ഭൂതകാലക്കുളിർ പേറുന്ന അധ്യാപകരല്ലാത്തവർക്കെല്ലാം ജീവഭയമുണ്ട്. മടപ്പള്ളിയിലെ മുൻഅധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു

വടകര മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ ഫ്രറ്റേണിറ്റി, എംഎസ്എഫ് , കെഎസ്‌യു പ്രവർത്തകരായ പെൺകുട്ടികളുൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധം വ്യാപകമാവുകയാണ്. കാമ്പസിനകത്ത് എസ്എഫ്ഐ ആക്രമണത്തെ ചോദ്യം ചെയ്‌ത പെൺകുട്ടികളായ സൽവ, സാഹിബ തംജീദ , സഫ്‌വാന എന്നിവരെ തെരുവിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

മടപ്പള്ളി കോളേജിലെ എസ്എഫ്ഐ ആക്രമണങ്ങളെക്കുറിച്ചു കോളേജിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറും കഴിഞ്ഞവർഷത്തെ റിട്ടേണിങ് ഓഫീസറുമായ ഷാജഹാൻ അബ്‌ദുൽ ബഷീർ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഭൂതകാലക്കുളിർ പേറുന്ന ചില അധ്യാപികമാർക്കൊഴികെ, കേരളത്തിലെ കാമ്പസുകളിൽ ഞങ്ങളെ പോലെ സാധാ അധ്യാപകർക്കൊക്കെ , ഇടത് പോഷക സർവീസ് സംഘടനാ പ്രവർത്തകരായിട്ടും) ജീവഭയമില്ലാതെ ജോലിയെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ഷാജഹാൻ അബ്‌ദുൽ ബഷീർ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഭൂതകാലക്കുളിർ പേറുന്ന ചില അധ്യാപികമാർക്കൊഴികെ, കേരളത്തിലെ കാമ്പസുകളിൽ ഞങ്ങളെ പോലെ സാധാ അധ്യാപകർക്കൊക്കെ (അതും ഇടത് പോഷക സർവീസ് സംഘടനാ പ്രവർത്തകരായിട്ടും) ജീവഭയമില്ലാതെ ജോലിയെടുക്കാൻ ബുദ്ധിമുട്ടാണ്. എപ്പോഴാണ് ഭരണപക്ഷാനുകൂല വിദ്യാർത്ഥി സംഘടനയിലെ കുട്ടി സഖാക്കൾ തലയടിച്ച് പൊളിക്കുകയെന്നറിയില്ല.

അപ്പോൾ പിന്നെ എതിർ വിദ്യാർത്ഥി സംഘടനയിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കാര്യം പറയാനുണ്ടോ. കോഴിക്കോട് മടപ്പള്ളി ഗവ. കോളേജിലെ പെൺകുട്ടികൾ അടക്കമുള്ള ഫ്രറ്റേണിറ്റി പ്രവർത്തകരെ മടപ്പള്ളി ജംഗ്ഷനിലിട്ട് ക്രൂരമായി തല്ലിയ വാർത്ത എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. മുമ്പ് ഞാൻ അവിടെ ജോലി ചെയ്യുമ്പോഴാണ് ഇടത് സഹയാത്രികനും പ്രമുഖ കവിയുമായ അധ്യാപകനെ വിവേകശൂന്യരായ കുട്ടി സഖാക്കൾ കയ്യേറ്റം ചെയ്തത്.

മടപ്പള്ളി കോളേജിൽ എതിർപക്ഷ സംഘടനാ പ്രവർത്തകരെ അടിച്ചോടിക്കുന്നതും, അവരുടെ പോസ്റ്ററും ബാനറും കീറലും പതിവാണ്. ഒന്നുകിൽ നമ്മുക്കൊപ്പം അല്ലെങ്കിൽ ശത്രുപക്ഷത്ത്, എന്നതാണ് കുട്ടി നേതാക്കളുടെ അധ്യാപകരോടും വിദ്യാർത്ഥികളോടുമുള്ള തിട്ടൂരം. അതിനൊപ്പം ജനാധിപത്യം സ്വാതന്ത്യം സോഷ്യലിസം എന്നൊക്കെ ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ചെയ്യും.

നല്ല ഒന്നാന്തരം കയ്യൂക്കിന്റേയും അങ്ങേയറ്റം അഹങ്കാരം കലർന്ന ധാർഷ്ട്യത്തിന്റേയും ഫാഷിസ്റ്റ് പ്രവർത്തന ശൈലിയാണ് ഇവർ ക്യാംപസുകളിൽ പുലർത്തി പോരുന്നത്. ഇടത് സംഘടനാ പ്രവർത്തകനായ ഈയുള്ളവന് പോലും ഇത് അങ്ങേയറ്റം അസഹനീയവും അരോചകവുമായാണ് അനുഭവപ്പെടുന്നത്.

മടപ്പള്ളി കോളേജിൽ 20 വർഷത്തിന് ശേഷം വീണ്ടും പ്രതിപക്ഷ സംഘടനയിൽ നിന്നുള്ള ഒരാൾ 2017 ലെ കോളേജ് യൂണിയൻ ഇലക്ഷന് വിജയിച്ചപ്പോൾ റിട്ടേണിംഗ് ഓഫീസറായി പ്രവർത്തിച്ച ഈയുള്ളവൻ കേട്ട തെറിയ്ക്ക് ഒരു കണക്കുമില്ല. ഞാൻ അടക്കമുള്ള അധ്യാപകരെ ഫലപ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകളോളം കൗണ്ടിംഗ് ഹാളിൽ തടഞ്ഞ് വെച്ചു. അക്രമം ഭയന്ന് കോളേജിനടുത്തുള്ള കോട്ടേഴ്സിൽ നിന്ന് ഞാൻ മാറി നിന്നത് 4 ദിവസമാണ്.

സംഗതി അധ്യാപകനാണെങ്കിലും പള്ളയ്ക്ക് കത്തികയറിയാൽ മുറിയും, അടി കിട്ടിയാൽ തല പൊട്ടുമല്ലോ…???

ക്യാംപസിലെ മുണ്ടുടുത്ത മുസോളിനിമാർക്കിടയിൽ മടപ്പള്ളി കോളേജിലൊക്കെ സൽവയും  ആദിലുമൊക്കെ  പ്രവർത്തിക്കുന്നത് വിപധി ധൈര്യം ഒന്നുകൊണ്ട് മാത്രമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

'ഭൂതകാലക്കുളിർ' പേറുന്ന ചില അദ്ധ്യാപികമാർക്കൊഴികെ, കേരളത്തിലെ ക്യാംപസുകളിൽ, ഞങ്ങളെ പോലെ സാധാ അധ്യാപകർക്കൊക്കെ (അതും ഇടത്…

Shajahan Abdul Basheer यांनी वर पोस्ट केले गुरुवार, २० सप्टेंबर, २०१८

Be the first to comment on "ഭൂതകാലക്കുളിർ പേറുന്ന അധ്യാപകരല്ലാത്തവർക്കെല്ലാം ജീവഭയമുണ്ട്. മടപ്പള്ളിയിലെ മുൻഅധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു"

Leave a comment

Your email address will not be published.


*