കെഎം സലിംകുമാറിന്റെ യുക്തിവാദവും ഹൈന്ദവഇടതുപക്ഷവും

കെകെ ബാബുരാജ്

‘ദളിതരെ തേടുന്ന മുസ്ലിം രാഷ്ട്രീയം’ എന്ന കെ.എം.സലിംകുമാറിന്റെ ലേഖനം ‘പച്ചകുതിര’യിൽ വായിച്ചത് ഇപ്പോഴാണ്. ‘ജാതിവിരുദ്ധതയുടെ പരമാധികാരം’ എന്ന പേരിൽ മാധ്യമത്തിലൂടെ അദ്ദേഹം ഉന്നയിച്ചിട്ടുള്ള വിമർശനങ്ങൾക്ക് ഞാൻ മുമ്പേ മറുപടി പറഞ്ഞിട്ടുള്ളതാണ്. അത് കണ്ടില്ലന്നു നടിച്ചുകൊണ്ടു അദ്ദേഹം വീണ്ടുംവരുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്.

മുസ്ലിം ലീഗിനെ ‘വർഗ്ഗീയ പാർട്ടിയും’ ഇതര മുസ്ലിം സംഘടനകളെ മത രാഷ്ട്ര വാദികളോ, മത തീവ്രവാദികളോ ആയി മുദ്രകുത്തികൊണ്ടു മാത്രമേ കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് അതിന്റെ “സ്റ്റാൻഡേർഡ്” നിലനിർത്താനാകു എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. ഇതിനർത്ഥം, കേരള മോഡൽ പുരോഗമനം സംഘർഷപ്പെടുന്നത് മുസ്ലിം സംഘടനകളോടല്ല, മറിച്ചു മുസ്ലിങ്ങളുടെ മതപരതയോടും സമുദായികതയോടും ആണെന്നാണ്. ഇതാവട്ടെ സെമിറ്റിക് മതങ്ങളുടെ “വ്യത്യാസത്തെ” ഉൾകൊള്ളാൻ വിസമ്മതിക്കുന്ന ഹൈന്ദവ ജാതിബോധവുമായി കണ്ണിചേർന്നിട്ടുള്ളതാണ്.

ഈ വിസമ്മതം, ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദം എന്ന നിർമിതിയുമായിട്ടും കേരളത്തിൽ മുസ്ലിം ലീഗിന്റെ “അനർഹമായ” ഭരണപങ്കാളിത്തത്തോടും, കൈവെട്ടുകേസ്, അഭിമന്യുവിന്റെ കൊലപാതകം മുതലായ പ്രശ്നങ്ങളുമായി ഫിക്സ് ചെയ്തുനിർത്തേണ്ടതും അത്യാവശ്യമാണ്.

ഇത്തരം പ്രശ്നങ്ങളെപ്പറ്റി ഉൾകാഴ്ച പുലർത്താതെ, ഇടതുപക്ഷത്തെ അനുകരിച്ചു കേവലപ്രതിരോധത്തിൽ ഊന്നുന്ന മുസ്ലിം സംഘടനകൾ കുഴപ്പത്തിൽചാടുന്നതിനെപ്പറ്റി ഞാൻ വിമർശിച്ചിട്ടുള്ളതാണ്. അവർ പുതുകീഴാള-സ്ത്രീവാദ രാഷ്ട്രീയത്തെയും ഇതര പാർശ്വവല്കൃത സമുദായങ്ങളുടെ മുന്നേറ്റങ്ങളെയും കണക്കിലെടുത്തു സ്വയം പൊളിച്ചെഴുതേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരം വാദങ്ങളെയെല്ലാം മറച്ചുപിടിച്ചുകൊണ്ടു എല്ലാവരെയും പഴിപറയുക, നെഗറ്റീവ് ചിഹ്നങ്ങളിലൂടെ സാമുദായിക പ്രശ്നങ്ങളെ കാണുക എന്നതാണ് സലിംകുമാർ ചെയ്യുന്നത്.

അദ്ദേഹം മുസ്ലിം സംഘടനകളെപ്പറ്റി/ഇസ്ലാം മതത്തെപ്പറ്റി നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിപറയാൻ ഞാൻ ആളല്ല. അതിനുപറ്റുന്നവർ ആ സമുദായത്തിൽ തന്നെ ഉണ്ടെന്നാണ് വിചാരിക്കുന്നത്.

എന്നാൽ, മുസ്ലിങ്ങൾ അന്യരല്ല എന്ന സഹോദര്യസമ്മേളനത്തെപ്പറ്റി അദ്ദേഹം പറയുന്ന തെറ്റിദ്ധാരണകളെപ്പറ്റി ചിലതു സൂചിപ്പിക്കാം. ഹിന്ദുത്വത്തിലൂടെ മോദിയുടെ അധികാരപ്രവേശത്തിന് ‘മുസ്ലിം വിരുദ്ധത’ നിർണ്ണായകമായ അവസരത്തിലാണ് ഈ സമ്മേളനം നടന്നത്. ഇതിനാധാരമായതാവട്ടെ, മുസ്ലിം വിരുദ്ധ വംശീയകലാപങ്ങളിലൂടെയാണ് ഹിന്ദുക്കൾ ഐക്യപ്പെടുന്നെതെന്ന ഡോ.ബി.ആർ.അംബേദ്കറുടെ രാഷ്ട്രീയ ദർശനമായിരുന്നു. അതായത്, അവർണ്ണ-സവർണ്ണ ഭേദമില്ലാതെ ഹിന്ദു ഐക്യം എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിൽ ‘മുസ്ലിം അപരം’ അനിവാര്യമായതിനാൽ, അതിനെ മറികടന്നു മുസ്ലിങ്ങൾ അന്യരല്ലന്നു ദളിത് ബഹുജനങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു സഹോദര്യസമ്മേളനം കൊണ്ടു വിഭാവന ചെയ്തത്.

ഈ സമ്മേളനത്തിലേക്ക്‌ സലിംകുമാറിനെ ക്ഷണിക്കുകമാത്രമായിരുന്നില്ല, സംഘാടക സമിതിയിലെ പ്രമുഖസ്ഥാനവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിക്കാതിരുന്ന അദ്ദേഹം ചെയ്തതെന്താണ്? സാഹോദര്യം എന്ന സങ്കല്പത്തെത്തന്നെ അട്ടിമറിച്ചുകൊണ്ടു തന്റെ യുക്തിവാദബോധത്തിലുള്ള വിചിത്ര ധാരണകൾ ദീർഘനേരം വിളമ്പി. തീർച്ചയായും, മുസ്ലിം മത വിമർശനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിൽ അതിനു പറ്റിയ മറ്റൊരുവേദിയിലായിരുന്നു ഉന്നയിക്കേണ്ടിയിരുന്നത്. ഈ അധാർമികതയെ പരമാവധി സഹിക്കുക എന്നതിനപ്പുറം കടന്നു ഞാൻ പ്രതിഷേധിച്ചതു, അദ്ദേഹം താനൊരു ഹിന്ദുവാണെന്ന് പറയുകയും വേണ്ടിവന്നാൽ ഖുർആൻ കത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തപ്പോഴാണ്. കോടാനുകോടി ജനങ്ങളുടെ വിശ്വാസത്തെ ഇപ്രകാരം അവമതിക്കുന്ന ഒരാളെ അംബേദ്ക്കറൈറ്റ് എന്നോ സമുദായ പ്രവർത്തകനെന്നോ കാണാൻ ബുദ്ധിമുട്ടുണ്ട്. “ഈ വീമ്പടി എത്രനേരമായി തുടരുന്നു ഇഷ്ട്ടാ” എന്നാണ് സദസ്സിൽനിന്നും ഞാൻ പ്രതികരിച്ചത്. തുടർന്ന് ബഹുഭൂരിപക്ഷംപേരും പ്രതികരിച്ചപ്പോഴാണ് അദ്ദേഹത്തിന് പ്രസംഗം തുടരാൻ കഴിയാതെവന്നത്. തീർച്ചയായും, ജെ.രഘുവിന്റെ യൂറോസെൻട്രിക് ഭാവനയുടെ പരിമിതിയും അവിടെവെച്ചു വെളിപ്പെട്ടു.

കെ.എം.സലിംകുമാറിന്റെ യുക്തിവാദത്തെയും, കെവിൻ-അഭിമന്യു കൊലപാതകങ്ങളുടെ പേരിൽ ദളിതരെ മുസ്ലിങ്ങൾക്കെതിരാക്കാൻ നടത്തിയ ഹൈന്ദവ-ഇടതുപക്ഷ പ്രചാരണങ്ങളെയും പൊളിച്ചുകാട്ടിയതിലും എനിക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയിൽ ആരോടും പരാതിയില്ല.

About the Author

കെകെ ബാബുരാജ്
കേരളത്തിലെ അറിയപ്പെട്ട ചിന്തകനും എഴുത്തുകാരനാണ് കെകെ ബാബുരാജ്.

Be the first to comment on "കെഎം സലിംകുമാറിന്റെ യുക്തിവാദവും ഹൈന്ദവഇടതുപക്ഷവും"

Leave a comment

Your email address will not be published.


*