കന്യാസ്‌ത്രീകളുടെ സമരം തുടരുന്നു. കേരളസർക്കാരിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് സമരക്കാർ

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തി വരുന്ന അതിജീവന സമരം തുടരുന്നു. ഇന്ന് സമരം നാലാം ദിവസത്തിലേക്ക് കടന്നു.

കന്യാസ്ത്രീകളുടെ അതിജീവനസമരത്തോടുള്ള സംസ്ഥാന സർക്കാറിന്റെ നിഷേധാത്മകമായ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തെ കന്യാസ്ത്രീകളുടെ പ്രതിനിധിസംഘം ഇന്ന് സമീപിച്ചു. കേരളസർക്കാരിന്റെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് ഉണ്ടാവുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ പരാതിയില്‍ കന്യാസ്ത്രീകള്‍ പറയുന്നു.

ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും എന്നാണ് സമരക്കാരുടെ നിലപാട്.

അതേ സമയം , ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ആരാഞ്ഞു. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന കാര്യം ഓഗസ്റ്റ് 13ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു. ഇതിനു ശേഷം കേസില്‍ എന്തു സംഭവിച്ചുവെന്നും കോടതി ചോദിച്ചു. ആരും നിയമത്തിനു മുകളിലല്ലെന്നും എല്ലാവരും നിയമത്തിന് താഴെയാണെന്നും നിരീക്ഷിച്ച കോടതി കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള വിശദാംശങ്ങള്‍ അടുത്ത വ്യാഴാഴ്ച വിശദീകരിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എയോട് ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നൽകി. ഈ മാസം 20ന് രാവിലെ 11.30ന് ഹാജരാകാനാണ് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കന്യാസ്ത്രീയെ അധിക്ഷേപിച്ച് ജോര്‍ജ് സംസാരിച്ചത്. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.

Be the first to comment on "കന്യാസ്‌ത്രീകളുടെ സമരം തുടരുന്നു. കേരളസർക്കാരിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് സമരക്കാർ"

Leave a comment

Your email address will not be published.


*