മടപ്പള്ളിയിൽ പെൺകുട്ടികളെ മർദ്ദിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ വനിതാപ്രവർത്തകർ

വടകര മടപ്പള്ളി കോളേജിൽ പെൺകുട്ടികൾക്ക് നേരെ എസ് എഫ് ഐ അക്രമത്തിൽ വ്യാപകപ്രതിഷേധം. ഇരുമ്പ് കമ്പികളും ദണ്ഡും ഉപയോഗിച്ചുള്ള എസ്.എഫ്.ഐ ആക്രമണത്തില്‍ ഫ്രറ്റേർണിറ്റി പ്രവർത്തകരായ സൽവ അബ്ദുൽ ഖാദർ, സഫ്‌വാന , ആദിൽ, എം.എസ്.എഫ് നേതാവും ഹരിത ജില്ലാ സെക്രട്ടറിയുമായ സാഹിബ തംജിത, വടകര മണ്ഡലം ജനറൽ സെക്രട്ടറി മൻസൂർ ഒഞ്ചിയം, കെഎസ്‌യു പ്രവർത്തകൻ മുനവിർ എന്നിവരെയാണ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചത്. പെൺകുട്ടികളുടെ മുഖത്തടക്കം സംഘം ചേർന്ന് എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുന്നത് ചോദ്യം ചെയ്‌ത വ്യാപാരികൾക്ക് നേരെയും എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടു.

മടപ്പള്ളി കോളേജിലെ പെൺകുട്ടികളെ തെരുവിൽ മർദ്ദിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നു വനിതാസാമൂഹ്യപ്രവർത്തകർ ആവശ്യപ്പെട്ടു.

‘ ജനാധിപത്യ അന്തരീക്ഷം പുലരേണ്ട കാമ്പസുകളിൽ വ്യത്യസ്‌ത രാഷ്ട്രീയ ശബ്‌ദങ്ങൾ മുഴക്കുന്നവരെ കായികമായി നേരിടുന്ന എസ്എഫ്ഐയുടെ നിലപാട് ജനാധിപത്യത്തെ റദ്ദ് ചെയ്യുന്നതാണ്. കാമ്പസിനകത്തു വെച്ച് തങ്ങളുടേതല്ലാത്ത രാഷ്‌ട്രീയങ്ങൾ ഉയർത്തുന്ന വിദ്യാർത്ഥികളെയും വിദ്യാര്ഥിനികളെയും ചേർത്തു വെച്ച് അപവാദ പ്രചാരണങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വെർബൽ അബ്യുസിങ്ങും നടത്തിയ എസ്എഫ്ഐ ക്ലാസ് കഴിഞ്ഞതിനുശേഷം പുറത്തിറങ്ങിയ പെൺകുട്ടികളെ ബസ് സ്റ്റോപ്പിൽ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. പെൺകുട്ടികൾക്കെതിരിൽ നടന്ന ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുകയും കുറ്റവാളികൾക്കെതിരെ നിയമനടപടി കൈക്കൊള്ളുവാൻ കോളേജ് അധികൃതരും പോലീസും തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.’

പ്രസ്‌താവനയിൽ വർഷ ബഷീർ , രേഖ രാജ് , ശ്രീജ നെയ്യാറ്റിൻകര, കെകെ രമ, ചിത്രലേഖ, ജെന്നി റൊവീന, അഫീദ അഹ്‌മദ്‌, വിപി റജീന, ഉമ്മുൽ ഫായിസ, ജി ഗോമതി, ഷെറിൻ ബിഎസ്, മൃദുല ഭവാനി, ഭൂപാലി മുഗാരെ , നജ്‌ദ റൈഹാൻ, ഷബ്‌ന സിയാദ്,ആമി, അർപ്പിത ജയ, സിഫ്‌വ, ജബീന ഇർഷാദ്, സാന്ദ്ര എംജെ, ഫൗസിയ ഷംസ്, ജാസ്‌മിൻ പികെ, കുഞ്ഞില മാസ്സിലാമണി, ഗൗരി വയനാട്, ഹുസ്‌ന റസാഖ്, സുമ റാണിപുരം, അർച്ചന പ്രീജിത്ത്, അലീന സാബു, ടിപി സുമയ്യ ബീവി, മഞ്ജു പ്രിയ, മാനസി, നൂറ അലി, ശബാന അലി, അശ്വതി സിഎം, കാവ്യശ്രീ, അനഘ, ദ്വിജ കെ എന്നിവർ ഒപ്പിട്ടു.

മടപ്പള്ളിയിൽ നടന്നത്

കാമ്പസിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ എംഎസ്എഫ് , ഫ്രറ്റേർണിറ്റി പ്രവർത്തകരായ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ധിച്ചിരുന്നു. ബാത്‌റൂമിലേക്ക് കൊണ്ടുപോയി ഇരുമ്പ് ദണ്ഡുകൾ കൊണ്ട് വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. എസ്എഫ്ഐ സെക്രട്ടറിയും മടപ്പള്ളിയിലെ കഴിഞ്ഞവർഷത്തെ യൂണിയൻ ചെയർമാനുമായ വിദ്യാർത്ഥിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികളെ മർദ്ധിച്ചത്.

ഇത് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും ഫ്രറ്റേർണിറ്റി പ്രവർത്തകയുമായ സൽവ അബ്‌ദുൽ ഖാദർ ചോദിക്കുകയും തടയുകയും ചെയ്‌തതും എസ് എഫ് ഐക്കാരെ ചൊടിപ്പിച്ചു.

തുടർന്ന് കോളേജിന് പുറത്ത് ബസ് സ്റ്റോപ്പിന് പരിസരത്തുനിന്ന് വൈകുന്നേരം ഫ്രറ്റേർണിറ്റി , എംഎസ്എഫ് പ്രവർത്തകരായ വിദ്യാർത്ഥിനികളുടെ മുഖത്തടക്കം എസ്.എഫ്.ഐ പ്രവർത്തകർ അടിക്കുകയായിരുന്നു. പെൺകുട്ടികളെ ആക്രമിച്ചത് ചോദ്യം ചെയ്ത നാട്ടുകാർക്കും എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്നും മർദ്ദനമേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ വടകര ഗവണ്മെന്റ് ആശുപത്രിയിലും മടപ്പള്ളിയിലെ വ്യാപാരിയായ കുരിക്കലിന്റെവിട മനോഹരൻ, തൊട്ടടുത്ത് നിന്നിരുന്ന ഊരാളി വീട്ടിൽ മനോജൻ എന്നിവരെയും മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർത്ഥിനികളടക്കമുള്ളവർക്ക് കോളേജിന് പുറത്ത് വെച്ച് വീണ്ടും എസ്എഫ്ഐക്കാരിൽ നിന്ന് മർദ്ദനമേറ്റതിനെ തുടർന്ന് പോലീസ് ലാത്തി ചാർജ്ജ് ചെയ്തു.

വ്യാപാരികളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് മടപ്പള്ളിയിൽ വ്യാപാര ഹർത്താലിന് ആഹ്വാനം ചെയ്‌തു . രാവിലെ ആറ് തൊട്ട് വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ആക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു. വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ എസ്.എഫ്.ഐ ആക്രമത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മടപ്പള്ളി കോളേജിലെ ചില യാഥാർഥ്യങ്ങൾ

Munavir Ibn Muhammed यांनी वर पोस्ट केले गुरुवार, २० सप्टेंबर, २०१८

Be the first to comment on "മടപ്പള്ളിയിൽ പെൺകുട്ടികളെ മർദ്ദിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ വനിതാപ്രവർത്തകർ"

Leave a comment

Your email address will not be published.


*