ഡൽഹിയിലെ ജിന്നുനഗരം

സബാഹ് ആലുവ

രാജകീയ പ്രൗഢിയുടെ  അതി മനോഹര ഏടുകള്‍ ലോകത്ത് അവതരിപ്പിച്ച പ്രദേശങ്ങളില്‍ ഒന്നാണ് ഡൽഹി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലിം ഭരണം ഡൽഹിയെ  അതീവ സുന്ദരിയാക്കി, അസൂയാവഹമായ മാറ്റങ്ങള്‍ കൊണ്ട് വന്ന് ലോകത്തെ ഞെട്ടിച്ചു. ഇന്ത്യയിലെ മുസ്ലിം രാജാ വംശങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ ഭരണകൂടമാണ്‌ തുഗ്ലക്ക് വംശം. തുഗ്ലക്ക് പരിഷ്കരണങ്ങളിലൂടെ പ്രശസ്തനായ മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക് നമ്മുക്കിടയിൽ സുപരിചിതനാണ് എന്നാല്‍ യഥാർത്ഥ   ഭരണ പാടവം കാഴ്ച്ച വെച്ച ഫിറോസ്‌ ഷാ തുഗ്ലക്കിനെ ചരിത്രം പലപ്പോഴും എടുത്തുദ്ധരിക്കാറില്ല. ‘മനോഹര സൗധങ്ങളുടെ  തോഴന്‍’ എന്ന് വേണമെങ്കില്‍ ഫിറോസ്‌ ഷായെ നമ്മുക്ക് വിളിക്കാം. ഇന്ത്യയിലെ ഇസ്ലാമിക വാസ്തു വിദ്യയുടെ എന്നും ഓർക്കുന്ന  ഈടുവെപ്പുകള്‍ അവതരിപ്പിച്ച ഭരണാധികാരി ഫിറോസ് ഷായുടെ  ഡൽഹിയിലെ  ഫിറോസ്‌ ഷാ കോട്ട സന്ദർശകർക്ക്   അഭിമാനവും അമ്പരപ്പും ഒരു പോലെ സമ്മാനിക്കും എന്നതില്‍ സംശയമില്ല.

ഇന്ന് കോട്ട നിൽക്കുന്ന  പ്രദേശത്ത് ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം അനില്‍ കുംബ്ലെയുടെ ചരിത്ര ടെസ്റ്റ്‌ നടന്ന, ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ ഫിറോസ്‌ ഷാ കോട്ട്ലയാണ്  പണി കഴിപ്പിചിട്ടുള്ളത്. പാക്കിസ്ഥാനെതിരെ ഒരു ഇന്നിംഗ്‌സിൽ  പത്ത്  വിക്കറ്റുകളെടുത്ത് അന്ന് കുംബ്ലെ ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു. എന്നാല്‍ നൂറ്റാണ്ടുകൾക്ക് മുമ്പ്,  തൊട്ടടുത്തു നിർമിക്കപ്പെട്ട  തുഗ്ലക്ക് കോട്ടയുടെ ചരിത്രം തിരഞ്ഞു അധികമാരും ഇന്നിവിടം സന്ദർശിക്കാറില്ല.

ഡൽഹി  സുൽത്താൻമാരിൽ  പ്രശസ്തനായ ഒരു ഭരണാധികാരി എന്നതിനേക്കാൾ പണ്ഡിതനായ ഫിറോസ്‌ ഷായെ പരിചയപ്പെടുന്നതാകും കൂടുതൽ ഉചിതം. 1351 ല്‍ അധികാരം പിടിച്ചെടുത്ത ഫിറോസ്‌ ഷാ 1354 ൽ കോട്ടയുടെ നിർമാണം  പൂർത്തിയാക്കി യമുനയുടെ ഭാഗത്തേക്ക് സിരാ കേന്ദ്രം മാറ്റിയ ഫിറോസ്‌ ഷാ, ഫിറോസാബാദ് എന്ന പേരിൽ ഒരു നഗര സമുച്ചയം കെട്ടിയുയർത്തി. ഫിറോസ്‌ ഷാ തുഗ്ലക്കിന്റെ  കാലഘട്ടം മുമ്പുള്ള തുഗ്ലക്ക് ഭരണാധികാരികളിൽ നിന്നും സമാധാനപൂർണമായിരുന്നു . രാജ്യ നിവാസികളെ ഒരുപോലെ തൃപ്‌തിപ്പെടുത്തി മുന്നോട്ടു പോകാന്‍ ഇദ്ദേഹത്തിന് സാധിച്ചു.

ഇന്തോ-പേർഷ്യൻ  വാസ്‌തു വിദ്യയെ സ്‌നേഹിച്ച  ഫിറോസ്‌ ഷാ, തന്റെ  കെട്ടിട സമുച്ചയങ്ങളുടെ നിർമ്മാണത്തിലൂടെ അതിനെ പ്രയോഗത്തിൽ കൊണ്ട് വരികയുണ്ടായി. അലാവുദ്ധീൻ ഖിൽജി  തുടങ്ങി വെച്ച മുപ്പതോളം ഉദ്യാനങ്ങളുടെ  പൂർത്തീകരണം  ഫിറോസ്‌ ഷാ തുഗ്ലക്കിലൂടെയാണ് ഡല്ഹി അനുഭവിക്കുന്നത്. കുശാക്-ഇ-ഫിറോസ്‌ (The Palace of Frioz) എന്നും ഫിറോസ്‌ ഷാ  തുഗ്ലക്കിന്റെ കോട്ടയെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. അതി ശക്തമായി ചെങ്കല്ലുകൊണ്ട്  കെട്ടിയുയർത്തപ്പെട്ട  വിശാലമായ അകം ഭാഗം,   ഒരു പള്ളി,  ഒപ്പം  വെള്ളം ശേഖരിച്ചു വെക്കാൻ കെൽപുള്ള എന്നാൽ ഇപ്പോഴും ധാരാളം വെള്ളമുള്ള ജലസംഭരണി (Baoli) അംബാലയില്‍ നിന്ന് കൊണ്ട് വന്നു നാട്ടിയ അശോക് സ്തൂപം തുടങ്ങിയവ കോട്ടക്കകത്തെ മുഖ്യ ശ്രദ്ധാ കേന്ദ്രങ്ങളാണ്.

കോട്ടയുടെ തകർക്കപ്പെട്ടതോ  തകർന്നതോ   അയ ഭാഗങ്ങളുടെ യഥാർത്ഥ   ചിത്രം സന്ദർശകർക്ക്   ഇപ്പോൾ മനസ്സിലാക്കുക പ്രയാസകരമായ കാര്യം തന്നെയാണ്. മുകള്‍ ഭാഗങ്ങൾ ഏറെക്കുറെ തകർന്ന  കോട്ടയുടെ ചുവരുകൾ അതിശക്തമായിട്ടാണ് പണിതുയർത്തിയിട്ടുള്ളത്. പതിനഞ്ചു മീറ്റർ  വ്യത്യാസത്തില്‍ നിർമിക്കപ്പെട്ട  ചുവരുകളുടെ അവസാനത്തിൽ ചെറിയ ചരിവുകള്‍ അത്ഭുതമുളവാക്കും.  ചെറുതും വലുതുമായ ഉദ്യാനങ്ങൾ കോട്ടയില്‍ ഇന്നും കാണാം. ധാരാളം കോടതി മുറികൾ കോട്ടക്കകത്ത് സജ്ജീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ യഥാർത്ഥ   സ്ഥാനം നിർണ്ണയിക്കുക  പ്രയാസകരമാണ്. ആർച്ചു  രൂപത്തിൽ നിർമിക്കപ്പെട്ട  കവാടങ്ങൾ കോട്ടക്കകത്ത് വ്യത്യസ്‌ത  സ്ഥലങ്ങളിൽ കാണാൻ സാധിക്കും. കോട്ടയിലെ ഓരോ ഭാഗത്തേക്കുമുള്ള പ്രവേശന കവാടങ്ങളിലാണ് ആർച്ചിന്റെ  രൂപ മാതൃകകൾ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്.

ഒരേ നിരയില്‍ കോട്ടയുടെ മധ്യ ഭാഗത്തായി സജ്ജീകരിക്കപ്പെട്ട കുതിരാലായങ്ങൾ കൗതുകമുളവാക്കും എന്നതിൽ സംശയമില്ല. ആനത്താവളങ്ങൾക്കായി  പ്രത്യേകം തയ്യാറാക്കിയ നിർമിതികളും  കോട്ടയുടെ പ്രൌഡി വിളിച്ചോതുന്നതാണ്. ചെറിയ ചെറിയ മുറികളോട് കൂടി ഭംഗിയിൽ ചിട്ടപ്പെടുത്തിയ കോട്ടയുടെ  ഭാഗങ്ങള്‍ അഥിതികൾക്കായി ഒരുക്കിയവയാണ്. മുന്നോട്ട് നടക്കുമ്പോൾ അനുഭവപ്പെടുന്ന കോട്ടയുടെ വലിപ്പം അവർണനീയമാണ് . നടന്നു എത്തിച്ചേരുന്ന  കോട്ടയുടെ മുഖം ഭാഗം അതിവിശാലവും സുന്ദരവുമാണ്.

അശോക സ്‌തൂപം 

മൗര്യ രാജാവ് അശോകന്റെ പാലിയിലെ അംബാലയിൽ നിന്ന് കൊണ്ട് വന്ന് നാട്ടിയ സ്‌തൂപത്തിന്റെ  ഉയരം ഏകദേശം പതിമൂന്നു മീറ്ററോളം വരും.  ഡൽഹിയിൽ  എത്തിച്ച് സ്‌തൂപം അതേ രീതിയിൽ തന്നെ ഉയര്ത്തി സ്ഥാപിക്കാൻ ഇരുന്നൂറിലധികം മനുഷ്യരുടെ അധ്വാനം  ആവശ്യമായി വന്നു. തന്റെ  പ്രജകളുടെ സഹായ സഹകരണങ്ങൾ ഫിറോസ്‌ ഷാ തുഗ്ലക്കിന് ഈ കാര്യത്തിൽ മുതൽകൂട്ടായിരുന്നു. കോട്ടയുടെ മുന്നിലുള്ള യമുനാ  നദിയിലൂടെ സ്‌തൂപം കോട്ടയിലെക്കെത്തിച്ചു. സ്‌തൂപം സ്ഥാപിച്ച  ഫിറോസ്‌ ഷാ സ്വർണ്ണത്തിൽ   നിർമിച്ച  താഴികക്കുടം അശോക സ്‌തൂപത്തിന്റെ  ഉച്ചിയിൽ പതിപ്പിച്ച് സ്‌തൂപത്തെ കൂടുതൽ സുന്ദരമാക്കി. ഉച്ചിയിലെ പാതി തകർന്ന  സ്വർണ്ണ  താഴികക്കുടം സ്‌തൂപത്തിൽ  ഇന്നില്ല

ഉദ്യാനവും സ്തൂപം നാട്ടിയ പിരമിഡ് കൊട്ടാരവും

അശോക സ്‌തൂപം നാട്ടിയുയർത്തപ്പെട്ട കോട്ടയിലെ പ്രധാന ഭാഗം വർണ്ണിക്കപ്പെടേണ്ടവയാണ്. പിരമിഡ് ആകൃതിയിൽ നിർമിച്ച  ജയിലറകൾ  പ്രസ്‌തുത  സ്‌മാരക  ചിഹ്നത്തെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. ഇടുങ്ങിയ കൽപടവുകളാൽ മുകളിലേക്ക് കയറിയാൽ അശോക സ്‌തൂപവും കോട്ടയുടെ മുഴുവനായുള്ള വിശാല ചിത്രവും സന്ദർശകർക്ക്   ആസ്വദിക്കാം. മൂന്നു നിലകളോടെ പണിതുയർത്തിയ  സ്‌മാരകത്തിന്റെ  എല്ലാ നിലകളിലും ചെറുതും വലുതുമായ മുറികൾ കാണാം. തദ്ദേശീയരായ ആളുകളുടെ വിശ്വാസത്തില്‍ ജിന്നുകൾക്ക്   വേണ്ടിയുള്ളതാണ് മേലുദ്ദരിച്ച പിരമിഡ് കൊട്ടാരം. ജിന്ന് വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രാർത്ഥനകൾ  സന്ദർശകർക്ക്   അപൂർവ്വ  കാഴ്ച്ചാ അനുഭവം സമ്മാനിക്കും. ജിന്നുകളെ തൃപ്‌തിപ്പെടുത്താന്‍ സജ്ജീകരിച്ച മുറി, കത്തിച്ചു വച്ച മെഴുകുതിരികളുടെയും  കുന്തിരിക്കത്തിന്റെനയും വാസന കൊണ്ടും അലങ്കികൃതമാണ്‌. ചെറിയ  കളിമണ്‍ പാത്രങ്ങളിൽ നിറച്ചു വച്ച പാൽ, എണ്ണ ഉൽപന്നങ്ങൾ എന്നിവ  അറകളുടെ അങ്ങിങ്ങായി കാണാം.

ജാമി മസ്‌ജിദ്‌ 

ജാമി മസ്‌ജിദ്‌  എന്ന് പേരുള്ള കോട്ടക്കകത്തെ പള്ളിയുടെ ശരിയായ പെരുപ്പവും വലിപ്പവും എത്രയെന്നു ഇപ്പോഴുള്ള ചിത്രം നമ്മെ ബോധ്യപ്പെടുത്തും. പള്ളിയിലേക്കുള്ള പ്രവേശന കവാടങ്ങൾ കൊത്ത് പണികളുള്ള കല്ലുകളാൽ നിർമിക്കപ്പെട്ടതാണ്. അതിസുന്ദരമായ കൽപടവുകളാൽ കെട്ടിയുയർത്തപ്പെട്ട പള്ളിയുടെ നിർമ്മാണ വൈവിധ്യം ഏതൊരാളെയും അത്ഭുതപ്പെടുത്തും. അശോക സ്‌തൂപത്തിനടുത്തായാണ് പ്രസ്തുത പള്ളി പണികഴിപ്പിച്ചത്. മുകളില്‍ പ്രാർത്ഥന  സംവിധാനമൊരുക്കിയ പള്ളിയുടെ താഴെ ജയിലറകൾ പോലെ തോന്നിക്കുന്നവ സന്ദർശകരെ  പേടിപ്പെടുത്തും വിധമുള്ളതാണ്. അറയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്ന സന്ദർശകനെ  കാത്തിരിക്കുന്ന ഭയാനക്ത്വം വിശദീകരിക്കുക പ്രയാസകരമാണ്. ജിന്നുകൾക്ക്  ‌ വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന  സൗകര്യങ്ങൾ ഈ അറകളിലും സന്ദർശകർക്ക്   വീക്ഷിക്കാം. മധ്യേഷ്യയിലെ ശക്തനായ ഭരണവർഗ്ഗമായിരുന്ന തിമൂറുകളുടെ അക്രമണങ്ങൾ തുഗ്ലക്ക് ഭരണാധികാരികൾ നേരിട്ടിരുന്ന വലിയ വെല്ലുവിളിയായിരുന്നു. ഡൽഹിയിൽ  തിമൂർ വംശം അഴിച്ചുവിട്ട ആക്രമണം ഡൽഹിയുടെ  ഏറ്റവും സുന്ദരമായ മുഖച്ചായ തന്നെ മാറ്റിയെഴുതി. കൊള്ളയും കൊലയുമായി ഡൽഹിയെ  വിറപ്പിച്ച തിമൂറുകൾ ഫിറോസ്‌ ഷാ തുഗ്ലക്കിന്റെ‍ ഈ കൊട്ടാരാത്തിനും സാരമായ കേടുവരുത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

കോട്ടയിലെ ജാമി മസ്‌ജിദിന്റെ  നിർമ്മാണ  വൈവിധ്യത്തിൽ ആകൃഷ്ടനായ  തിമൂറികൾ 1398 ല്‍  ബീബി ഖാനം എന്ന പേരില്‍ ഉസ്ബെക്കിസ്ഥാനിലെ സമർഖന്തിലും ഇതേ മാതൃകയിൽ മറ്റൊരു പള്ളി പിന്നീട് നിർമിച്ചു. ഇന്ത്യയില്‍ നിന്ന് 95 ആനകളുടെ അകമ്പടിയോടെ വലിയ തോതിലുള്ള നിർമാണോപകരണങ്ങൾ  പള്ളി നിർമാണത്തിനായി  തിമൂറികൾ വഹിച്ചു കൊണ്ട് പോയതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഇന്ന് സമർഖന്തിലുള്ള പ്രസ്‌തുത  പള്ളിയുടെ മേൽക്കൂര   480 ഓളം മാർബിൾ  തൂണുകളാൽ താങ്ങി നിർത്തപ്പെട്ടതും ഓരോ  ഭാഗത്തെയും ചുമരുകളും വാതിൽ പടികളും കുഫിക് ലിപിയിലുള്ള  ഖുർആൻ  ആയത്തുകൾ കൊണ്ട് അലങ്കരിച്ചവയുമാണ്.

കോട്ടക്കുള്ളിലെ ജാമിമസ്ജിദും തീമൂറിള്‍ സമര്‍ഖന്തില്‍ സ്ഥാപിച്ച ബീബി ഖാനം പള്ളിയും
ജലസംഭരണി (Baoli)

തുഗ്ലക്ക് ഭരണവർഗ്ഗം  നേരിട്ട മുഖ്യ ഭരണ പ്രതിസന്ധിയായിരുന്നു  ജല ദൗർലഭ്യം.  ആഴത്തിലുള്ള കിണറുകളും കനാലുകളും നിർമിച്ച്  ഫിറോസ്‌ ഷാ ശ്വാശതപരിഹാരം ജനങ്ങൾക്ക്  ‌ എത്തിച്ചു കൊടുത്തു. ഫിറോസ്‌ ഷാ തുഗ്ലക്കിന്റെ   കോട്ടയിലെ ജലസംഭരണി ചരിത്ര പ്രസിദ്ധമാണ്. ചുറ്റുമതിലുകളോട് കൂടി വൃത്താകൃതിയിൽ ശക്തമായി കെട്ടിയുയർത്തിയ  ജലശേഖര മാതൃകകള്‍ കോട്ടയുടെ പ്രധാന ഭാഗത്ത് തന്നെയാണ് നിർമിക്കപ്പെട്ടിട്ടുള്ളത്‌. പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ  ഇല്ലാത്തതിനാലാവാം അകത്തേക്കുള്ള പ്രവേശനം സന്ദർശകർക്ക്   ഇന്ന് അനുവദിക്കപ്പെട്ടിട്ടില്ല. ഇന്നും ഡൽഹിയിലെ  പല ഭാഗങ്ങളിലും വ്യത്യസ്ത  വലിപ്പത്തിലും രൂപത്തിലുമുള്ള ജലസംഭരണികള്‍ കാണാം.

കോട്ടക്കകത്തെ ജലസംഭരണി

ഡൽഹിയിൽ  പലപ്പോഴായി തകർക്കപ്പെട്ട  പുരാതന നിർമ്മിതികളെ വലിയൊരളവോളം സഹായിക്കാന്‍ മുൻകയ്യെടുത്ത അപൂർവം   മുസ്ലിം ഭരണാധികാരികളിലൊരാളാണ് ഫിറോസ്‌ ഷാ തുഗ്ലക്ക്.  ഇൽതുമിഷ് തന്റെ  അകാലത്തില്‍ മരണമടഞ്ഞ മകൻ നാസിറുദ്ധീൻ മഹ്മൂദിന് വേണ്ടി ഡൽഹിയിലെ  കിഷൻഘർ-മഹറോളി റോഡിനു സമീപം നിർമ്മിച്ച ശവകുടീരം മുഹമ്മദ്‌ ബിൻ തുഗ്ലക്കിന്റെ  കാലഘട്ടത്തിലെ മംഗോൾ ആക്രമണത്തിൽ തകർക്കപ്പെട്ടിരുന്നു. തുടർന്ന്  വന്ന ഫിറോസ്‌ ഷാ ശവകുടീരത്തോടുള്ള ആദര സൂചകമായി പുതുക്കി പഴയ നിലയിൽ  കെട്ടിയുയർത്തി. ഖുതുബ് മിനാറിന്റെ തകർന്ന  ഭാഗങ്ങളും പിൽക്കാലത്ത്   ഫിറോസ്‌ ഷാ കെട്ടിയുയർത്തി.

മേല്‍ വിവരിച്ച കോട്ടയുടെ വിശാലത പോലെ തന്നെ ഫിറോസ്‌ ഷാ യുടെ ഹൃദയ വിശാലതയും ചരിത്രത്തില്‍ സ്മരണീയമാണ്‌. 38 കൊല്ലം അദ്ദേഹം ഭരണം നടത്തി. യുദ്ധം ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം ഡൽഹിയുടെ  പല ഭാഗങ്ങളിലും ജനക്ഷേമ പ്രവർത്തനങ്ങൾ  നടത്തി ജനങ്ങളെ കൂടുതൽ അതിശയിപ്പിച്ചു. ഡക്കാനും ദക്ഷിണേന്ത്യയും കൈവിട്ടു പോയിട്ടും അദ്ധേഹത്തിന്റെ സാമ്രാജ്യം വളരെ വിശാലമായിരുന്നു. ബംഗാള്‍ മുതൽ ഖൈബര്‍ ചുരം  വരെയും ഹിമാലയ പര്വങതം മുതൽ നർമ്മദ നദി വരെയും അത് വ്യാപിച്ചിരുന്നു.

ഫിറോസ്‌ ഷായുടെ യഥാർത്ഥ   കോട്ടയുടെ എകദേശ ചിത്രം മാത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്‌. മുഴുവനായുള്ള കോട്ടയുടെ വലിപ്പം ഡൽഹിയുടെ  പകുതിയോളം വരുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. 1984 ല്‍ ഡൽഹി  സന്ദർശിച്ച  പ്രശസ്‌ത  സഞ്ചാരിയും ചരിത്രകാരനുമായ വില്ല്യം ഡാൽറിംബൽ എഴുതിയ  CITY OF JINNS: A YEAR IN DELHI എന്ന പുസ്തകം പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. ഫിറോസ്‌ ഷാ തുഗ്ലക്കിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ഗ്രന്ഥത്തിൽ പരാമർശിക്കുന്ന  ഡാൽറിംബൽ തുഗ്ലക് കാലഘട്ടത്തെ ആഴത്തിൽ പഠനവിധേയമാകി. ഇന്ത്യയിലെ ഐതിഹാസിക ഗ്രന്ഥമായ മഹാഭാരതത്തെക്കുറിച്ചും ഗ്രന്ഥത്തിൽ പരാമർശങ്ങൾ  കാണാം. പ്രസ്തുത കോട്ടയിലെ ജിന്ന് വിശ്വാസത്തെ തന്നെയാണ് അദ്ദേഹം തന്റെ ഗ്രന്ഥത്തിന്റെ തലക്കെട്ടിലൂടെ അവതരിപ്പിച്ചത് എന്നതില്‍ സംശയമില്ല.

കോട്ടയില്‍ ലേഖകനും കുടുംബവും

About the Author

സബാഹ് ആലുവ
ഹംദർദ് സർവകലാശാലയിൽ ഗവേഷകനായ ലേഖകൻ എറണാകുളം ആലുവ സ്വദേശിയാണ്.

Be the first to comment on "ഡൽഹിയിലെ ജിന്നുനഗരം"

Leave a comment

Your email address will not be published.


*