ഗൗരി ലങ്കേഷ്: ഹിന്ദുത്വഭരണകാലത്തെ ആക്ടിവിസ്റ്റ് ജേണലിസ്റ്റ്

ഗൊരഖ്പൂർ ബിആർഡി മെഡിക്കൽ കൊളേജിൽ ലിക്വിഡ് ഓക്സിജൻ വിതരണം നിലച്ച് ജാപ്പനീസ് എൻകഫലെെറ്റിസ് വാർഡിൽ ഒരു ദിവസം നൂറോളം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികമായിരുന്നു ഓഗസ്റ്റ് 10ന്. അതിന് മുന്നോടിയായി കേരളത്തിലെത്തിയപ്പോൾ ഡോ.കഫീൽ ഖാൻ ഓഗസ്റ്റ് 5ന് ഒരു വാർത്താ സമ്മേളനം നടത്തി. പിറ്റേന്ന് തന്റെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെപ്പറ്റി ഡോ.കഫീൽ പറഞ്ഞത് ഇങ്ങനെ,

“വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത് പല തലങ്ങളിലാണ്. ഇന്ന് വായിച്ച പത്ത് പത്രങ്ങളിൽ ആറെണ്ണം ഞാൻ പറയാത്ത കാര്യങ്ങളാണ് എഴുതിവെച്ചിരിക്കുന്നത്. എന്ത് അനീതിയാണ് എനിക്കും കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കും നേരെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് പറയാനാണ് ഞാൻ വാർത്താസമ്മേളനം നടത്തിയത്.

മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂൺ ആണെന്നാണ് പറയപ്പെടുന്നത്. ജനാധിപത്യം തന്നെ അതിന്റെ അവസാന ശ്വാസമെടുക്കുമ്പോൾ മാധ്യമങ്ങൾ എങ്ങനെയാണ് രക്ഷപ്പെടുന്നത്? മാധ്യമങ്ങൾ ഭരണകൂട സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്. ഞാൻ മാധ്യമ വിചാരണയുടെ ഇരയാണ്. ഓഗസ്റ്റ് പതിനൊന്നിലെ പത്രങ്ങളിലും ചാനലുകളിലും ഞാൻ ഹീറോ ആയും ദെെവമായും ചിത്രീകരിക്കപ്പെട്ടു. ഞാൻ ദെെവമായി വാഴ്ത്തപ്പെട്ടു. പിറ്റേന്ന് ആശുപത്രിയിലെത്തിയ യോഗി ആദിത്യനാഥ് എന്നെ ചോദ്യം ചെയ്തപ്പോൾ സ്ഥിതി മാറി. ഞാൻ വെെസ് പ്രിൻസിപ്പൽ ആണ്, ഞാൻ ഓക്സിജൻ സിലിണ്ടറുകൾ മോഷ്ടിച്ചു ഞാൻ എച്ച്ഓഡിയാണ് ഞാൻ റേപ്പിസ്റ്റാണ് തുടങ്ങിയ നുണകൾ ബിജെപി എെടി സെൽ പുറത്തുവിടാൻ തുടങ്ങി. ഡൽഹിയിലും ബോംബെയിലും ഇരിക്കുന്ന ഈ മുഖ്യധാരാ മാധ്യമങ്ങൾ ആരാണ് ഈ ഡോ.കഫീൽ ഖാൻ എന്ന് അന്വേഷിക്കാൻ ഗ്രൗണ്ടിൽ ഇറങ്ങി വന്നിട്ടില്ല. അവരാണ് ഞാൻ വെെസ് പ്രിൻസിപ്പൽ ആണെന്ന് എഴുതിയത്. വെെസ് പ്രിൻസിപ്പൽ ആകാൻ 20 വർഷത്തെ എക്സ്പീരിയൻസ് വേണം. ഞാനാണ് ആ മെഡിക്കൽ കോളേജ് മുഴുവൻ നടത്തുന്നത് എന്ന രീതിയിലാണ് അവർ എന്നെ ചിത്രീകരിച്ചത്. ഇങ്ങനെയാണ് മാധ്യമങ്ങൾ എന്നെ ഇരപ്പെടുത്തിയത്. രണ്ടുദിവസം എന്നെ ഹീറോ ആയി വാഴ്ത്തുകയും പിന്നീട് വില്ലനാക്കുകയും ചെയ്തു. യോഗി ഗവണ്മെന്റിനെ രക്ഷിക്കാനാണ് അവരത് ചെയ്തത്. കാരണം അവരാണ് ഈ കൂട്ടക്കൊലയുടെ ഉത്തരവാദികൾ. ഓക്സിജന് പണം അടച്ചില്ലെന്ന് സൂചിപ്പിച്ച് പുഷ്പ സെയിൽസ് അയച്ച 19 റിമെെൻഡറുകൾക്ക് എന്തുകൊണ്ട് മറുപടി നൽകിയില്ല എന്ന് അവർക്ക് ഉത്തരമില്ല. എന്റെ കേസിൽ ദേശീയ മാധ്യമങ്ങൾ സർക്കാരിനൊപ്പം കൂട്ടുപ്രതികളാണ്. സത്യം ഉറക്കെ വിളിച്ചുപറയുന്ന ഓൺലെെൻ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും മാത്രമാണ് പ്രതീക്ഷ നൽകുന്നത്.”

അവസാന ശ്വാസം വലിക്കുന്ന ഇന്ത്യൻ ജേണലിസത്തെപ്പറ്റി സ്വന്തം അനുഭവത്തിലൂടെ ഡോ.കഫീൽ ഖാൻ മനസ്സിലാക്കിയ കാര്യം. ജനാധിപത്യം തന്നെ ഇല്ലാതായ ഒരു രാജ്യത്ത് മാധ്യമങ്ങൾ സർവെെവ് ചെയ്യുന്നത് എങ്ങനെയാണ്?

സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ കൊല്ലപ്പെട്ട സിബിഎെ കോടതി ജഡ്ജി ഹർകിഷൻ ലോയയുടെ കുടുംബം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയത് 2017 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ്. ജസ്റ്റിസ് ലോയയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ നിരഞ്ജൻ താക്ലേയ്ക്ക് റിപ്പോര്‌‍ട്ട് പ്രസിദ്ധീകരിക്കാൻ സാധിക്കില്ല എന്ന മറുപടിയാണ് താൻ ജോലി ചെയ്യുന്ന മാധ്യമസ്ഥാപനമായ ദ വീക്കിൽ നിന്നും ലഭിച്ചത്. തുടർന്ന് നിരഞ്ജൻ താക്ലേ കാരവൻ മാഗസിനിൽ ആ വാർത്ത പ്രസിദ്ധീകരിച്ചു. ദ വീക്കിലെ ജോലി ഉപേക്ഷിച്ചു. പിന്നീട് എട്ടുമാസം തൊഴിൽ രഹിതനായി കഴിയേണ്ടിവന്നു. അമിത് ഷായ്ക്ക് ജസ്റ്റിസ് ലോയയുടെ കൊലപാതകത്തിലുള്ള പങ്കിനെക്കുറിച്ച് വാർത്ത നൽകിയ കാരവൻ മാഗസിൻ തുടർന്ന് അതിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നു. ആ വാർത്ത മാഗസിന്റെ സർക്കുലേഷനെ തന്നെ ബാധിക്കുന്നു. തീവ്ര ഹിന്ദുത്വ പ്രചാരണത്തിന് മുന്നിൽ, ദിവസം തോറുമുള്ള അതിന്റെ വർഗീയ വളർച്ചയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ, അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന പത്ര പ്രസിദ്ധീകരണങ്ങളിൽ ഒന്ന് മാത്രമാണ് വിനോദ് കെ ജോസ് എഡിറ്ററായ ദ കാരവൻ. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രം തിരുത്തിയ ജഡ്ജിമാരുടെ പത്രസമ്മേളനം നടക്കാൻ വലിയൊരു കാരണമായത് ജസ്റ്റിസ് ലോയയുടെ കേസ് തന്നെയാണ്.

Remembering Gauri LankeshMaktoob Media

Maktoob Media यांनी वर पोस्ट केले मंगळवार, ४ सप्टेंबर, २०१८

അതിനിർണായകമായ ചില ഘട്ടങ്ങളിൽ മാധ്യമപ്രവർത്തകരുടെ ഇടപെടലുകൾ ലോകത്തെ വലിയ അപകടങ്ങളിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. എന്നാൽ ശത്രുവിന്റെ വെറുപ്പ് അതിൽ ചിലരുടെ ജീവനെടുക്കാറുണ്ട്. 2017 സെപ്തംബർ 5ന് ഓഫീസിൽ നിന്ന് മടങ്ങി വീട്ടിലെത്തിയ ഗൗരി ലങ്കേഷ് എന്ന കന്നഡ മാധ്യമപ്രവർത്തകയെ സനാതൻ സൻസ്ഥ എന്ന ഹിന്ദുത്വ ഭീകരവാദ സംഘടനയുടെ പ്രവർത്തകർ കൊലപ്പെടുത്തി. ആശയങ്ങളെ വെടിയുണ്ടകൾക്ക് ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും ഗൗരിയുടെ ശ്വാസവും ചലനങ്ങളും അന്നേ ദിവസം ഇല്ലായ്മ ചെയ്യപ്പെട്ടു. ഗൗരിയുടെ എഡിറ്റോറിയൽ കോളമായ കണ്ട ഹാഗെയിൽ പ്രസിദ്ധീകരിച്ച അവസാനത്തെ ലേഖനം ഹാദിയയെയും ഷഫിൻ ജഹാനെയും പറ്റിയായിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന ഒരേയൊരു ജീവിവർഗം മനുഷ്യരാണ് എന്ന് ഗൗരി എഴുതി.

കർണാടകത്തിൽ ശക്തമായ പ്രതിപക്ഷമായി നിലകൊണ്ട ഗൗരി ലങ്കേഷ് പത്രികെ ഹിന്ദുത്വ ഭീകരവാദികൾക്ക് ഓരോ ആഴ്ചയും പുറത്തിറങ്ങുന്ന ഭീഷണിയായിരുന്നു. ഹിന്ദുത്വ ഭീകരവാദികൾക്കെതിരെ ചിന്തകൊണ്ടും ശരീരം കൊണ്ടും പോരാടിയ ജീവിതത്തിൻെറ അവസാനമായിരുന്നു അത്. പിറ്റേന്ന് ബംഗളൂരുവിൽ വലിയൊരു ജനകീയ റാലി നടന്നു. ജനം തന്നെയാണ് ഗൗരിയുടെ ശക്തി എന്ന് അത് വെളിപ്പെടുത്തി. സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷുമായുണ്ടായ രാഷ്ട്രീയ വ്യത്യാസം ഒടുവില്‍ ഗൗരിക്കെതിരെ വധഭീഷണി മുഴക്കുന്നതുവരെ എത്തി. സ്വന്തം കുടുംബത്തില്‍ നിന്നു വരെ വധഭീഷണി നേരിട്ട മാധ്യമപ്രവര്‍ത്തകയാണ് ഗൗരി ലങ്കേഷ്. ഇപ്പോഴും ഗൗരിയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ ഇന്ദ്രജിത് ലങ്കേഷ് തയ്യാറല്ല. ആത്യന്തികമായി ഗൗരിയുടെ പോരാട്ടം പുരുഷാധിപത്യത്തോട് ആണ്.

2017 ഒക്ടോബർ മാസത്തിൽ ബസവണ്ണ നഗറിലെ ഗൗരി ലങ്കേഷ് പത്രികെയുടെ ഓഫീസിലേക്ക് പോകുമ്പോൾ ദീപാവലി ഒരുക്കങ്ങൾ കൊണ്ട് നിറഞ്ഞ തെരുവുകളാണ് കണ്ടത്. ഹിന്ദുത്വ ഭീകരവാദികൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെ ശക്തമായി വിമർശിച്ചതിന് വലിയ പദ്ധതിയിട്ട് നടത്തിയ ആ കൊലപാതകത്തിന്റെ ബാക്കിയായി ഒരു തെരുവിൽ ഗൗരി ലങ്കേഷ് പത്രികെ ഓഫീസ് അടങ്ങുന്ന ഇരുനില കെട്ടിടം നിലകൊണ്ടു.

അതിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഗൗരിയുടെ ഓഫീസിൽ സഹപ്രവർത്തകർ എന്തോ ജോലിയിൽ മുഴുകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. ഗൗരിയുടെ സഹപ്രവർത്തകൻ ശിവസുന്ദർ ഗൗരിയെപ്പറ്റി സംസാരിച്ചു. ഗൗരി ഒരു സാധ്യതയാണ് എന്ന് ശിവസുന്ദർ പറഞ്ഞു. ആ ന്യൂസ് റൂമിൽ കംപ്യൂട്ടറും അലമാരിയും അടക്കമുള്ള അടിസ്ഥാന സംവിധാനങ്ങൾ പലരായി സംഭാവന ചെയ്തതാണ് എന്നും ശിവസുന്ദർ പറഞ്ഞു. തന്റെ രാഷ്ട്രീയത്തോട് വിയോജിച്ചുനിന്ന സഹോദരൻ പത്രത്തിൽ നിന്നും ഇറങ്ങണം എന്നാവശ്യപ്പെട്ട് ക്യാബിനിൽ കയറി തോക്ക് ചൂണ്ടിയപ്പോൾ,സ്വന്തം പ്രസിദ്ധീകരണം തുടങ്ങാൻ ഒരുങ്ങിയപ്പോൾ ഗൗരിയെ സഹായിക്കാൻ ജനങ്ങൾ മുന്നോട്ട് വന്നു.

ഡൽഹിയിൽ ഇംഗ്ലീഷ് ജേണലിസം തുടരാമായിരുന്ന ഗൗരി കന്നഡയിൽ ഒരു കോൺഫ്ലിക്ട് സോൺ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. “കർണാടകയിൽ നടക്കുന്ന വർഗീയ കൊലപാതകങ്ങൾ അസാധാരണമാണ് എന്ന് ഞാൻ കരുതിയിരുന്നു, എന്നാൽ അത് പുതിയ സാധാരണത്വമായി മാറുകയാണെന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു” എന്ന് ഗൗരി എഴുതി. 2018 ജനുവരിയിൽ ചിക്മംഗ്ലൂർ മുഡിഗരെയിലെ ധന്യശ്രീയുടെ ആത്മഹത്യ ബജ്രംഗ് ദൾ നടപ്പിലാക്കിയ കൊലപാതകം ആയിരുന്നു. എെ ലവ് മുസ്ലീംസ് എന്ന് വാട്സാപ്പിൽ ഒരു സുഹൃത്തിനയച്ച സന്ദേശം ബജ്രംഗ് ദൾ പ്രാദേശിക നേതാക്കൾക്ക് ഫോർവേഡ് ചെയ്യപ്പെട്ടു. തുടർച്ചയായ മാനസിക പീഡനവും ലവ് ജിഹാദ് ആരോപണവും കാരണം ധന്യശ്രീ ആത്മഹത്യ ചെയ്തു. ലവ് ജിഹാദ് ആരോപണം ഇനിയൊരു പെൺകുട്ടിക്കും നേരിടേണ്ടി വരരുത് എന്ന് കുറിപ്പെഴുതിയ ശേഷം. പശുക്കടത്ത് ആരോപിച്ച് ജൂണിൽ ഉഡുപ്പി സ്വദേശിയായ ഹുസെെനബ്ബയെ പൊലീസ് ഒത്താശയോടെ കൊലപ്പെടുത്തിയതും ബജ്രംഗ് ദൾ പ്രവർത്തകർ തന്നെ. താൻ ഒരുദിവസം കൊല്ലപ്പെടുക തന്നെ ചെയ്യും എന്ന് ഗൗരിക്ക് തീർ‌ച്ചയുണ്ടായിരുന്നു എന്നാൽ പൊലീസ് സുരക്ഷ വേണ്ടെന്ന് ഗൗരി തീരുമാനിക്കുകയും ചെയ്തിരുന്നു.

ഗൗരിയുടെ എഴുത്തുകൾ പല പ്രാദേശിക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്തു.നിഷ്പക്ഷ മാധ്യമപ്രവർത്തകർക്ക്, ഉദാത്തമാധ്യമപ്രവർത്തനം ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യവാദികളായ മാധ്യമപ്രവർത്തകർക്കും മുന്നിൽ ഗൗരി എന്ന ആക്ടിവിസ്റ്റ് ജേണലിസ്റ്റ് നിരവധി ചോദ്യങ്ങൾ ഉയർത്തി.

പ്ലക്കാർഡ് ഉയർത്തിപ്പിടിക്കാതെ തന്നെ ഒരു ജേണലിസ്റ്റിന് ആക്ടിവിസ്റ്റ് ആകാം. എന്നാൽ പല പാരമ്പര്യവാദികളായ ജേണലിസ്റ്റുകൾക്കും മുന്നിൽ ‘പക്ഷേ’കളോടുകൂടിമാത്രം എെക്യപ്പെടാൻ കഴിയുന്ന മാധ്യമപ്രവർത്തകയായി ഗൗരി ലങ്കേഷ്. കൊല്ലപ്പെടരുതായിരുന്നു പക്ഷേ അവരുടെ ഇടപെടൽ രീതികൾക്ക് മറ്റൊരുവിധമാകാമായിരുന്നു എന്ന മട്ടിൽ.

2003ൽ ചിക്മഗ്ലൂരിലെ ബാബാ ബുധൻഗിരി ദർഗയെ സൗത്തിന്റെ അയോധ്യയാക്കിമാറ്റുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തെ പ്രതിരോധിക്കാൻ കർണാടക കോമു സൗഹാർദ്ദ വേദികെ (കർണാടക മതസൗഹാർദ്ദ വേദിക) എന്ന കൂട്ടായ്മയുടെ ഭാഗമായി ഗൗരി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. കർണാടകത്തെ സൗത്തിന്റെ ഗുജറാത്ത് ആക്കാനും വർഗീയ വൽക്കരിക്കാനുമുള്ള എളുപ്പവഴിയാണ് ഇപ്പോഴും സംഘപരിവാറിന് ബാബാ ബുധൻഗിരി ദർഗ.

ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെയെത്തുന്ന സൂഫി ദർഗയ്ക്ക് മേൽ അവകാശവാദമുന്നയിച്ച് ഡിസംബർ മാസത്തിൽ വലിയ റാലികൾ നടക്കാറുണ്ടെന്ന് ബുധൻഗിരി ദർഗയ്ക്ക് സമീപം ഹോട്ടൽ നടത്തുന്ന ബാഷാ ബാബു പറയുന്നു. ഈ റാലികൾക്ക് പൊലീസ് അനുമതിയുണ്ട്. അന്നേ ദിവസം ദർഗയ്ക്ക് സമീപത്തായി കടകൾ നടത്തുന്നവരോ താമസിക്കുന്നവരോ ആയ മുസ്ലീങ്ങൾക്ക് പുറത്തിറങ്ങാൻ അനുവാദമില്ലെന്നും ദർഗയുടെ ഭാഗമായുള്ള ഒരു കെട്ടിടം അവർ തകർക്കാൻ ശ്രമിച്ചു എന്നും ബാഷ പറഞ്ഞു. ദർഗയ്ക്ക് അകത്തു ചെന്ന് ദർഗ നടത്തിപ്പുകാരനായ ഒരാളോട് ഗൗരിയെപ്പറ്റി സംസാരിച്ചു. ഗൗരി മരിച്ചുപോയി എന്നറിഞ്ഞിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കർണാടകത്തിന്റെ മതേതര സങ്കൽപങ്ങൾക്ക് മേൽ സംഘപരിവാർ ഏതുനിമിഷവും കയ്യേറിപ്പിടിച്ച് ബാബ്റി മസ്ജിദ് പോലെ തകർത്തു കളഞ്ഞേക്കാവുന്ന ഒരു വിശ്വാസകേന്ദ്രമാണ് ബാബാ ബുധൻഗിരി ദർഗ. സംഘപരിവാർ ഈ ലക്ഷ്യം പരസ്യപ്പെടുത്തിയ ഉടൻ തന്നെ ഗൗരിയും സുഹൃത്തുക്കളും അതിനെ പ്രതിരോധിക്കാൻ ഇടപെടലുകൾ തുടങ്ങിയിരുന്നു. ഇന്നും സുപ്രീം കോടതിയുടെ പരിഗണനയിലാണ് ഈ കേസ്.

തട്ടകമായ ഗുജറാത്തില്‍ ഇളക്കം തട്ടിക്കഴിഞ്ഞതോടെ ബിജെപി കര്‍ണാടകയെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, ദക്ഷിണേന്ത്യയില്‍ സംഘപരിവാറിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന കര്‍ണാടകയെ കീഴ്പ്പെടുത്താന്‍ ശ്രമങ്ങള്‍ ഗുജറാത്ത് വംശഹത്യ കാലം മുതൽ തുടങ്ങിയിരുന്നു. 2002ലാണ് കർണാടക ബിജെപിയുടെ വെല്ലുവിളി നേരിടുന്നത്. ചിക്കമംഗ്ലൂരിലെ ബാബാ ബുധൻഗിരി ദർ‍ഗയ്ക്ക് മേൽ അവകാശവാദമുയർത്തിക്കൊണ്ട്, ദര്‍ഗയെ ദക്ഷിണേന്ത്യയിലെ അയോധ്യയാക്കും എന്ന് അവകാശവാദമുയര്‍ത്തിക്കൊണ്ടായിരുന്നു അത്. ദത്താത്രേയ ജയന്തി നടക്കുന്ന ദിവസങ്ങളില്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങളുമായി വലിയ റാലി നടത്താറുണ്ട്.

ബാബാ ബുധൻഗിരി ദർഗ അയോധ്യ ആക്കുമെന്നും കർണാടകയെ ഗുജറാത്ത് ആക്കുമെന്നുമായിരുന്നു 2002ൽ, ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിൽ കർണാടക നേരിട്ട വെല്ലുവിളി. ഇതിനെതിരെ ബാബാ ബുധൻഗിരി ദർഗയെ അയോധ്യ ആക്കാൻ സമ്മതിക്കില്ലെന്നും കർ‍ണാടകയെ ഗുജറാത്ത് ആക്കാൻ സമ്മതിക്കില്ലെന്നും ആയിരുന്നു കർണാടക കോമു സൗഹാർദ്ദ വേദികെയുടെ തീരുമാനം.

ദക്ഷിണേന്ത്യയിലെ അയോധ്യയാക്കാനായിരുന്നു അവരുടെ ലക്ഷ്യം. 2002ല്‍ അനന്ത്കുമാര്‍ എന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് ബാബാ ബുധന്‍ഗിരി ദര്‍ഗയെ ക്ഷേത്രമാക്കി മാറ്റുമെന്ന് പരസ്യ പ്രസ്താവന നടത്തിയത്. അയോധ്യ നടപ്പിലാക്കുമെന്നും കര്‍ണാടകയെ മറ്റൊരു ഗുജറാത്ത് ആക്കും എന്നുമായിരുന്നു അനന്ത്കുമാറിന്റെ പ്രസ്താവന. മുപ്പതുവർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പോരാട്ടം വിജയിക്കുമെന്നാണ് കോമു സൗഹാർദ്ദ വേദികെ പ്രവർത്തകർ വിശ്വസിക്കുന്നത്. പോരാട്ടത്തിൽ അവരെ ഗൗരിയുടെ അസാന്നിധ്യം വേദനിപ്പിക്കുന്നു.

ചിക്മഗ്ലൂരിൽ 2017 ഡിസംബർ മാസത്തിൽ കർണാടക കോമു സൗഹാർദ്ദ വേദികെയുടെ പതിനഞ്ചാം വാർഷിക പരിപാടിയിൽ ഗൗരിയുടെ ഓർമ പുതുക്കാൻ ജനങ്ങൾ ഒത്തുചേർന്നു. ആയിരക്കണക്കിന് പേരല്ല, അതിലും കുറവായിരുന്നു പരിപാടിയിൽ പങ്കെടുത്തവർ. എങ്കിലും ജിഗ്നേഷ് മേവാനിയും ടീസ്ത സെതൽവാദും അടക്കം, ഗൗരി ഉയർത്തിയ രാഷ്ട്രീയ ചോദ്യങ്ങൾ ശക്തിയോടെയും കൃത്യതയോടെയും ഉയർത്തുന്ന വിവിധ രാഷട്രീയ ധാരകളിൽ നിന്നുള്ളവർ അവിടെ എത്തിയിരുന്നു.

ഗൗരിയുടെ അസാന്നിധ്യത്തിൽ കോമു സൗഹാർദ്ദ വേദികെ നടത്തിയ ആദ്യ പരിപാടിയായിരുന്നു അത്. ഗൗരി ഞങ്ങളുടെ ധെെര്യമായിരുന്നു. പൊളിറ്റിക്കൽ ബാക്ബോൺ ആയിരുന്നു. ഈ സാഹചര്യത്തിൽ വേദനിക്കുന്നത് ഗൗരിയുടെ അസാന്നിധ്യത്തിൽ മാത്രമാണ് എന്ന് ആ ദിവസം കർണാടക കോമു സൗഹാർദ്ദ വേദികെ പ്രവർത്തകയായ ഗൗരി എന്നോട് പറഞ്ഞു. ഗൗരിയുടെ സുഹൃത്തുക്കളിൽ പലരും മധ്യവയസ്സിലും ഊർജ്ജം ഒട്ടും ചോർന്നുപോയിട്ടില്ലാത്ത ഉറച്ച മനസ്സുകൾ തന്നെയാണ് എന്ന് കണ്ടു.

ബിജെപിയെ വളരാനനുവദിക്കുന്നതിൽ കോൺഗ്രസിനുള്ള പങ്കിനെപ്പറ്റിയും ഗൗരി മൗനം പാലിച്ചില്ല. കർ‍ണാടകത്തിലെ വിവിധ സംഘപരിവാർ വിരുദ്ധ സംഘടനകളുടെ പ്രസ്താവനകളും റിപ്പോർട്ടുകളും എഡിറ്റ് ചെയ്യുമ്പോൾ ഇത്തരം ചെറിയ വ്യത്യാസങ്ങൾ കാരണം ഈ സംഘടനകളെല്ലാം അകന്നുനിൽക്കുന്നത് എന്തിനാണെന്ന് ഗൗരി ചോദിക്കുമായിരുന്നു എന്ന് കോമു സൗഹാർദ്ദ വേദികെയിലെ അംഗമായ ഫണിരാജ് ഓർക്കുന്നു.

മാവോയിസ്റ്റുകളുടെ രാഷ്ട്രീയ ആവശ്യങ്ങളോട് ഗൗരി ചേര്‍ന്നുനിന്നിരുന്നു. എന്നാല്‍ അവര്‍ സ്വീകരിക്കുന്ന വഴിയോട് യോജിപ്പില്ലായിരുന്നു. 2004ല്‍ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നമായും ക്രമസമാധാന പ്രശ്നമായും മാവോയിസ്റ്റ് മുന്നേറ്റത്തെ അടയാളപ്പെടുത്തിക്കൊണ്ട്, കോമണ്‍ മിനിമം പ്രോഗ്രാമുമായി യുപിഎ ഗവണ്മെന്റ് മുന്നോട്ടുവന്നു. അതോടെ മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാരുമായി സന്ധിസംഭാഷണത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും പൊലീസ് അടിച്ചമര്‍ത്തലും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകാണെങ്കില്‍, ജനങ്ങളുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുകയാണെങ്കില്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാമെന്ന് നക്‌സലൈറ്റുകള്‍ സര്‍ക്കാരിനെ അറിയിച്ചു. സർക്കാരും മാവോയിസ്റ്റുകളുമായുള്ള സന്ധിസംഭാഷണങ്ങളിൽ ഗൗരി ഭാഗമായി. മാവോയിസ്റ്റ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ച പത്രസമ്മേളനത്തില്‍ ഗൗരി പങ്കെടുത്തിരുന്നു. കര്‍ണാടക ചരിത്രം സൂക്ഷ്മമായി രേഖപ്പെടുത്തിയ മാവോയിസ്റ്റ് സാകേത് രാജന്‍ ഗൗരിയോട് തുറന്നുപറഞ്ഞു, “ഞങ്ങളെ അപ്രധാനികളാക്കൂ. സര്‍ക്കാരിനോട് സംസാരിക്കൂ.

ഇന്ത്യന്‍ മാവോയിസ്റ്റ് ചരിത്രത്തില്‍ തന്നെ സുപ്രധാനമായ ആ പ്രസ്താവന പകര്‍ത്തിയെഴുതിയത് ഗൗരിയാണ്, എന്നാല്‍ ഭരണകൂടം അത് ചെവിക്കൊണ്ടില്ല. പിന്നീട് 2005ല്‍ സാകേത് രാജനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു.

ജൂൺ 17ന് കശ്മീരിൽ കൊല്ലപ്പെട്ട റെെസിങ് കശ്മീർ എഡിറ്റർ ഷൂജാഅത് ബുഖാരി കൊല്ലപ്പെട്ട കശ്മീരി ജേണലിസ്റ്റുകളെപ്പറ്റി നിരവധി ലേഖനങ്ങളെഴുതിയിരുന്നു. കാശ്‌മീരിൽ ഇന്ത്യ നടപ്പിലാക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ വിവരിക്കുന്ന യുഎൻ പ്രത്യേക റിപ്പോർട്ട് പുറത്തിറക്കിയ ദിവസമാണ് ഷൂജാഅത് കൊല്ലപ്പെട്ടത്. ജേർണലിസ്റ്റുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കാശ്‌മീരിൽ കൂടുന്നതിനെ പറ്റിയും റിപ്പോർട്ടിലുണ്ട്. കാശ്‌മീർ റീഡർ പത്രം മൂന്നു മാസത്തോളം നിരോധിച്ചതും ബുർഹാൻ വാനിയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമർത്തിയതിനെ വിമർശനാത്മകമായി റിപ്പോർട്ട് ചെയ്തതിനാലാണ് എന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യൻ മാധ്യമങ്ങൾ മറച്ചുവെച്ച പല സത്യങ്ങളും വെളിപ്പെടുത്തിയ ആക്ടിവിസ്റ്റ് കൂടിയായ മാധ്യമപ്രവർത്തകനാണ് ഷൂജാഅത് ബുഖാരി. കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് നീതിയെക്കാൾ പ്രധാനം അതിജീവനം ആണെന്ന് ഷൂജാഅത് ബുഖാരി തിരിച്ചറിഞ്ഞിരുന്നു.

പല കേസുകളും ഭരണപക്ഷത്തുനിന്നാകുമ്പോൾ പ്രതികൾ ശിക്ഷിക്കപ്പെടുന്നതും അപൂർവ്വമാണെന്നും ബുഖാരി എഴുതി.

18 മാസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഏഴ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഗുജറാത്ത് വംശഹത്യയുടെ പിന്നിൽ നടന്ന ഗൂഢാലോചനയെപ്പറ്റി അന്വേഷണാത്മക റിപ്പോർട്ട് തയ്യാറാക്കിയ റാണ അയ്യൂബ് സംഘപരിവാറിന്റെ ദെെനംദിന അതിക്രമങ്ങൾ‌ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്.

പത്തു ദിവസങ്ങൾക്ക് മുമ്പ് കശ്മീർ നരേറ്റർ എന്ന മാസികയിലെ ആസിഫ് സുൽത്താൻ അറസ്റ്റ് ചെയ്യപ്പെട്ടു. വിഘടനവാദികളെ സഹായിക്കുന്നു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇന്ത്യൻ അധിനിവേശത്തിൽ ശ്വാസം മുട്ടുന്ന കശ്മീരിൽ വലിയ ഭീഷണിയാണ് മാധ്യമപ്രവർത്തകരുടെ ജീവൻ നേരിടുന്നത്.

ഗൗരി ഒരിക്കലും ഒബ്ജക്ടീവ് റിപ്പോര്‍ട്ടിങ്ങില്‍ വിശ്വസിച്ചിരുന്നില്ല. രാജ്യത്തെ മാധ്യമപ്രവര്‍ത്തന മേഖല ഗൗരിയില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടത് ചരിത്രം രേഖപ്പെടുത്തല്‍ എന്ന കടമയില്‍ പക്ഷം പിടിക്കാം എന്ന വസ്തുത കൂടിയാണ്.

ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ അറിഞ്ഞത് സഞ്ജീവ് ഭട്ടിനെ 1998ലെ ഒരു കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത. ഭീമ കൊറേഗാവിൽ നടന്ന എൾഗാർ പരിഷദിന് പിന്നിൽ പ്രവർത്തിച്ചു എന്ന് വ്യാജ കേസ് ചുമത്തപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ അറസ്റ്റിലായതിന് പിന്നാലെയാണിത്.

About the Author

മൃദുല ഭവാനി
സ്വതന്ത്ര മാധ്യമപ്രവർത്തകയാണ് ലേഖിക. ഓൺലൈനിടങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും നിരന്തരം സാമൂഹ്യവിഷയങ്ങളിൽ എഴുതാറുണ്ട്.

Be the first to comment on "ഗൗരി ലങ്കേഷ്: ഹിന്ദുത്വഭരണകാലത്തെ ആക്ടിവിസ്റ്റ് ജേണലിസ്റ്റ്"

Leave a comment

Your email address will not be published.


*