https://maktoobmedia.com/

തീവണ്ടി: സന്ദേശത്തിൽ നിന്ന് ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത രാഷ്‌ട്രീയം

ജംഷിദ് മുഹമ്മദ്

സിനിമയെ വെറുമൊരു വിനോദാപാധിയായി കാണാൻ പൊതുവെ മലയാളികൾ കൂട്ടാക്കാറില്ല. ചിലർക്ക് അത് മഹത്തായ കലാസൃഷ്ടിയാണെങ്കിൽ, ചിലർക്ക് ചരിത്രം പഠിക്കാനുള്ള, സ്‌കൂളിൽ പ്രദർശിപ്പിക്കാനുള്ള ഡോകുമെന്ററിയാണ്. മറ്റു ചില മഹാപാപികൾ സിനിമയെ ഒരു മോട്ടിവേഷൻ ക്ലാസ്സായിട്ടാണ് മനസ്സിലാക്കി വെച്ചിട്ടുള്ളത്.

നവാഗതനായ ഫെല്ലിനി ടി.പിയുടെ തീവണ്ടി മോശമല്ലാത്തൊരു ഫീൽഗുഡ് മൂവിയാണ്. രക്ഷാധികാരി ബൈജു, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഒക്കെ പോലെ, കെട്ടുപിണഞ്ഞ കഥകളൊന്നുമില്ലാത്ത, നർമം നിറഞ്ഞ രംഗങ്ങളുള്ള, കടല കൊറിച്ചുകൊണ്ട് കാണാൻ പറ്റിയ ഒരു സിനിമ.

അതേ സമയം, ചിലയിടത്തെങ്കിലും തീവണ്ടി ഒരു പൊളിറ്റിക്കൽ സറ്റയറുമാണ്. കഥ നടക്കുന്ന പുള്ളിനാട് എന്ന ഗ്രാമത്തിലെ ഏറ്റവും ഭരണ കക്ഷിയാണ് BSCL. ബി.ജെ.പി, സിപിഎം, കോണ്ഗ്രസ്, ലീഗ് എന്നീ പാർട്ടി പേരുകളെ കൂട്ടി ചേർത്താണ് ഭാരതീയ സോഷ്യലിസ്റ്റ് കോണ്ഗ്രസ് ലീഗ് എന്ന BSCL രൂപീകരിച്ചിട്ടുള്ളത്. ആരെയും പിണക്കാതിരിക്കാനായിരിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ സന്ദേശത്തിൽ നിന്ന് ഒരിഞ്ച് പോലും പുരോഗമിച്ചിട്ടില്ലാത്ത രാഷ്ട്രീയ നിരീക്ഷണമാണ് തീവണ്ടിയിലുമുള്ളത്. കയ്യിട്ടുവാരലും സിറാലിയോണിയായിലെ വൃത്തിഹീനമായ എയർപ്പോർട്ടിനെതിരെയുള്ള മനുഷ്യച്ചങ്ങലയുമൊക്കെ മണ്ഡലം പ്രസിഡന്റ് പൊതുവാളിനെയും പ്രഭാകരൻ കോട്ടപ്പള്ളിയെയുമൊക്കെ ഓർമ്മിപ്പിക്കാൻ മാത്രമേ സാധിക്കൂ. പുതിയ സംവിധായകർക്ക് പോലും നവ രാഷ്ട്രീയ ബോധ്യങ്ങളൊന്നുമില്ലെന്നത് ഒരു പോരായ്മ തന്നെയാണ്.

മോട്ടിവേഷന്റെ അസുഖമുള്ള ചിലരെങ്കിലും തീവണ്ടി ഒരു പുകവലി വിരുദ്ധ സിനിമയാണെന്ന് നിരീക്ഷിച്ചു കണ്ടു. എന്നാൽ, സിഗരറ്റ് വലി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു തുടക്കത്തിനുള്ള ഇൻസ്പിറേഷനാണ് തീവണ്ടി. സ്പിരിറ്റ് കണ്ട് മദ്യപാനം നിർത്തിയവരും ഇടുക്കി ഗോൾഡ്‌ കണ്ട് കഞ്ചാവ് അടിക്കുന്നത് നിർത്തിയവരും തീവണ്ടി കണ്ട് പുകവലിനിർത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

എടുത്തു പറയേണ്ടത് ടോവിനോ തോമസ് എന്ന നടനെയാണ്. മായാനദി, മറഡോണ എന്നീ ചിത്രങ്ങളിലെ പോലെതന്നെ തന്റെ റോൾ അനായാസേന കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മായനദിയിലെ എന്തിനെയും അതിജീവിക്കുന്ന കാമുകനെ പോലെയോ മറഡോണയിലെ ക്രൂരതയും ചങ്കുറപ്പും ആവശ്യത്തിലധികമുള്ള ഗുണ്ടയെ പോലെയോ വലിയ വെല്ലുവിളികളൊന്നും തീവണ്ടിയിലെ ബിനീഷ് ദാമോദറനില്ല. കൂടുതൽ മികച്ച കഥാപാത്രങ്ങൾ ടോവിനോവിൽ നിന്ന് നമ്മൾ കാണാനിരിക്കുന്നു

About the Author

ജംഷിദ് മുഹമ്മദ്
പെരിന്തൽമണ്ണ സ്വദേശി. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി എഴുതുന്നു

Be the first to comment on "തീവണ്ടി: സന്ദേശത്തിൽ നിന്ന് ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത രാഷ്‌ട്രീയം"

Leave a comment

Your email address will not be published.


*