മുസ്‌ലിംകളുടെ നൻപൻ

കരുണാനിധിയെ സ്‌മരിച്ചു ഫ്രന്റ് ലൈൻ മാസികയിൽ കോമ്പൈ എസ് അൻവർ എഴുതിയ ലേഖനം. ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ സോഷ്യോളജി ഗവേഷകവിദ്യാർത്ഥി ത്വയ്യിബ് ആർ ആണ് പരിഭാഷകൻ 1970 കളിൽ വികസിച്ചു വരുന്ന മദ്രാസ് പട്ടണം , അതിന്റെ നഗരപരിസരമായ ത്യാഗരാജ നഗറിൽ ഒരു വർഗീയ പ്രശ്‌നം ഉടലെടുത്തു. ത്യാഗരാജ നഗറിൽ ബസ് സ്റ്റാൻഡിന്റെ പിൻവശത്തായി മുസ്‌ലിംകൾ പള്ളി നിർമിക്കാനായി വാങ്ങിവെച്ച സ്ഥലത്ത് ഒരു രാത്രിയിൽ ‘സ്വയമ്പൂ’ ഒരു ഗണേശ വിഗ്രഹം പ്രത്യക്ഷപെട്ടതോടെയാണിത്. ഇതോടെ ഒരുകൂട്ടർ അവിടെ അമ്പല നിർമാണത്തിന്റെ അവകാശവാദവുമായി രംഗത്ത് വന്നു. കാര്യങ്ങൾ ഒരു വലിയ സംഘർഷത്തിന്റെ വക്കോളമെത്തി. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി സാഹചര്യങ്ങൾ മനസ്സിലാക്കി സ്ഥലത്ത് നിന്ന് ഗണേശ വിഗ്രഹം നീക്കം ചെയ്യുകയും മുസ്‌ലിം പള്ളിയുടെ നിർമാണത്തിന് ആവശ്യമായ സുരക്ഷ നൽകുകയും ചെയ്‌തു. ഒരു പക്ഷെ മദ്രാസ് പട്ടണത്തിന്റെ ചരിത്രം തന്നെ മാറ്റാൻ സാധ്യതയുള്ള ഒരു തീപ്പൊരിയെയാണ് കരുണാനിധി ഭംഗിയായി കൈകാര്യം ചെയ്‌തത്‌. ജീവിതത്തിലുടനീളം നിരീശ്വരവാദിയായിരുന്നെങ്കിലും മുസ്‌ലിംകൾക്കെന്നും കരുണാനിധി സുഹൃത്തും സംരക്ഷകനുമായിരുന്നു. അദ്ദേഹത്തിൻറെ ജീവിതപരിസരം അടുത്തറിയാവുന്നവർക്ക് ഇതൊരു ആശ്ചര്യജനകമായ കാര്യമല്ല. കരുണാനിധി വളർന്നതും ജീവിച്ചതും മുസ്‌ലിംകളുടെ ചുറ്റിലുമായിരുന്നു. അദ്ദേഹം ജനിച്ച തിരുവാരൂറിനടുത്തുള്ള തിരുക്ക്വളൈ ഗ്രാമത്തിൽ വലിയ തോതിൽ തമിഴ് മുസ്‌ലിം സാന്നിധ്യമുണ്ട്. പിന്നീട് അദ്ദേഹം എത്തിച്ചേർന്ന സിനിമ / സാഹിത്യ മേഖലകളിലും രാഷ്ട്രീയത്തിലും മുസ്‌ലിംകൾ വലിയ തോതിൽ സ്വാധീനിച്ചതായി കാണാം കുട്ടിക്കാലത്ത് തന്റെ ചിന്തകളെ രൂപപ്പെടുത്തുന്നതിൽ ‘ദാറുൽ ഇസ്ലാം’ മാസിക വഹിച്ച പങ്ക് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് .ഈ മാഗസിൻ തമിഴ് ഭാഷയിൽ ആയിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്.തമിഴ് മുസ്ലിങ്ങൾക്കിടയിലെ സാമൂഹിക അനാചാരങ്ങൾക്ക് നേരെയുള്ള ജിഹ്വയായിരുന്നു ഇത്.സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കിയുള്ള എഴുത്തുകൾ കുട്ടിയായ കരുണാനിധിയെ ആകർഷിച്ചു.തമിഴ് മുസ്ലിങ്ങൾക്കിടയിലെ നവോത്ഥാന നായകനായ പാ ദാവൂദ് ഷാ ആയിരുന്നു മാഗസിന്റെ പത്രാധിപർ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ തമിഴ് ദേശിയ ബോധത്തിന്റെ വളർച്ചയുടെ ആദ്യ ഘട്ടമായിരുന്നു.ഈ കാലയളവിലാണ് ശുദ്ധ തമിഴിനെ തിരിച്ചുപിടിക്കാൻ മതെരമാളൈ അഡിഗർ സംസ്ക്രിത മുക്ത തമിഴിന് ശ്രമിക്കുന്നത്.പാ ദാവൂദ് ഷാ തമിഴിലേക്ക് ഖുർആനിനെ പരിഭാഷ ചെയ്യുന്നതും.അദ്ദേഹം മുസ്ലിം പുരോഗിത ആധിപത്യത്തെ ശക്തമായി ചോദ്യം ചെയ്തു.വെള്ളിയാഴ്ച പ്രഭാഷണം അറബിയിൽ നിന്ന് ജനങ്ങൾക്ക് മനസ്സിലാവുന്ന തമിഴിലേക്ക് മാറ്റണമെന്ന് ‘ദാറുൽ ഇസ്ലാം’ മാസികയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.ഇത്തരം വിപ്ളവ ആശയങ്ങളാവാം മാസികയുടെ സ്ഥിരം വായനക്കാരനാവാൻ കരുണാനിധിയെ പ്രേരിപ്പിച്ചത്. ദ്രാവിഡിയൻ പ്രസ്ഥാനങ്ങൾക്ക് മുസ്ലിങ്ങളോട് ആദ്യ കാലം മുതൽ തന്നെ സൗഹൃദ പരമായ അടുപ്പമാണ് ഉണ്ടായിരുന്നത്.പെരിയാർ അടിച്ചമർത്തപ്പെട്ടവർ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തുന്നതിന് അനുകൂലിയായിരുന്നു.പെരിയാറും അണ്ണാദുരെയും നബിദിന വേദികളിലെ സ്ഥിരം അതിഥികൾ ആയിരുന്നു. ഇത്തരം വേദികൾ ഇവർ ദ്രാവിഡ പ്രസ്ഥാനവും മുസ്ലിങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഉപയോഗിച്ചു .തിരുവാരൂരിൽ ഇത്തരം ഒരു വേദിയിൽ വെച്ചാണ് കരുണാനിധി തന്റെ രാഷ്ട്രീയ ഗുരുവായ അണ്ണാദുരൈയെ കണ്ടുമുട്ടുന്നത്. ഈ ബന്ധം ദ്രവിഡ രാഷ്ട്രീയത്തിന്റെ ഗതി നിര്ണയിക്കുകയായിരുന്നു. കരുണാനിധിയുടെ ആദ്യ കാല സിനിമ ഇടപെടലുകളിൽ ചില തിരിച്ചടിയ്ക്കൽ നേരിട്ടപ്പോൾ അദ്ദേഹം ജന്മ നാട്ടിലേക്ക് മടങ്ങി. അവിടെ സഹായവുമായി എത്തിയത് കരുണൈ ജമാൽ എന്ന പ്രസ് ഉടമയായിരുന്നു. തൻറെ പ്രസ്സും ആവശ്യമായ പണവും ജമാൽ കരുണാനിധിക്ക് നൽകി. ഇവിടെ വെച്ചാണ് കരുണാനിധി പിന്നീട് ഡി.എം.കെ യുടെ മുഖ പത്രമായ മുരസോളി ഇറക്കുന്നത്. കരുണാനിധിയുടെ എഴുത്തിൽ ആകൃഷ്ടനായി സേലത്തെ ആധുനിക നാടക സംഘത്തിന് അദ്ദേഹത്തെ പരിചയപ്പെടുത്തിയത് പ്രശസ്‌ത തമിഴ് ഗാന രചയിതാവായ കാ.മു ഷെരീഫാണ്. ഈ കാലത്ത് ഈ നാടക സംഘം മന്ത്രികുമാരി എന്ന സിനിമക്ക് തിരക്കഥാകൃത്തിനെ തേടുകയായിരുന്നു. ജോലി കിട്ടിയതോടെ കരുണാനിധി കുടുംബവുമൊത്ത് സേലത്ത് മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ഹബീബ് സ്ട്രീറ്റിലേക്ക് താമസം മാറി. പിന്നീട് ഈ തിരക്കാഥാകൃത്തിൻറെ പ്രശസ്തിക്ക് അധികകാലം താമസിക്കേണ്ടി വന്നില്ല. അവിടെവെച്ചാണ് പ്രശസ്‌തരായ പല തമിഴ് മുസ്ലിം സിനിമ നിർമാതാക്കളെയും അദ്ദേഹം പരിചയപ്പെട്ടത്. തമിഴ് ഭാഷയോടുള്ള സ്നേഹം മുസ്ലിങ്ങളെ വലിയ തോതിൽ ദ്രവിഡ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിച്ചു. ഹിന്ദി വിരുദ്ധ സമരങ്ങളിൽ മുസ്ലിങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഈ സമരങ്ങളിലും ഡി.എം.കെ വേദികളിലും നിർബന്ധ ഘടകമായിരുന്നു. പ്രശസ്ത മുസ്ലിം ഗായകനായ നാഗൂർ ഹനീഫയുടെ സംഗീതക്കച്ചേരി നിർബന്ധഘടകമായിരുന്നു. കരുണാനിധിയുടെ വലിയ സുഹൃത്തായിരുന്നു നാഗൂർ ഹനീഫ.
മുസ്ലിം സംവരണം സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മദ്രാസ് പ്രസിഡൻസിയിൽ കോൺഗ്രസ് ഗവൺമെൻറ് ആദ്യം ചെയ്‌തത്‌ അതുവരെ മുസ്ലിങ്ങൾ ന്യൂനപക്ഷമെന്ന നിലയിൽ അനുഭവിച്ച എല്ലാ അവകാശങ്ങളും എടുത്ത് കളയുക എന്നതായിരുന്നു. മദ്രാസിലെ പ്രശസ്തമായ മുഹമ്മദൻ കോളേജിൻറെ പേര് മാറ്റുകയും മുസ്ലിങ്ങൾക്കുള്ള സംവരണം റദ്ദാക്കുകയും ചെയ്‌തു. അതേപോലെ ജസ്റ്റിസ് പാർട്ടി ഭരണകാലത്ത് തുടങ്ങിയ യുനാനി കോളേജും അവർ അടച്ചുപൂട്ടി. കരുണാനിധി ഭരണത്തിൽ ഏറിയപ്പോൾ ആദ്യം ചെയ്‌തത്‌ പഴയ മുഹമ്മദൻ കോളേജിനെ ഖാഇദെ മില്ലത്തിൻറെ പേര് നൽകുകയും സമുദായ പുരോഗതിക്ക് മദ്രാസ് നഗര പ്രാന്തത്തിൽ കോളേജിന് കൂടുതൽ സ്ഥലം ദാനം ചെയ്യുകയും ചെയ്തു. ഇതിനും പിന്നീട് ഖാഇദേ മില്ലത്തിന്റെ പേര് നൽകി. മധുരയിൽ വഖഫ് ബോർഡിൻറെ സഹായത്തോടെ മറ്റൊരു ആർട്സ് ആൻഡ് സയൻസ് കോളേജ് ആരംഭിക്കുന്നതിനും കരുണാനിധി വലിയ സഹായം നൽകി. നേരത്തെ കോൺഗ്രസ് കാലത്ത് അടച്ചു പൂട്ടിയ യൂനാനി കോളേജ് പുനരാരംഭിക്കാൻ അദ്ദേഹം മുൻകൈ എടുത്തു. ഡി.എം.കെ ഭരണകാലത്ത് മുസ്ലിങ്ങളെ ഒ.ബി.സി കാറ്റഗറിയിൽ ഉൾപ്പെടുത്തുകയും അതിലൂടെ സംവരണ സമുദായമാക്കി മുസ്ലിങ്ങളെ മാറ്റുകയും ചെയ്‌തത്‌ കരുണാനിധിയായിരുന്നു. 1969 ൽ നബിദിനം പൊതു അവധി ആയി പ്രഖ്യാപിച്ചത് അദ്ദേഹമായിരുന്നു. തമിഴ് മുസ്ലിങ്ങൾക്ക്ക് ആ ഭാഷയോടുള്ള സ്‌നേഹമാണ് കരുണാനിധിയെ മുസ്ലിങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചത്. തമിഴ് ഭാഷയുടെ വളർച്ചയിൽ പതിനഞ്ചാം നൂറ്റാണ്ട് മുതൽ തന്നെ തമിഴ് മുസ്ലിങ്ങൾ വലിയ സംഭാവന ചെയ്‌തിരുന്നു. തമിഴ് നാട്ടിൽ മാത്രമല്ല ശ്രീലങ്കയിലും തെക്ക് കിഴക്കൻ ഏഷ്യൻ നാടുകളിലും തമിഴ് മുസ്ലിങ്ങളുണ്ട്. ഇവർ വർഷത്തിൽ നടത്തുന്ന ലോക തമിഴ് മുസ്ലിം സാഹിത്യ സമ്മേളനം ഏത് തിരക്കിനിടയിലും കരുണാനിധി ഒഴിവാക്കാറില്ലായിരുന്നു. ഒരു കാര്യം ഇവിടെ വിസ്‌മരിക്കരുത്. തമിഴിനോട് വലിയ സ്‌നേഹം കാണിക്കുമ്പോഴും ഉർദു സംസാരിക്കുന്നവരായിരുന്നു വലിയൊരു വിഭാഗം തമിഴ് മുസ്ലിങ്ങളും. അവരുടെ ഭാഷ സംസ്ക്കാരം വളർത്താൻ ഉർദു അക്കാദമി നിർമിക്കാൻ കരുണാനിധി വലിയ സഹായം നൽകി. ഇവരെയും സംവരണ പരിധിയിൽ ഉൾപ്പെടുത്തിയത് കരുണാനിധി ഭരണകാലത്താണ്. ചില പ്രശ്‌നങ്ങൾ അമ്പത് വർഷം നീണ്ട ഈ ഊഷ്‌മള ബന്ധത്തിന് ഇടിവ് സംഭവിക്കുന്നത് 1981ലെ മീനാക്ഷിപുരം മതപരിവർത്തനം സംഭവ സമയത്താണ്. ശ്രീലങ്കയിലെ തമിഴർക്കെതിരെ വംശീയ അതിക്രമം എന്ന വിഷയത്തിലായിരുന്നു ഡി.എം.കെ ഉൾപ്പെടെയുള്ള ദ്രാവിഡ പാർട്ടികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇത് മുതലാക്കി ഹിന്ദുത്വ ശക്തികൾ ഈ കാലയളവിൽ വലിയ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചു. ഇത് മനസ്സിലാക്കുന്നതിൽ ഡി.എം.കെ പരാജയപ്പെട്ടു. എഴുത്തുകാരൻ ഇര മുരുഗവൻറെ വാക്കുകളിലൂടെ : “ആ കാലത്ത് ദ്രാവിഡ രാഷ്ട്രീയത്തിൻറെ എല്ലാ ഊർജവും ശ്രീലങ്കൻ വംശീയ പ്രശ്നത്തിൽ ആയത് വർഗീയ ശക്തികളുടെ മുന്നേറ്റം തിരിച്ചറിയുന്നതിൽ അവരെ പരാജിതരാക്കി”. ജയലളിതയുടെ കീഴിലുള്ള എ.ഐ.ഡി.എം.കെ യുടെ ഭരണവും 1992 ൽ ബാബരി തകർത്തതും വർഗീയ പ്രശ്നം കത്തിച്ചു.ഇത് കോയമ്പത്തൂർ ഭാഗങ്ങളിൽ ഏറെ വ്യക്തമായിരുന്നു. പിന്നീട് ഡി.എം.കെ ഭരണത്തിലേക്ക് തിരിച്ച് വന്നെങ്കിലും സ്ഥിതിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയില്ല. ഈ കാലഘട്ടത്തിൽ പാർട്ടിയും കരുണാനിധിയും വലിയൊരു പ്രതിസന്ധിയിൽ ആയിരുന്നു. രണ്ട് തവണ ജനവിധി അനുകൂലമായിട്ടും 356 വകുപ്പ് പ്രകാരം കേന്ദ്രം ഡി.എം.കെ ക്ക് ഭരണം നിഷേധിച്ചു. കേന്ദ്രത്തിലെ കോൺഗ്രസിൻറെ നീരസവും വലിയൊരു കാരണമായിരുന്നു. ഡൽഹിയിൽ ഭദ്രമായ ഒരു മൂന്നാം മുന്നണിക്ക് ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഇത്തരം സാഹചര്യങ്ങൾ കരുണാനിധിയെ ആശയ വൈരികളായ ബിജെപി സഖ്യത്തിലേക്കെത്തിച്ചു. “ഒരു കാര്യം മനസ്സിലാക്കേണ്ടത് തലൈവർ അത്തരം സഖ്യത്തിലേക്ക് ചേരുന്നത് ന്യൂനപക്ഷ വിഷയത്തിൽ ബിജെപിയിൽ നിന്നും വാജ്‌പേയ്യിൽ നിന്നും ചില ഉറപ്പുകൾ വാങ്ങിയതിന് ശേഷം മാത്രമാണ്”. മുതിർന്ന ഡി.എം.കെ നേതാവ് മുജീബ് റഹ്മാൻ പറയുന്നു. 1997ലെ കോയമ്പത്തൂർ കലാപവും 1998ലെ ബോംബ് സ്ഫോടനവും അരോചകമായ ഓർമകളിൽ നിന്ന് മാറ്റി നിർത്തിയാൽ കരുണാനിധിയും മുസ്ലിങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു.
തൻറെ അവസാന ഭരണ കാലയളവിൽ മുസ്ലിം സമുദായമായി ബന്ധം തിരിച്ചുപിടിക്കാൻ കരുണാനിധി ശ്രമിച്ചു. മുസ്ലിങ്ങൾക്ക് ഗവൺമെൻറ് ജോലികളിൽ 3.5 ശതമാനം സംവരണം നൽകുകയും മദ്രസ്സ അധ്യാപകർക്ക് പെൻഷൻ അനുവദിക്കുകയും ചെയ്തു. ഇതിനായി മുസ്ലിം ഉലമ ബോർഡ് രൂപീകരിച്ചു. ഇതിൽ വളരെ പ്രധാനമായത് മുസ്ലിങ്ങൾക്ക് ഒരു സുരക്ഷിതത്വ ബോധം നല്കിയതായിരുന്നു. ജയലളിത മുസ്ലിം ചെറുപ്പക്കാരെ പിടിച്ച ജയിലിൽ അടക്കുന്നത് പതിവാക്കിയിരുന്നു. ഇത്തരം വിഷയങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കൃത്യമായ റിപ്പോർട്ട് ആവശ്യപ്പെടുകയും നിരപരാധികളെ വിട്ടയക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തത് കരുണാനിധി ആയിരുന്നു. ജനസംഘ്യയിൽ മുസ്ലിങ്ങൾ 5 ശതമാനം മാത്രമാണുള്ളത്.അതും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്നു.മുസ്ലിം വോട്ടുകൾ നിർണായകമാകുന്നത് വളരെ കുറഞ്ഞ സീറ്റുകളിലാണ്. വോട്ടുകൾക്കും ഇലക്ഷനും അപ്പുറം തമിഴ് ഭാഷക്കും ദ്രാവിഡിയൻ സമരത്തിനും മുസ്ലിങ്ങൾ നൽകിയ വലിയ സംഭാവനയാവാം ചരിത്രത്തിൽ വലിയ പാണ്ഡിത്യമുള്ള കരുണാനിധിയെ വലിയ മുസ്ലിം സ്‌നേഹിയാക്കിയത്.

Be the first to comment on "മുസ്‌ലിംകളുടെ നൻപൻ"

Leave a comment

Your email address will not be published.


*