നമ്പി നാരായണനും ചന്ദ്രികയും പിണറായി വിജയൻറെ മുസ്‌ലിംകളെ കുറിച്ചുള്ള സംശയവും

ഐ.എസ്.ആര്‍.ഒ ‘ചാരക്കേസി’ല്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകചർച്ചകളാണ് നടക്കുന്നത്.

മലയാളമനോരമ അടക്കമുള്ള മലയാളപത്രങ്ങൾ വിഷയത്തിൽ അന്ന് അപസർപ്പക കഥകൾ പുറത്തുവിട്ടപ്പോൾ ചന്ദ്രിക പത്രം അന്ന് ഈ ആക്രമണത്തെ പ്രതിരോധിച്ച് വാർത്തകൾ നൽകിയിരുന്നു. ചന്ദ്രികയുടെ തിരുവനന്തപുരം റിപ്പോർട്ടറായിരുന്ന ടി.പി കുഞ്ഞമ്മദ് വാണിമേലാണ് ചാരക്കേസിന്റെ ചാരംമൂടിയ സത്യങ്ങൾ തുറന്നെഴുതിയത്. “മറിയം റഷീദ വന്നത് ചാര പ്രവർത്തനത്തിനല്ല” എന്നായിരുന്നു കുഞ്ഞമ്മദ് വാണിമേൽ ചന്ദ്രികയിൽ എഴുതിയ വാർത്ത.

ഇപ്പോൾ മലയാളം ന്യൂസ് എഡിറ്ററായ കുഞ്ഞമ്മദ് വാണിമേൽ ഇന്ന് ആ സംഭവത്തെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ് :

” അത്തരമൊരു ഘട്ടത്തിൽ വേറിട്ട വാർത്ത വന്ന പത്രം നിയമസഭയിൽ ഉയർത്തിപ്പിടിച്ച് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിലെ ചോദ്യം വർഷങ്ങൾക്കിപ്പുറവും കാതിൽ മുഴങ്ങുന്നുണ്ട്.

”മറിയം റഷീദ വന്നത് ചാര പ്രവർത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേൽ ചന്ദ്രികയിൽ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം..…..…’

ഇങ്ങിനെ കത്തികയറുന്നതിനടക്ക് ഒരു കമ്യൂണിസ്റ്റുകാരൻ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു.

‘മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്’ എന്നായിരുന്നു ആ ചോദ്യം. എല്ലാം നിശബ്ദം കേൾക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല”

ചന്ദ്രിക പത്രത്തിലെ പ്രസ്‌തുത വാർത്തയുടെ പ്രതികരണമായി പിറ്റേ ദിവസം ഇറക്കിയ ദേശാഭിമാനി യുടെ തലക്കെട്ട് “ചാരവൃത്തി; മുസ്ലിംലീഗിന്റെ പങ്കും അന്വേഷിക്കണം” എന്നായിരുന്നു.

അന്നത്തെ ചന്ദ്രിക തിരുവനന്തപുരം ലേഖകനായിരുന്നു കുഞ്ഞമ്മദ്.

“അന്വേഷിച്ചറിഞ്ഞ കാര്യങ്ങളിലുള്ള ഉറച്ച ബോധ്യമായിരുന്നു ആ വാർത്തയുടെ കാര്യത്തിൽ അന്ന് അങ്ങനെയൊരു നിലപാടെടുക്കാൻ പ്രേരണയായത്. സത്യത്തിനു എന്നും പത്തരമാറ്റാണല്ലോ. ഏതൊരു ജേണലിസ്റ്റിനും നിലപാടിൽ ഉറച്ചുനിൽക്കാൻ ഉടമയുടെ പിന്തുണയുടെ ആവശ്യമാണ്. കേരളം കണ്ട മുസ്‌ലിം ബുദ്ധിജീവികളിൽ പ്രഥമസ്ഥാനീയരായ മങ്കട അബ്ദുൽ അസീസ് മൗലവിയായിരുന്നു അന്ന് ചന്ദ്രികയുടെ ചീഫ് എഡിറ്റർ. അദ്ദേഹം ആദ്യാവസാനം എന്റെ നിലപാടിനെ ശ്ലാഘിച്ചു.” കുഞ്ഞമ്മദ് വാണിമേൽ ഓർക്കുന്നു.

Be the first to comment on "നമ്പി നാരായണനും ചന്ദ്രികയും പിണറായി വിജയൻറെ മുസ്‌ലിംകളെ കുറിച്ചുള്ള സംശയവും"

Leave a comment

Your email address will not be published.


*