ആവശ്യമുള്ളിടത്തേക്ക്, ആവശമുള്ളവരിലേക്ക് എത്തിച്ചേരലും വിനിമയവും പ്രധാനമാണ്.

ഓരോരുത്തരും ക്യാമറയ്ക്ക് മുന്നിലും പിന്നിലും ആയി നിൽക്കുന്നത് അത്രയേറെ ജാഗ്രതയോടെയാണ്. അത്രയേറെ സൂക്ഷ്മതയോടെയാണ്. അത് സ്‌ക്രീനിൽ കാണാനുണ്ടായിരുന്നു, മുമ്പോന്നും കണ്ടിട്ടില്ലാത്ത വിധം.

മനുഷ്യൻ എന്ന ജീവി സ്വന്തം ചുറ്റുപാടിൽ നിന്നും വെള്ളം ഏൽപിച്ച വെല്ലുവിളി നേരിട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജീവനെക്കുറിച്ചു മാത്രം, സഹജീവികളെ കുറിച്ചു മാത്രം ചിന്തിച്ചുകഴിച്ചുകൂട്ടിയ ദിവസങ്ങളിൽ, സ്വമേധയാ വെള്ളത്തോട് മല്ലിടാൻ തന്നെ തീരുമാനിച്ചു കടലിൽ പോകുന്ന സ്വന്തം തോണികളുമായി നമ്മൾ കെട്ടിവെച്ച മതിൽക്കെട്ടുകളിലേക്ക് ഇറങ്ങിവന്ന മൽസ്യ തൊഴിലാളികൾക്കൊപ്പം വിശ്രമമില്ലാതെ ജീവൻ രക്ഷാപ്രവർത്തനം നടത്തിയ റിപ്പോർട്ടർമാരെയും ഓർക്കുന്നു. ചെറുതല്ല അവർ പകർന്ന ആത്മവിശ്വാസവും ശക്തിയും.

കുട്ടനാടിനെ പറ്റി ചോദ്യം ചോദിക്കുന്നതിനിടെ ഒരു മൈക്ക് ചുമലിൽ തട്ടിയപ്പോൾ ഉത്തരം പറയാതെ സീൻ വിട്ടുപോയ മുഖ്യമന്ത്രിയേയും ഈ അവസരത്തിൽ ഓർക്കാതെ വയ്യ. വെള്ളം പൊങ്ങിയ ദിവസങ്ങൾ മുതൽ താഴ്ന്നു തുടങ്ങിയ ദിവസങ്ങൾ വരെ മുഖ്യമന്ത്രി അതീവ ജാഗ്രതയോടെ കേരളത്തെ പതറാതെ കൊണ്ടുനടക്കുകയും ഒരല്പം നെഗറ്റിവിറ്റി പോലും പടർത്താതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഡീൽ ചെയ്തു എന്നും പറയാതിരിക്കാനും കഴിയില്ല.

കാലങ്ങളെടുത്തു കടം വാങ്ങിയും കഷ്ടപ്പെട്ടും ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് അതെല്ലാം തിരിച്ചുകിട്ടും എന്ന പ്രത്യാശ താങ്കൾ സൂക്ഷിക്കും എന്നു പ്രതീക്ഷിക്കുന്നു. ഏതൊരു ഭരണാധികാരിയും ദുരിതമുഖങ്ങളിൽ സഹജീവിയോടുള്ള പരിഗണനയും സ്നേഹവും ഏറ്റവുമധികം വെളിവാക്കേണ്ടിയിരിക്കുന്നു, സഹജീവിയോടുള്ള പരിഗണനയും സ്നേഹവും ദുരിതമുഖങ്ങളിൽ മാത്രം എടുത്തണിയേണ്ട ഒന്നല്ല എന്നും ഭരണാധികാരികൾ ഓർക്കുന്നത് നന്നായിരിക്കും. അത് പ്രത്യേകം വാഴ്തപ്പെടുന്നുണ്ടെങ്കിൽ മറ്റവസരങ്ങളിൽ കൂടി വേണ്ടതാണ് ഈ സെൻസിറ്റിവിറ്റി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ

Be the first to comment on "കുട്ടനാട്ടിലെ പ്രളയം റിപ്പോർട്ട് ചെയ്‌ത്‌ മടങ്ങുന്നതിനിടെ മുങ്ങിമരിച്ച സജിയേയും ബിപിനെയും ഓർക്കുന്നു"

Leave a comment

Your email address will not be published.


*