ബട്ട്ല ഹൗസ് വ്യാജഏറ്റുമുട്ടലിന്റെ പത്തുവർഷവും ജാമിഅ നഗറിലെ മുസ്‌ലിം ജീവിതങ്ങളും

ത്വയ്യിബ് റജബ്

ഭരണകൂട അനീതിയുടെ നേരെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആവർത്തിച്ചു ബട്ട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടലിന്റെ പത്താം വർഷം പൂർത്തിയാവുകയാണ്. അന്ന് പോലീസ് ഭാഷ്യത്തെ പൂർണമായും വാ തൊടാതെ വിഴുങ്ങിയവർ പോലും, എങ്ങനെയാണ് മുസ്‌ലിംകൾക്കും ദലിതർക്കും നേരെ വ്യാജ ഏറ്റുമുട്ടലുകൾ ഒരുപകരണമായി ഭരണകൂടം ഉപയോഗിക്കുന്നത് എന്ന് ഇന്ന് മനസ്സിലാക്കുന്നു.

ബട്ട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടൽ ഉയർത്തിയ ചോദ്യങ്ങളിൽ നിന്ന് നാം എത്ര മുന്നോട്ട് പോയി എന്നത് പരിശോധിക്കേപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെ തീവ്രവാദ മുദ്രകുത്തി ജയിലിലടക്കുന്ന ഭൂരിപക്ഷ വർഗീയതയുടെ ഈ കാലത്ത്.

സംഭവങ്ങളുടെ ആരംഭം 2008 സെപ്‌തംബർ 13 നു രാജ്യതലസ്ഥാനത്തെ നടുക്കിയ ബോംബ് സ്‌ഫോടന പരമ്പരയോടെയാണ്. ഡൽഹിയിൽ അഞ്ച് ഭാഗങ്ങളിൽ ഉണ്ടായ സ്‌ഫോടനം 30 പേരുടെ ജീവനെടുത്തു.ഏറെ പ്രശസ്‌തമായ ജാമിഅ മില്ലിയ സർവകലാശാലയിലെ ചുറ്റിലും ജീവിക്കുന്ന ജാമിഅ നഗറിലെ ജനങ്ങളും മറ്റേത് ഡൽഹിക്കാരെയും പോലെ വേദനയിലും ഭയത്തിലുമായിരുന്നു. എന്നാൽ പിന്നീടുണ്ടായ സംഭവങ്ങൾ ജാമിഅ നഗറിലെ ജനങ്ങളെ ഞെട്ടിച്ചു.

കാര്യങ്ങളുടെ ഗതി മാറിയത് പെട്ടെന്നാണ്. സ്‌ഫോടനത്തിന്റെ സൂത്രധാരന്മാർ ഒളിസങ്കേതമാക്കുന്നത് ഡൽഹിയിലെ ജാമിഅ നഗർ ആണെന്ന വിവരം ഗുജറാത്ത് ഇന്റലിജൻസ് ഡൽഹി പൊലീസിന് കൈമാറിയതോടെയാണിത്. ഇതോടെ രാജ്യം മുഴുവൻ ജാമിഅ നഗറിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി. ജാമിഅ നഗറിലെ താമസക്കാരിൽ മഹാഭൂരിപക്ഷവും മുസ്‌ലിംകളാണെന്നത് ഈ വിഷയത്തിന്റെ കൊഴുപ്പ് കൂട്ടി.

2009 തെരഞ്ഞെടുപ്പ് അടുത്ത വരുന്ന സംശയം. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആഭ്യന്തര സുരക്ഷയിൽ കേന്ദ്ര സർക്കാരിന്റെ പരാജയങ്ങളെക്കുറിച്ച് വാചാലനായിരുന്നു. ഡൽഹിയിൽ ഒരു ബോംബ് സ്‌ഫോടനത്തിന്റെ സാധ്യത ഗുജറാത്ത് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

പക്ഷെ ജാമിഅ നഗറിലെ ജനങ്ങൾ ഗുജറാത്ത് ഇന്റലിജൻസ് വിങ്ങിന്റെ ബോംബ് കഥ അത്രവേഗം വിശ്വസിച്ചില്ല. ഈ ആരോപണങ്ങളിൽ ആസൂത്രണ സ്വഭാവം അവരിൽ സംശയം ഉണർത്തി. ഇത്രയും വലിയ സ്‌ഫോടന പരമ്പര നടത്തിയിട്ടും രാജ്യം വിട്ട് പോകാതെ, തലസ്ഥാനനഗരിയുടെ ഹൃദയഭാഗമായ ജാമിഅ നഗർ ഒളിത്താവളമായി ‘ഭീകരർ’ എന്തിന് തെരഞ്ഞെടുത്തു എന്ന് ജനങ്ങൾ ചോദിച്ചു. പോലീസിന്റെ മറുപടി , ഭീകരർ സാധാരണക്കാരിൽ ഒരാളായി സാധാരണജീവിതം നയിച്ച് ജീവിക്കുന്നു എന്നതായിരുന്നു. ഇതോടെ എല്ലാ ആളുകളും സംശയത്തിന്റെ നിഴലിലായി. സംശയം തോന്നിയ പതിനൊന്നു യുവാക്കളെ ഡൽഹി സ്‌ഫോടന പരമ്പരയുടെ പേരിൽ അറസ്റ്റ് ചെയ്‌തു.

ഏറ്റുമുട്ടൽ കഥകൾ , ചോദ്യങ്ങൾ

ഡൽഹി സ്‌ഫോടന പരമ്പരയുടെ ഒരാഴ്ചക്ക് ശേഷം 2008 സെപ്‌തംബർ 19 റമദാൻ മാസം വെള്ളിയാഴ്ച്ച ഏറ്റുമുട്ടൽ വിദഗ്ധനായ മോഹൻ ചന്ദ് ശർമ്മയുടെ നേതൃത്വത്തിലുള്ള വലിയ പോലീസ് സംഘം സർവ സന്നാഹവുമായി ബട്ട്‌ല ഹൗസിലെ ഖലീലുല്ലാഹ് മസ്‌ജിദ്‌ പരിസരത്തുള്ള ഒരു ഫ്ളാറ്റിനെ എല്ലാ ഭാഗവും വളഞ്ഞു. പിന്നീട് നടന്നത് എന്താണെന്ന് പുറംലോകത്തിനു അജ്ഞാതമാണ്. പോലീസ് വിവരണമനുസരിച്ച് ‘ഭീകരരുമായുള്ള’ ഏറ്റുമുട്ടലിൽ പോലീസ് ഇൻസ്‌പെക്ടർ മോഹൻ ചന്ദ് ശർമയും രണ്ട് ‘ഭീകരരും’ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ട രണ്ട് പേർ ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശികളായ ആത്തിഫ് അമീനും മുഹമ്മദ് സാജിദുമായിരുന്നു. ആത്തിഫ് അമീൻ (24) ജാമിഅ മില്ലിയ സർവകലാശാലയിലെ MA ഹ്യൂമൻ റൈറ്സ് വിദ്യാർത്ഥിയും പതിനേഴ് വയസ്സുകാരനായ മുഹമ്മദ് സാജിദ് ജാമിഅ മില്ലിയയിൽ എൻട്രൻസ് പരീക്ഷക്ക് പഠിക്കാനായി ഡൽഹിയിലേക്ക് വന്നതുമായിരുന്നു. സംഭവസമയത്ത് റൂമിലെ ടോയ്‌ലറ്റിലായിരുന്ന മുഹമ്മദ് സൈഫിനെ പോലീസ് പിടികൂടുകയും ചെയ്‌തു. പോലീസിന്റെ വിവരണമനുസരിച്ച് ഏറ്റുമുട്ടലിനിടയിൽ റൂമിലെ മറ്റു താമസക്കാരായ ഷഹ്‌സാദും ജുനൈദും രക്ഷപ്പെട്ടിരുന്നു. ഇത്രയും വലിയ സന്നാഹങ്ങൾക്കിടയിൽ അവർ എങ്ങനെ രക്ഷപ്പെട്ടു എന്നത് മറ്റൊരു ചോദ്യം.

അധികം സമയം വേണ്ടിവന്നില്ല. ദേശീയമാധ്യമങ്ങളും പോലീസും കൊല്ലപ്പെട്ടവർ ഇന്ത്യൻ മുജാഹിദീൻ ഭീകരരാണെന്നും ഡൽഹി , ഉത്തർപ്രദേശ്, ജയ്‌പൂർ , അഹമ്മദാബാദ് സ്‌ഫോടന പരമ്പര സൂത്രധാരന്മാരാണെന്നും പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ പതിനേഴു വയസ്സുകാരാനാണെന്ന വിവരം പോലും അവർ ഓർത്തില്ല. മാധ്യമങ്ങളോടുള്ള വിശദീകരണത്തിൽ പോലീസ് കൊലപ്പെടുത്തിയത് വിവിധ സ്‌ഫോടനകേസുകളിലെ പ്രതികളെയാണ് എന്നതായിരുന്നു ഉണ്ടായിരുന്നത്. പോലീസ് ഇൻസ്പെക്റ്ററുടെ കൊലപാതകത്തെ കുറിച്ചുള്ള പോലീസ് ഭാഷ്യത്തിൽ വൈരുധ്യങ്ങൾ പ്രകടമായിരുന്നു.

യുപിയിലെ സ്‌ഫോടനക്കേസിൽ ഖാലിദ് മുജാഹിദ്, മുഹമ്മദ് താരീഖ് എന്നിവരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിൽ ഖാലിദ് അസാധാരണസാഹചര്യത്തിൽ കൊല്ലപ്പെട്ടു. വാരാണസി സ്‌ഫോടനക്കേസിൽ മുഹമ്മദ് വലിയുള്ള എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അതിവേഗ കോടതി ജീവപര്യന്തശിക്ഷ വിധിക്കുകയും ചെയ്‌തു . സമാനമായി ജയ്‌പൂർ സ്‌ഫോടനക്കേസിൽ മുനവ്വർ ഹസൻ ഖുറേഷി എന്ന യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. ( ഖുറേഷിയെയും കൂടെ അറസ്റ്റ് ചെയ്യപ്പെട്ട 11 പേരെയും കോടതി 2011 ൽ കുറ്റവിമുക്തനാക്കി വിട്ടയച്ചു.) അതേപോലെ ഗുജറാത്ത് സ്‌ഫോടനക്കേസിൽ അബൂബക്കർ അസംഗഡ് സ്വദേശിയെ പോലീസ് പിടികൂടി. ഇയാളിൽ നിന്നുള്ള വിവരമനുസരിച്ചാണ് ബട്ട്‌ല ഹൗസ് വളഞ്ഞത് എന്ന് ആദ്യഘട്ടത്തിൽ പോലീസ് പറഞ്ഞിരുന്നു. പിന്നീട് ഇത് പിൻവലിച്ചു.

ഇത്തരം വൈരുധ്യങ്ങളും പുതിയ പുതിയ കഥകളും വിശ്വസിക്കാൻ ജാമിഅ നഗറിലെ ജനങ്ങൾ തയ്യാറായില്ല. അവർക്കൊപ്പം ആപൽഘട്ടത്തിൽ സർവ്വഊർജ്ജവും സ്വീകരിച്ചു ജാമിഅ മില്ലിയയിലെ അധ്യാപക കൂട്ടായ്മായ ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷൻ കൂടെ നിന്നു.

ആദ്യഘത്തിൽ തന്നെ JTSA യുടെ നേത്രത്വത്തിൽ ഒരു പബ്ലിക് ട്രിബ്യുണൽ സംഘടിപ്പിച്ച് ജനങ്ങളുടെ ദൃക്‌സാക്ഷി വിവരണങ്ങളും തെളിവുകളും ശേഖരിച്ചു. പബ്ലിക് ട്രിബ്യുണലിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അരുന്ധതി റോയി , കവിത കൃഷ്‌ണൻ എന്നിവരുണ്ടായിരുന്നു. തെളിവുകളും ദൃക്‌സാക്ഷി വിവരണങ്ങളും പോലീസ് വാദങ്ങൾ കള്ളങ്ങളാണെന്നു തെളിയിച്ചു. JTSA അന്ന് കൃത്യമായ കുറെ ചോദ്യങ്ങൾ ഉന്നയിച്ചു. ലോക്കൽ പൊലീസിന് ഏറ്റുമുട്ടലിനു മുമ്പേ വിവരം നൽകാത്തതും ഏറ്റുമുട്ടൽ സമയത്ത് ഇൻസ്‌പെക്ടർ എന്തുകൊണ്ട് ബുള്ളറ്റ് പ്രൂഫ് വസ്‌ത്രം ധരിച്ചില്ല എന്നതും പോലീസ് വിവരണത്തിലെ വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു.

പലരും ജുഡീഷ്യൽ അനേഷണത്തിനു ആവശ്യപ്പെട്ടെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല. പിന്നീട് പ്രതിഷേധം ശക്തമായപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണപ്രഹസനം നടത്തി പൊലീസിന് ക്ലീൻ ചിറ്റ് നൽകി.

പക്ഷെ, സത്യം അധികകാലം മറച്ചുവെക്കാൻ ആർക്കാണ് സാധിക്കുക? ജാമിഅ മില്ലിയയിലെ ജേണലിസം വിദ്യാർത്ഥിയായ അഫ്രോസ് ആലം സാഹിലിന്റെ നിരന്തര പരിശ്രമം കൊണ്ട് വിവരകശനിയമപ്രകാരം കൊല്ലപ്പെട്ട മൂന്നു പേരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട് ലഭിച്ചു.  ഇത് ഏറ്റുമുട്ടലിനെ സംബന്ധിച്ച സംശയം ബലപ്പെടുത്തി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊല്ലപ്പെട്ട ആത്തിഫ് അമീന് പിന്നിൽ പത്തോളം ബുള്ളറ്റുകൾ കണ്ടു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി മുറിവേറ്റതായും കാണപ്പെട്ടു. കൊല്ലപ്പെട്ട സാജിദിന്‌ വെടിയേറ്റത് തലയ്ക്കും തൊണ്ടാക്കും കഴുത്തിനുമായിരുന്നു. അവന്റെ ശരീരത്തിലുള്ള ദ്വാരങ്ങൾ , വെടിയേറ്റത് ക്ളോസ് റേഞ്ചിൽ നിന്നാണെന്നു മനസ്സിലാക്കിത്തരുന്നു. ഏറെ അത്ഭുതമുണ്ടാക്കിയത് ഇൻസ്‌പെക്ടറുടെ ശരീരത്തിൽ നിന്ന് ലഭിച്ച ബുള്ളറ്റുകൾ അദ്ദേഹത്തിൻറെ സഹപ്രവർത്തകന്റേതായിരുന്നു എന്നതാണ്.

പോസ്റ്റ്‌മോർട്ടം റിപ്പോർട് പോലീസിന്റെ പച്ചക്കള്ളങ്ങളെ വെളിച്ചത്ത് കൊണ്ടുവരാൻ സഹായിച്ചു. ആദ്യമായി വെടിയുതിർത്തത് കൊല്ലപ്പെട്ട ആത്തിഫ് അമീനാണെങ്കിൽ തുടർച്ചയായി പതിനൊന്നു വെടിയുണ്ടകൾ അവനു പിറകിൽ ഏൽക്കുന്നതെങ്ങനെ? പോലീസ് വിവരണമനുസരിച്ച്  രണ്ട് പേരും കൊല്ലപ്പെട്ടത് പൊലീസിന് നേരെ വെടിയുതിർക്കുന്നതിനിടയാണ്.  എങ്കിൽ അവർ ഉപയോഗിച്ച തോക്കുകൾ എവിടെയാണ്? അവരുടെ ശരീരത്തിലെ മുറിവുകളും പരിക്കുകളും , പിടിച്ചുവച്ചു കൊന്നതിനു തെളിവുകളല്ലാതെ മറ്റെന്താണ്?

മനുഷ്യാവകാശകമ്മീഷൻ വസ്തുതകളെ കുറിച്ച് അന്വേഷിച്ചപ്പോൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഒന്ന് വിശകലനം ചെയ്യാനോ , പിടിക്കപ്പെട്ട    മുഹമ്മദ് സൈഫിനെ വിസ്തരിക്കാനോ തയ്യാറായിരുന്നില്ല. പോലീസ് വിവരണത്തെക്കാൾ കൂടുതലൊന്നും ഈ അന്വേഷണറിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല.

മുശീറുൽ ഹസനും ടീച്ചേഴ്സ് അസോസിയേഷനും

തീവ്രവാദത്തിന്റെ ചാപ്പകുത്തിയാൽ പിന്നീടങ്ങോട്ട് അടുക്കാൻ ആളുകൾക്ക് ഭയമാണ്. ഭരണകൂട ഭീകരതയുടെ ഈ തന്ത്രത്തെ പ്രതിരോധത്തിലാക്കി ജാമിഅ മില്ലിയയിലെ അധ്യാപകർ അവസരോചിതമായി ഇടപെടലുകൾ നടത്തി.

ഏറ്റുമുട്ടൽ ഏറ്റവും കൂടുതൽ  നിഴൽ വീഴ്ത്തിയത് ജാമിഅ മില്ലിയയെ ആയിരുന്നു. സാഹചര്യങ്ങൾ ചൂഷണം ചെയ്‌ത്‌  ജാമിഅക്ക് നേരെ രൂക്ഷമായ പ്രചാരണങ്ങൾ ഉണ്ടായി. തീവ്രവാദത്തെ ഉൽപ്പാദിപ്പിക്കുന്ന മദ്രസയാണ് ജാമിഅ എന്ന് പ്രചാരണങ്ങൾ ഉണ്ടായി.

ഇതോടെ വിദ്യാർത്ഥികളുടെ ജീവിതം ഭയത്തിലായി.   കാമ്പസിനുള്ളിൽ വെച്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്  ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭീകരമായ ദിനങ്ങളായിരുന്നു അത്.

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊണ്ട്  അവര്‍ക്ക് പിന്തുണയുമായി അന്നത്തെ വൈസ് ചാന്‍സലര്‍ മുശീറുല്‍ ഹസന്‍ മുന്നോട്ട് വന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഒരു പ്രകടനം തന്നെ  അദ്ദേഹം സംഘടിപ്പിച്ചു. പോലീസിനെ അനുമതിയില്ലാതെ കാമ്പസിലേക്ക് പ്രവേശിപ്പിക്കില്ല എന്ന് പ്രഖ്യാപിച്ചു.

സർവകലാശാലയിലെ ഒരു വിഭാഗം അധ്യാപകർ ചേർന്ന് സോളിഡാരിറ്റി അസോസിയേഷൻ രൂപീകരിച്ചു. തെളിവ് ശേഖരണത്തിനടക്കം മുൻകൈയെടുത്തു. ഇവരുടെ ഇടപെടലുകൾ രാജ്യത്തെ തീവ്രവാദകേസുകളിൽ ഒരു വഴിത്തിരിവായിരുന്നു.

ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യാൻ ജനകീയ ഇടപെടലുകൾ എത്ര പ്രാധാന്യമർഹിക്കുന്നു എന്ന് തെളിയിച്ചത് ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്റെ ഇടപെടലുകളാണ്.

ജാമിഅ നഗർ: രാമചന്ദ്രഗുമഹമാരെ ഇതുവഴി

എന്തുകൊണ്ടാണ് ജാമിഅ നഗറിന്റെയും ജാമിഅ മില്ലിയയെയും നിരന്തരം ഭരണകൂടം വേട്ടയാടുന്നത് എന്നതിന് ജാമിഅ നഗറിനെക്കുറിച്ചുള്ള ഒരു ചെറിയ ധാരണ മതിയാവും. ജാമിഅ മില്ലിയക്ക് ചുറ്റും വളർന്നുവന്ന ഒരു മുസ്‌ലിം കോളനിയാണ് ജാമിഅ നഗർ.  ബട്ട്ല ഹൌസ് , സാക്കിർ നഗർ , ഷഫാർ മൻസിൽ , ഓഖ്‌ല വിഹാർ , നൂർനഗർ , ഷഹീൻ ബാഗ് , അബുൽ ഫസൽ എൻക്ലേവ് തുടങ്ങിയവ മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന കോളനികളാണ്.

ഇവിടത്തെ ജനസംഖ്യയിൽ 99 ശതമാനവും മുസ്‌ലിംകളാണ്. അതിനാലാവാം നല്ല റോഡുകളോ മാലിന്യനിർമാർജന സൗകര്യങ്ങളോ , മറ്റു പ്രധാന അടിസ്ഥാനസൗകര്യങ്ങളോ ഇവിടെ കുറവാവുന്നത്. ഇവിടെ കുടിവെള്ളം ബഹുഭൂരിപക്ഷം പേരും പൈസ കൊടുത്താണ് വാങ്ങുന്നത്. ജാമിഅ നഗറിലെ സാക്കിർ നഗറിനോട് അടുത്ത് നിൽക്കുന്ന ന്യൂ ഫ്രണ്ട്സ് കോളനിയിലെ സൗകര്യവും ജാമിഅ നഗറിലെ അടിസ്ഥാന സൗകര്യങ്ങളും താരതമ്യം ചെയ്‌താൽ, ഭരണകൂടം എത്ര കൃത്യമായാണ് ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നത് എന്ന് മനസ്സിലാവും. ഡൽഹിയിലെ ഉയർന്ന ഉദ്യോഗസ്ഥരും പണക്കാരും താമസിക്കുന്ന സ്ഥലമാണ് ന്യൂ ഫ്രണ്ട്‌സ് കോളനി.

1980 വരെ ജാമിഅ നഗർ ജനസാന്നിധ്യം കുറഞ്ഞ പ്രദേശമായിരുന്നു. സർവകലാശാലയിലെ അധ്യാപകർ മാത്രമായിരുന്നു പ്രധാനമായും താമസം.  1984 ൽ നടന്ന കുപ്രസിദ്ധ സിഖ് വിരുദ്ധ കലാപത്തിലാണ് മുസ്‌ലിംകൾ ജാമിഅ നഗറിലേക്ക് കുടിയേറാൻ ആരംഭിച്ചത്. കലാപം തങ്ങളിലേക്ക് കൂടി പടരുമോ എന്ന ഭയമായിരുന്നു കുടിയേറ്റത്തിനു കാരണം.  ബാബരി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കലാപങ്ങൾ കുടിയേറ്റത്തിനു ആക്കം കൂട്ടി. സർവകലാശാല നൽകിയ സുരക്ഷിത്വ ബോധമായിരുന്നു കാരണം.

ഗുജറാത്ത് കലാപത്തിന് ശേഷം ഉണ്ടായ പ്രത്യക്ഷ ഹിന്ദു ഭീകരതയും ആളുകളെ ജാമിഅ നഗറിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു.  ജാമിഅ നഗറിൽ താമസിക്കുന്നവരിൽ നിങ്ങൾക്ക് ഉന്നത ഉദ്യോഗസ്ഥരെയും നിരക്ഷരെയും അശ്രഫികളെയും അജ്‌ലഫികളെയും ഡൽഹിക്കാരെയും ഡൽഹിക്കാരല്ലാത്തവരെയും നഗരവാസിയെയും ഗ്രാമവാസിയെയും പണക്കാരെയും ദരിദ്രരെയും സുന്നിയെയും ഷിയായെയും കാണാൻ കഴിയും. മറ്റെവിടെയും കാണാനാവാത്ത വൈവിധ്യങ്ങൾ കാണാം ഇവിടെ. വർഗീയ കലാപങ്ങളുടെ ഓർമകളും വേദനകളും കൈമാറിത്തന്നെയാണ് അവർ ജീവിക്കുന്നതും.

ജാമിഅ ഗല്ലിയിലെ ഇടുങ്ങിയ റോഡുകളിലൂടെ വലിയ ആഡംബര  കാറുകൾ പോവുന്നത് കാണാം. സാമ്പത്തികമായി ഡൽഹിയിലെ ഏത് കോളനികളിലും ഫ്ലാറ്റുകൾ വാങ്ങാൻ ഇവർക്ക് കഴിയും. എന്നാൽ വാടകക്ക് പോലും മുസ്‌ലിംകൾക്ക് ഫ്ലാറ്റുകൾ നൽകാൻ തയ്യാറല്ലാത്ത ഡൽഹിയെ കുറിച്ച് നാം ആദ്യമായൊന്നുമല്ലല്ലോ കേൾക്കുന്നത്. ഈ ഗേറ്റോയുടെ പുറത്തുള്ള മുസ്‌ലിംകൾ സംശയനോട്ടങ്ങളും ഭീതിയോടെയുള്ള സമീപനങ്ങളും നിരവധി അനുഭവിക്കുന്നുണ്ട് എന്നത് രഹസ്യമായ സത്യമാണ്. ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാനാണ് ഉദ്യോഗസ്ഥരും സമ്പന്നരുമടക്കമുള്ള മുസ്‌ലിംകൾ ജാമിഅ നഗർ പോലുള്ള കോളനികളെ തെരഞ്ഞെടുക്കുന്നത്.

രാമചന്ദ്ര ഗുഹയെ പോലുള്ള ലിബറൽ ബുദ്ധിജീവികൾ വലിയവായിൽ ആഹ്വാനം ചെയ്യുന്നത് മുസ്‌ലിംകളോട് ‘ മധ്യകാല ഗെറ്റോകളിൽ ‘ നിന്ന് പുറത്തുവരാനാണ്. എന്ത് സാഹചര്യമാണ് അവരെ ഗെറ്റോകളിലേക്ക് നയിച്ചത് എന്നത് വിശകലനം ചെയ്യാൻ ഈ ബുദ്ധിജീവികൾ എന്നാണ് തയ്യാറാവുക.

സംശയത്തിന്റെ നിഴലിൽ

ബട്ട്ല ഹൌസ് വ്യാജ ഏറ്റുമുട്ടലിന്റെ പത്തു വർഷങ്ങൾക്കിപ്പുറം കാര്യങ്ങളിൽ വലിയ ചലനമൊന്നും കാണാനാവുന്നില്ല. സംശയത്തിന്റെ നിഴലുകൾ ഇന്നും ജാമിഅ നഗറിനെ പിന്തുടരുന്നു. കാശ്‌മീരിൽ നിന്നും അസംഗഢിൽ നിന്നുമുള്ള യുവാക്കൾക്ക് ഫ്ലാറ്റുകൾ നൽകാൻ ഫ്ലാറ്റുടമകൾ വൈമനസ്യം കാണിക്കുന്നു. ഡൽഹിയിലെവിടെ വെച്ചും ജാമിഅ നഗറിൽ നിന്നാണ് ഞങ്ങൾ എന്ന് നിങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ ഒരു സംശയത്തിന്റെ നോട്ടം  നിങ്ങളിലേക്ക് സ്വാഭാവികമായും ഉയരുന്നത് കാണാം.

About the Author

ത്വയ്യിബ് റജബ്
ജാമിഅ മില്ലിയ സർവകലാശാലയിൽ സോഷ്യോളജിയിൽ ഗവേഷണവിദ്യാർഥിയാണ് ത്വയ്യിബ് റജബ്. കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയാണ്.

Be the first to comment on "ബട്ട്ല ഹൗസ് വ്യാജഏറ്റുമുട്ടലിന്റെ പത്തുവർഷവും ജാമിഅ നഗറിലെ മുസ്‌ലിം ജീവിതങ്ങളും"

Leave a comment

Your email address will not be published.


*