ഒരാൾക്കെതിരെ മാത്രം 133 കേസുകൾ. തൂത്തുക്കുടി സമരക്കാരോട് തമിഴ്‌നാട് ചെയ്യുന്നത്

തമിഴ്‌നാട് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ മഹാസമരത്തിൽ പങ്കെടുത്തവരെ നിരന്തരം വേട്ടയാടി തമിഴ്‌നാട് ഗവണ്മെന്റ്. സമരത്തിൽ പങ്കെടുത്ത ഓരോരുത്തർക്കുമെതിരെ നൂറിലധികം എഫ് ഐ ആറുകളാണ് പോലീസ് ചുമത്തുന്നത്.

സമരകുടുംബത്തെ വേട്ടയാടി തമിഴ്‌നാട്

എം രാജ്‌കുമാർ തൂത്തുക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡിമിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ്. 32 വയസ്സുകാരനായ രാജ്‌കുമാർ തൂത്തുക്കുടിയിലെ ജനകീയ സമരത്തിൽ പങ്കെടുത്തിരുന്നു. അതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുകയും 45 ദിവസം ജയിലിൽ അടക്കപ്പെടുകയും ചെയ്‌തു. തീർന്നില്ല. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ മാത്രം രാജ്‌കുമാറിനെതിരെ തമിഴ്‌നാട് പോലീസ് രജിസ്റ്റർ ചെയ്‌തത്‌ 133 കേസുകളാണ്. അതിലേറെയും പൊതു , സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചു എന്നതാണ്. 63 കേസുകളായിരുന്നു രാജ്‌കുമാറിനെതിരെ ആദ്യം ഉണ്ടായിരുന്നത്. ജയിലിലായ സമയത്ത് 70 കേസുകൾ കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു.

രാജ്‌കുമാറിന്റെ സഹോദരൻ എം. മുകേഷ് കുമാറിനെ അമ്പത് ദിവസം ജയിലിൽ അടക്കുകയും 90 കേസുകളിൽ ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നു പോലീസ്. സമരത്തിൽ പങ്കെടുത്തതിന് മുകേഷിന് നേരിടേണ്ടി വന്നത് ഗുണ്ടാ ആക്റ്റ് പ്രകാരമുള്ള കേസുകളാണ്.

സമരത്തിൽ സജീവരായ രാജ്‌കുമാറിന്റെ മറ്റൊരു സഹോദരനും കുടുംബവും ഒളിവിൽ പോകുകയായിരുന്നു.

സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ അരികിലാണ് രാജ്‌കുമാറും കുടുംബവും താമസിക്കുന്നത്. രണ്ടു പതിറ്റാണ്ടായി തങ്ങളുടെ വെള്ളം , ഭൂമി , ആരോഗ്യം എന്നിവയെ നശിപ്പിക്കുന്ന സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ശബ്ദം ഉയർത്തിയതിന് പേരിൽ തങ്ങളുടെ കുടുംബത്തെ ഒന്നാകെ സർക്കാർ വേട്ടയാടുന്നുവെന്നു രാജ്‌കുമാർ പറയുന്നു.

 

കലി തീരാതെ ഭരണകൂടം

രാജ്‌കുമാറിന്റെ മാത്രം വിഷയമല്ല ഇത്. തൂത്തുക്കുടിയിൽ ജനകീയ സമരത്തിൽ പങ്കെടുത്ത ഓരോരുത്തരെയും സർക്കാർ ഉന്നം വെക്കുകയാണ്.

32 കാരനായ അരുണിനെതിരെ 72 കേസുകളാണുള്ളത്. അധികവും വാഹനങ്ങൾ കത്തിച്ചു എന്ന പേരിൽ. മെയ് 22 നു ഉച്ചക്ക് ഒരേ സമയത്ത് വ്യത്യസ്‌ത സ്ഥലങ്ങളിൽ വെച്ച് 32 ബൈക്കുകൾ കത്തിച്ചു എന്നും അരുണിനെതിരായ എഫ് ഐ ആറുകളിൽ കാണാം.

സമരത്തിൽ ശ്രദ്ധാകേന്ദ്രമായ 65 കാരി ഫാത്തിമ ബാബുവിനെതിരെ ആറ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്‌തത്‌.

പി.സിരവേലിനെതിരെ ചുമത്തിയത് 46 കേസുകൾ.

സമരക്കാർക്കെതിരെ ചുമത്തപ്പെട്ട കേസുകളിൽ ദേശീയ സുരക്ഷാ നിയമം , സംസ്ഥാന ഗുണ്ടാ നിയമം തുടങ്ങിയ കടുത്ത നിയമങ്ങളും ഉണ്ട്.

സമരക്കാർക്ക് നിയമസഹായങ്ങൾ നൽകുന്ന അഭിഭാഷകരെയും പോലീസ് വേട്ടയാടുകയാണ്. പത്തിലധികം അഭിഭാഷകർ ജയിലുകളിലാണ്.

കഴിഞ്ഞ മെയ് 22 നാണ് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ സമരത്തിന് നേരെ പൊലീസ് വെടിവെപ്പുണ്ടായത്. മരണസംഖ്യ മുപ്പത്തിലധികമായിരുന്നു. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. . പ്രതിഷേധക്കാര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധത്തിന്റെ നൂറാം ദിവസമാണ് പൊലീസ് വെടിവെപ്പുണ്ടായത്. പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്നത്.

പ്രദേശത്തെ വായുവും ജലവും സ്‌റ്റെര്‍ലൈറ്റ് കമ്പനി മലിനപ്പെടുത്തുവെന്നാരോപിച്ചാണ് ജനങ്ങള്‍ സമരത്തിന് തുടക്കമിട്ടത്.

Be the first to comment on "ഒരാൾക്കെതിരെ മാത്രം 133 കേസുകൾ. തൂത്തുക്കുടി സമരക്കാരോട് തമിഴ്‌നാട് ചെയ്യുന്നത്"

Leave a comment

Your email address will not be published.


*