ആര്‍.എസ്.എസ്: ഭാവനാസമൂഹത്തിന്‍റെ നിര്‍മ്മിതിയും രാഷ്ട്രീയ അക്കാറകളും

നൗഫൽ അറളടക്ക

എന്തുകൊണ്ടാണ് ആര്‍.എസ്.എസിന്‍റെ സ്ഥാപകരും അതിന്‍റെ വളര്‍ച്ചയില്‍ മുഖ്യമായ പങ്കുവഹിച്ചവരും മഹാരാഷ്ട്രയില്‍ നിന്നുള്ള ബ്രാഹ്മണര്‍ മാത്രമായി എന്നുള്ള ചോദ്യം  “The Saffron Wave: Democracy and Hindu Nationalism in Modern India” എന്ന പഠനത്തില്‍ Thomas Blom Hansen  ചോദിക്കുന്നുണ്ട്. മൂന്നു തലമുറകളായി നാഗ്പൂരില്‍ സ്ഥിരതാമസമാക്കിയ തെലുങ്ക് ബ്രാഹ്മണ കുടുബത്തില്‍ നിന്നുള്ള ആളാണ് ഹെഡ്ഗെവാര്‍. രണ്ടാമത്തെ സര്‍സംഘചാലകായ ഗോള്‍വാള്‍ക്കര്‍ കര്‍ഹാദ ബ്രാഹ്മണനായിരുന്നു. മൂന്‍ജെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ദേശാസ്ഥ ബ്രാഹ്മണന്‍ എന്നാണ്. അദേഹത്തിന്‍റെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ബ്രാഹ്മണ യുവാക്കളുടെ ഒരു കൂട്ടായ്മയാണ് ആര്‍.എസ്.എസ് എന്നാണ്. മഹാരാഷ്ട്രയിലെ ബ്രാഹ്മണര്‍ക്ക് തങ്ങളിതുവരെ അനുഭവിച്ചിരുന്ന സാമൂഹിക പദവിയിലേക്ക് മറ്റു ജാതികള്‍ കയറിവരുന്നതിലുള്ള അമര്‍ഷത്തിന്‍റെ ഭാഗമായിട്ടാണ് 1920 കളില്‍ ആര്‍.എസ്.എസിന്‍റെ ഉദയം സംഭവിക്കുന്നത്. മഹാരാഷ്ട്ര ബ്രാഹ്മണര് പൌരോഹിത്യം എന്ന കുലത്തൊഴിലിനു പുറമെ ക്ഷത്രിയ തൊഴിലുകളായ സൈന്യം, യുദ്ധം തുടങ്ങിയ ജോലികളും പാരമ്പര്യമായി ചെയ്തുവരുന്നവരാണ്. എന്ത് കൊണ്ട് ചിത്ത്പാവന്‍ ബ്രാഹ്മണനായ നാഥുറാം വിനായക് ഗോട്സെ ഗാന്ധിയെ വധിക്കാന്‍ തീരുമാനിച്ചു എന്ന് ആശിഷ് നന്ദി വിശദീകരിക്കുന്നുണ്ട്. ചിത്ത്പാവന്‍ ബ്രാഹ്മണര്‍ മഹാരാഷ്ട്രയില്‍ അനുഭവിച്ചിരുന്ന സാമ്പത്തികവും, സാമൂഹികവുമായിരുന്ന പദവിയിലേക്ക് ഗുജ്റാത്തിലെ ബനിയ ജാതിക്കാര്‍ കയറിവരുന്നതില്‍ ചിത്ത്പാവന്‍ ബ്രഹ്മണനായ ഗോഡ്സെയ്ക്ക് ഉണ്ടായ നിരാശബോധമാണ് ഗുജറാത്തിയായ ഗാന്ധിയെ വധിക്കാനുള്ള പ്രധനപ്പെട്ട കാരണങ്ങളില്‍ ഒന്നായി ആശിഷ് നന്ദി ചൂണ്ടിക്കാട്ടുന്നത്.

ജാതിയിലതിഷ്ട്ട്ടിതമായ വര്‍ണ്ണാശ്രമ സമ്പ്രദായത്തെ ഹിന്ദുരാഷ്ട്ര സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനമായി കാണുന്ന ഒരു സാമൂഹിക നിര്മ്മിതിക്കാണ് ആര്‍.എസ്.എസ് അതിന്‍റെ രാഷ്ട്രിയ ലക്ഷ്യം മുന്നോട്ടു വെക്കുന്നത്. മൂന്‍ജെയ്ക്ക് ശക്തമായ സൈനിക അടിസ്ഥാനത്തിലുള്ള ഒരുസംഘടനയുടെ ചട്ടകൂട് ലഭിക്കുന്നതും ഗോള്‍വള്‍ക്കറിന് തന്‍റെ ദേശിയയതാ സിദ്ധാന്തങ്ങളുടെ ആശയങ്ങള്‍ ലഭിക്കുന്നതും യൂറോപ്യന്‍ ഫാസിസ്റ്റ് ചിന്തകരില്‍ നിന്നാണ്, പ്രധാനമായും ജര്‍മന്‍ ചിന്തകരില്‍ നിന്ന്. ഇന്ത്യയിലെ ഏറ്റവും പഴയതും, ബൃഹത്തായാതുമായ ഒരു നോണ്‍ ഗവര്‍മെന്‍റെല്‍ ഓര്‍ഗനൈസേഷനാണു ആര്‍.എസ്.എസ്. അത് ദേശിയ തലത്തില്‍ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിഷേധ സ്വരങ്ങളെ വളരെ സമര്‍ത്ഥമായി അവഗണിക്കാനും, അടിച്ചമര്‍ത്താനും അതിന്‍റെ ശക്തവും സങ്കീര്‍ണ്ണവുമായ സംഘടനാ സംവിധാനത്തിനു സാധിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ ഘടനയുടെ സര്‍വ്വതലങ്ങളും കയ്യടക്കിവെച്ചു സമാന്തരമായ ഒരു സാമൂഹിക, സാമ്പത്തിക അധികാരഘടന രൂപികരിക്കുന്നതിനും, അതിലൂടെ ഹിന്ദുരാഷ്ട്രം എന്ന സങ്കല്‍പ്പത്തിന്‍റെ കരടു രൂപം നിര്‍മ്മിക്കുന്നതിനും സംഘപരിവാറിനു സാധിച്ചിട്ടുണ്ട്. എത്ര പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങളെയും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ കഴിവുള്ള ആര്‍.എസ്.എസിന്‍റെ  വിശാലവും സങ്കീര്‍ണ്ണവുമായ സംഘടനാ സംവിധാനത്തിന്‍റെ തകര്‍ച്ചയിലൂടെ മാത്രമേ ഇന്ത്യയില്‍ സുസ്ഥിരമായ ഒരു രാഷ്ട്രീയ മാറ്റം സാധ്യമാവുകയുള്ളു. ആര്‍.എസ്.എസും അതിന്‍റെ പോഷക ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ സംഘടനകളും കൂടിച്ചേര്‍ന്നതാണ് സംഘപരിവാര്‍ അഥവാ സംഘകുടുംബം. 1925ല്‍ നാഗ്പൂരില്‍ ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്ഗെവാര്‍ രൂപികരിച്ച സൈനിക സ്വഭാവമുള്ള തീവ്ര ഹിന്ദു ദേശീയവാദ സംഘടനാ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്തിന്‍റെ ഭരണഘടന തിരുത്തി എഴുതാന്‍ മാത്രമുള്ള ഒരു രാഷ്ടീയശക്തിയായി മാറിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ആര്‍.എസ്.എസിന്‍റെ സങ്കീര്‍ണ്ണമായ സംഘടനാ സംവിധാനത്തെ വിശകലന വിധേയമാക്കുകയാണ് ഇവിടെ.

പൊതുവേ ആര്‍.എസ്. എസ്സിനെ ഒരു Non Governmental Organizationന്‍റെ ഘടനയോട് താരതമ്യപ്പെടുത്തിയാണ് സാമൂഹിക ശാസ്ത്രജ്ഞര്‍ പഠിക്കാറുള്ളത്. 1980ല്‍ Walter K Andersen, Shridhar D. Damle എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ “Brotherhood in Saffron: The Rashtriya Swayamsevak Sangh and Hindu Revivalism” എന്ന പഠനത്തില്‍ ആര്‍.എസ്.എസിന്‍റെ സംഘടനാ സംവിധാനത്തെ വളരെ സൂക്ഷ്മാര്‍ത്ഥത്തില്‍ വിശകലന വിധേയമാക്കുന്നുണ്ട്. 1920 കളിലെ സവിശേഷമായ ഒരു രാഷ്ട്രീയ, സാമൂഹിക പരിസരത്തിലാണ് ആര്‍.എസ്.എസ് സ്ഥാപിതമാകുന്നത്. അതിന്‍റെ സൈദ്ധാന്തിക അടിത്തറ വികസിച്ചത് വിനായക് ദാമോദര്‍ സവര്‍ക്കറിന്‍റെ ഹിന്ദു രാഷ്ട്ര സങ്കല്‍പ്പങ്ങളില്‍ നിന്നാണ്. സവര്‍കാറിന്‍റെHindutva: Who is a Hindu- 1923ല്‍ സംശയലേശമന്യെ  ഹിന്ദുത്വത്തിന്‍റെ ആശയദാരയിലെ ഇന്ത്യന്‍ ദേശിയ സ്വത്വത്തെ നിര്‍വചിക്കുന്നുണ്ട്. സവര്‍ണ ഹൈന്ദവതയ്ക്ക് പുറത്തുള്ള എല്ലാ വിശ്വാസധാരകളെയും, സമുദായങ്ങളെയും അപരവല്‍കരിച്ചുകൊണ്ടുള്ള അത്തരമൊരു സൈദ്ധാന്തിക അടിത്തറയിലാണ് ആര്‍.എസ്.എസ് സ്ഥാപിതമാകുന്നത്. എന്നാല്‍ ഹിന്ദുരാഷ്ട്ര സങ്കല്‍പത്തിന്‍റെ പ്രായോഗിക രീതിശാസ്ത്രത്തെ കുറിച്ച് ഹിന്ദു ദേശിയവാദികള്‍ക്ക് വ്യക്തത ഉണ്ടാകുന്നത് ഫാസിസ്റ്റ്‌ ഇറ്റലിയും, നാസി ജര്‍മനിയുമായുള്ള പ്രത്യയശാസ്ത്ര കൈമാറ്റങ്ങളിലൂടെ ആണെന്ന് Christophe Jaffrelot നിരീക്ഷിക്കുന്നുണ്ട്. ഫാസിസ്റ്റ്‌ യൂറോപ്പുമായി ആദ്യമായി ബന്ധം സ്ഥാപിക്കുന്നത് ഹെഡ്ഗെവാറിന്‍റെ ഗുരുവായ മൂന്‍ജെയാണ്. ഹിന്ദു എന്ന മതപരമായ വിശ്വാസ, അധികാര ഘടനയ്ക്കപ്പുറം സംസ്കാരം, ഭാഷ, പാരമ്പര്യം എന്നിവയോട് വൈകാരികമായി ബന്ധപെട്ട് കിടക്കുന്ന സങ്കല്‍പ്പത്തെയാണ്‌ ഹിന്ദുസംസ്കാരം കൊണ്ട് വിവക്ഷിക്കുന്നത്. അത്തരമൊരു സംസ്കാരത്തിന്‍റെ മേധാവിത്വവും, സുസ്ഥിരമായ സ്ഥാപനവുമാണ് ഹിന്ദുരാഷ്ട്രം. അത്തരമൊരു രാഷ്ട്ര നിര്‍മ്മാണത്തിന് ശക്തവും, വളരെ സമര്‍ത്ഥവുമായ ഒരു സംഘടനാ സംവിധാനം ആവശ്യമാണ്. സവര്‍ക്കറിന്‍റെ ഹിന്ദുരാഷ്ട്ര സങ്കല്‍പ്പം ആര്‍.എസ്.എസിന്‍റെ സ്ഥാപനത്തിന് ഊര്‍ജ്ജം പകര്‍ന്നുവെങ്കിലും അദ്ദേഹം ഒരിക്കലും ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമയിരുനില്ല. എന്നാല്‍ സൈനിക രൂപത്തിലുള്ള ഒരു സാംസ്‌കാരിക സംഘടന കെട്ടിപ്പടുക്കുന്നതില്‍ തന്‍റെ ഗുരുവായ ഡോക്ടര്‍ മൂന്‍ജെയാണ് ഹെഡ്ഗെവാറിനെ സ്വാധീനിച്ചത്. 1930 ല്‍ മുസോളിനിയുടെ ആധിപത്യത്തിന് കീഴിലുള്ള ഫാസിസ്റ്റ്‌ ഇറ്റലി സന്ദര്ശിക്കുകയും ശാസ്ത്രീയമായി സൈനിക രൂപത്തിലുള്ള ഒരു സാംസ്‌കാരിക സംഘടന രൂപീകരിക്കുന്നത് എങ്ങനെയാണന്നു മനസ്സിലാക്കുകയും ചെയ്ത മൂന്‍ജെ അച്ചടക്കമുള്ള ഒരു സംഘടന ചട്ടക്കൂട് ഉണ്ടാക്കുന്നതിന് ഹെഡ്ഗെവാറിനെ വളരെയധികം സഹായിക്കുകയുണ്ടായി.

അക്കാറയുടെ രാഷ്ട്രീയം

ഉത്തരേന്ത്യന്‍ സവര്‍ണ്ണ സംസ്കാരത്തിന്‍റെ സുപ്രധാനമായ അടയാളമാണ് അക്കാറകള്‍ എന്ന് അറിയപ്പെടുന്ന വ്യായാമ കേന്ദ്രങ്ങള്‍. പുരാണങ്ങളും, ഹനുമാന്‍ ഭക്തിയുമായ് ഭന്ധപ്പെട്ടു കിടക്കുന്ന ഇത്തരം വ്യായാമ കേന്ദ്രങ്ങളെ ആദ്യമായി രാഷ്ട്രീയവല്‍ക്കരികുന്നത് ഹിന്ദുമഹാസഭയാണ്. 1920 കളില്‍ ഖിലാഫത്ത് മൂവ്മെന്‍റെനെ പ്രതിരോധിക്കാനും, മുസ്ലിങ്ങളില്‍ നിന്ന്  ഹിന്ദു സമുദായത്തെ സംരക്ഷിക്കുന്നതിനും വേണ്ടി അക്കാറകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുനതിനുള്ള ഒരു കാമ്പയിനിങ്ങ്നു ഹിന്ദുമഹാസഭ തുടക്കമിട്ടിരുന്നു. അതിന്‍റെ പ്രസിഡണ്ടായിരുന്ന ലാലാലജ്പത് റായ് 1925ല്‍  വ്യായാമ കേന്ദ്രങ്ങളുടെ നിര്‍മാണം തന്‍റെ സംഘടനാ ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിക്കുകയുണ്ടായി. ഓരോ ഗ്രാമങ്ങളിലും ഒരു ഹനുമാന്‍ ക്ഷേത്രവും ഒരു അക്കാറയും നിര്മ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ് മദന്‍ മോഹന്‍മാളവ്യ അക്കാറയുടെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കി. നീക്കങ്ങള്‍ ഒക്കെയുണ്ടയത് ഖിലാഫത്ത് മൂവ്മെന്‍റ്നെ പ്രതിരോധിക്കാനായിരുന്നു, അത് കൊണ്ട് തന്നെ അക്കാറകള്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള ആയുധപരിശീലന കേന്ദ്രങ്ങളായി മാറി. പക്ഷെ ആദ്യമായി ഇത്തരം  ശ്രമങ്ങളെ പ്രായോഗിക വല്‍ക്കരിക്കുകയും, അതില്‍ വിജയിക്കുകയും ചെയ്തത് ആര്‍.എസ്.എസ് ആയിരുന്നു. അതിന്‍റെ ശാഖകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് അക്കാറയുടെ മാതൃകയിലാണ്. ആദ്യത്തെ രാഷ്ട്രീയ അക്കാറകളാണ് ശാഖകള്‍. ഉത്തരേന്ത്യന്‍ സവര്‍ണ്ണഹിന്ദു സമൂഹത്തില്‍ അക്കാറകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കിയ ഹെഡ്ഗെവാര്‍ അത്തരം വ്യായാമ മുറകള്‍ ശാഖകളില്‍ അവതരിപ്പിക്കുകയായിരുന്നു. അക്കാറകളില്‍ നിന്ന് വ്യത്യസ്ഥമായി ശാഖകള്‍ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അക്കാറകള്‍ ശാരീരികമായ വ്യായാമങ്ങളും പരിശീലനങ്ങളുമാണ്  നടത്തിയിരുന്നത് എങ്കില്‍ ശാഖകള്‍ ഓരോ വ്യക്തിയുടെയും മനസുകളെ പ്രത്യയശാസ്ത്രപരമായി പരിശീലിപ്പിക്കുകയായിരുന്നു. ഹിന്ദുരാഷ്ട്രത്തിന്‍റെ ഒരു വാര്‍പ്പ് മാത്രകയാണ് ശാഖകള്‍. ഓരോ പ്രദേശത്തെയും ശാഖകളില്‍ നടക്കുന്ന ഒരേ രൂപത്തിലുള്ള പരിശീലങ്ങളിലൂടെ ഒരു ഭാവനാസമൂഹത്തെ (Imagined Community)  നിര്‍മ്മിക്കുകയാണ്‌. Benedict Anderson പറയുന്നത് പോലെഒരു സമൂഹം എല്ലാ ദിവസവും ഒരു സാംസ്‌കാരിക പരിസരത്ത് നിന്ന് ഒരേ സമയത്ത് ഒരേ രീതയിലുള്ള കാര്യം ചെയുന്നതിലൂടെ ഒരു രാജ്യം എന്നുള്ളത് ഒരു ദേശീയതാ എന്ന രൂപത്തിലേക്ക് പരിണമിക്കുന്നു.” ആര്‍.എസ്.എസ് ആചാര്യന്‍ കെ.ആര്‍ മല്‍ക്കാനി ശാഖ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് ഇത്തരമൊരു ഭാവനാസമൂഹ (Imagined Community) രൂപീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ്. “എല്ലാ ദിവസവും ഒരേ രൂപത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ, ഒരേ രൂപത്തിലുള്ള പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ, ഒരേ രീതിയിലുള്ള പ്രത്യശാസ്ത്ര ക്ലാസുകള്‍ കേള്‍ക്കുന്നതിലൂടെ സംഘപ്രവര്‍ത്തകര്‍ക്കിടയില്‍ വിശാലമായ ഒരു വൈകാരിക അടുപ്പം നിലനില്‍ക്കുന്നുണ്ട്, അത് കൊണ്ട് തന്നെ അവര്‍കിടയില്‍ ഭാഷയും, ദേശവും ഒരു പ്രശ്നമാവാറില്ല.”

അമ്പതു മുതല്‍ നൂറുവരെയുള്ള അംഗങ്ങള്‍ അടങ്ങിയ ശാഖളാണ് ആര്‍.എസ്.എസിന്‍റെ അടിസ്ഥാന ഘടകം. പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ശാഖയിലെ അംഗങ്ങളെ നാല്ഗ്രൂപ്പുകളാക്കി തരംതിരിച്ചികുന്നു. (1)ശിശു സ്വയംസേവക് (ആറുമുതല്‍ പത്തു വയസുവരെയുള്ള കുട്ടികളുടെ സംഘം), (2) ബാല്‍ സ്വയംസേവക്, (പത്ത് മുതല്‍ പതിനാല്‍ വയസ് വരെയുള്ള മുതിര്‍ന്ന കുട്ടികളുടെ സംഘം), (3) തരുണ സ്വയംസേവക് (പതിനാല്‍ മുതല്‍ 25 വയസ് വരെയുള്ള യുവാക്കളുടെ സംഘം), (4) പ്രൌഥ്‌ (Proudh) സ്വയംസേവക് (28  നു മുകളില്‍  പ്രായമുള്ള മുതിര്‍ന്നവരുടെ സംഘം). ആഴ്ചയില്‍ ഏഴു ദിവസവും നടക്കുന്ന ശാഖയുടെ സമയം പ്രാദേശികമായ കാലാവസ്ഥയ്ക്കും, സൗകര്യങ്ങള്‍ക്കും അനുസരിച്ച് തീരുമാനിക്കാം. പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ സംഘങ്ങളാക്കി തിരിച്ചതിനു ശേഷം ഇരുപത് പേരുടെ ഗതകളാക്കി (Group) പുനര്‍വിഭജിക്കും. ഇരുപത് പേരടങ്ങിയ ഗതയ്ക്ക് ഗതാനയക് അഥവാ നേതാവും, ശിക്ഷക് അഥവാ അധ്യാപകനും ഉണ്ടായിരിക്കും. രണ്ടുപേരെയും നിയമിക്കുന്നത് ശാഖയിലെ മുഖ്യ ശിക്ഷക് അഥവാ പ്രധാനധ്യാപകനാണ്. ആര്‍.എസ്.എസിന്‍റെ അധികാര ശ്രേണിയിലെ പ്രഥമ തസ്തികയും, നേതൃത്വ പാടവ പരിശീലനത്തിന്‍റെ ആദ്യഘട്ടവും കൂടിയാണ് രണ്ട് തസ്തികകള്‍. മാതൃകാ സ്വഭാവവും, അച്ചടക്കവുമാണ് ഒരു ഗതാനായകിന്‍റെ പ്രധാനപ്പെട്ട ഗുണങ്ങളായി ആര്‍.എസ്.എസ് വിലയിരുത്തുന്നത്.  എല്ലാവരും ആദര്‍ശപുരുഷനായി കാണുന്ന മുതിര്‍ന്ന സഹോദരന്‍ എന്ന നിലയിലാണ് ഗതാനയക്ന്‍റെ റോള്‍. ശിക്ഷക് അഥവാ അധ്യാപകന്‍ പ്രധാന വ്യായാമ മുറകളും, അയോധനരീതികളും പഠിപ്പിച്ചു കൊടുക്കാന്‍ ചുമതലപെട്ടയാളാണ്. അദ്ദേഹം തന്നെയായിരിക്കും ശാഖകളില്‍ നടക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും നിയന്ത്രിക്കുന്നത്. ഒരു ശാഖയിലെ ഏറ്റവും ഉയര്‍ന്ന തസ്ഥികയാണ് കാര്യവാഹക് അഥവാ സെക്രട്ടറി. പ്രാദേശികമായി എല്ലാവരും ബഹുമാനിക്കുന്ന മുതിര്‍ന്ന വ്യക്തിയായിരിക്കും  പ്രദേശത്തെ ശാഖയുടെ കാര്യവാഹക്. അതിന് താഴെ മുഖ്യശിക്ഷക്, ഗണനായക് എന്നിങ്ങനെയാണ് ഒരു ശാഖയുടെ അടിസ്ഥാന ഘടന. ഇത്തരം ശാഖകളില്‍ നിന്നാണ് ഒരു സ്വയംസേവകിന് ആര്‍.എസ്.എസ് വളര്‍ത്തിയെടുക്കാന്‍ ആവശ്യപെടുന്ന അച്ചടക്കം, അനുസരണ, തുടങ്ങിയവ ശീലിപ്പിക്കുന്നത്. ശാഖകളെന്ന അടിസ്ഥാന ഘടകങ്ങള്‍ക്കു മുകളില്‍ ഒരു പിരമിഡ് രൂപത്തിലാണ് ആര്‍.എസ്.എസിന്‍റെ അധികാരഘടന നിലനില്കുന്നത്. ശാഖകള്‍ക്ക് മുകളില്‍ മണ്ഡല്‍ കമ്മറ്റികള്‍ (മൂന്നില്‍ കൂടുതല്‍ ശാഖകള്‍ ചേര്‍ന്ന കമ്മറ്റി), അതിന് മുകളില്‍ നഗര്‍ കമ്മറ്റികള്‍ (പത്തില്‍ കൂടുതല്‍ മണ്ഡല്‍ കമ്മറ്റികള്‍ അടങ്ങിയത്), അതിന് മുകളിലായി ജില്ലാ കമ്മറ്റികളും, റീജ്യണല്‍ കമ്മറ്റികളും കൂടിച്ചേര്‍ന്നതാണ് ഒരു പ്രദേശത്തെ ആര്‍.എസ്.എസിന്‍റെ ഘടന. ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിറ്റി കമ്മറ്റികളാണ്. സിറ്റി കമ്മറ്റിയുടെ തലവനായ സംഘചാലകിന്‍റെ അധ്യക്ഷതയില്‍ ആഴ്ചകളില്‍ റിവ്യൂ മീറ്റിങ്ങുകള്‍ നടക്കും. ആര്‍.എസ്.എസിനെ സംബന്ധിച്ചടുത്തോളം പ്രാന്തിയ പ്രതിനിധിസഭ എന്നറിയപെടുന്ന സംസ്ഥാന കമ്മറ്റികള്‍ക്ക്  സുപ്രധാനമായ അധികാരങ്ങളൊന്നുമില്ല. അഖില ഭാരതീയ പ്രതിനിധിസഭ എന്നറിയപെടുന്ന ദേശിയ സമിതി എല്ലാവര്‍ഷവും ഒന്നില്‍ കൂടുതല്‍ തവണ യോഗം ചേര്‍ന്ന് ആര്‍.എസ്.എസിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തും. എന്നാല്‍ പ്രായോഗികാര്‍ത്ഥത്തില്‍ എല്ലാ സുപ്രധാന അധികാരങ്ങളും നിക്ഷിപ്തമായിരിക്കുന്നത് കേന്ത്രീയ കര്യകാരി മണ്ഡല്‍ (Central Working Committee) ലാണ്. അതിന്‍റെ ജനറല്‍ സെക്രട്ടറിയാണ് ആര്‍.എസ്.എസിന്‍റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രികുന്നത്.

പ്രചാരകും സര്‍സംഘചാലകും

സംഘപരിവാറിനെ ഒരു ശൃഖലയായി കോര്‍ത്തിണക്കുന്ന കണ്ണിയാണ് പ്രചാരക്. ആര്‍.എസ്.എസിന്‍റെ അധികാര ഘടനയില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രചാരകര്‍ സംഘപരിവാറിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും കൈകാര്യം ചെയ്യാനുള്ള സുപ്രധാന ഉത്തരവാദിത്തമുള്ളവരാണ്. സാധാരണയായി ഒരു പ്രചാരകിനെ തിരഞ്ഞെടുക്കുന്നത് അയാളുടെ ഇരുപതുകളിലാണ്. നല്ല വിദ്യാഭ്യാസമുള്ള (മിനിമം ഒരു ബിരുദധാരി), ഹിന്ദി, ഇഗ്ലീഷ് തുടയിങ്ങയ ഭാഷകള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ഹിന്ദു മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ളവരായിരിക്കും പൊതുവേ പ്രചാരകരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍. തന്‍റെ ശൈശവകാലം തൊട്ട് ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇവര്‍ കുടുംബം, സ്വകാര്യജീവിതം തുടങ്ങിയവ ഉപേക്ഷിച്ച് സംഘടനയ്ക്ക് വേണ്ടി മുഴുവന്‍സമയവും പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവരായിരിക്കും. ഇത്തരം പ്രചാരകരാണ്സംഘപരിവാറിന്‍റെ ഓരോ ഘടകത്തെയും കൂട്ടിമുട്ടിക്കുന്ന കണ്ണികള്‍. ആര്‍.എസ്.എസ് നടത്തുന്ന സുപ്രധാനമായ പരിശീലന ക്യാമ്പുകളിലൂടെ വളര്‍ന്നുവന്ന പ്രചാരകരെ അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച് വിവിധ പ്രവര്‍ത്തന മേഖലകലില്‍ നിയോഗിക്കും. എല്ലാ പോഷകസംഘടനകളുടെയും സുപ്രധാനമായ ചുമതലകള്‍ വഹിക്കുന്നത് പ്രചാരകരായിരിക്കും. പക്ഷെ മാതൃസംഘടന വിളിച്ചാല്‍ ഏതു നിമിഷവും തിരിച്ചുവരാന്‍ തയ്യാറുള്ള ഒരു അലിഖിത ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഡെപ്യൂട്ടെഷനുകള്‍.

വ്യക്തിപ്രഭാവം, അല്ലെങ്കില്‍ കരിസ്മ എന്നുള്ളത് ആര്‍.എസ്.എസിനെ സംബന്ധിച്ചടുത്തോളം പ്രധാനമല്ല. വ്യക്തികള്‍ക്കും, നേതാക്കന്മാര്‍ക്കും മുകളില്‍ സംഘടനയെ കാണുന്ന അതിശക്തമായ ഒരു കേന്ദ്രീകൃത കേഡര്‍ സംവിധാനമാണ് ആര്‍.എസ്.എസിനുള്ളത്. അതുകൊണ്ട്തന്നെ സംഘടനയുടെ തലവനായി  സര്‍സംഘചാലകിനെ തിരഞ്ഞെടുക്കുമ്പോള്‍ കരിസ്മ എന്നത് ഒരു ഘടകമാവാറില്ല. ആര്‍.എസ്.എസിന്‍റെ ഭരണഘടന സര്‍സംഘചാലകിനെ നിര്‍വചിക്കുന്നത് ആധ്യാത്മിക ഗുരു /ആചാര്യന്‍ എന്ന രൂപത്തിലാണ്. സര്‍സംഘചാലകിന് തന്നെയാണ് തന്‍റെ പിന്‍ഗാമിയെ തീരുമാനിക്കാനുള്ള അധികാരമുള്ളത്. കാര്യകാരി സമിതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍സംഘചാലകിന് തന്‍റെ പിന്‍ഗാമിയെ തീരുമാനിക്കാം. പൊതുവേ നിലവിലുള്ള ജനറല്‍ സെക്രട്ടറി ആയിരിക്കും അടുത്ത സര്‍സംഘചാലകായി നിയമിക്കപ്പെടുന്നത്. ഒരു വ്യക്തികേന്ദ്രീകൃതമായ സംഘടനാ സ്വഭാവമില്ലാത്തതാണ് യൂറോപ്പ്യന്‍ ഫാസിസ്റ്റ് സംഘടനകളില്‍ നിന്ന് ആര്‍.എസ്.എസിനെ വ്യത്യസ്തമാക്കുന്നത് എന്ന് Christophe Jaffrelot നിരീക്ഷികുന്നുണ്ട്. ആര്‍.എസ്.എസ് അതിന്‍റെ ഇത്തരം അടിസ്ഥാന സ്വഭാവങ്ങള്‍ ചില രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി വിട്ടുവീഴ്ച ചെയ്യാറുണ്ടെന്ന് അമൃത ബസു വാദിക്കുന്നു. അത്തരം വിട്ടുവീഴ്ച്ചകളുടെ ഒരു ഉദാഹരണം മാത്രമാണ് നരേന്ദ്ര മോടിയെന്ന ശക്തനായ നേതാവിന്‍റെ ബിംബനിര്മിതിയും, അവര്‍ണ്ണ സമുദായാംഗങ്ങളായ നേതാക്കന്മാരുടെ രാഷ്ട്രീയ അംഗീകാരങ്ങളും. എന്നാല്‍ ആര്‍.എസ്.എസിനെ സംബന്ധിച്ചടത്തോളം ഇത്തരം വ്യക്തികളും, അയാള്‍ക്ക് നല്‍കുന്ന രാഷ്ടീയ അധികാരങ്ങളും  വെറും താത്കാലിക പ്രതിഭാസം മാത്രമാണ്.

പരിശീലനം

സാങ്കല്‍പിക ഹിന്ദുരാഷ്ട്രത്തിന്‍റെ മുന്നണി പോരാളികളെ നിര്‍മ്മിക്കുന്ന പരിശീലന കേന്ദ്രങ്ങളാണ് ആര്‍.എസ്.എസിന്‍റെ ഓരോ ശാഖകളും. ഇത്തരം ശാഖകളില്‍നിന്നാണ് ഹിംസ്രസ്വഭാവമുള്ള സ്വതത്തെ (Predatory Identity) നിര്മ്മിച്ചെടുകുന്നത്. സാമാന്യമായി പറഞ്ഞാല്‍ ഒരു വ്യക്തിയെ മാനസികമായും, ശാരീരികമായും അനുസരിപ്പിക്കാന്‍ പഠിപ്പികുന്ന ഒരു വ്യക്തിത്വ രൂപികരണ പ്രക്രിയയാണ് ശാഖ പ്രവര്‍ത്തനം.

യൂണിഫോം ധരിച്ച സ്വയംസേവകര്‍ ഭഗവത് ദ്വാജത്തിന്‌ (ശിവജിയുടെ കാവി പതാക) അഭിമുഖമായി ഇടതുഭാഗത്ത് നിന്ന് വലതോട്ടായി ശിശു, ബാല്‍, തരുണ, പ്രൌഥ്‌ എന്ന ക്രമത്തില്‍ ഗതകളായിനിന്ന്‍ ഉയര്‍ത്തിക്കെട്ടിയ ഭഗവത് ദ്വാജത്തിനെ നോക്കി വലത്കൈ നെഞ്ചിലേക്ക് ഉയര്‍ത്തി പ്രണാമം ചെയ്യുന്നതിലൂടെയാണ് ഒരു ശാഖ ആരംഭിക്കുന്നത്. ശാഖയിലെ പ്രധാനപ്പെട്ട പരിശീലനങ്ങള്‍ കായിക അഭ്യാസങ്ങളാണ്. അതില്‍ ഇന്ത്യന്‍ കായിക ഇനങ്ങളായ ഗുസ്തി, കബഡി തുടങ്ങിയവയാണ് പ്രധാനം. ആയോധന പരിശീലനത്തില്‍ പ്രധാനം ദണ്ഡയാണ് (മനുഷ്യന്‍റെ നീളമുള്ള മുളവടികൊണ്ട് എതിരാളിയെ നേരിടുന്ന കായികമുറ). ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കായിക പരിശീലനത്തിന് ശേഷം ബൗദ്ധിക് (Intellectual Session) നടക്കും. മതം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ഇത്തരം ക്ലാസ്സുകളിലൂടെയാണ് ആര്‍.എസ്.എസ് അതിന്‍റെ പ്രത്യയശാസ്ത്രപരമായ കാഴ്ച്ചപാടുകള്‍ സ്വയംസേവകര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. അവസാനം വീണ്ടും നിരകളായി നിന്ന്നമസ്തെ സാദാ വത്സലേ മാതൃഭൂവേ, ദ്വയാ ഹിന്ദുഭൂവേഎന്ന് തുടങ്ങുന്ന ഗോള്‍വള്‍ക്കര്‍ രചിച്ച സംഘപ്രാര്‍ത്ഥന ചെല്ലി, ഭാരതമാതാവിന് അഭിവാദ്യം അര്‍പ്പിച്ച് പിരിയും. ദിവസവും നടക്കുന്ന കായികവും, മാനസികവുമായ പരിശീലനത്തിലൂടെ ഒരു ഭാവനാസമൂഹം (Imagined Community) നിര്‍മ്മിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഒരു പ്രദേശത്തെ ഒന്നില്‍ കൂടുതല്‍ ശാഖകള്‍ ചേര്‍ന്ന്‍ ഓരോ മാസത്തിലും സ്പെഷ്യല്‍ ബൗദ്ധിക് സംഘടിപ്പിക്കും, ഇത്തരം വേദികളില്‍ പ്രധാനമായും മതം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലായിരിക്കും ചര്‍ച്ചകള്‍ ഉണ്ടാവുക. ഒരു സ്വയംസേവകനു ആവശ്യം വേണ്ട പ്രസംഗപാടവവും തര്‍ക്കശേഷിയും ഇത്തരം സെഷനുകളിലൂടെയാണ് ആര്‍.എസ്.എസ്  വളര്‍ത്തിയെടുക്കുന്നത്.

ആര്‍.എസ്.എസ് വര്‍ഷാവര്‍ഷം വിവിധഘട്ടങ്ങളിലായി നിരവധി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. പൊതുവേ മൂന്നു തലങ്ങളിലയാണ് ഇത്തരം പരിശീലന ക്യാമ്പുകള്‍ സംഘടിപ്പികാറുള്ളത്. (1)  instructors training camp (ITC), ജില്ലാതലത്തില്‍ സംഘടിപ്പിപ്പെടുന്ന   ക്യാമ്പുകള്‍ പതിനഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കും. നാട്ടിന്‍പുറങ്ങളിലെ സ്കൂള്‍, കോളേജ് മുതലായ സ്ഥാപനങ്ങളില്‍ സംഘടിപ്പികാറുള്ള  ക്യാമ്പുകള്‍  പുറത്തുനിന്നുള്ള എല്ലാ ബന്ധങ്ങളില്‍ നിന്നും ഒഴിവായി ഒഴിഞ്ഞ പ്രാദേശത്തായിരിക്കും നടക്കുക. യുവാക്കളെയും കുട്ടികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇത്തരം ക്യാമ്പുകളിലാണ്ദണ്ഡ കൂടാതെയുള്ള ആയുധപരിശീലനങ്ങള്‍ നടക്കാറുള്ളത്. (2) Officers Training Camp (OTC), ആര്‍.എസ്.എസിന്‍റെ മുഴുവന്‍ സമയ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും പരിശീലിപ്പികുന്നതിനും വേണ്ടി നടത്തുന്ന OTC ക്യാമ്പുകളുടെ മേല്‍നോട്ടം വഹിക്കുന്നത് ആര്‍.എസ്.എസിന്‍റെ ദേശിയ എക്സിക്യുട്ടീവ്അംഗങ്ങളും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായിരിക്കും. എല്ലാ ആര്‍.എസ്.എസ്  പ്രചാരകരും രണ്ടുപ്രാവശ്യം OTCയില്‍ പങ്കെടുത്തവരായിരിക്കും. (3) രണ്ടുവര്‍ഷത്തെ സംസ്ഥാനതല OTC പൂര്‍ത്തിയാക്കുന്നവര്‍ക്ക് മൂന്നാംവര്‍ഷത്തില്‍ നാഗ്പൂരില്‍ നടക്കുന്ന വിശാലമായ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. രാജ്യത്തിനകത്തും, പുറത്തുമുള്ള തിരഞ്ഞെടുക്കപ്പെട്ട സ്വയംസേവകര്‍ പങ്കെടുക്കുന്ന ക്യാമ്പ്സര്‍സഘചാലകിന്‍റെ മേല്‍നോട്ടത്തിലാണ് നടക്കാറ്. ക്യാമ്പില്‍ പങ്കെടുക്കുന്നതിലൂടെയാണ് ഒരാള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ സംഘപ്രവര്‍ത്തകനും, പ്രചാരകനുമായി മാറുന്നത്.

ഉത്സവങ്ങളുടെ രാഷ്ട്രിയം

യൂറോപ്പ്യന്‍ ഫാസിസവും ഇന്ത്യന്‍ ഫാസിസവും വ്യത്യാസപ്പെട്ട് കിടക്കുന്നത് അതിന്‍റെ രാഷ്ട്രസങ്കല്‍പ്പങ്ങളിലാണ്‌. വംശശുദ്ധി എന്ന സങ്കല്‍പത്തിനപ്പുറത്ത് സാംസ്കാരികമായ മേധാവിത്വത്തെ രാഷ്ട്രനിര്‍മ്മാണത്തിന്‍റെ അടിസ്ഥാനമായി കണ്ടവരാണ് സവര്‍ക്കറും. ഗോള്‍വാള്‍ക്കറും. അത് കൊണ്ട് തന്നെയാണ് ഗോള്‍വാള്‍ക്കറിന്‍റെത് സവര്‍ണ വംശീയതയാണ്ണെന്ന് പാണ്ടെ നിരീക്ഷിച്ചത്. ഇത്തരമൊരു സാംസ്കാരിക മേധാവിത്വത്തിനു വേണ്ടി പാരമ്പര്യം, മതം, ആഘേഷങ്ങള്‍, തുടങ്ങിയവയെ മുഖ്യധാരക്ക് സ്വീകാര്യമാക്കുക എന്നുള്ളത് ആര്‍.എസ്.എസിന്‍റെ പദ്ധതിയുടെ ഭാഗമാണ്. ഒരു പരിസരത്തില്‍ നിന്നാണ് ഉത്സവങ്ങളുടെ രാഷ്ട്രിയത്തെ മനസിലാക്കേണ്ടത്. ഹിന്ദു സവര്‍ണ്ണതയുടെ മേധാവിത്വം സ്ഥാപിച്ചെടുക്കുകയും, ഇതര സംസ്കാരങ്ങളെ അപരവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ് ആര്‍.എസ്.എസ് ഔദ്യോഗികമായി ആഘോഷിക്കുന്ന പ്രധനപ്പെട്ട ആറുത്സവങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ആഘോഷങ്ങളുടെ തുടക്കം ഹിന്ദു വര്‍ഷാരംഭതോടു കൂടിയാണ് (വര്ഷ് പ്രതിവാത്), യദ്രിചികമായി ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിന്‍റെ ജന്മദിനവും ദിനം തന്നെയാണ്. അത് കൊണ്ട് തന്നെ സ്ഥാപകദിനമായാണ് ആഘോഷത്തെ കൊണ്ടാടറുള്ളത്. മാറാട്ട രാജാവ് ചത്രപതി ശിവജിയുടെ പട്ടാഭിഷേകം നടന്ന ദിവസമാണ് (ഹിന്ദു സമ്രാജ്യ ദിവോത്സവ്) ആര്‍.എസ്.എസിന്‍റെ ഏറ്റവും പ്രധനപ്പെട്ടവ ആഘോഷങ്ങളില്‍ ഒന്ന്. മുസ്ലിം സാമ്രാജ്യത്തിനു മേല്‍ ഹിന്ദു വിജയം കൈവരിച്ച, ഹിന്ദു വിജയത്തിന്‍റെ അഭിമാന ദിവസമായാണ് ആര്‍.എസ്.എസ് ദിനത്തെ കൊണ്ടാടുന്നത്. രക്ഷാബന്ധന്‍ എന്ന ഉത്തരേന്ത്യന്‍ ഉത്സവമാണ് ആര്‍.എസ്.എസിന്‍റെ മൂന്നാമത്തെ ഔദ്യോഗിക ആഘോഷം. നാലാമത്തെ ആഘോഷമാണ് ഗുരുദക്ഷിണ, ദിനം എല്ലാ സ്വയംസേവകനും തന്‍റെ ഗുരുവിനു പണം ദക്ഷിണയായി നല്‍കും, ഭഗവത് ദ്വജത്തെയാണ് ഗുരു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആര്‍,എസ്,എസിന്‍റെ പ്രധാന പണ സമാഹരണ മാര്‍ഗമാണ് ഗുരുദക്ഷിണ. മറ്റൊരു സുപ്രധാനമായ ആഘോഷമാണ് ദസറ, രാമന്‍ രാവണനെ നിഗ്രഹിച്ച് ജയിച്ച രാജവിജയത്തിന്‍റെ ആഘോഷം. ദിവസങ്ങളില്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് നടത്തും. ഇത്തരം റൂട്ട് മാര്‍ച്ചിനെ ഉദ്ദേശിച്ചാണ് ജവഹര്‍ലാല്‍ നെഹ്റു ഫാസിസത്തിന്‍റെ ഇന്ത്യന്‍ പതിപ്പാണ്ആര്‍.എസ്.എസ് എന്ന് വിശേഷിപ്പിച്ചത്. ആറാമത്തെ ഉത്സവമാണ് മകരസംക്രാന്തി. അര്‍ജുന്‍ അപ്പാദുരയുടെ നിരീക്ഷണത്തില്‍ ഇത്തരം ആഘോഷങ്ങളാണ് ഒരു ഹിംസ്ര സ്വഭാവമുള്ള സ്വതത്തെ (Predatory Identity) നിര്‍മിക്കുന്നതിനു വേണ്ടി ദേശീയവാദികള്‍ ഉപയോഗിക്കുന്നത്. ആര്‍.എസ്.എസ് ഔദ്യോഗികമായി ആഘോഷിക്കുന്ന എല്ലാ ഉത്സവങ്ങളും സവര്‍ണ്ണ സംസ്കാരത്തിന്‍റെ മേധാവിത്വം സ്ഥാപിച്ചെടുക്കുക മാത്രമല്ല മറിച്ച് ഇതരസംസ്കാരങ്ങളെ അപരവല്‍ക്കരിക്കുകയും അതിലൂടെ തങ്ങളുടെ രാഷ്ട്രീയ ശത്രുവിനെ ശ്രിഷ്ട്ടികുകയുമാണ്ചെയ്യുന്നത്. ആര്‍.എസ്.എസിന്‍റെ ശാഖകളില്‍ ദളിദര്‍ക്കും, ന്യൂനപക്ഷ മോര്ച്ചയില്‍ മുസ്ലിങ്ങള്‍ക്കും, രാഷ്ട്ര സേവിക സമിതിയില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. അത് കൊണ്ട്മാത്രം ആര്‍,എസ്,എസ് ഫാസിസ്റ്റ് സംഘനയല്ലാതാകുന്നില്ല. യൂറോപ്യന്‍ ഫാസിസവും, ഇന്ത്യന്‍ ഫാസിസവും വ്യത്യാസപെടുന്നത് വംശപരമായ മേധാവിത്വം എന്നുള്ളതില്‍ നിന്ന് മാറി സാംസ്കാരികവും, ജാതീയവുമായ മേധാവിത്വത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് Christophe Jaffrelot നിരീക്ഷിച്ചത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്.

[1] Hansen, Thomas Blom. The Saffron Wave Democracy and Hindu Nationalism in Modern India. Princeton University Press, 2001.

[2] Jaffrelot, Christophe. The Sangh Parivar: a Reader. Oxford University Press, 2007.

[3] Hansen, Thomas Blom. The Saffron Wave Democracy and Hindu Nationalism in Modern India. Princeton University Press, 2001.

[4] A. Nandy, At the Edge of Psychology: Essay in Politics and Culture, New Delhi. Oxford University Press,  1980.

[5] The Hindu nationalist movement and Indian politics: 1925 to the 1990s ; strategies of identity-building, implantation and mobilisation (with special reference to Central India) Christophe Jaffrelot – Penguin Books – 1999

[6] Basu. Violent Conjunctures in Democratic India. Cambridge University Press, 2015.

[7] Andersen, Walter K., and Shridhar D. Damle. The Brotherhood in Saffron: the Rashtriya Swayamsevak Sangh and Hindu Revivalism. Vistaar, 1999.

[8] Savarkar, Vinayak Damodar. Hindutva: Who Is a Hindu? Hindi Sahitya Sadan, 2009.

[9] Jaffrelot, Christophe. The Hindu Nationalist Movement and Indian Politics: 1925 to the 1990s ; Strategies of Identity-Building, Implantation and Mobilisation (with Special Reference to Central India). Penguin Books, 1999.

[10] Golwalkar, Madhav Sadashiv. We or Our Nationhood Defined. Bharat Prakshan, 1947.

[11] Andersen, Walter K., and Shridhar D. Damle. The Brotherhood in Saffron: the Rashtriya Swayamsevak Sangh and Hindu Revivalism. Vistaar, 1999

[12] Andersen, Walter K., and Shridhar D. Damle. The Brotherhood in Saffron: the Rashtriya Swayamsevak Sangh and Hindu Revivalism. Vistaar, 1999.

[13] Jaffrelot, Christophe. The Hindu Nationalist Movement and Indian Politics: 1925 to the 1990s ; Strategies of Identity-Building, Implantation and Mobilisation (with Special Reference to Central India). Penguin Books, 1999.

[14] Ibid.

[15] Ibid.

[16] Ibid.

[17] Anderson, Benedict R. O’G. Imagined Communities. 1982

[18] Jaffrelot, Christophe. The Sangh Parivar: a Reader. Oxford University Press, 2007.

[19] Andersen, Walter K., and Shridhar D. Damle. The Brotherhood in Saffron: the Rashtriya Swayamsevak Sangh and Hindu Revivalism. Vistaar, 1999.

[20] Ibid

[21] Ibid

[22]  Jaffrelot, Christophe. The Sangh Parivar: a Reader. Oxford University Press, 2007.

[23] Basu. Violent Conjunctures in Democratic India. Cambridge University Press, 2015

[24] Basu. Violent Conjunctures in Democratic India. Cambridge University Press, 2015

[25] Andersen, Walter K., and Shridhar D. Damle. The Brotherhood in Saffron: the Rashtriya Swayamsevak Sangh and Hindu Revivalism. Vistaar, 1999.

[26] Ibid

[27] Andersen, Walter K., and Shridhar D. Damle. The Brotherhood in Saffron: the Rashtriya Swayamsevak Sangh and Hindu Revivalism. Vistaar, 1999.

[28] Ibid.

[29] Jaffrelot, Christophe. The Hindu Nationalist Movement and Indian Politics: 1925 to the 1990s ; Strategies of Identity-Building, Implantation and Mobilisation (with Special Reference to Central India). Penguin Books, 1999.

[30] Ibid

[31] Ibid

[32] Andersen, Walter K., and Shridhar D. Damle. The Brotherhood in Saffron: the Rashtriya Swayamsevak Sangh and Hindu Revivalism. Vistaar, 1999.

[33] Jaffrelot, Christophe. The Hindu Nationalist Movement and Indian Politics: 1925 to the 1990s ; Strategies of Identity-Building, Implantation and Mobilisation (with Special Reference to Central India). Penguin Books, 1999.

[34] Appadurai, Arjun. Fear of Small Numbers: an Essay on the Geography of Anger. Duke Univ. Press, 2007.

[35] Jaffrelot, Christophe. The Hindu Nationalist Movement and Indian Politics: 1925 to the 1990s ; Strategies of Identity-Building, Implantation and Mobilisation (with Special Reference to Central India). Penguin Books, 1999.

 

 

About the Author

നൗഫൽ അറളടക്ക
കാസർഗോഡ് ജില്ലയിലെ അറളടക്ക സ്വദേശി. ന്യൂ ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയയിൽ നിന്നും ഹ്യൂമൻ റൈറ്സ് ആൻഡ് ഡ്യൂട്ടീസിൽ ബിരുദാനന്തരബിരുദം നേടി. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും രാഷ്ട്രീയനിരീക്ഷണങ്ങൾ എഴുതുന്നു

Be the first to comment on "ആര്‍.എസ്.എസ്: ഭാവനാസമൂഹത്തിന്‍റെ നിര്‍മ്മിതിയും രാഷ്ട്രീയ അക്കാറകളും"

Leave a comment

Your email address will not be published.


*